മലരിക്കൽ നീ മനോഹരി

ആമ്പൽചന്തം.... പ്രകൃതിയുടെ പിങ്ക് കാഴ്ച്ചവിരുന്നൊരുക്കി പതിവുതെറ്റാതെ മലരിക്കലിൽ ആമ്പലുകൾ പൂവിട്ടുതുടങ്ങി, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നുമായി എത്തുന്ന സഞ്ചാരികൾക്ക് മലരിക്കലിലെ ഈ ആമ്പൽക്കാലം വേറിട്ട ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്. പുലർകാലത്തെ മഞ്ഞണിഞ്ഞ അന്തരീക്ഷത്തിൽ, സൂര്യപ്രകാശം തട്ടി തിളങ്ങുന്ന ആമ്പൽപ്പാടങ്ങളിലൂടെയുള്ള വള്ളംയാത്ര വിനോദസഞ്ചാരികൾക്ക് മറക്കാനാകാത്ത അനുഭവമായി മാറുന്നു. പ്രകൃതി ഒരുക്കിയ വിസ്മയ കാഴ്ച്ച ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനുമായി ധാരാളം ആളുകളാണ് ദിവസേന എത്തുന്നത്. വള്ളത്തിൽ ആമ്പൽ കാഴ്ച്ചകൾ ആസ്വദിക്കുന്ന സൗമ്യ, ശ്രുതി ബാൻസേ, രാധിക ശ്രീമങ്കർ, അഞ്ജലി കൃഷ്ണ എന്നിവർ ഫോട്ടോ : കെ എസ് ആനന്ദ്
മുഹമ്മദ് ഹാഷിം
Published on Jun 29, 2026, 12:30 AM | 1 min read
കോട്ടയം
ലോകസഞ്ചാരികളെ മോഹിപ്പിച്ച് മലരിക്കലിൽ ആന്പലുകൾ പൂവിട്ടു. വരുംമാസങ്ങളിൽ ആന്പൽപൂവുകൾ നിറഞ്ഞ് മലരിക്കൽ പാടശേഖരം പിങ്ക് പുഴയാകും. തോണിയേറി സഞ്ചാരികൾ മായക്കാഴ്‌ചകൾ മനസ്സിലേറ്റും, ഒരിക്കലും മറക്കാത്ത ആത്മാനുഭൂതി. മൊബൈലിലും കാമറയിലും ഒപ്പിയെടുക്കുന്ന ഓർമചിത്രങ്ങളും ദൃശ്യങ്ങളും ഓമനിച്ച് തഴുകിയൊഴുകാം. സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റിട്ട് വൈറലായി ദേശാതിരുകൾ താണ്ടാം. അതുകണ്ട് ലോകസഞ്ചാരികൾ തേടിയെത്തും. ചിരഞ്‌ജീവിയും നയൻതാരയും തിളങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ‘ മനശങ്കര വരപ്രസാദ് ഗരു'വിലെ ആന്പൽ വസന്തം കണ്ടാണ് ബംഗളൂരുവിലെ ദന്പതികൾ മക്കൾക്കൊപ്പം എത്തിയത്. ഇവിടെ ചിത്രീകരിച്ച ചിത്രം ഹിറ്റാണ്. ഹൈദരബാദിൽ നിന്നുള്ള യുവദന്പതികൾ കണ്ണിലും കാമറയിലും എല്ലാം നിറയ്‌ക്കുന്ന തിരക്കിലാണ്. തിരുവനന്തപുരത്തെ അഞ്‌ജലി കൃഷ്‌ണ സുഹൃത്തുക്കളായ ശ്രുതി ബാൻസേ, രാധിക, സൗമ്യ എന്നിവർക്കൊപ്പം അതിരാവിലെ ആദ്യതോണി പിടിച്ചു. അത് കഴിഞ്ഞ് നേരെ മൂന്നാറിലേക്ക്. ഫ്രാൻസിലെ ഒരു ചാനലിൽ പ്രദർശിപ്പിച്ച ഡോക്യുമെന്ററി കണ്ടാണ് നാസിക്കിലുള്ള മലയാളി കുടുംബം എത്തിയത്. ന്യൂയോർക്കിൽ നിന്നുള്ള വിദേശ സഞ്ചാരികൾക്ക് മറ്റുള്ളവരുടെ സ്‌നേഹാഭിവാദ്യം. ദേശാടനക്കിളികളടക്കം പലതരം പക്ഷികൾ വട്ടമിടുന്നു. മലരിക്കൽ ലോകാതിശയമാകുന്നു. വിദേശ ചാനലുകൾ മലരിക്കലിലെത്തി. പുലർകാല സൂര്യോർജത്തിൽ തിളങ്ങുന്ന ആന്പൽപൂക്കൾ നിറചിരിയോടെ എല്ലാവരെയും സ്വീകരിക്കുന്നു. രാവിലെ ആറ് മുതൽ 10 വരെയാണ് കാഴ്‌ചഭംഗി. അർധരാത്രിയിൽ വിടരുന്ന പൂവ് രാവിലെ പത്തോടെ വാടും.










0 comments