പ്ലസ് വൺ പ്രവേശനം
പ്രവേശനം നേടി 10,364 പേർ

കോട്ടയം പ്ലസ് വൺ ഒന്നും രണ്ടും അലോട്ട്മെന്റുകൾ പൂർത്തിയായപ്പോൾ ജില്ലയിൽ പ്രവേശനം നേടിയത് 10,364 വിദ്യാർഥികൾ. 6,991 പേർ മാത്രമാണ് സ്ഥിരംപ്രവേശനം നേടിയത്. ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ 5,882 പേരായിരുന്നു മെറിറ്റ് സീറ്റിൽ സ്ഥിരംപ്രവേശനം നേടിയത്. രണ്ടാം അലോട്ട്‌മെന്റിൽ 2,481 പേർക്ക് താൽക്കാലിക പ്രവേശനവും ലഭിച്ചു. 881 വിദ്യാർഥികൾ പ്രവേശനം നേടിയിട്ടില്ല. രേഖകൾ കൃത്യമാകാത്തത് ഉൾപ്പെടെ വിവിധ കാരണങ്ങളാൽ 11 പേരുടെ പ്രവേശനമാണ് തള്ളിയത്. സ്പോർട്സ് ക്വാട്ട ഒന്നാം അലോട്ട്മെന്റിൽ ആകെ 118 പേരാണ് ഇടംപിടിച്ചത്. ഇതിൽ 132 വിദ്യാർഥികൾ സ്ഥിര പ്രവേശനവും 29 പേർ താൽക്കാലിക പ്രവേശനവുംനേടി. 27 വിദ്യാർഥികൾ അഡ്‌മിഷനെടുത്തിട്ടില്ല. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ (എംആർഎസ്) രണ്ടാം അലോട്ട്മെന്റിൽ 78 പേർക്കാണ് പ്രവേശനം ലഭിച്ചത്. അതിൽ 61 പേർ സ്ഥിര പ്രവേശനവും 16 പേർ താൽക്കാലിക പ്രവേശനവുംനേടി. ഒരാൾ ചേർന്നിട്ടില്ല. ജില്ലയിൽ 19,661 വിദ്യാർഥികളാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകിയത്. ഭിന്നശേഷിക്കാർക്കുള്ള സീറ്റുകൾ ഉൾപ്പെടെ 13,730 സീറ്റുകളാണ് നിലവിലുള്ളത്. മൂന്നാം അലോട്ട്മെന്റ് ഞായറാഴ്ച പ്രസിദ്ധീകരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് പ്രവേശനം. ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയതുമൂലം ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും അലോട്ട്മെന്റ് ലഭിച്ചശേഷം പ്രവേശനം നിഷേധിക്കപ്പെട്ടവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷ പുതുക്കി നൽകാം.










0 comments