അധ്യാപകലോകം കോട്ടയത്ത്

കെഎസ്ടിഎ സംസ്ഥാന സമ്മേളന നഗറിലേക്കുള്ള കൊടിമര പ്രയാണം ഇത്തിത്താനത്ത് വിശ്വനാഥൻ നായരുടെ സ്മൃതി മണ്ഡപത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ ഉദ്‌ഘാടനംചെയ്യുന്നു
കോട്ടയം
കേരളത്തിലെ അധ്യാപകരുടെ ഏറ്റവും വലിയ പ്രസ്ഥാനമായ കെഎസ്‌ടിഎയുടെ 35–ാം സംസ്ഥാന സമ്മേളനത്തിന്, സാക്ഷരതയിലും വിദ്യാഭ്യാസത്തിലും എന്നും മുമ്പിലായ കോട്ടയത്തിന്റെ മണ്ണിൽ തുടക്കമാകുന്നു. തിരുനക്കര മൈതാനത്ത് പതാക ഉയർന്നു. മാമ്മൻമാപ്പിള ഹാളിൽ പ്രതിനിധി സമ്മേളനത്തിന് ശനി രാവിലെ തുടക്കമാകും. മണർകാട് കെ എൻ ഗോപാലകൃഷ്‌ണന്റെ വസതിയിൽനിന്ന് വി അനിതയുടെ നേതൃത്വത്തിലുള്ള ദീപശിഖ ജാഥ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസും കുമാരനല്ലൂർ എൻ വാസുക്കുട്ടന്റെ വസതിയിൽനിന്ന് എം എസ് പ്രശാന്ത് ക്യാപ്‌റ്റനായ പതാകജാഥ മുതിർന്ന സിപിഐ എം നേതാവ് വൈക്കം വിശ്വനും ഉദ്‌ഘാടനം ചെയ്‌തു. ഇത്തിത്താനത്ത് വി ജി വിശ്വനാഥൻ നായർ സ്‌മൃതിമണ്ഡപത്തിൽനിന്ന് വി പി രാജീവന്റെ നേതൃത്വത്തിലുള്ള കൊടിമര ജാഥ സിഐടിയു ജില്ലാ സെക്രട്ടറി കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. വിശ്വനാഥൻ നായരുടെ ഭാര്യ രാധാമണിയമ്മ വിശ്വനാഥൻ ജാഥാ ക്യാപ്‌റ്റനെ ഹാരമണിയിച്ചു. ജാഥകൾ നഗരത്തിൽ സംഗമിച്ചു. തുടർന്ന് ബാൻഡ് മേളത്തിന്റെയും വർണബലൂണുകളുടെയും അകമ്പടിയോടെ ഒന്നായി തിരുനക്കര മൈതാനത്ത് എത്തി. കൊടിമരം സംസ്ഥാന പ്രസിഡന്റ് ഡി സുധീഷും പതാക ജനറൽ സെക്രട്ടറി ടി കെ എ ഷാഫിയും ദീപശിഖ കെ ബീനയും ഏറ്റുവാങ്ങി. ആവേശകരമായ മുദ്രാവാക്യങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ, സ്വാഗതസംഘം ചെയർമാൻ ടി ആർ രഘുനാഥൻ പതാക ഉയർത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്‌ണൻ, സ്വാഗതസംഘം ജനറൽ കൺവീനർ ബിനു എബ്രഹാം എന്നിവർ പങ്കെടുത്തു. ‘മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ, വികസിത വൈജ്ഞാനിക നവകേരളം, സാർവത്രിക ഗുണമേന്മ വിദ്യാഭ്യാസം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമ്മേളനം നടത്തുന്നത്.










0 comments