യാത്ര
നോർത്ത് ഈസ്റ്റ് നോട്ട്ബുക്ക് -15


വേണു
Published on Oct 18, 2025, 03:08 PM | 6 min read
ഏപ്രിൽ നാല്. ചാംഫായ്
അയ്യായിരം അടി ഉയരത്തിൽ മിയാൻമാറിനോട് ചേർന്നുകിടക്കുന്ന ജില്ലാ ആസ്ഥാനമാണ് ചാംഫായ്. മിസോറാമിന്റെ നെല്ലറ എന്നാണ് ചാംഫായ് അറിയപ്പെടുന്നത്. മലകളുടെ അടിവാരത്തുള്ള ചതുപ്പുകളെ തട്ടുതിരിച്ച് പാടങ്ങളാക്കിയുള്ള കൃഷിരീതി ഇവിടെ നൂറ്റാണ്ടുകളായി നിലവിലുണ്ട്. കാടെരിച്ചുള്ള ഝൂം കൃഷിയും ഉയർന്ന പ്രദേശങ്ങളിൽ സാധാരണമാണ്. മാത്രമല്ല, കാലാകാലങ്ങളായി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര വാണിജ്യകേന്ദ്രം കൂടിയാണ് ചാംഫായ്. മിയാൻമാറുമായുള്ള സാമീപ്യമാണ് ഇതിന്റെ മുഖ്യ കാരണം. ഈ പ്രദേശങ്ങളിൽ അന്താരാഷ്‌ട്ര അതിരുകൾ അദൃശ്യമാണ്. ഇരുവശത്തുമുള്ള നാട്ടുകാർ മിക്കവരും ഇരട്ട പൗരത്വമുള്ളവരാണ്. പലരും ബന്ധുക്കളുമാണ്. ഇന്ത്യയിൽ താമസിച്ച് മിയാൻമാറിൽ കൃഷി ചെയ്യുന്നവരും മിയാൻമാറിൽ താമസിച്ച് ഇന്ത്യയിൽ കൃഷി ചെയ്യുന്നവരും ധാരാളമുണ്ട്. അതിർത്തിഗ്രാമങ്ങളിലെ താമസക്കാർ പരസ്‌പരം കാണുന്നത് വിദേശികളായിട്ടല്ല, ഒരേ നാട്ടുകാരായിട്ടാണ്. മിയാൻമാറിൽ ചിൻ എന്നും, മണിപ്പൂരിൽ കുക്കി എന്നും, മിസോറാമിൽ മിസോ എന്നും അറിയപ്പെടുന്നവരെല്ലാം ഒരേ നരവംശശാഖയിൽ പെടുന്നവരാണ്. അഞ്ഞൂറ് വർഷങ്ങൾ മുമ്പ് ചിൻ മലകളിൽനിന്ന് പുതിയ കൃഷിഭൂമികൾ തേടി പടിഞ്ഞാറേക്കു നടക്കാൻ തുടങ്ങിയ ആദ്യത്തെ മനുഷ്യരും അവരുടെ പിൻഗാമികളുമാണ് ഇന്നത്തെ മിയാൻമാറിൽനിന്ന് ഇന്നത്തെ ഇന്ത്യയിലേക്കു താമസം മാറ്റിയ ആദ്യത്തെ കുടിയേറ്റക്കാർ. ചാംഫായിൽനിന്ന് അറുപത് കിലോമീറ്റർ തെക്കുള്ള വാങ്ചിയ എന്ന സ്ഥലത്ത് അവർ ആദ്യമായി എത്തുമ്പോൾ മനുഷ്യവാസമില്ലാത്ത വനഭൂമികളായിരുന്നു അതെല്ലാം. എന്നാൽ അതിനും രണ്ടായിരത്തിലധികം വർഷം മുമ്പ് ഇവിടെ ഒരു പരിഷ്‌കൃത സംസ്‌കാരം നിലവിലുണ്ടായിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ടെങ്കിലും, അതെങ്ങനെ നഷ്ടമായി എന്നതിന് സൂചനകളൊന്നും ഇതുവരെയില്ലെന്ന് ശാസ്‌ത്രം പറയുന്നു.
