കോട്ടയം കണക്ടാകുന്നു, കെ ഫോണിൽ

പി സി പ്രശോഭ്
Published on Mar 25, 2026, 01:32 AM | 2 min read
കോട്ടയം
""സത്യത്തിൽ ഇത്രയും സ്‌പീഡ് പ്രതീക്ഷിച്ചില്ല. കെ ഫോൺ തീർച്ചയായും എന്റെ പ്രതീക്ഷകളെ കവച്ചുവെച്ചു'' – മണിമല നെടുന്താനത്ത് ജോബിൻ തോമസ് പറഞ്ഞു. ""ബിഎസ്‌എൻഎലിന് പല പ്രശ്‌നങ്ങളുള്ളതായി അറിയാമായിരുന്നു. കെ ഫോണും അത്തരത്തിലാകുമെന്ന് ചെറിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ, വളരെ കാര്യക്ഷമമാണ് കെ ഫോൺ ഇന്റർനെറ്റ് സേവനം. സെക്കൻഡിൽ 40 ജിബിയുടെ അടുത്ത് സ്‌പീഡ് കിട്ടുന്നു. ഞാൻ നൂറ് ശതമാനം ഹാപ്പിയാണ്.'' കേരളത്തിന്റെ സ്വന്തം നെറ്റ്‌വർക്കായ കെ ഫോണിന്റെ ജില്ലയിലെ 13,000ലധികം വരുന്ന സംതൃപ്‌തരായ ഉപഭോക്താക്കളിൽ ഒരാളാണ് ജോബിൻ. ""ഇന്ന് ഇന്റർനെറ്റില്ലാതെ ഒന്നും നടക്കില്ല. സാധാരണക്കാരായ എല്ലാവരും കെ ഫോൺ എടുക്കണം. ഏജൻസികൾ കൂടുതലായി ഇതിനെ പ്രോത്സാഹിപ്പിക്കണം.'' – ജോബിൻ പറഞ്ഞു. 13,000 കടന്ന് മുന്നോട്ട് എല്ലാവർക്കും ഇന്റർനെറ്റെന്ന എൽഡിഎഫ് സർക്കാരിന്റെ ദൃഢനിശ്‌ചയത്തിൽ പിറന്നതാണ് കേരള ഫൈബർ ഒപ്‌റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ്(കെ ഫോൺ). ജില്ലയിൽ നൽകിയത് 13,595 കണക്‌ഷനുകൾ. ദാരിദ്യരേഖയ്ക്ക് താഴെയുള്ള 471 കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് നൽകുന്നു. സാധാരണക്കാർക്ക് മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയുടെ കുതിപ്പ് തുടരുകയാണ്. ഇന്ന് വില്ലേജ് ഓഫീസുകളടക്കമുള്ള സർക്കാർ ഓഫീസുകൾ അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കെ ഫോണാണ് ഉപയോഗിക്കുന്നത്. പ്രാദേശിക ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്‌ഷൻ നൽകുന്നത്. 380 പ്രാദേശിക നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ ഇതിന്റെ ഭാഗമായി കെ ഫോണുമായി സഹകരിക്കുന്നു. സ്‌കൂളുകൾ, നഗരസഭാ കാര്യാലയങ്ങൾ, പഞ്ചായത്ത് ഓഫീസുകൾ, പൊലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിലും കെ ഫോൺ കണക്ഷനുണ്ട്. ജില്ലയിൽ 2,600 കിലോമീറ്ററിലധികം കേബിൾ വലിച്ചു. കെ ഫോൺ മൊബൈൽ ആപ്ലിക്കേഷൻ പ്ലേസ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലും ലഭ്യമാണ്. ഇതുവഴി കണക്ഷന് അപേക്ഷിക്കാം. ‘എന്റെ കെ ഫോണ്‍' എന്ന മൊബൈല്‍ ആപ്പിലൂടെയോ kfon.in എന്ന വെബ്സൈറ്റിലൂടെയോ രജിസ്റ്റര്‍ചെയ്യാം. മോഡവും ഇൻസ്റ്റലേഷനും സൗജന്യമാണ്. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷൻ ലഭിക്കാൻ രജിസ്റ്റര്‍ചെയ്യാം. നാടിന്റെ മുക്കിലും മൂലയിലും ഇന്ന് ഡിജിറ്റൽ വിപ്ലവത്തിന്റെ കാലമാണ്. അതിന് വേഗംകൂട്ടിയാണ് കെ ഫോൺ എത്തിയത്. ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന വിനോദസഞ്ചാരികൾക്ക് അതിവേഗ ഇന്റർനെറ്റ് ലഭിക്കും. സോഫ്റ്റ്‌വെയർ കമ്പനികളുടെ ഉൽപ്പാദനക്ഷമത വർധിക്കും. പൊതു വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകൾ കൂടുതലായി വരുന്നതോടെ വിദ്യാർഥികൾ, കുടിയേറ്റ തൊഴിലാളികൾ തുടങ്ങി എല്ലാവർക്കും പ്രയോജനപ്പെടും. ട്രാഫിക് നിയന്ത്രണം എളുപ്പമാകും. സേവനങ്ങൾക്ക് അതിവേഗം ""കെ സ്‌മാർട്ട് വഴിനൽകുന്ന സേവനങ്ങൾക്ക് വേഗമേകാൻ കെ ഫോൺ കണക്ഷൻ ഏറെ സഹായിക്കുന്നുണ്ട്''. – നെടുങ്കുന്നം വിഇഒ അർഷദ് ഷംസുദീൻ പറഞ്ഞു. ""കെ ഫോൺ വഴിയുള്ള ഇന്റർനെറ്റിന്റെ കാര്യക്ഷമതയിൽ തൃപ്‌തിയുണ്ട്. ഇതിനെ കൂടുതൽ പ്രോത്സാഹിപ്പിക്കണം. അതിനനുസരിച്ച് സേവനം ഇനിയും മെച്ചപ്പെടും. സർക്കാർ സേവനങ്ങളെല്ലാം ഇപ്പോൾ ഓൺലൈനാണ്. ഇന്റർനെറ്റില്ലാതെ ഒന്നുമില്ല. അതുകൊണ്ടുതന്നെ കെ ഫോണിന്റെ പ്രസക്തി വലുതാണ്.'' അർഷദ് പറഞ്ഞു.










0 comments