Deshabhimani

കവർസ്റ്റോറി

പി ജിയുടെ നവോത്ഥാനം

പി ജി വീട്ടിലെ ലൈബ്രറിയിൽ
avatar
റഫീഖ് ഇബ്രാഹിം

Published on May 04, 2026, 11:19 AM | 9 min read

പി ഗോവിന്ദപ്പിള്ളയുടെ ചിന്താജീവിതത്തെയും രാഷ്‌ട്രീയജീവിതത്തെയും ചേർത്തു വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു പ്രയോഗം താൻ എഴുതിയിട്ടില്ലാത്ത ആത്മകഥയ്‌ക്കുള്ള ശീർഷകമായി അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. ‘പശ്ചാത്താപരഹിതനായ കമ്യൂണിസ്റ്റ്: ഒരു ധൈഷണിക ജീവിതകഥ’ (An Unrepentant Communist: An Intellectual Autobiography) എന്നതാണത്. എഴുപത്‌ വർഷക്കാലത്തെ ധൈഷണികജീവിതത്തിനിടെ മുമ്പ്‌ സ്വീകരിച്ച പല വീക്ഷണങ്ങളും വിമർശനബുദ്ധ്യാ ഉൾക്കൊള്ളാനും ചിലതെല്ലാം തിരുത്താനും തയ്യാറാവുമ്പോഴും ആ നിലപാടുകളിൽ അദ്ദേഹം ഒരിക്കലും പശ്ചാത്തപിച്ചിരുന്നില്ല. ‘സന്ദേഹി’ എന്നും ‘വൈരുധ്യങ്ങളുടെ ചിന്തകൻ’ എന്നുമെല്ലാം പിൽക്കാലത്ത് വിശേഷിപ്പിക്കപ്പെട്ടുവെങ്കിലും നിശ്ചിത ചരിത്രസന്ദർഭത്തിൽ രാഷ്‌ട്രീയപ്രസക്തമായ നിലപാടായിരുന്നു താൻ സ്വീകരിച്ചിരുന്നത് എന്ന നിലപാടിൽ അദ്ദേഹത്തിന് സന്ദേഹങ്ങളേതുമില്ലായിരുന്നു.

പി ജിയും ഭാര്യ രാജമ്മയും ഡോ. പുതുശ്ശേരി രാമചന്ദ്രനൊപ്പംപി ജിയും ഭാര്യ രാജമ്മയും ഡോ. പുതുശ്ശേരി രാമചന്ദ്രനൊപ്പം

ലോകത്തെ വ്യാഖ്യാനിക്കുന്നതിനപ്പുറം മാറ്റിത്തീർക്കുന്നതാണ് പ്രധാനം എന്നു കരുതിയ ചിന്താപാരമ്പര്യത്തെയും പ്രയോഗരൂപത്തെയും തന്റെ ധൈഷണികജീവിതത്തിന്റെ ചട്ടമായി എക്കാലത്തും പി ജി കണക്കാക്കി. ‘മുൻ കമ്യൂണിസ്റ്റ് എന്ന വിശേഷണം വിഷം പോലെ ഞാൻ വെറുക്കുന്നു’ എന്നദ്ദേഹം ഒരഭിമുഖത്തിനിടെ പ്രസ്‌താവിക്കുന്നുണ്ട്. "ഒരിക്കലും മുൻ കമ്യൂണിസ്റ്റാവാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. പ്രസ്ഥാനവും പാർടിയുമായി അഭിപ്രായവ്യത്യാസമുണ്ടാകുമ്പോൾ പാർടിയുടെ പൊതുനിലപാട് അംഗീകരിക്കുക എന്നത് എന്റെ ശീലമാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വ്യത്യസ്‌താഭിപ്രായങ്ങളെ, വിമർശനങ്ങളെ ലെനിനിസ്റ്റ് സംഘടനാതത്വത്തിന് മുമ്പിൽ പി ജി പലപ്പോഴും പിൻവലിച്ചിരുന്നു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ: “ഒരു സംഘടിത പാർടിയിൽ നിൽക്കുമ്പോൾ ചില കാര്യങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യേണ്ടതായി വരും. കാലക്രമേണ എന്റെ നിലപാട് തെറ്റാണെങ്കിൽ ആ തെറ്റ് മനസ്സിലാക്കിയാൽ തിരുത്തും. അതല്ല, പാർടിക്കാണ് തെറ്റുപറ്റിയതെങ്കിൽ പാർടി ആ തെറ്റും തിരുത്തും എന്നത് എന്റെ അനുഭവങ്ങളിൽ പെടുന്നു.’’ വിട്ടുവീഴ്‌ചയില്ലാത്ത, ‘സംഘടനാപരമായ പ്രതിബദ്ധത’യാണ് അദ്ദേഹത്തെക്കുറിച്ചുന്നയിക്കപ്പെട്ട മിക്ക വിമർശനങ്ങളുടെയും കേന്ദ്രമായതും. ‘ഡോഗ്‌മാറ്റിക് ചിന്തകൻ’ എന്നും ‘ക്ലാസിക്കൽ മാർക്‌സിസത്തിന്റെ തടവുകാരൻ’ എന്നുമെല്ലാം അദ്ദേഹം വിമർശിക്കപ്പെട്ടു.