ഡിൽകോണിലേക്കുള്ള വഴിയിലെ പഴക്കട
രാവിലെ ചാംഫായിൽനിന്ന് പൂയിയുടെ വലിയമ്മയെക്കൂട്ടി ഇറങ്ങിയപ്പോൾ അൽപ്പം വൈകി. പൂയിയുടെ വലിയമ്മയ്‌ക്ക് പോകേണ്ടത് ഡിൽകോൺ എന്ന സ്ഥലത്തേക്കാണ്. പൂയി പറഞ്ഞതുപോലെ വാങ്ചിയയിലേക്ക് പോകുന്ന വഴിയിലല്ല ഡിൽകോൺ. അങ്ങനെയും പോകാം എന്നുമാത്രം. ദൂരം കുറച്ചു കൂടുതലാണ്. പുതിയ സ്ഥലങ്ങൾ കണ്ടുപോകുന്നത് എന്തായാലും നല്ലതാണ്. വലിയമ്മയുടെ പേര് ഛാരി എന്നാണ്. ഛാരിവല്യമ്മ ഗൗരവത്തിൽ പിൻസീറ്റിലിരുന്നു. നാലഞ്ച് കിലോമീറ്റർ പോയപ്പോൾ ഒരു വരി കടകൾ കണ്ട് വണ്ടി നിർത്താനവർ ആവശ്യപ്പെട്ടു. കടകളിലെല്ലാം വിൽക്കാൻ വച്ചിരിക്കുന്നത് ഫലവർഗങ്ങൾ മാത്രമാണ്. അടുത്ത ഗ്രാമത്തിലെ സ്‌ത്രീകളാണ് കടക്കാരെല്ലാം. വീട്ടിലെ കുട്ടികൾക്കായി ഛാരിവല്യമ്മ കുറച്ച് പഴം വാങ്ങി കൈയിൽ വച്ചു. വെളുത്ത പൂമരങ്ങൾ ഇവിടെയും ധാരാളം കണ്ടു. ഈ മരത്തിന്റെ പേരെന്താണെന്നു ചോദിച്ചപ്പോൾ പൂയി സംശയിച്ചു വലിയമ്മയെ നോക്കി. വൗബേ എന്നു ഛാരിവല്യമ്മ പറഞ്ഞു. ഉടൻ തന്നെ പൂയി എന്റെ നേരെ തിരിഞ്ഞ് വൗബേ, വൗബേ എന്ന് ഉറപ്പിച്ചു പറഞ്ഞു.
ഗ്രാമത്തിനും ചെറുപട്ടണത്തിനുമിടയിലുള്ള ഒരുതരം "ഗ്രട്ടണ'മാണ് ഡിൽകോൺ. സാധാരണ കാണുന്ന ഇരുമ്പുഷീറ്റ് കൂരകൾക്കിടയിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയരുന്നുണ്ട്. റോഡിന്റെ വശത്തുള്ള ഒരു അങ്കണവാടിയുടെ മുന്നിൽ കാറിൽനിന്നിറങ്ങിയിട്ട്, യാത്രപറയാനൊന്നും മെനക്കെടാതെ ഛാരിവല്യമ്മ നേരെ നടന്നുപോയി. ഇപ്പോൾ വരാമെന്ന് പറഞ്ഞ് പൂയി വല്യമ്മയേയും കൂട്ടി ഉയരത്തിൽ കണ്ട വീട്ടിലേക്കുള്ള നീണ്ട പടവുകൾ കയറാൻ തുടങ്ങി. അങ്കണവാടിയിൽ പത്തുപന്ത്രണ്ട് കുട്ടികളും നോട്ടക്കാരുമുണ്ടായിരുന്നു. തൊട്ടടുത്ത് കണ്ട വലിയ പുൽമൈതാനത്തിന്റെ അരികിൽ കടുംനിറത്തിൽ പൂത്തുനിൽക്കുന്ന ബൊഗെയ്ൻ വില്ലകളുടെ മറവിൽ രണ്ടു കുഞ്ഞുങ്ങൾ ഒരു ടബ്ബിലെ വെള്ളത്തിൽ കളിക്കുന്നു. ഒക്കത്തൊരു കുഞ്ഞുമായി ഒരു മുതിർന്ന സ്‌ത്രീ അതു കണ്ടുനിൽക്കുന്നു. കുട്ടികൾ അങ്കണവാടിയിലേതാണോ എന്ന് മനസ്സിലായില്ല. കൈയിൽ ചെറിയൊരു ചാക്കുമായി പൂയി ധൃതിയിൽ പടിയിറങ്ങിവന്നു. ചാക്കിലെന്താണെന്ന് ചോദിച്ചപ്പോൾ ഇഞ്ചിവിത്താണെന്ന് പറഞ്ഞു. ഇക്കൊല്ലം എല്ലാവരുടേയും കണ്ണ് ഇഞ്ചികൃഷിയിലാണ്. ഇഞ്ചിക്കിപ്പോൾ നല്ല വിലയുണ്ട്.
