ഇന്ന് മഞ്ഞ അലർട്ട്
കാലവർഷം സജീവമാകുന്നു

നഗരത്തിൽ പെയ്ത മഴ
കോട്ടയം
ഒരു ഇടവേളയ്‌ക്കുശേഷം ജില്ലയിൽ വീണ്ടും കാലവർഷം സജീവമാകുന്നു. ഞായർ പുലർച്ചെ മുതൽ ശക്തമായ മഴയാണ് വിവിധ ഭാഗങ്ങളിൽ ലഭിച്ചത്. മലയോരമേഖലയിൽ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴപെയ്‌തു. വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച മഞ്ഞ അലർട്ടാണ്. അടുത്ത ഒരാഴ്ച മെച്ചപ്പെട്ട കാലവർഷത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ആന്ധ്രാ പ്രദേശ് മുതൽ മഹാരാഷ്ട്രവരെ രൂപപ്പെട്ട ന്യുനമർദ പാത്തി സ്വാധീനമൂലം അറബിക്കടലിൽ കാലവർഷ കാറ്റ് അനുകൂലമാകുന്നതോടെ ഇനിയുള്ള 1-2 ദിവസങ്ങളിൽ മെച്ചപ്പെട്ട മഴ ലഭിക്കാൻ സാധ്യതയുണ്ട്. ജൂലൈ ആദ്യം പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന ന്യൂന മർദം ശക്തി പ്രാപിക്കുകയും അതോടൊപ്പം സീസണിലെ ആദ്യ ന്യൂന മർദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്നതോടെ കാലവർഷം ജൂലൈ 7, 8 തീയതി വരെ കൂടിയും കുറഞ്ഞും ലഭിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട്.











0 comments