ലോകകപ്പ് ആവേശം വിതറി ചിറപ്പുറത്ത് സംഗമം

ചിറപ്പുറത്ത് നടന്ന ആരാധക സംഗമം
കിടങ്ങൂർ
ഫുട്‌ബോൾ ലോകകപ്പിന്റെ ആവേശം കിടങ്ങൂർ ചിറപ്പുറത്തിന്റെ തെരുവുകളിലും അലയടിക്കുന്നു. വിവിധ ടീമുകളുടെ ജേഴ്സികൾ അണിഞ്ഞ ചിറപ്പുറത്തെ നൂറുകണക്കിന് ഫുട്ബോൾ പ്രേമികൾ പങ്കെടുത്ത ആരാധക സംഗമം നാടിന് ഉത്സവമായി. യുവതലമുറയുടെ ആവേശത്തിന്റെയും ഐക്യത്തിന്റെയും പ്രകടനമായി.ചിറപ്പുറം കവലയിൽ ഒത്തുകൂടിയ ആരാധകർ ആർപ്പുവിളികളോടെയും പ്രിയപ്പെട്ട ടീമുകളുടെ പതാകകൾ വാനിലുയർത്തിയുമാണ് ലോകകപ്പ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുടെ ജേഴ്സിയണിഞ്ഞ ആരാധകരുടെ സാന്നിധ്യം വഴിയോരങ്ങളിലെ കാൽനടയാത്രക്കാർക്കും വേറിട്ട കാഴ്ചയായി. സംഗമത്തോടനുബന്ധിച്ച് ചിറപ്പുറം കവലയിലും പരിസരങ്ങളിലും വിവിധ ടീമുകളുടെ ഭീമൻ ഫളക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രിയതാരങ്ങളുടെ ചിത്രങ്ങൾ നിറഞ്ഞ ബോർഡുകളുമുണ്ട്. ഗ്രാമത്തെയാകെ ഒരൊറ്റ ഫുട്ബോൾ മൈതാനമാക്കി മാറ്റിയ ചിറപ്പുറത്തെ ആരാധകക്കൂട്ടം ഇപ്പോൾ സോഷ്യൽ മീഡിയയിലും തരംഗമാണ്.










0 comments