അരുവിക്കുഴിയിൽ നിന്നൊരു തങ്കത്തിളക്കം

അരുവിക്കുഴി വെള്ളച്ചാട്ടത്തിൽ നഷ്ടപ്പെട്ട സ്വർണമാല അഗ്നിരക്ഷാസംഘം കണ്ടെത്തി ഉടമസ്ഥന് കൈമാറുന്നു
പാമ്പാടി
അരുവിക്കുഴി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവിന്റെ നഷ്ടപ്പെട്ട സ്വർണമാല പാമ്പാടി അഗ്നിരക്ഷാസേന തിരച്ചിൽ നടത്തി കണ്ടെത്തി. ഇടുക്കി രാജപുരം സ്വദേശി ജെറിൻ ജോമിയുടെ ഒന്നരപവന്റെ മാലയാണ് അഗ്നിരക്ഷാസേന കണ്ടെത്തി തിരികെ ഏൽപ്പിച്ചത്. ഞായർ പകൽ മൂന്നരയോടെയായിരുന്നു സംഭവം. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് മാല അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണുപോയത്. കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. തുടർന്ന് സുഹൃത്തായ ഷോബിൻ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പാടി അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയായിരുന്നു. ഉടനെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മനോജ് നാരായണന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിനൊടുവിൽ മാല കണ്ടെത്തി. തുടർന്ന് ജെറിൻ ജോമിക്ക് മാല കൈമാറി.










0 comments