‘വക്കാ വക്കാ' ബസേലിയൻസ്

ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി കോട്ടയം ബസേലിയസ് കോളേജിൽ സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ പ്രിയ ടീമുകളുടെ ജേഴ്‌സിയണിഞ്ഞെത്തിയ വിദ്യാർഥികളുടെ ആവേശം. ഫോട്ടോ: കെ എസ് ആനന്ദ്
കോട്ടയം ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം ഒരു ഫുട്‌ബോൾ സ്‌റ്റേഡിയത്തിലേതു പോലെ കോട്ടയം ബസേലിയസ് കോളേജിൽ അലതല്ലി. ജേഴ്‌സിയണിഞ്ഞെത്തിയ വിദ്യാർഥികൾ മെസിക്കും റൊണാൾഡോയ്‌ക്കും നെയ്മർക്കും എംബാപ്പെയ്‌ക്കുമെല്ലാം ജയ് വിളിച്ചു. വിദ്യാർഥികളും അധ്യാപകരുമെല്ലാം ഒരു ദിനം മുഴുവൻ ഫുട്‌ബോൾ ലഹരിയിൽ ആറാടി. ബാസ്‌കറ്റ്‌ബോൾ കോർട്ടിൽ ബ്രസീലിന്റെയും അർജന്റീനയുടെയും പോർച്ചുഗലിന്റെയും ജേഴ്‌സിയിട്ട വിദ്യാർഥികൾ ടീമായി അണിനിരന്നു. സമീപത്തെ കെട്ടിടത്തിനു മുകളിൽനിന്ന് മൂന്ന് ടീമിന്റെയും നീളൻ ബാനറുകൾ ചുരുൾ നിവർന്നപ്പോൾ ആവേശം അലതല്ലി. മഴയ്‌ക്ക് പോലും തണുപ്പിക്കാനാകാത്ത ആരവത്തിൽ അവർ കൊട്ടിപ്പാടി. പിന്നീട് കൂറ്റൻ റാലിയായി കോളേജിന്റെ മുൻവശത്തേക്ക്. കോളേജിലെ കായികതാരങ്ങൾ പങ്കെടുത്ത "ഫുട് ഫെസ്‌റ്റ്' ഷോ നടന്നു. പന്ത് കാലിലേക്കും തലയിലേക്കും മാറിമാറി നൽകി അമ്മാനമാടി. വക്കാ വക്കാ, ഹിയർ വീ ഗോ തുടങ്ങിയ സൂപ്പർ ഹിറ്റ് ലോകകപ്പ് ഗാനങ്ങളുടെ പശ്‌ചാത്തലത്തിൽ ആരാധകർ നൃത്തമാടി. തുടർന്ന് ഫാഷൻ ഷോയും ഫുട്‌ബോൾ മത്സരങ്ങളും നടന്നു. വടക്കേ അമേരിക്കയിൽ നടക്കുന്ന ലോകകപ്പിന്റെ ആവേശക്കാഴ്‌ച കോളേജ് ക്യാമ്പസിൽ ഒരുക്കുന്നതിനൊപ്പം ലോകകപ്പ് നൽകുന്ന ഐക്യസന്ദേശവും പകർന്നു നൽകാനാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ മനോജ് നാരായണൻ ഉദ്‌ഘാടനം ചെയ്‌തു.









0 comments