നെൽകർഷകർക്കുള്ള അധിക ബോണസ് റദ്ദാക്കാനുള്ള കേന്ദ്രനീക്കം
ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് കർഷക മാർച്ച്

കേരള കർഷകസംഘം ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനംചെയ്യുന്നു
കോട്ടയം നെല്ലിന്റെ താങ്ങുവില നൽകുന്നത് സംസ്ഥാന സർക്കാർ നിർത്തലാക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ കേരള കർഷകസംഘം നേതൃത്വത്തിൽ കർഷകരുടെ പ്രതിഷേധം. ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും കർഷകസംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്‌തു. തിരുനക്കര മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസിനു സമീപത്തുനിന്ന് ആരംഭിച്ച മാർച്ചിൽ ആയിരക്കണക്കിന് കർഷകർ അണിനിരന്നു. കേന്ദ്രം പ്രഖ്യാപിച്ച 23 രൂപ 20 പൈസയ്ക്ക് പുറമേ ആറ് രൂപ 80 പൈസ അധികം നല്‍കി 30 രൂപയ്ക്കാണ് കേരളത്തില്‍ നെല്ല് സംഭരിക്കുന്നത്. നെൽകർഷകർക്ക് അധിതുക നൽകരുതെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. ഇതിനെതിരെ കഴിഞ്ഞ ദിവസം തിരുവനന്തപുരം ലോക് ഭവനിലേക്ക് വൻ കർഷക മാർച്ച് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജില്ലയിലും പ്രതിഷേധ മാർച്ച് നടത്തിയത്. കർഷക സംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. എം വി ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രൊഫ. ആർ നരേന്ദ്രനാഥ്, പി എം ബിനു, ജില്ലാ ജോയന്റ് സെക്രട്ടറിമാരായ എം എസ് സാനു, ഇ എസ് ബിജു എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ് സ്വാഗതവും ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി എം രാജൻ നന്ദിയും പറഞ്ഞു.










0 comments