മാർക്‌സിസ്റ്റ് പാർടി പ്രവർത്തകനും കേഡറുമായി ചിന്താജീവിതത്തെ ചിട്ടപ്പെടുത്തിയപ്പോൾ തന്നെ, പ്രസ്ഥാനത്തിന്റെ വീക്ഷണഗതികളെ ധനാത്മകമായി പുതുക്കിപ്പണിയാനുള്ള ചാലകമായും പി ജി പ്രവർത്തിച്ചു എന്ന്‌ തിരിഞ്ഞുനോക്കുമ്പോൾ കാണാം. ആ നിലയിൽ മാർക്‌സിസ്റ്റ് പാർടിയും പി ജിയും തമ്മിലുണ്ടായിരുന്നത് ഒരു കൊടുക്കൽ വാങ്ങൽ ബന്ധമായിരുന്നു എന്നുപറഞ്ഞാൽ തെറ്റില്ല. പ്രതിബദ്ധനായ ഒരു മാർക്‌സിസ്റ്റായിരിക്കുകയും എന്നാൽ മലയാളത്തിലെ മാർക്‌സിസ്റ്റ് ചിന്തയെ (പ്രയോഗത്തെയും) നിരന്തരമായി സമകാലികമാക്കാൻ ഇടപെടുകയും ചെയ്‌ത ബുദ്ധിജീവിയായി വേണം പി ജിയെ കണക്കാക്കാൻ. മലയാളത്തിലെ മാർക്‌സിസ്റ്റ് ചിന്തയുടെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം അനന്യമാവുന്നതും മറ്റൊന്നുകൊണ്ടല്ല.


