മാർക്കറ്റിലുണ്ട്, ചൂടൻ ചർച്ച

വിലപേശലല്ല, കപ്പാണ് വിഷയം!.... കോടിമത പച്ചക്കറി മാർക്കറ്റിലെ ചുമട്ട് തൊഴിലാളികൾ ലോകകപ്പ് ഫുട്ബോൾ ചർച്ചയിൽ
കോട്ടയം
കോടിമത പച്ചക്കറി മാർക്കറ്റിലേക്ക് വന്നാൽ മെസിയും നെയ്‌മറുമെല്ലാം പണിയെടുക്കുന്നത് കാണാം. മഞ്ഞ ജഴ്‌സിയും നീല ജഴ്‌സിയുമെല്ലാം ഇഷ്ടംപോലെ. മാർക്കറ്റ് ഒരു കൊച്ചു ഫുട്‌ബോൾ ഗാലറി പോലെയായി. ചുമട്ടുതൊഴിലാളികൾ ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലാണ്. ഇടവേളകളിൽ ഫുട്‌ബോൾ ചർച്ച സജീവം. മെസിയുടെ ഹാട്രിക്കിന്റെ ആവേശത്തിലാണ് അർജന്റീന ഫാൻസ്. ""ആദ്യ കളി തന്നെ അർജന്റീന തകർത്തത് കണ്ടില്ലേ. കപ്പ് നിലനിർത്തിയിട്ടേ മെസിപ്പട മടങ്ങൂ'' – സി എൻ നിയാസ് പറയുന്നു. അണയാൻ പോകുന്നത് ആളിക്കത്തുമെന്നാണ് ബ്രസീൽ ഫാനായ സി യു അനിലിന്റെ കൗണ്ടർ. അർജന്റീന ഫാൻസിന് ജഴ്‌സി മേടിച്ച കാശ് നഷ്ടമാകുമെന്ന് ബ്രസീൽ ഫാൻ റോഷൻ രാജുവിന്റെ പരിഹാസം. കാശ് പോകാൻ പോകുന്നത് ആരുടെയാണെന്ന് ബ്രസീലിന്റെ ആദ്യ കളി കണ്ടപ്പോൾ മനസിലായെന്ന് ആരോമൽ റെജി മറുപടി. ബ്രസീൽ തോറ്റാൽ തല മൊട്ടയടിക്കുമെന്ന് പറഞ്ഞവർ വരെ തൊഴിലാളികൾക്കിടയിലുണ്ട്. എം കെ റഹീം, വി എം സിബു, കെ ബി ബിനുമോൻ എന്നിവരും കോടിമത മാർക്കറ്റിലെ ബ്രസീൽ ഫാൻസിന്റെ നിരയിലുണ്ട്. അർജന്റീനൻ പക്ഷത്ത് ബൈജു ജോൺ, കെ സി അനുരാഗ് തുടങ്ങിയരും വീറോടെ വാദിക്കാൻ മുന്നിലുണ്ട്.










0 comments