കാന്പസുകളിൽ എസ്എഫ്ഐയുടെ വിജയഭേരി


സ്വന്തം ലേഖകൻ
Published on Oct 18, 2026, 02:55 AM | 1 min read
കോട്ടയം
ജില്ലയിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുകളിൽ തൂവെള്ളക്കൊടി പാറിച്ച് എസ്എഫ്ഐ. കഴിഞ്ഞ തവണ കൈവിട്ട കലാലയങ്ങൾ തിരിച്ചുപിടിച്ച് വിദ്യാർഥി മനസ്സുകളിൽ ഇടം നേടാൻ എസ്എഫ്ഐക്കായി. ഏറ്റവുമൊടുവിൽ സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലേക്കുള്ള തെരഞ്ഞെടുപ്പിലും എസ്എഫ്ഐക്കായിരുന്നു വിജയം. കിടങ്ങൂർ എൻജിനിയറിങ് കോളേജും(സിഇകെ) പാന്പാടി രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ആർഐടി)യും കെഎസ്യുവിൽനിന്ന് എസ്എഫ്ഐ തിരിച്ചുപിടിച്ചു. എംജി സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ 116 കോളേജുകളിൽ 96 ഇടത്തും എസ്എഫ്ഐയാണ് വിജയച്ചത്. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി 49 കോളേജുകളിൽ എതിരില്ലായിരുന്നു. കോട്ടയം സിഎംഎസ്, സെന്റ് ജോർജ് അരുവിത്തുറ, പുല്ലരിക്കുന്ന് സ്റ്റാസ് എന്നീ കോളേജുകൾ കെഎസ്യുവിൽനിന്ന് തിരിച്ചുപിടിച്ചു. പോളിടെക്നിക് യൂണിയൻ തെരഞ്ഞെടുപ്പിലും എസ്എഫ്ഐക്കായിരുന്നു വിജയം. പാലാ, നാട്ടകം പോളിടെക്നിക്കുകളിൽ ഏഴിൽ ഏഴു സീറ്റും എസ്എഫ്ഐ നേടി. എബിവിപി, സ്വതന്ത്ര സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്. കടുത്തുരുത്തി പോളിയിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു. വിദ്യാർഥികളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് സമരമുഖത്ത് നിലയുറപ്പിച്ചതിനുള്ള വിദ്യാർഥികളുടെ അംഗീകാരം കൂടിയാണ് തുടർച്ചയായ വിജയം. മോദി സർക്കാരിനെതിരെ എസ്എഫ്ഐ നേതൃത്വത്തിൽ രാജ്യമാകെ നടക്കുന്ന പ്രക്ഷോഭങ്ങൾക്കുള്ള അംഗീകാരവുമാണ് ഇൗ വിജയം.









0 comments