പ്രതികരിച്ചത് പൊലീസ് ഉദ്യോഗസ്ഥന്റെ പക്ഷപാതിത്വത്തിനെതിരെ: സെബാസ്‌റ്റ്യൻ കുളത്തുങ്കൽ

ഇൗരാറ്റുപേട്ട പാറത്തോട്ടിലെ കൂവപ്പള്ളി സെന്റ് ജോസഫ് സ്‌കൂളിലെ ബൂത്തിൽ ജോലിക്കുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥൻ കാണിച്ച പക്ഷപാതപരമായ നടപടിക്കെതിരെയാണ് താൻ പ്രതികരിച്ചതെന്ന് പൂഞ്ഞാറിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ മാധ്യമങ്ങളോട് പറഞ്ഞു. ബൂത്തിന് സമീപമുണ്ടായിരുന്ന എൽഡിഎഫ് പ്രവർത്തകരെമാത്രം ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുകയും വിരട്ടിയോടിക്കുകയുമായിരുന്നു. എന്നാൽ ബിജെപി പ്രവർത്തകരോട് ഇത് ചെയ്‌തില്ല. പ്രവർത്തകർ വിളിച്ചറിയിച്ചപ്പോഴാണ് താൻ അവിടെയെത്തിയത്. മോശമായി പെരുമാറിയ എസ്‌എച്ച്‌ഒ അവിടെയുണ്ടായിരുന്നില്ല. പകരം അവിടെയുണ്ടായിരുന്ന എസ്‌ഐയോട് കാര്യം പറഞ്ഞു. എൽഡിഎഫ് പ്രവർത്തകരുടെ മെക്കിട്ടുകയറാൻ അനുവദിക്കില്ലെന്നും പക്ഷപാതിത്വം കാണിക്കരുതെന്നുമാണ് അദ്ദേഹത്തോട് പറഞ്ഞത്. ഇതിന്റെ വീഡിയോ പൊലീസ് എടുക്കുകയും അത് മിനിറ്റുകൾക്കുള്ളിൽ എൻഡിഎ സ്ഥാനാർഥിയുടെ ഫേസ്‌ബുക്ക് പേജിൽ വരികയും ചെയ്‌തു. ഇത് പൊലീസിൽ ചിലരുമായി എൻഡിഎ സ്ഥാനാർഥിക്കുള്ള അവിശുദ്ധ ബന്ധമാണ് വ്യക്തമാക്കുന്നത്. പരാജയഭീതിയിൽ എന്തും ചെയ്യുന്ന നിലയിലാണ് എൻഡിഎ എന്നും സെബാസ്‌റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.










0 comments