കർഷകസംഘം ജില്ലാ സമ്മേളനത്തിന് നാളെ കൊടി ഉയരും

കടുത്തുരുത്തി കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് വ്യാഴാഴ്‌ച കടുത്തുരുത്തിയിൽ കൊടി ഉയരും. കടുത്തുരുത്തിയിലെ സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക–കൊടിമരം എന്നി ജാഥകൾക്ക് വ്യാഴാഴ്‌ച സ്വീകരണം നൽകും. വ്യാഴം വൈകിട്ട് ആറിന് മുൻ ജില്ലാ പ്രസിഡന്റ് അയ്മനം ബാബുവിന്റെ സ്‌മൃതി മണ്ഡപത്തിൽനിന്ന് മുതിർന്ന നേതാവ് വൈക്കം വിശ്വൻ കൈമാറുന്ന പതാക കർഷകസംഘം എകിസിക്യുട്ടീവ് അംഗം ഇ എസ് ബിജുവിന്റെ നേതൃത്വത്തിലും കർഷകസംഘം മുൻ സംസ്ഥാന പ്രസിഡന്റ് കെ കെ ജോസഫിന്റെ മുട്ടുചിറയിലുള്ള സമൃതി മണ്ഡപത്തിൽനിന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഹരികുമാർ കൈമാറുന്ന കൊടിമരം കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ ജയകൃഷ്ണന്റെ നേതൃത്വത്തിലും കടുത്തുരുത്തിയിലെ പൊതുസമ്മേളന നഗറിൽ എത്തും. തുടർന്ന് എ വി റസ്സൽ നഗറിൽ സ്വാഗതസംഘം ചെയർമാൻ പി വി സുനിൽ പതാക ഉയർത്തും. വെള്ളി വൈകിട്ട് 3.30ന് ബഹുജന റാലി നടക്കും. എ വി റസ്സൽ നഗറിൽ(ഗൗരീശങ്കരം ഗ്രൗണ്ട്) നടക്കുന്ന പൊതു സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അഗം പി രാജീവ് ഉദ്‌ഘാടനം ചെയ്യും. ശനിയാഴ്‌ച കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ(ഗൗരീശങ്കരം ഓഡിറ്റോറിയം)പകൽ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം എഐകെഎസ് വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന കാർഷിക സെമിനാർ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. ഞായറാഴ്‌ച സമ്മേളനം സമാപിക്കും.










0 comments