സപ്ലൈകോ ഇൗസ്റ്റർ, വിഷു ഫെയർ
8.3 കോടിയുടെ വിൽപ്പന

സ്വന്തം ലേഖിക
കോട്ടയം
ജില്ലയിൽ ഇൗസ്റ്റർ, വിഷു ഫെയറുകളിലൂടെ 8.3 കോടി രൂപയുടെ വിറ്റുവരവ് നേടി സപ്ലൈകോ. അന്തിമകണക്ക് പ്രകാരം 8,30,95,053 രൂപയുടെ വിറ്റുവരവാണുണ്ടായത്. മാവേലി സ്റ്റോറുകൾ ഒഴികെ സപ്ലൈകോയുടെ എല്ലാ വിൽപ്പനശാലകളിലും ചന്തകൾ പ്രവർത്തിച്ചിരുന്നു. ഒന്നുമുതൽ 14വരെയായിരുന്നു മേളകൾ. ചന്തകൾക്കുപുറമേ വിഷുക്കൈനീട്ടം, വിഷുക്കണി പ്രത്യേക കിറ്റ് എന്നിവയും സപ്ലൈകോ വിഷുവിന് ഒരുക്കിയിരുന്നു. 1250 രൂപ വിലയുള്ള 16 ഇന അവശ്യസാധനങ്ങൾ അടങ്ങിയ വിഷുക്കണി കിറ്റ് 1001 രൂപയ്‌ക്കാണ് നൽകിയത്. സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പണും നൽകി. ഈ കൂപ്പണുമായി മെയ് 30വരെ സപ്ലൈകോയുടെ ഏതെങ്കിലും വിൽപ്പനശാലകളിൽനിന്ന് 1000 രൂപയ്ക്കുമുകളിൽ സബ്‌സിഡി ഇതര സാധനങ്ങൾ വാങ്ങുമ്പോൾ 101 രൂപ കിഴിവ് ലഭിക്കും. ഗുണമേന്മയുള്ള സാധനങ്ങൾ കുറഞ്ഞ നിരക്കിൽ ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയത്. ജില്ലയിലെ കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഷു ചന്തകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 78 സിഡിഎസുകൾ ഒരുക്കിയ വിഷു ചന്തകളിലൂടെ 42 ലക്ഷം രൂപയുടെ വിറ്റുവരവ് നേടാനായി.










0 comments