ദേശാഭിമാനി കൂടുതൽ വായനക്കാരിലേക്ക്

കോട്ടയം അധ്വാനവർഗത്തിന്റെ ശബ്ദമായ ദേശാഭിമാനി പത്രത്തിന്റെ പ്രചാരണം ജില്ലയിലെങ്ങും സജീവം. മലയാളപത്രങ്ങളുടെ ലോകത്ത് സത്യത്തിന്റെ ശബ്ദമായി വേറിട്ടുനിൽക്കുന്ന ദേശാഭിമാനിയുടെ പ്രചാരണത്തിന് എല്ലാ മേഖലയിലെയും ജനങ്ങളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിപിഐ എമ്മിന്റെ ബ്രാഞ്ച് മുതൽ ജില്ലാ കമ്മിറ്റി വരെയുള്ള എല്ലാ ഘടകങ്ങളും പ്രചാരണത്തിന് രംഗത്തുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങിയാണ് പ്രചാരണം. നിലവിലുള്ള വാർഷികവരിസംഖ്യ പുതുക്കുകയും കൂടുതൽ പേരെ വരിക്കാരാക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ ചേർക്കുന്ന പത്രത്തിന്റെ വരിസംഖ്യ അതത് ഏരിയകളിൽനിന്ന് നവംബർ രണ്ടിന് കൈമാറും. വലതുപക്ഷ മാധ്യമങ്ങൾ കുത്തകകൾക്കും കോർപറേറ്റുകൾക്കുമൊപ്പം നിൽക്കുമ്പോൾ സാധാരണക്കാർക്ക് വേണ്ടി ശബ്ദമുയർത്തുന്നത് ദേശാഭിമാനിയാണ്. പ്രാദേശികം മുതൽ ദേശീയതലം വരെ എല്ലാ വിഷയങ്ങളും ജനപക്ഷത്തുനിന്ന് ഏറ്റെടുക്കുന്ന ദേശാഭിമാനി സാധാരണക്കാരന്റെ ജിഹ്വയായി എന്നുമുണ്ട്. വിവിധ വർഗബഹുജന സംഘടനകളും സജീവമായി പ്രചാരണത്തിന് രംഗത്തുണ്ട്. സിപിഐ എമ്മിന്റെ മുതിർന്ന നേതാക്കളും പങ്കെടുക്കുന്നു. കെട്ടിലും മട്ടിലും വാർത്താവതരണത്തിലും പുതിയ മോടിയുമായി എത്തുന്ന ദേശാഭിമാനി വായനക്കാർക്ക് പുതിയ വായനാനുഭവം സമ്മാനിക്കുന്നു. കലാ–സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ രാഷ്‌ട്രീയ നേതാക്കളും വരിക്കാരാകുന്നുണ്ട്.








0 comments