ഡിൽകോണിലെ അങ്കണവാടി
ഒരുപാടു കാലം മുമ്പ് തെക്കു കിഴക്കൻ ആരക്കാൻ മലകളിലെ ഡണ്ട്ലാങ് എന്ന മിസോ ഗ്രാമത്തിലെ ഒരു പെൺകുട്ടി നാട്ടുകാരനായ ഒരു യുവാവുമായി ഗാഢ പ്രണയത്തിലായി. പെൺകുട്ടിയുടെ പേര് ലിയാൻചിയാരി എന്നായിരുന്നു. അവളുടെ അച്ഛൻ ഗ്രാമത്തിലെ രാജാവായിരുന്നു. യുവാവ് സാധാരണക്കാരനും. യുവാവിന്റെ വീട്ടുകാർ മുന്നോട്ടുവച്ച വിവാഹാഭ്യർഥന രാജകുടുംബം പുച്ഛിച്ചുതള്ളി. നാട്ടുകാരുടെ മുന്നിൽ അപമാനിതരായ യുവാവിന്റെ വീട്ടുകാർ ഗ്രാമം ഉപേക്ഷിച്ച് കിഴക്കൻ താഴ്‌വാരത്തേക്ക് താമസം മാറ്റി. എന്നാൽ ലിയാൻചിയാരി പ്രതീക്ഷ കൈവിടാൻ തയ്യാറല്ലായിരുന്നു. ഡണ്ട്ലാങ്ങിലെ ഏറ്റവും ഉയരമുള്ള മലയുടെ മുകളിൽ കയറി കിഴക്കുള്ള ചിൻ താഴ്‌വരകളെ നോക്കി അവൾ ചിന്തിച്ചിരുന്നു. അവിടെയെവിടെയോ കാമുകൻ തന്നെയോർത്തിരിക്കുന്നുണ്ടെന്ന് അവൾക്കറിയാം. മലയുടെ കിഴുക്കാംതൂക്കായ വശത്ത് മുന്നോട്ട് തള്ളിനിൽക്കുന്ന ഒരു പാറനാക്കിന്റെ അറ്റത്ത് പോയിരുന്ന്, വിരഹം മൂടിനിൽക്കുന്ന താഴ്‌വരയിലേക്ക് നോക്കി അവൾ തന്റെ കാമുകനുവേണ്ടി പാടാൻ തുടങ്ങി. എന്നാൽ താൻ പാടുന്ന പാട്ടുകൾ കാമുകൻ കേൾക്കുന്നില്ല എന്നവളുടെ പ്രണയം പറഞ്ഞു. എങ്കിലും അവൾ പാട്ട് നിർത്തിയില്ല. താഴ്‌വരയിൽനിന്നു ഉയർന്നുവീശുന്ന കാറ്റാണ് തന്റെ പാട്ടുകളെ കാമുകന്റെ കാതിൽനിന്നകറ്റുന്നതെന്ന് ലിയാൻചിയാരിക്ക് മനസ്സിലായി. അവൾ കാറ്റിനോട് പരാതി പറഞ്ഞു. എന്നാൽ ആരക്കാൻ മലകളിൽ വീശുന്ന പല കാറ്റുകളിൽ ഒരു കാറ്റുമാത്രമാണ് താനെന്നും, കാറ്റുകളുടെ ഈ ശൃംഖലയിൽ താനൊരാൾ മാത്രം വിചാരിച്ചാൽ ഗതി മാറ്റാനാവില്ലെന്നും കാറ്റ് പറഞ്ഞു. എന്നിട്ടും നിർത്താൻ കൂട്ടാക്കാതെ അവൾ പാട്ടുതുടർന്നു. പക്ഷേ, കാറ്റിന്റെ കരുത്തിനെ ഭേദിച്ച് കാമുകന്റെ കാതിലെത്താനുള്ള കരുത്ത് അവളുടെ ശബ്ദത്തിനില്ലായിരുന്നു. ഭക്ഷണവും ഉറക്കവും ഇല്ലാതെ ശരീരം ക്ഷയിച്ചില്ലാതാകാൻ തുടങ്ങിയിട്ടും, കാറ്റിനെ വെല്ലുവിളിച്ചുകൊണ്ട് അവൾ കൂടുതൽ ഉറക്കെപ്പാടി. ഒടുവിൽ പെട്ടെന്നൊരു ദിവസം പാറവക്കിൽനിന്ന് ലിയാൻചിയാരി എവിടേക്കോ അപ്രത്യക്ഷയായി. ലിയാൻചിയാരി പോയെങ്കിലും പാട്ടുകൾ അവൾ കൂടെക്കൊണ്ടുപോയില്ല. ഇപ്പോഴും ഡണ്ട്ലാങ്ങിലെ ചില രാത്രികളിൽ, കാറ്റിന്റെ മൂളലിനോടൊപ്പം ലിയാൻചിയാരിയുടെ വിഷാദരാഗങ്ങൾ ആകാശത്ത് കേൾക്കാമെന്ന് കേട്ടിട്ടുള്ളവർ പറയുന്നു.
ആരക്കാൻ മലനിരകൾ
പണ്ട് ലിയാൻചിയാരി ഇരുന്ന കല്ലിൽ ഇപ്പോൾ ഇരിക്കുന്നത് പൂയിയാണ്. വലിയൊരു മലയുടെ ചെങ്കുത്തായ വശത്ത്, രണ്ടായിരമടി താഴ്‌ചയ്‌ക്കു മേലെ, മലർത്തിയ രണ്ടു കൈപ്പത്തിപോലെ മുന്നോട്ട് തള്ളിനിൽക്കുന്ന രണ്ടു പാറനാക്കുകളാണ് ഇവിടെയുള്ളത്. നേരെ മുന്നിൽ ദൂരെ കാണുന്ന മലകളും താഴെയുള്ള താഴ്‌വരകളും മിയാൻമാറാണ്. അങ്ങോട്ട് നോക്കിയിരുന്നു പാടാനായി ലിയാൻചിയാരി തെരഞ്ഞെടുത്തത് ഈ മലമുകളിലെ ഏറ്റവും നാടകീയമായ ഇടമാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും. അമാനുഷികവും അലൗകികവുമായ അതിശയഗാഥകളെ വിശ്വസനീയമാക്കുന്നതിൽ നാടകീയമായ ചുറ്റുപാടുകൾക്കുള്ള പങ്ക് വളരെ പ്രധാനമാണ്.
