നിയമലംഘകരെ ജാഗ്രതൈ അവർ മഫ്‌തിയിലുണ്ട്

വാഹനങ്ങൾ നിർത്താതെ പോകുന്നതിനാൽ സീബ്രാ ലൈനിൽ റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്ന കാൽനട യാത്രികർ. കോട്ടയം സെൻട്രൽ ജങ്‌ഷനിൽനിന്നുള്ള ദൃശ്യം
കോട്ടയം റോഡ് സംസ്‌കാരത്തിന് വഴങ്ങാത്തവരായി ചിലരുണ്ട്, അവരെ പൂട്ടാൻ ഇത്തവണ യൂണിഫോം ഒഴിവാക്കി ഇറങ്ങിയിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ. നഗരപ്രദേശങ്ങളിലെല്ലാം ഏതാനും ദിവസങ്ങളായി രാവും പകലും മഫ്‌തിയിൽ ഉദ്യോഗസ്ഥരുണ്ട്. സീബ്രാ ലൈനിൽ പോലും കാൽനടയാത്രികരെ ശ്രദ്ധിക്കാതെ വണ്ടിയോടിക്കുക, നടപ്പാതയിലൂടെ ഇരുചക്രവാഹനം ഓടിക്കുക മുതലായ "കലാപരിപാടികൾ' നടത്തുന്നവരെയാണ് പ്രധാനമായും ഇവർ നോട്ടമിടുന്നത്. ഇതിനകം നിരവധി പേർക്കെതിരെ നടപടിയെടുത്തു കഴിഞ്ഞു. കോഴിക്കോട് എരഞ്ഞിപ്പാലത്ത് നടപ്പാതയിലൂടെ സ്‌കൂട്ടർ ഓടിച്ചയാളെ പ്രഭാവതി എന്ന വയോധിക തടഞ്ഞ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് നിയമലംഘകരെ കണ്ടെത്താൻ മഫ്‌തിയിൽ പരിശോധന നടത്താൻ ട്രാൻസ്‌പോർട്ട് കമീഷണർ നിർദേശം നൽകിയത്. ജില്ലയിൽ ഇതിന് പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചു. സ്വകാര്യ ബസുകൾക്കെതിരെ വിദ്യാർഥികളും മറ്റും നൽകുന്ന പരാതികളെക്കുറച്ച് അന്വേഷിക്കാൻ സാധാരണ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മഫ്‌തിയിൽ സ്വകാര്യ ബസുകളിൽ കയറാറുണ്ട്. എന്നാൽ ഇത്ര വിപുലമായ മഫ്‌തി നടപടി വകുപ്പിൽ ഇതാദ്യമാണ്. തിരക്കേറിയ സമയങ്ങളിലായിരിക്കും പരിശോധന. യൂണിഫേ-ാമിലുള്ള ഉദ്യോഗസ്ഥർ സമീപത്തില്ലെങ്കിൽ ചിലർ സീബ്രാ ലൈനിൽ പോലും വാഹനങ്ങൾ കാൽനടയാത്രക്കാർക്കായി നിർത്തിക്കൊടുക്കാറില്ല. നടപ്പാതയിലൂടെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നത് കോട്ടയം നഗരത്തിൽ സ്ഥിരം കാഴ്ചയാണ്. ഇത്തരക്കാരെ ആയിരിക്കും ആദ്യം പിടികൂടുക. ഇവരുടെ ഫോട്ടോ എടുത്ത് പിഴത്തുക ഇ–ചലാനായി മൊബൈൽ നമ്പരിലേക്ക് അയച്ചുകൊടുക്കും. സിഗ്‌നൽ തെറ്റിക്കൽ, അമിതവേഗം, ഇരുചക്രവാഹനത്തിൽ മൂന്നു പേരുമായി സഞ്ചാരം എന്നിവയെല്ലാം സ്‌ക്വാഡ് പിടികൂടും.










0 comments