വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമം

കാഞ്ഞിരപ്പള്ളി
വയോധികയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കൂട്ടിക്കൽ നാരകംപുഴ ചന്തക്കടവിൽ ഞായർ പകൽ 12 ഓടെയാണ് സംഭവം. പുഞ്ചവയൽ ആനിക്കുന്ന് സ്വദേശി ലിബിൻ ആണ് അറസ്റ്റിലായത്. മറ്റൊരാൾ കൂടി മോഷണ സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. ചന്തക്കടവ് ഭാഗത്ത് തനിച്ച് താമസിക്കുന്ന പീടിയെക്കൽ ശാന്തമ്മ കൃഷ്ണൻകുട്ടി(82) യുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. വീട്ടിലെത്തിയ മോഷ്ടാവ് വെള്ളം ആവശ്യപ്പെടുകയും വെള്ളം കൊടുത്ത ഗ്ലാസ് തിണ്ണയിലേക്ക് എറിഞ്ഞ് പൊട്ടിച്ച ശേഷം ശാന്തമ്മയെ തള്ളിയിട്ട് കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് ഓടാൻ ശ്രമിക്കുകയായിരുന്നു. ശാന്തമ്മയുടെ ബഹളം കേട്ട് അടുത്തുള്ള സ്ത്രീകളാണ് ആദ്യം ഓടിയെത്തിയത്. പിന്നീട് മറ്റുള്ള നാട്ടുകാരും ചേർന്ന് അര കിലോമീറ്ററിലതികം പ്രതിയുടെ പിന്നാലെ ഓടി വില്ലേജ് ഓഫീസിന് സമീപമുള്ള സ്വകാര്യ പുരയിടത്തിൽവച്ച് പിടികൂടുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ പൊലീസിനെ വിളിച്ചുവരുത്തി കൈമാറി.










0 comments