മഴ കുറഞ്ഞിട്ടും; പെയ്‌തിറങ്ങുന്ന അപകടം

പൂഞ്ഞാർ തെക്കേക്കര ഒറവപ്പാറയിൽ ഞായറാഴ്‌ചയുണ്ടായ മണ്ണിടിച്ചിൽ

സ്വന്തം ലേഖകൻ
Published on Sep 24, 2026, 12:52 AM | 1 min read
ഇൗരാറ്റുപേട്ട
കാലവർഷത്തിൽ ജില്ലയിൽ ശരാശരിയിലും കുറവ് മഴയാണ് ഇത്തവണ പെയ്‌തതെങ്കിലും അപകടങ്ങൾ കുറയാത്തത് മലയോരത്ത് ആശങ്ക പടർത്തുന്നു. അൽപ്പ സമയം നീണ്ടുനിൽക്കുന്ന മഴ പെയ്‌താൽ പോലും മലയോരമേഖലകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടാകുന്ന അവസ്ഥ. ശരാശരിയേക്കാൾ 22 ശതമാനം കുറവാണ് ഇക്കൊല്ലം മഴ ലഭിച്ചത്. എന്നിട്ടും നാശനഷ്ടങ്ങൾ മുൻവർഷങ്ങളേക്കാൾ കൂടുതലാണ്. ഞായർ വൈകിട്ട് പൊടുന്നനെയായിരുന്നു തീക്കോയി, പൂഞ്ഞാർ തെക്കേക്കര മേഖലകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായത്. ഒന്നോ രണ്ടോ മണിക്കൂർ പെയ്‌താൽ നാട് ഭീതിയിലാകും. നിമിഷനേരംകൊണ്ട് മീനച്ചിലാറിൽ ജലം കുത്തിയൊലിക്കും. ഞായറാഴ്‌ച വാഗമൺ പ്രദേശത്ത് പെയ്‌ത കനത്ത മഴയാണ് വെള്ളമുയരാൻ കാരണമെന്ന് കണക്കാക്കുന്നു. പക്ഷേ, മഴയുടെ ശക്തി മുൻകൂട്ടി പ്രവചിക്കാൻ പരാജയപ്പടുന്നത് മുൻകരുതൽ നടപടികൾക്ക് തടസ്സമാകുന്നു. ഇൗരാറ്റുപേട്ട–വാഗമൺ റോഡിൽ താഴേക്ക് വീഴാറായ നിലയിൽ നിരവധി കല്ലുകളും പാറകളുമുണ്ട്. കഴിഞ്ഞദിവസത്തെ മണ്ണിടിച്ചിൽകൂടി കഴിഞ്ഞതോടെ സ്ഥിതി രൂക്ഷമായിട്ടുണ്ട്. നിരവധി വീടുകൾ അപകടത്തിലാണ്. ആളുകൾ സ്വമേധയാ മാറി താമസിക്കുന്നുണ്ട്. കഴിഞ്ഞദിവസത്തെ മഴക്കെടുതിയുടെ നഷ്ടക്കണക്കുകൾ എടുക്കുന്നതേയുള്ളൂ. മൈക്രോ ലെവൽ കാലാവസ്ഥാ നിരീക്ഷണത്തിനായി പ്രാദേശികമായി ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ഇടത്തരം മഴയ്ക്കുള്ള മുന്നറിയിപ്പ് മാത്രമുണ്ടായിരുന്ന പ്രദേശത്താണ് റെഡ് അലേർട്ടിന് സമാനമായ അതിതീവ്ര മഴ പെയ്തത്. മുൻകരുതലെടുക്കാൻ സമയം കിട്ടുന്നതിനു മുമ്പേ ദുരന്തങ്ങൾ സംഭവിക്കും. നിലവിൽ ജില്ലാ അടിസ്ഥാനത്തിൽ മാത്രം അലർട്ടുകൾ നൽകുന്ന രീതിയാണുള്ളത്. ആധുനിക സാങ്കേതികവിദ്യകൾ വികസിച്ചിട്ടും ഏതാനും കിലോമീറ്റർ പരിധിയിൽ പെയ്യുന്ന അതിതീവ്ര മഴയെക്കുറിച്ച് പ്രാദേശിക മുന്നറിയിപ്പ് നൽകാൻ കഴിയുന്നില്ല.








0 comments