സമുന്നതം ഉന്നതവിദ്യാഭ്യാസം

നാട്ടകം ഗവ. കോളേജിലെ ലൈബ്രറി കോംപ്ലക്‌സ്
പി സി പ്രശോഭ്
Published on Mar 18, 2026, 01:53 AM | 2 min read
കോട്ടയം ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമാനതകളില്ലാത്ത മുന്നേറ്റമുണ്ടായ കാലമാണ് കടന്നുപോയത്. അടിസ്ഥാനസൗകര്യത്തിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടായി. എംജി സർവകലാശാല, നാട്ടകം ഗവ. കോളേജ്, പാമ്പാടി ആർഐടി, കെ ആർ നാരായണൻ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവ ജില്ലയിൽ അഭിമാനസ്‌തംഭങ്ങളായി ഉയർന്നുനിൽക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഇടപെടലിലൂടെയാണ്. കിഫ്‌ബി ഫണ്ട് വലിയ പങ്ക് വഹിച്ചു. റാങ്ക് നേടി സർവകലാശാല ലോകത്തെ മികച്ച സർവകലാശാലയുടെ പട്ടികയിൽ എംജി സർവകലാശാല ഇടം നേടിയ കാലമാണ് കടന്നുപോയത്. ടൈംസ് ഹയർ എഡ്യുക്കേഷൻ റാങ്കിങ്ങിൽ 501നും 600നുമിടയിൽ സ്ഥാനം നേടി. യുജിസിയുടെ കാറ്റഗറി ഒന്ന് ഗ്രേഡ് നേടി. കിഫ്ബി സഹായത്തോടെ 75 കോടി രൂപ ചെലവുള്ള ലബോറട്ടറി സമുച്ചയം പൂർത്തിയായിവരുന്നു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് പ്രത്യേക ഹോസ്‌റ്റൽ സൗകര്യമൊരുക്കിയത് വിപ്ലവകരമായ നടപടിയായിരുന്നു. വിദേശവിദ്യാർഥികൾക്ക് പുതിയ ഹോസ്‌റ്റൽ നിർമിക്കാൻ അനുമതിയായിട്ടുണ്ട്. തലപ്പൊക്കത്തോടെ ആർഐടി പാമ്പാടിയിലെ രാജീവ്‌ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ആർഐടി) എൽഡിഎഫ് സർക്കാരിന്റെ ചിറകിലേറിയാണ് പുതിയ ഉയരങ്ങളിലെത്തിയത്. 1800ലധികം കുട്ടികൾ പഠിക്കുന്ന ആർഐടിയിൽ പുതിയ ആർക്കിടെക്‌ചർ ബ്ലോക്കും ബോയ്‌സ് ഹോസ്‌റ്റലും ലക്‌ചർ കോംപ്ലക്‌സും പണിതു. സംസ്ഥാന സർക്കാർ 13 കോടി രൂപ മുടക്കി പുതിയ ആർകിടെക്‌ചർ ബ്ലോക്ക് നിർമിച്ചു. ഏഴുകോടി രൂപ മുടക്കി ബോയ്‌സ് ഹോസ്‌റ്റൽ നിർമിച്ചു. അഭിമാനമായി നാട്ടകം കോളേജ് നാട്ടകം ഗവ. കോളജിൽ 40 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ സമീപകാലത്ത് നടന്നു. പുതിയ അക്കാദമിക് ബ്ലോക്ക്(8.5 കോടി), ലൈബ്രറി ബ്ലോക്ക്(മൂന്ന് കോടി), അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്(മൂന്ന് കോടി), വനിതാ ഹോസ്റ്റൽ(അഞ്ച് കോടി) എന്നിവ പൂർത്തിയാക്കി. ഹോസ്‌റ്റലിൽ 200 പെൺകുട്ടികൾക്ക് താമസിക്കാം. മൂന്നു കോടിയുടെ റിസർച്ച് ബ്ലോക്കും പണിതു. 16 ലക്ഷത്തിന്റെ മഴവെള്ള സംഭരണി സ്ഥാപിച്ചു. ‘ഹിറ്റായി’ കെ ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ട് തെക്കുംതല കെ ആർ നാരായണൻ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിന് ഇക്കൊല്ലം ബജറ്റ് വിഹിതമായി നൽകിയത് 11.5 കോടി രൂപ. ഓരോ വർഷവും വർധിപ്പിച്ചാണ് നൽകുന്നത്. ഗംഭീരമായ പ്രിവ്യൂ തിയറ്റർ ഒരുക്കിയിട്ടുണ്ട്. കിഫ്‌ബി വഴി 26 കോടി രൂപയുടെ വികസനപദ്ധതികൾക്കും തുടക്കമിട്ടു. തെക്കുംതലയിൽ 11 ഏക്കറിലാണ് ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം. വികസനത്തിന് കൂടുതൽ സ്ഥലം വാങ്ങാൻ രണ്ടുകോടി രൂപ നീക്കിവച്ചിട്ടുണ്ട്.









0 comments