കിഫ്ബിക്ക് കുരുക്കിട്ടാൽ കോട്ടയവും കുരുങ്ങും

കിഫ്ബി ഫണ്ടിൽ നിർമിച്ച വൈക്കത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി
കോട്ടയം കിഫ്ബിയെ(കേരള ഇന്ഫ്രാസ്ട്രക്ചര് ഇന്വെസ്റ്റ്മെന്റ് ഫണ്ട് ബോര്ഡ്) തകർക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തോടെ ജില്ലയിൽ പദ്ധതികൾ പാതിവഴിയിലാകും. ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫ് സർക്കാർ കിഫ്ബി മുഖേന പദ്ധതികൾ നൽകി. 2016ലെ എല്ഡിഎഫ് സര്ക്കാര് കിഫ്ബിയെ ശാക്തീകരിച്ചശേഷം 2739.20 കോടി രൂപയുടെ പദ്ധതികളാണ് ജില്ലയില് നടപ്പാക്കിയത്. 57 ബൃഹദ്പദ്ധതികൾക്കാണ് ജില്ലയിൽ അനുമതി നൽകിയത്. കോട്ടയം മെഡിക്കൽ കോളേജ്, സ്കൂളുകൾ, പാലങ്ങൾ, റോഡുകൾ തുടങ്ങി ജില്ലയുടെ മുഖച്ഛായ ആകെ മാറ്റാൻ കിഫ്ബിയിലൂടെ സാധിച്ചു. ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസ വകുപ്പുകള്ക്ക് കീഴിലാണ് കൂടുതല് പദ്ധതികള്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസനത്തിനായി മാത്രം 500ലധികം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ കിഫ്ബി വഴി നടപ്പാക്കി. ആശുപത്രിയിൽ ഉപകരണങ്ങൾ വാങ്ങാനായി 88.46 കോടി, ആധുനികവൽക്കരിക്കാനായി 164.92 കോടി, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണത്തിനായി 264.60 കോടി എന്നിവ കിഫ്ബിയിലൂടെ ലഭിച്ചു. ഇവയുടെ തുടർപ്രവർത്തനം നടക്കുകയാണ്. ഫണ്ട് നൽകിയില്ലെങ്കിൽ രോഗികൾക്കായുള്ള അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഇല്ലാതാകും. കോട്ടയം ജനറൽ ആശുപത്രിയുടെ വികസനത്തിനായി 129.9 കോടി രൂപയാണ് അനുവദിച്ചത്. ബഹുനില കെട്ടിടത്തിന്റെ നിർമാണം നടക്കുകയാണ്. ഫണ്ട് കിട്ടിയില്ലെങ്കിൽ നിർമാണം നിശ്ചലമാകും. കേരളത്തിലെ ആദ്യത്തെ 400 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ കുറവിലങ്ങാട് യാഥാർഥ്യമായത് കിഫ്ബി സഹായത്തിലാണ്. 231.03 കോടി രൂപയാണ് അനുവദിച്ചത്. എംജി സര്വകലാശാലയിൽ 122.59 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നടക്കുന്നത്. നാനോ ടെക്നോളജി ആന്ഡ് നാനോ സയന്സിൽ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് 61.55 കോടി രൂപ, ആധുനിക ഗവേഷണ പരിശീലനകേന്ദ്രം സ്ഥാപിക്കാനായി 26.07 കോടി രൂപ, അന്തർദേശീയ നിലവാരത്തിലുള്ള ഹോസ്റ്റലിനായി 34.97 കോടി രൂപയുമാണ് അനുവദിച്ചത്. സർക്കാർ തീരുമാനം ഉന്നതവിദ്യഭ്യാസ മേഖലയ്ക്ക് കുരുക്കാകും. 22.07 കോടി ചെലവിട്ടുള്ള വൈക്കം സിനിമാ തിയറ്റർ കോംപ്ലക്സ് നിർമാണത്തിലാണ്. 14.45 കോടി രൂപയിൽ എരുമേലിയിൽ ഒരുങ്ങുന്ന അന്നദാനകേന്ദ്രത്തിൽ അനുബന്ധ പ്രവൃത്തികൾ ബാക്കിയുണ്ട്. ടൂറിസത്തിന് മുതൽകൂട്ടാകുന്ന ഏന്തയാർ–വാഗമൺ റോഡ്, കാഞ്ഞിരപ്പള്ളി ബൈപാസ് എന്നിവയുടെ ഭാവിയും ആശങ്കയിലാകും. പുരോഗമിക്കുന്ന ഏറ്റുമാനൂര് റിങ് റോഡ്, ഏറ്റുമാനൂർ കുടിവെള്ള പദ്ധതി എന്നിവയും ത്രിശങ്കുവിലാകും.









0 comments