പടർന്ന് കയറാൻ പുനർജ്വാല

കോട്ടയം
മൈക്രോ സംരംഭങ്ങളെ ശക്തിപ്പെടുത്താനും വളർച്ച സാധ്യതയുള്ളവയെ ബിസിനസ് മാതൃകയാക്കി വളര്‍ത്താനും ആവിഷ്‌കരിച്ച കുടുംബശ്രീയുടെ ‘ പുനർജ്വാല ’ ക്യാമ്പയിൻ ജില്ലയിൽ പുരോഗമിക്കുന്നു. ഉൽപ്പാദനം, സേവനം, വ്യാപാരം എന്നീ മേഖലകളിലായി 11, 338 കുടുംബശ്രീ സംരംഭങ്ങൾക്കാണ് പിന്തുണ ലഭ്യമാകുക. ജില്ലയിലെ കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളിൽ പ്രവർത്തിക്കുന്ന സൂക്ഷ്മസംരംഭങ്ങളുടെ സമഗ്ര വിലയിരുത്തൽ ആരംഭിച്ചു. മൈക്രോസംരംഭങ്ങളുടെ നിലവിലെ പ്രവർത്തനാവസ്ഥ, വരുമാനം, സാമ്പത്തിക സുസ്ഥിരത, വിപണനരീതി, തൊഴിൽ സൃഷ്ടി, വളർച്ച സാധ്യത, വെല്ലുവിളികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. തുടർന്ന് സംരംഭങ്ങളെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചാകും പിന്തുണയും വികസന പദ്ധതികളും നടപ്പാക്കുന്നത്. ഉപജീവന മാർഗമായി ഒതുങ്ങിയ സംരംഭങ്ങളെ വികസിപ്പിച്ചുയർത്തുകയാണ് ലക്ഷ്യം. ഹരിതകർമസേന, വനിതാ കൺസ്ട്രക്‌ഷൻ ഗ്രൂപ്പുകൾ, ന്യൂട്രിമിക്സ് യൂണിറ്റുകൾ, പ്രീമിയം കഫേകൾ, ജനകീയ ഹോട്ടലുകൾ, സാന്ത്വനം യൂണിറ്റുകൾ, സാനിറ്ററി നാപ്കിൻ നിർമാണ യൂണിറ്റുകൾ, ഐടി യൂണിറ്റുകൾ, അപ്പാരൽ ക്ലസ്റ്ററുകൾ, ഇ- സേവാകേന്ദ്രങ്ങൾ എന്നിവയും പുനർജ്വലയിൽപ്പെടും. മികച്ച പ്രകടനം നടത്തുന്ന സംരംഭങ്ങളെ ക്ലസ്റ്റർ വികസനം, യൂണിറ്റ് വിപുലീകരണം, ബ്രാൻഡ് ശൃംഖല രൂപീകരണം, മൂല്യവർധിത ഉല്‍പ്പാദനം എന്നിവയിലൂടെ ഹയർ ഓർഡർ സംരംഭങ്ങളാക്കും. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സംരംഭക വരുമാന വർധന പദ്ധതികൾ ഇതിനോടനുബന്ധിച്ച് നടപ്പാക്കും. ഇതിലൂടെ പ്രവർത്തനക്ഷമത കുറഞ്ഞവയെ പുനരുജ്ജീവിപ്പിക്കാനും മികച്ച രീതിയിൽ പ്രവർത്തിക്കുന്നവയെ വിപുലീകരിച്ച് കൂടുതൽ വരുമാനത്തിലേക്ക് നയിക്കാനും നടപടിയുണ്ടാകും. സംരംഭകർക്ക് കൗൺസലിങ്, സാമ്പത്തികസഹായം, ബ്രാൻഡിങ്, പാക്കേജിങ് ഉൾപ്പെടെയുള്ള വിപണന പിന്തുണയും നൽകും. ഡിഎസ് മൈക്രോ എന്റർപ്രൈസ് ഉപസമിതികൾ, മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാർ, ബ്ലോക്ക്, -ജില്ലാതല നോൺ-ഫാം ലൈവ്‌ലിഹുഡ്‌സ് ടീമുകൾ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ.










0 comments