പുതുതായി ഉണ്ടാക്കിയ ചെറിയ വഴിയുടെ വശത്തൊരിടത്ത് നിരനിരയായി വെളുത്ത ഖ്യാതിഫലകങ്ങൾ കണ്ടു. മിസോറാമിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില വ്യക്തിത്വങ്ങളെ ആദരിക്കാനായി സംസ്ഥാന സർക്കാർ സ്ഥാപിച്ചിട്ടുള്ളതാണിത്. രാഷ്‌ട്രീയനേതാക്കളും കായികതാരങ്ങളും സിവിൽ സർവീസ് കേമന്മാരും സാമൂഹ്യ പ്രവർത്തകരുമെല്ലാം അടങ്ങിയ ഖ്യാതിഫലകങ്ങളിൽ ഒന്നാമത്തേത് ലൽ ഡെങ്കയുടേതാണ്.
ചെറിയൊരു ഗ്രാമവഴിയിൽ ഒരു സ്‌ത്രീ തനിച്ചുനിന്ന് വിറകു കീറുന്നതു കണ്ടു. പുറത്ത് തൂക്കിയിട്ട വലിയ മുളവട്ടികളിൽ കുത്തിനിറച്ച കാട്ടുവിറകുമായി പണികഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന സ്‌ത്രീകൾ, അസം മുതലിങ്ങോട്ടുള്ള വഴികളിലെ സ്ഥിരം കാഴ്‌ചയായിരുന്നു. ഒരേ നീളത്തിൽ വെട്ടിക്കീറിയ വിറകിന്റെ വലിയ അടുക്കുകൾ പലരൂപത്തിലും വലിപ്പത്തിലും എല്ലായിടത്തും കണ്ടിരുന്നു. വരാനിരിക്കുന്ന വലിയ മഴക്കാലത്തേക്കുള്ള മുൻകരുതലുകളാണ് കൂടുതലും. മരിച്ചുപോയവരുടെ പേരും പ്രാർഥനകളും കൊത്തിയ സ്മാരകശിലകൾ വഴിയരികിൽ വെയിലത്ത് നിൽക്കുന്നു. ഇവരെയൊന്നും അടക്കം ചെയ്‌തിരിക്കുന്നത് ഇവിടെയല്ല. മരിച്ചവരുടെ മഹത്വം വഴിപോക്കരെ ഓർമിപ്പിക്കുക എന്നതുമാത്രമാണ് ഈ ഫലകങ്ങളുടെ ഉദ്ദേശ്യം. കുറച്ച് മുമ്പ് മലമുകളിൽ കണ്ട വെളുത്ത ഖ്യാതിഫലകങ്ങളുടെ ഉദ്ദേശ്യവും അതുതന്നെയാണ്. എന്നാൽ ഞാനിനി പോകുന്ന വാങ്ചിയ യഥാർഥ ശ്മശാനമാണ്. അവിടുത്തെ സ്മാരകശിലകൾ നിൽക്കുന്ന മണ്ണിനടിയിൽ മനുഷ്യന്റെ അസ്ഥികൾ ഇപ്പോഴും മരിച്ചുകിടക്കുന്നുണ്ട്.
മുൻകൂട്ടി തയ്യാറാക്കിയ രൂപരേഖകളെ അടിസ്ഥാനപ്പെടുത്തി, കൃത്യമായ കാഴ്‌ചപ്പാടോടുകൂടി പല നൂറ്റാണ്ടുകൾക്കിടയിൽ സ്ഥാപിക്കപ്പെട്ടവയാണ് വാങ്ചിയയിലെ സ്മാരകശിലകൾ. കെഛുവാ റോപ്പുയി എന്ന ഈ സ്ഥലം ലോകത്തിലെ തന്നെ ഏറ്റവും വലിയ പുരാതന ശ്മശാന സമുച്ചയങ്ങളിലൊന്നായി അറിയപ്പെടുന്നു. ഇത്തരം ശ്മശാന സമുച്ചയങ്ങളെ ആർക്കിയോളജിസ്റ്റുകൾ വിളിക്കുന്നത് നെക്രോപോളിസ് എന്നാണ്. ലോകത്തിലെ ഏറ്റവും വലിയ നെക്രോപോളിസുകളിലൊന്ന് എന്ന ഖ്യാതി നേടിയിട്ടും, മിസോറാമിൽ കണ്ടിരിക്കേണ്ട പത്തോ പതിനഞ്ചോ സ്ഥലങ്ങളുടെ ടൂറിസ്റ്റ് പട്ടികകളിൽ, മിസോറാം ടൂറിസത്തിന്റെ വെബ്സൈറ്റിലൊഴിച്ച് വേറൊരിടത്തുപോലും വാങ്ചിയ പരാമർശിക്കപ്പെടുന്നില്ല. ഞങ്ങളവിടെ ചിലവഴിച്ച രണ്ടര‐മൂന്ന് മണിക്കൂറിനുള്ളിൽ സന്ദർശകരായി മറ്റാരെയും അവിടെ കാണാതിരുന്നതിന്റെ കാരണവും അതുതന്നെയായിരിക്കണം. വലിയൊരു കുന്നിന്റെ ചെരുവുകളിൽ തട്ടുതിരിച്ചു സ്ഥാപിച്ചിട്ടുള്ള ഇരുനൂറിൽപ്പരം ശിലാഫലകങ്ങളാണ് ഇവിടെയുള്ളത്. ഇന്നത്തെ മിയാൻമാറിൽനിന്ന് ഇന്നത്തെ മിസോറാമിലേക്ക് ആദ്യമായി വന്നവരുടെ ആദ്യത്തെ താവളമായിരുന്നു വാങ്ചിയ. പുതിയ ലോകത്തേക്കുള്ള പടിവാതിലായി വളരെപ്പെട്ടെന്ന് വാങ്ചിയ വളർന്നു. ചിൻമലകളിൽ നിന്ന് വാങ്ചിയയിലേക്ക് സഞ്ചാരയോഗ്യമായ വഴികളുണ്ടായി. പോത്തുകളും മിഥുൻ എന്ന കാട്ടുകന്നുകാലികളും പുതിയ കുടിയേറ്റക്കാരുടെ വസ്‌തുവകകൾ ആ വഴികളിലൂടെ ചുമന്നുകൊണ്ടുവന്നു. ചിലർ വാണിജ്യവസ്‌തുക്കളുമായി അങ്ങോട്ടു പോകാനും തുടങ്ങി. അന്നത്തെ വഴികളുടെ അവശിഷ്ടങ്ങൾ വാങ്ചിയയിൽ ഇപ്പോഴും കാണാമെന്ന് കേട്ടിരുന്നു. എന്നാൽ പൂയിക്ക് അതിനെപ്പറ്റി ഒന്നുമറിയില്ല. ചോദിക്കാനും ആരുമില്ല.
ഖ്യാതിഫലകങ്ങൾ
എല്ലാ ശിലാഫലകങ്ങളുടെയും ഒരു വശത്തു മാത്രമാണ് ബാസ് റിലീഫ് രീതിയിൽ കൊത്തിയെടുത്ത ചിത്രപ്പണികളുള്ളത്. മരിച്ചയാൾക്ക് സമൂഹത്തിലുണ്ടായിരുന്ന സ്ഥാനമാണ് ഫലകങ്ങളുടെ വലിപ്പവും ചിത്രപ്പണികളുടെ ശിൽപ്പമേന്മയും നിശ്ചയിക്കുന്നത്. ഒരേ രൂപങ്ങൾ നിരനിരയായി ആവർത്തിക്കുന്ന രചനാരീതിയാണ് പൊതുവേ ഉപയോഗിച്ചിരിക്കുന്നത്. ചിലതുകണ്ടാൽ പുരാതന ഈജിപ്ഷ്യൻ ചുവർചിത്രങ്ങൾ പോലെ തോന്നും. എന്നാൽ രാജാക്കന്മാർ തുടങ്ങിയ പ്രധാനികളെ ഏകരൂപത്തിലാണ് ആദരിച്ചിരിക്കുന്നത്. വാളേന്തി നിൽക്കുന്ന മിസോ രാജാക്കന്മാരോടൊപ്പം സായുധ യോദ്ധാക്കളും മൃഗശിരസ്സുകളും വേട്ടമൃഗങ്ങളും നിരന്നുകാണാം. പല കല്ലുകളിലും കണ്ട വൃത്താകൃതിയുള്ള അടയാളങ്ങൾ മുഴങ്ങുന്ന മുട്ടുമണികളാണെന്ന് പറയപ്പെടുന്നു. എന്നാൽ ഇത് പ്രത്യുൽപ്പാദനക്ഷമതയുടെ അടയാളമായ മുലകളാണെന്നാണ് പിന്നീട് നാഗാലാൻഡിൽ കണ്ട ഒരാൾ പറഞ്ഞത്.
