ആനുകൂല്യങ്ങൾ നൽകുന്നതിൽ സർക്കാർ പ്രതിബദ്ധതകാട്ടി: വി എൻ വാസവൻ

കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം ചങ്ങനാശേരിയിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു
ചങ്ങനാശേരി
സംസ്ഥാനത്തിന് കേന്ദ്രം നിയമപരമായി നൽകേണ്ട സാമ്പത്തികാനുകൂല്യങ്ങൾ രാഷ്ട്രീയ ബുദ്ധിയോടെ നിഷേധിച്ച് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും ജീവനക്കാർക്കും പെൻഷൻകാർക്കും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാനുള്ള തീരുമാനം സംസ്ഥാന സർക്കാരിന് പെൻഷൻകാരോടുള്ള മനോഭാവമാണ് കാണിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ജോസ് തോമസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കേശവൻ, ജോയിന്റ് സെക്രട്ടറി എ കെ അമ്മിണി എന്നിവർ സംസാരിച്ചു. തുടർന്ന് ദേശസംസ്‌കാരവും ഭരണഘടനയും എന്ന വിഷയത്തിൽ എം ജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിലെ ഡോ. അജു കെ നാരായണൻ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ സി കുമാരൻ വാർഷിക റിപ്പോർട്ടും ട്രഷറർ മോഹന ചന്ദ്രപ്രതാപ് വരവ് ചെലവു കണക്കും അവതരിപ്പിച്ചു. തുടർന്ന് 16 ബ്ലോക്ക് കമ്മറ്റികളെ പ്രതിനിധീകരിച്ച് 16 പേർ പൊതുചർച്ചയിൽ പങ്കെടുത്തു. ജോസഫ് മൈലാടി, എം എസ് ചന്ദ്രൻ, കെ സി കുമാരൻ, ആർ വത്സലകുമാരി, പ്രൊഫ. കെ എസ് ജയചന്ദ്രൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ബുധനാഴ്‌ച രാവിലെ 10ന് അനുമോദിക്കൽ, ഭാരവാഹി തെരഞ്ഞെടുപ്പ്, പ്രമേയാവതരണം എന്നിവ നടക്കും.









0 comments