ഒന്ന്

ആധുനിക മലയാളചിന്താചരിത്രത്തിൽ ആദ്യഘട്ടംതൊട്ടേ, രണ്ട് ധാരകൾ തമ്മിലുള്ള സംവാദം പ്രബലമായി നിലനിന്നിരുന്നു. സാഹിത്യത്തെയും കലാസങ്കൽപ്പങ്ങളെയും മുൻനിർത്തിയായിരുന്നു ഈ സംവാദങ്ങൾ രൂപപ്പെട്ടതെങ്കിലും വിശാലാർഥത്തിൽ വൈജ്ഞാനികതയുടെ സാമൂഹികമാനങ്ങളെക്കുറിച്ചുള്ള ഭിന്നാഭിപ്രായങ്ങളായിരുന്നു വേർതിരിവിനു കാരണമായത്. ഈ ധൈഷണികാനുഭവത്തിലെ ഭിന്നചേരികളിൽ ആദ്യത്തേതിനെ ലിബറൽ ഹ്യൂമനിസമെന്നോ അക്കാദമിക് പാണ്ഡിത്യമെന്നോ ലാവണ്യാത്മക കലാചിന്തയെന്നോ വിളിക്കാം. ഈ പാരമ്പര്യമാണ് എക്കാലത്തും മലയാള ചിന്താലോകത്തിന്റെ മുഖ്യധാര. ഇതിൽനിന്ന് ഭിന്നവും, നിരന്തരം ഈ ധാരയോട് ഇടയുന്നതും, വൈജ്ഞാനികതയുടെ സാമൂഹികതയെ മുൻനിർത്തിയതുമായ മറ്റൊരു ചിന്താലോകത്തെയും ഇഴപിരിച്ചെടുക്കുക സാധ്യമാണ്. പ്രതിരോധപരമായ വൈജ്ഞാനികതയെ രൂപപ്പെടുത്തിക്കൊണ്ടിരുന്നത് ഈ ധാരയായിരുന്നു. പാരമ്പര്യത്തോടും ജീർണഭാവുകത്വത്തോടുമുള്ള ഇടയലായും തൽസ്ഥിതിവാദപരവും അധീശപരവുമായ വൈജ്ഞാനികതയോടുള്ള ഏറ്റുമുട്ടലുകളായുമാണ് ഈ ധാര ആവിഷ്‌കൃതമായത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ഈ ധാരയുടെ ധൈഷണിക നേതൃത്വമായിരുന്നു പി ഗോവിന്ദപ്പിള്ള.

1960-‐കളുടെ മധ്യത്തോടെ കേരളത്തിന്റെ സംസ്‌കാരചരിത്രം സവിശേഷമായ ഒരു ഘട്ടത്തിലേക്ക് കടക്കുന്നുണ്ട്. ‘ഇടതുപക്ഷം നേരിട്ട നൈതികപ്രതിസന്ധി’ എന്നെല്ലാം പിൽക്കാലത്ത് ഈ സന്ദർഭം വിളിക്കപ്പെട്ടു. പിന്നിലേക്ക് മൂന്ന് പതിറ്റാണ്ടെങ്കിലും പഴക്കമുള്ള കർഷകസമരങ്ങളുടെയും തൊഴിലാളിവർഗ രൂപീകരണത്തിന്റെയും ഭാഗമായി, അനിവാര്യമായും സംഭവിക്കേണ്ടിയിരുന്ന സാംസ്‌കാരിക പ്രതിരോധം മലയാളത്തിൽ രൂപപ്പെട്ടില്ല.

പി ജി വീട്ടിലെ ലൈബ്രറിയിൽ പി ജി വീട്ടിലെ ലൈബ്രറിയിൽ

‘സാമ്പത്തികമാത്രവാദ’ത്തിൽ ഊന്നിയ ഇടതുപക്ഷ രാഷ്‌ട്രീയ സംഘാടനങ്ങൾക്ക് ലോകമൊട്ടുക്ക് സംഭവിച്ച പ്രതിസന്ധി ഇവിടെയും ഉടലെടുത്തു. കേരളത്തിലെ സാമ്പത്തികവ്യവസ്ഥയിലും രാഷ്‌ട്രീയമണ്ഡലത്തിലും സൃഷ്ടിച്ച മാറ്റങ്ങൾക്ക് സമാനമായ ഒരു പരിവർത്തനം ആധിപത്യം പുലർത്തുന്ന മൂല്യങ്ങളുടെ കാര്യത്തിൽ നടപ്പിൽ വരുത്താൻ കഴിഞ്ഞില്ല. കുടുംബം, വിദ്യാഭ്യാസം, സാഹിത്യം തുടങ്ങി ലൈംഗിക-സദാചാര-സൗന്ദര്യ മൂല്യങ്ങളെ പുനരുൽപ്പാദിപ്പിക്കുന്ന സിവിൽസമൂഹ സ്ഥാപനങ്ങളിൽ ഒരു മാറ്റവും ഉണ്ടായില്ല. മലയാളഭാവുകത്വത്തിൽ അരങ്ങേറിയ ആധുനികതാവാദത്തോട് എന്ത് നിലപാടെടുക്കണമെന്നറിയാതെ ഇടതുപക്ഷചിന്ത പതറിയ പ്രതിസന്ധിഘട്ടം ഇതുതന്നെയാണ്. വിശാലാർഥത്തിൽ മലയാള ചിന്താമണ്ഡലത്തിന്‌ ഈ പ്രതിസന്ധി ഏൽപ്പിച്ച പരിക്ക് ചില്ലറയല്ല. ലിബറൽ മൂല്യവ്യവസ്ഥിതിയോടുള്ള ഭാവുകത്വപരമായ ഇടയലായ മലയാള ആധുനികതാവാദത്തിന്റെ രാഷ്‌ട്രീയം ‘അസ്തിത്വവ്യഥ’യെന്ന് ചുരുക്കി വായിക്കപ്പെട്ടു.


പ്രായോഗികരാഷ്‌ട്രീയത്തിലും കമ്യൂണിസ്റ്റ് പാർടിയിലെ പിളർപ്പും ഇതര രാഷ്‌ട്രീയപ്രതിസന്ധികളും ചേർന്ന് ഇടതുപക്ഷം ധൈഷണികമായ പ്രതിസന്ധിയിലകപ്പെട്ടിരുന്നു. മുമ്പുണ്ടായിരുന്ന പലരും നിശ്ശബ്ദരാവുകയോ പക്ഷം മാറുകയും ചെയ്‌തതോടെ ഇ എം എസിനെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു ചർച്ചാമണ്ഡലങ്ങൾ രൂപപ്പെട്ടിരുന്നത്. അക്കാദമിക് പണ്ഡിതരുടെ ലാവണ്യാത്മക വിമർശനങ്ങളായിരുന്നു മാർക്‌സിസ്റ്റുകൾക്കെതിരെയുയർന്ന പ്രധാന ശബ്ദം. ഈ സംവാദത്തിൽ ഇടപെട്ടുകൊണ്ടാണ് പി ഗോവിന്ദപ്പിള്ള മലയാളത്തിന്റെ ചിന്താമണ്ഡലത്തിലേക്ക് കടന്നുവരുന്നത്. ദേശാഭിമാനിയിലും ചിന്തയിലും അന്താരാഷ്‌ട്രീയരംഗം കൈകാര്യം ചെയ്‌തിരുന്ന പി ജി ‘ഇസങ്ങൾക്കപ്പുറം’ എന്ന ഗുപ്തൻ നായരുടെ ലേഖനസമാഹാരത്തോടുള്ള പ്രത്യാഖ്യാനം എന്ന രീതിയിൽ സാഹിത്യത്തെയും കലയെയും സംബന്ധിച്ച മാർക്‌സിസ്റ്റ് കാഴ്‌ചപ്പാട് വിശദമാക്കിക്കൊണ്ട് ‘ഇസങ്ങൾക്കിപ്പുറം' എന്ന കൃതി പ്രസിദ്ധീകരിച്ചതോടെയാണ് നേരിട്ട് ഈ ചർച്ചയിൽ ഏർപ്പെടുന്നത്. അവിടുന്നിങ്ങോട്ട് മാർക്‌സിസ്റ്റ് ചിന്തയുടെ ധൈഷണികനേതൃത്വം വലിയ അളവോളം പി ജി ഏറ്റെടുക്കുകയായിരുന്നു.