വാങ്ചിയ ക്ഷയിച്ചതോടെ ഇവിടെയുണ്ടായിരുന്ന പല ഫലകങ്ങളും അയൽഗ്രാമക്കാർ എടുത്തുകൊണ്ടുപോയി അവരുടെ കുഴിമാടങ്ങളെ അലങ്കരിക്കാൻ ഉപയോഗിച്ചുതുടങ്ങി. പലതും നശിച്ചുപോയി. പിന്നീട് കുറേക്കാലം വാങ്ചിയ നിവാസികൾക്ക് മാത്രമറിയാവുന്ന ഒരു രഹസ്യമായി ഈ സ്ഥലം കാടുമൂടിക്കിടന്നു. കാട് തെളിച്ച് പുരാവസ്‌തു വകുപ്പ് വാങ്ചിയയെ കുറച്ചെങ്കിലും ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. കുന്നിന്റെ മുകളിലൊരിടത്ത് നാനൂറ് വർഷം പഴക്കമുള്ള മഴവെള്ളസംഭരണികളുടെ ഒരു സമുച്ചയം കണ്ടു. ആ ഭാഗത്തുള്ള പല സംഭരണികളിൽ ഒന്നുമാത്രമാണിത്. മിയാൻമാറിലെ സമതലങ്ങൾ നേരിട്ടു ദൃശ്യമാകുന്ന നിരീക്ഷണ ഗോപുരങ്ങളുടെ അവശിഷ്ടങ്ങൾ മറ്റൊരുവശത്ത് ഉണ്ടെന്നും പറയപ്പെടുന്നു.
തിരിച്ചു ചാംഫായിൽ എത്തിയപ്പോൾ വീണ്ടും മൂന്ന് മണിയായി. ടൂറിസ്റ്റ് ലോഡ്ജിലെ ഉച്ചഭക്ഷണം ഇന്നു വേണ്ടെന്നു പറഞ്ഞ് പൂയി എന്നെ ചെറിയൊരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി. ചെന്നപ്പോഴാണ് മനസ്സിലായത്, ഇന്നലെ ഉച്ചയ്‌ക്ക് ഭക്ഷണം കഴിച്ച അതേ ഇടം തന്നെയാണിതെന്ന്. പട്ടണത്തിലെ പലയിടത്തും പ്രധാന വഴിക്ക് സമാന്തരമായി മേലേക്കും താഴേക്കും ചെറിയ വഴികൾ പോകുന്നുണ്ട്. ആ വഴിയരികിലെല്ലാം വീടുകളും കൊച്ചു കച്ചവടങ്ങളുമുണ്ട്. അതിലൊരു വീട്ടിൽ പോയി പെട്ടെന്നൊരു കച്ചവടം നടത്തി പൂയി തിരിച്ചുവന്നു. ഇവിടെനിന്നു നേരെ കാണാവുന്ന ചാംഫായ് താഴ്‌വരകളുടെ ഇളംചെരിവുകളെല്ലാം തട്ടുതിരിച്ചു നെൽവയലുകളാക്കിയിരിക്കുകയാണ്. മിസോറാമിൽ ഏറ്റവുമധികം നെല്ലുൽപ്പാദിപ്പിക്കുന്ന ജില്ലയാണ് ചാംഫായ്.
