സ്വപ്‌നങ്ങൾ ചാലിച്ച നിറക്കൂട്ടുകൾ

പ്രൊഫ. ജി ഗീത
കോട്ടയം
മനസ്സിൽ വിരിഞ്ഞ നൂറു സ്വപ്നങ്ങൾ, പ്രകൃതിയുടെ ആയിരം ഭാവങ്ങൾ, ചുറ്റുമുള്ള മനുഷ്യരുടെ സ്നേഹവും സന്തോഷവും സങ്കടങ്ങളും ചേർന്ന കാഴ്ചകൾ... നിറങ്ങൾ ചേർത്ത് കാൻവാസിൽ പകർത്തുന്ന ചിത്രങ്ങൾക്ക് പറയാനുള്ളത് വൈവിധ്യമാർന്ന കഥകളാണ്. ആ കഥകൾക്ക് കൂടുതൽ നിറം പകരുകയാണ് റിട്ട. അധ്യാപിക പ്രൊഫ. ജി ഗീത. ചായങ്ങൾകൊണ്ട് സ്വന്തമായ ലോകം തീർത്ത ജി ഗീതയുടെ 65 ചിത്രങ്ങളാണ് കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറിയിൽ വെള്ളിയാഴ്ച പ്രദർശനത്തിന് ഒരുങ്ങുന്നത്. മുതിർന്ന സിപിഐ എം നേതാവ് വൈക്കം വിശ്വന്റെ ഭാര്യയാണ് ഗീത. ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിൽ ഒതുങ്ങന്നതല്ല അവരുടെ വരകൾ. പ്രകൃതിയുടെ പച്ചപ്പ് മുതൽ മനുഷ്യബന്ധങ്ങളുടെ സങ്കീർണതകൾ വരെ പുതിയൊരു ഭാഷയിൽ കാൻവാസുകളിൽ ചായങ്ങളായി പടർത്തുകയാണ്. വൈവിധ്യമാർന്ന ചിത്രങ്ങൾ ഇതിനോടകം വരച്ചുകഴിഞ്ഞു. അക്രിലിക്ക്, വാട്ടർ കളർ, ഓയിൽ പെയിന്റ്, പെൻസിൽ എന്നിവയിൽ തയ്യാറാക്കിയ ചിത്രങ്ങളാണിവ. അധ്യാപന ജീവിതത്തിൽനിന്ന് വിരമിച്ച ശേഷമാണ് ഗീത ചിത്രരചനയിൽ സജീവമായത്. വൈക്കം വിശ്വൻ നൽകിയ പൂർണ പിന്തുണയും പ്രോത്സാഹനവുമാണ് ഇതിന് പിന്നിലെന്ന് അവർ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചാമത്തെ ചിത്ര പ്രദർശനമാണ് വെള്ളിയാഴ്ച നടക്കുന്നത്. രാവിലെ 10ന് മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യും. 28ന് സമാപിക്കും. ചിത്രങ്ങൾ വാങ്ങാനും അവസരമുണ്ട്. പ്രവേശനം സൗജന്യമാണ്.









0 comments