ക്രിസ്‌മസ്–പുതുവത്സരാഘോഷം കളറാക്കാം
വരവേൽക്കാം വർണക്കാഴ്ചകളെ

കുമരകത്തെത്തിയ ടൂറിസ്റ്റുകൾ വള്ളത്തിൽ സഞ്ചരിച്ച് കുമരകത്തിന്റെ ഗ്രാമ ഭംഗി ആസ്വദിക്കുന്നു

സ്വന്തം ലേഖകൻ
Published on Dec 21, 2025, 01:30 AM | 2 min read
കോട്ടയം
മഞ്ഞണിഞ്ഞ പുലരികൾക്കും നക്ഷത്രങ്ങൾ ചിരിക്കുന്ന രാവുകൾക്കും ഒപ്പംചേർന്ന് ആഘോഷിക്കാൻ ക്രിസ്‌മസ് – പുതുവത്സര നാളുകൾ ഇതാ എത്തിക്കഴിഞ്ഞു. അതിനൊപ്പം അണിഞ്ഞൊരുങ്ങിയ കോട്ടയത്തിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സഞ്ചാരികളെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇനിയുള്ള ദിവസങ്ങളിൽ ആഘോഷങ്ങളുടെ രാപ്പകലുകൾക്കാണ് ജില്ല കാത്തിരിക്കുന്നത്. അവധി ദിനമാകുന്നതോടെ കുമരകം, ഇല്ലിക്കൽക്കല്ല്, ഇലവീഴാപൂഞ്ചിറ, വാഗമൺ തുടങ്ങിയ ഇടങ്ങളിലേക്ക് ആഭ്യന്തര സഞ്ചാരികൾ ഉൾപ്പെടെയുള്ളവരുടെ ഒഴുക്കായിരിക്കും. യുകെ, സ്വിറ്റ്‌സർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽനിന്നാണ് ഇൗ സമയം കൂടുതലായും കുമരകത്തേക്ക് സഞ്ചാരികളെത്തുന്നത്. കാണാം കൗതുകങ്ങൾ കുമരകത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് എന്നും കരുത്താണ് ക്രിസ്‌മസ്–- പുതുവത്സര ആഘോഷങ്ങൾ. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കൗതുക കാഴ്ചകൾ ഒരുക്കാൻ ഉത്തരവാദിത്വ ടൂറിസം മിഷനും തയ്യാറായി. ഗ്രാമീണ ജീവിതത്തെ അടുത്തറിയുന്നതിനൊപ്പം നാടിന്റെ പഴയ കാല ചിത്രങ്ങൾ അടയാളപ്പെടുത്തുകയാണ് ലക്ഷ്യം. റിസോർട്ടുകളിലും ഹോംസ്‌റ്റേകളിലുമെത്തുന്ന സഞ്ചാരികൾക്ക് മൺപാത്ര നിർമാണം, ഓലമെടയൽ, കയർ നിർമാണം തുടങ്ങിയവ മിഷനിലെ അംഗങ്ങൾ പരിചയപ്പെടുത്തും. ഉത്തരവാദിത്വ ടൂറിസം മിഷനിൽ രജിസ്റ്റർ ചെയ്ത സംഘങ്ങൾ വഴി കലാപരിപാടികളും ഉണ്ടാകും. കായൽക്കാറ്റേറ്റ് പുതുവത്സര പുലരിയെ വരവേൽക്കാൻ സഞ്ചാരികൾ നേരത്തെ തന്നെ എത്തിത്തുടങ്ങിയിട്ടുണ്ട്. ഹൗസ് ബോട്ടുകളിൽ മിക്കവയും ഇതിനകം ബുക്കിങ് പൂർത്തിയായി. ഡിജെ, ലൈവ് ബാൻഡ് മ്യൂസിക് ലൈവ്, നാടൻപാട്ട്, ശാസ്‌ത്രീയ നൃത്തങ്ങൾ തുടങ്ങിയ പരിപാടികളോടെയാണ് റിസോർട്ടുകളും ഹൗസ് ബോട്ടുകളും പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായി ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം മിന്നിത്തിളങ്ങുന്ന വൈദ്യുതാലങ്കാര ബൾബുകളാൽ അണിഞ്ഞൊരുങ്ങി. ജനുവരി അഞ്ച് വരെ സഞ്ചാരികളുടെ തിരക്ക് ഉണ്ടാകുമെന്ന് ഹൗസ് ബോട്ട് ഉടമകളുടെ പ്രതീക്ഷ. വർഷാവസാനത്തെ സൂര്യാസ്‌തമയം കാണാൻ കായലിൽ പോകുന്നതിനുള്ള ശിക്കാര വള്ളങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്.
അവധിയാഘോഷം ‘ആനവണ്ടിയോളം’
നക്ഷത്ര രാവുകളിൽ കോടമഞ്ഞിന്റെ സൗന്ദര്യം ആസ്വദിച്ച് ക്രിസ്‌മസിനെയും പുതുവത്സരത്തെയും വരവേൽക്കാൻ യാത്രകൾ ഒരുക്കുകയാണ് കെഎസ്‌ആർടിസി ബഡ്ജറ്റ് ടൂറിസം. 21 മുതൽ ആരംഭിക്കുന്ന യാത്രയിൽ പൊന്മുടി, തെന്മല, കാപ്പുകാട്, ആഴിമല, കോവളം, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ, വട്ടവട, രാമക്കൽമേട്, വാഗമൺ, യാത്രകളാണ് കൂടുതലും ക്രമീകരിച്ചിട്ടുള്ളത്. സീ അഷ്‌ടമുടി, ഗവി, കപ്പൽ യാത്രകളുമുണ്ട്.ഡിസംബർ, ജനുവരി മാസത്തിലെ കാലാവസ്ഥ സൗന്ദര്യം അടുത്തറിയാൻ അവസരം ഒരുക്കുകയാണ് യാത്രയിലൂടെ ബഡ്ജറ്റ് ടൂറിസം ലക്ഷ്യം ഇടുന്നത്. ബുക്കിങ് നമ്പർ: എരുമേലി: 9562269963, 9447287735 പൊൻകുന്നം: 9497888032, 6238657110 ഈരാറ്റുപേട്ട: 9497700814, 9526726383 പാലാ: 9447572249, 9447433090 വൈക്കം: 9995987321, 9072324543 കോട്ടയം: 8089158178, 9447462823 ചങ്ങനാശ്ശേരി: 8086163011, 9846852601










0 comments