വനിതാ ഡോക്ടറുടെ കാർ തീയിട്ട് നശിപ്പിച്ച 2 പേർ പിടിയിൽ

പാമ്പാടി
പാമ്പാടി കുന്നേപ്പാലത്ത് വനിതാ ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ചുകയറി കാർ തീയിട്ടു നശിപ്പിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ്ചെയ്തു. വെങ്ങോല തേവള്ളിയിൽ ടി ബി അഭിജിത് (25), ഇടുക്കി കൊന്നത്തടി കുഴികണ്ടത്തിൽ അജിത് കെ ഷിബു (19) എന്നിവരെയാണ് പാമ്പാടി പൊലീസ് പിടികൂടിയത്. ഡിസംബർ 26-ന് രാത്രി 11.45- ഓടെയായിരുന്നു സംഭവം. വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് കയറിയാണ് കാർപോർച്ചിൽ പാർക്ക്‌ചെയ്‌ത കാറിന് തീയിട്ടത്. വാഹനത്തിന് 80,000 രൂപയുടെ നാശംസംഭവിച്ചു. സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ വലയിലാക്കിയത്. 31-ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിന് സമീപത്തുനിന്ന് ഒന്നാംപ്രതി അഭിജിത്തിനെ പൊലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. മാരകായുധങ്ങളുമായി പ്രതിരോധിക്കാൻ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. രണ്ടാം പ്രതി അജിത്തിനെ ഇടുക്കി കൊന്നത്തടിയിലെ ഒളിത്താവളത്തിൽനിന്നാണ് പിടികൂടിയത്. പാമ്പാടി ഇൻസ്പെക്ടർ വിപിൻ ചന്ദ്രൻ, എസ്ഐ കുഞ്ഞുമോൻ തോമസ്, എസ്‌സിപിഒ സുമിഷ് മാക്മില്ലാൻ, സിപിഒമാരായ പി എസ് ശ്രീകാന്ത്, ശ്രീജിത്ത് രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു.










0 comments