അസംപ്ഷൻ കോളേജിൽ മഴനിരീക്ഷണ സംവിധാനം

ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ പ്രവർത്തനം ആരംഭിച്ച ഐഎസ്ആർഒയുടെ നൂതന മഴനിരീക്ഷണ സംവിധാനം
ചങ്ങനാശേരി
പ്രാദേശിക കാലാവസ്ഥനിരീക്ഷണം ശക്തിപ്പെടുത്തുന്നതിനായി ഐഎസ്ആർഒയുടെ കീഴിലുള്ള വിക്രം സാരാഭായി സ്പേസ് സെന്റർ നൂതന മഴനിരീക്ഷണ സംവിധാനം അസംപ്ഷൻ കോളേജിൽ സ്ഥാപിച്ചു. ലേസർ പ്രെസിപിറ്റേഷൻ മോണിറ്റർ (എൽപിഎം), മഴമാപിനി എന്നിവ ഉൾപ്പെട്ട സംവിധാനം മഴയുടെ സ്വഭാവത്തെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കും. ഇന്ത്യയിൽ ആദ്യമായി സ്വതന്ത്ര ഊർജോൽപ്പാദന സംവിധാനത്തോടുകൂടി പ്രവർത്തിക്കുന്ന എൽപിഎം ഘടകമാണിത്. സ്പേസ് ഫിസിക്സ് ലബോറട്ടറിയിലെ ഡോ. കെ എൻ ഉമയുടെ ഗവേഷണ പ്രവർത്തനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. അസംപ്ഷൻ കോളേജിലെ ഫിസിക്സ് വിഭാഗത്തിലെ അറ്റ്മോസ്ഫിയറിക് റിസർച്ച് ഗ്രൂപ്പിലെ ഡോ. മറീന അലോഷ്യസിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് കോളേജിലെ മഴനിരീക്ഷണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഈ സംവിധാനം കാലാവസ്ഥ, -അന്തരീക്ഷ ഗവേഷണങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം വിദ്യാർഥികൾക്ക് പ്രായോഗിക പഠനവും ഉയർന്ന നിലവാരത്തിലുള്ള ഗവേഷണ അവസരങ്ങളും ഒരുക്കുന്നതിൽ നിർണായക പങ്കുവഹിക്കും.










0 comments