പാലാ ശുഭ്രസാഗരം

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് പാലാ നഗരത്തിൽ നടന്ന യുവജന റാലി
പാലാ
മീനച്ചിലാർ തീരത്തെ ത്രസിപ്പിച്ച യുവജനറാലിയോടെ ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് സമാപനമായി. കെഎസ്‌ആർടിസി ജങ്‌ഷനിൽ ആരംഭിച്ച റാലിയിൽ ശുഭ്രപതാകയേന്തി യുവജനങ്ങൾ അണിനിരന്നു. അവർ പുതിയ മുന്നേറ്റത്തിന്റെ ധ്വനി മുഴക്കി. രക്തദാനത്തിലൂടെയും ഭക്ഷണവിതരണത്തിലൂടെയും എണ്ണമറ്റ സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും ജനഹൃദയങ്ങളിൽ ഇടംനേടിയ മഹത്തായ യുവജനപ്രസ്ഥാനത്തിന്റെ റാലിക്ക് അഭിവാദ്യമർപ്പിച്ച് പാതയോരങ്ങളിൽ നിരവധി പേർ അണിനിരന്നു. വിവിധ വർഗബഹുജന സംഘടനകൾ അവരുടെ ബാനറുകളേന്തി അഭിവാദ്യം നൽകാനെത്തിയിരുന്നു. റാലി കൊട്ടാരമറ്റം ബസ്‌സ്‌റ്റാൻഡ് മൈതാനത്ത് സമാപിച്ചു. തുടർന്ന് എ വി റസൽ നഗറിൽ ചേർന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് അർച്ചന സദാശിവൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ, സ്വാഗതസംഘം ചെയർമാൻ ലാലിച്ചൻ ജോർജ്, ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ജെയ്‌ക്ക് സി തോമസ്, ജില്ലാ സെക്രട്ടറി ടി എസ് ശരത്, ട്രഷറർ ആനീഷ് അന്ത്രയോസ്, എൻ ആർ വിഷ്‌ണു, സജേഷ് ശശി, ബി മഹേഷ് ചന്ദ്രൻ, ബി സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് കോഴിക്കോട് ഫ്ലോട്ടിങ് തിയറ്റർ അവതരിപ്പിച്ച "മിസ' നാടകം അരങ്ങേറി. ജനസേവനത്തിന്റെയും നീതിക്കായുള്ള പോരാട്ടത്തിന്റെയും പുതിയ അധ്യായം തുറന്നാണ് പാലായിൽ ജില്ലാ സമ്മേളനത്തിന് സമാപനമായത്. യുവജനങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങളും പൊതുരാഷ്‌ട്രീയവും സമ്മേളനം ചർച്ചചെയ്‌തു. തുടർപ്രവർത്തനങ്ങൾക്ക് രൂപംനൽകി.










0 comments