ഖ്യാതിഫലകങ്ങൾ
രാത്രി ടൂറിസ്റ്റ് ലോഡ്ജിൽ പുതിയ താമസക്കാരെക്കണ്ടു. ഇവിടെ ഒരു ബാങ്കിലെ ഓൺലൈൻ ഇടപാടുകൾ മെച്ചപ്പെടുത്താനായി ഐസോളിൽനിന്നു വന്ന രണ്ട് ഐടി കാര്യക്കാരാണ്. ഭക്ഷണ സമയത്ത് വീണ്ടും കണ്ടപ്പോൾ അവർ കൂടുതൽ ഉല്ലാസവാന്മാരായിരിക്കുന്നു. പൂയിയാണ് ഭക്ഷണം കൊണ്ടുവന്നത്. ഒരുദിവസം മുഴുവൻ ഒന്നിച്ചു ചെലവഴിച്ചതിന്റെ അധിക പരിചയമൊന്നും അവരുടെ സാന്നിധ്യത്തിൽ പൂയി എന്നോട് കാണിച്ചില്ല. നാളെ പോകാനുള്ളത് നോപ്പാ എന്ന സ്ഥലത്തേക്കാണെന്ന് ഞാനവരോട് പറഞ്ഞു. മിയാൻമാർ അതിർത്തിയോട് ചേർന്ന്, തിരിച്ചു വടക്കോട്ടാണ് അങ്ങോട്ടുള്ള വഴി. അവിടെനിന്ന് വേണം മണിപ്പുരിലേക്ക് പോകാൻ.
മണിപ്പുരിലെ അവസ്ഥ അറിയില്ലേ എന്ന് ഐടി കാര്യക്കാർ ചോദിച്ചു. മണിപ്പുരിൽ ഏറ്റവുമധികം അക്രമങ്ങൾ നടന്നതും, ഇപ്പോഴും നടക്കുന്നതുമായ, കുക്കി മലകളിലൂടെയാണ് നിങ്ങളുടെ വഴി. അവിടെയൊക്കെ വെടിവയ്‌പ്പും തിരിച്ചു വെടിവയ്‌പ്പുമൊക്കെ എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. തനി കാട്ടുപ്രദേശമാണ്. അപകടമുണ്ടായാൽ സഹായിക്കാനാരും ഉണ്ടാവില്ല. പറഞ്ഞത് ശരിയാണെങ്കിലും പേടി തോന്നുന്നില്ല എന്നു പറഞ്ഞപ്പോൾ അറിവില്ലാത്തവന്റെ അവിവേകമായി അവരത് വ്യാഖ്യാനിച്ചു. അങ്ങു ദൂരെ കേരളത്തിൽനിന്നു വരുന്ന നിങ്ങൾക്ക് ഇവിടുത്തെ അവസ്ഥ അറിയാത്തതുകൊണ്ടാണ് പേടി തോന്നാത്തത് എന്നവർ പറഞ്ഞു. എന്തായാലും മുമ്പോട്ട് പോകാതെ പറ്റില്ലല്ലോ എന്നും, അതിനു വേറെ വഴിയൊന്നും ഇല്ലല്ലോ എന്നും മറുവാദം പറഞ്ഞപ്പോൾ, ഇനിയിപ്പോൾ ഇതുമാത്രമേ വഴിയുള്ളൂ എന്ന് പരസ്‌പരം നോക്കിയിട്ട് അവരും സമ്മതിച്ചു. മണിപ്പുർ എത്തുന്നതിനു മുമ്പ് നോപ്പായിൽ നാളെ ഒരു ദിവസം നിൽക്കണം. അതു മിസോറാമിൽ തന്നെയാണ്. പോകുന്ന വഴിക്കാണ് മുർലിൻ നാഷണൽ പാർക്ക്. ഹൂറോ എന്ന ഹൂലോക്ക് ഗിബ്ബൺ കുരങ്ങുകളുടെ ആവാസകേന്ദ്രമാണത്. സെൽബെൽഗ്രെയിലെ ഹൂറോകളുടെ ശബ്ദഘോഷം തലയ്‌ക്കകത്തുനിന്ന് ഇനിയും മാറിയിട്ടില്ല . (തുടരും)









0 comments