ad
Deshabhimani

നേരേകടവ് -– മാക്കേകടവ് പാലം

പൈൽക്യാപ്പിന്റെ കോൺക്രീറ്റിങ്‌ ഉദ്ഘാടനംചെയ്തു

 Nerekadavu – Makekadavu bridge

നേരേകടവ് -–മാക്കേകടവ് പാലത്തിന്റെ നേരേകടവ് ഭാഗത്തെ പൈൽക്യാപ്പിന്റെ കോൺക്രറ്റിങ്‌ സി കെ ആശ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 02, 2025, 03:13 AM | 1 min read

വൈക്കം

ആലപ്പുഴ –-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന നേരേകടവ് –- മാക്കേകടവ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. നേരേകടവ് ഭാഗത്തെ പൂർത്തീകരിക്കാൻ ബാക്കിയുണ്ടായിരുന്ന അവസാന പൈൽക്യാപ്പിന്റെ കോൺക്രീറ്റ് ജോലികളും തിങ്കളാഴ്ചയോടെ പൂർത്തീകരിച്ചു. പൈൽക്യാപ്പിന്റെ കോൺക്രീറ്റിങിന് ആദ്യചട്ടി കോൺക്രീറ്റ് ഇട്ടുകൊണ്ട് സി കെ ആശ എംഎൽഎ തുടക്കംകുറിച്ചു. രാവിലെ ആരംഭിച്ച കോൺക്രീറ്റിങ്‌ ജോലികൾ വൈകിട്ടോടെയാണ് അവസാനിച്ചത്. നേരേകടവ്–- മാക്കേകടവ് പാലം നിർമാണവുമായി ബന്ധപ്പെട്ട നൂറാമത്തെ കോൺക്രീറ്റിങ്‌ ആണ് ഇതോടെ പൂർത്തീകരിച്ചത്. 22 സ്പാനോടുകൂടിയ പാലത്തിന്റെ നടുഭാഗത്തതായി 47.16 മീറ്റർ നീളമുള്ള രണ്ട് നാവിഗേഷൻ സ്പാനും 35.76 മീറ്റർ നീളമുള്ള നാല് സ്പാനും 35.09 മീറ്റർ നീളമുള്ള 16 സ്പാനുകളുമാണുള്ളത്. പാലത്തിന്റെ ഇരുകരകളിലുമായി 60 മീറ്റർ നീളത്തിൽ അപ്പ്രോച്ച് റോഡുകളുമുണ്ട്. കൂടാതെ രണ്ടുവശങ്ങളിലായി ഇരുകരകളിലും സർവിസ് റോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 100 പൈലുകളും 23 പൈൽ ക്യാപ്പുകളും 21 പിയർ ക്യാപ്പുകളും രണ്ട് നാവിഗേഷൻ സ്പാനുകളിലുമായുള്ള എട്ട് ഗർഡറുകളും, ശേഷിക്കുന്ന 20 സ്പാനുകളിലേക്കുള്ള 80 ഗർഡറുകളിൽ 54 എണ്ണവും മാക്കേകടവ് ഭാഗത്തുനിന്നുമുള്ള 13 സ്പാനുകളിലെ മുഴുവൻ ഗർഡറുകളുടെ ലോഞ്ചിങ്ങും 12 സ്പാനുകളിലെ ഡക്ക് സ്ലാബും കെർബും പൂർത്തികരിച്ചു കഴിഞ്ഞു. വേമ്പനാട്ടുകായലിനു കുറുകെയുള്ള ഏറ്റവും നീളമേറിയ മാക്കേകടവ്-–- നേരേകടവ് പാലത്തിന് ഏകദേശം ഒരു കിലോമീറ്ററോളം നീളവും 11 മീറ്റര്‍ വീതിയുണ്ട്. പാലം യാഥാര്‍ഥ്യമാകുന്നതോടെ വൈക്കത്തുനിന്നും കൊച്ചിയിലേക്കുള്ള എളുപ്പവഴി കൂടിയാകും ഇത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ബിജു, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ആനന്ദവല്ലി, വൈസ് പ്രസിഡന്റ്‌ സി പി അനൂപ്, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജാ പുഷ്കരൻ, സാബു പി മണലൊടി, പഞ്ചായത്തംഗം ജിനു ബാബു, സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി മോഹൻ കുമാർ, സിപിഐ ലോക്കൽ സെക്രട്ടറി പി ഡി സാബു എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home