ഈ ഏറ്റെടുക്കലിന് ചരിത്രപരമായി വലിയ പ്രസക്തിയുണ്ട്. സംസ്‌കാരത്തെ സംബന്ധിച്ച പുത്തൻ ആശയങ്ങൾ മുൻനിർത്തി മാർക്‌സിസ്റ്റ്‌ ചിന്തകർക്കെതിരെ കലാപത്തിൽ ഏർപ്പെട്ട നവമാർക്‌സിസ്റ്റുകളായിരുന്നു പി ജി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. ഏകമുഖമായി ഇവരുടെ വിമർശനങ്ങളെ തള്ളിക്കളയാൻ അദ്ദേഹം തയ്യാറായില്ല. അപ്രകാരം സംഭവിച്ചിരുന്നു എങ്കിൽ, ഭിന്നധ്രുവങ്ങളിലേക്ക് ഇവ രണ്ടും ചിതറി പ്പോകുമായിരുന്നു. സംസ്‌കാരവിമർശനത്തെ മാർക്‌സിസവുമായി കൂട്ടിയിണക്കാൻ പി ജി ശ്രമിച്ചു. വൈജ്ഞാനികമായും രാഷ്‌ട്രീയമായും മലയാളത്തിൽ ഒരു പുത്തൻ ഭാവുകത്വം സൃഷ്ടിക്കുന്നതിന് ഈ കൂട്ടിയിണക്കൽ പങ്കുവഹിച്ചു. സംസ്‌കാരത്തിന്റെ ഭൗതികതയെ മുൻനിർത്തുന്നതും രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിന്റെ പ്രസക്തിയെ തള്ളിക്കളയാത്തതുമായ ഒരു ‘സംസ്‌കാരവിമർശ’സമീപനത്തെ മലയാളത്തിൽ രൂപപ്പെടുത്തിയെടുത്തതിൽ പി ജിക്ക് വലിയ പങ്കാണുളളത് എന്നർഥം. സംസ്‌കാരത്തെ അദ്ദേഹം ഒരു സംഘർഷസ്ഥാനമായി കണ്ടു. വ്യത്യസ്ത സാമൂഹ്യബലങ്ങളും പ്രത്യയശാസ്ത്രങ്ങളും ചേർന്നു രൂപപ്പെടുത്തുന്നതാണ് ഓരോ സാംസ്‌കാരിക സന്ദർഭവും എന്ന്‌ വിശദമാക്കി. ‘മനുഷ്യജീവിതത്തിന്റെ സകലവൈവിധ്യങ്ങളോടും കൂടിയ സമ്പ്രദായങ്ങളുടെയും വിശ്വാസങ്ങളുടെയും പെരുമാറ്റ മര്യാദകളുടെയും സാകല്യം’ എന്ന്, ഒരുവേള റെയ്‌മണ്ട് വില്യംസിനെ ഓർമിപ്പിക്കുംമട്ടിൽ സംസ്‌കാരത്തെ പി ജി വിശേഷിപ്പിച്ചു. ജീവിതത്തിന്റെയും സാമൂഹ്യാവബോധത്തിന്റെയും വൈപുല്യങ്ങളും വൈവിധ്യങ്ങളും വൈരുധ്യങ്ങളും അഴിച്ചെടുക്കലാണ് സംസ്‌കാരചരിത്രരചന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്‌കാരത്തിലെ സംഘർഷാത്മകവിനിമയങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് നവോത്ഥാനം എന്ന ചരിത്രസന്ദർഭത്തെ തെളിയിച്ചെടുക്കുക എന്ന വിപുലപദ്ധതിയാണ് അദ്ദേഹം തന്റെ ചിന്താജീവിതത്തിന്റെ രണ്ടാം പകുതിയിൽ ഏറ്റെടുത്തത്. അത് പൂർത്തിയാക്കാൻ കാലം അദ്ദേഹത്തിന് സമയം നൽകിയില്ല എങ്കിലും ഒരു ചരിത്രസന്ദർഭത്തിന്റെ പ്രക്രിയാസ്വഭാവത്തെ നിർദ്ധരിച്ചെടുക്കുന്ന മികച്ച മാതൃകയായി ആ പഠനങ്ങൾ നിലകൊള്ളുന്നു.


രണ്ട്

ചരിത്രം എന്ന ജ്ഞാനവിഷയത്തേക്കാൾ ചരിത്രാന്വേഷണങ്ങളിലെ വിവിധ ധാരകളെക്കുറിച്ചും ചരിത്രചിന്തയിലേയും ചരിത്രസങ്കൽപ്പനങ്ങളിലേയും ആന്തരിക പ്രശ്നങ്ങളെക്കുറിച്ചും ആരായാനുള്ള ശ്രമങ്ങളാണ് പി ജിയിൽ കാണാൻ കഴിയുക. ‘ചരിത്രവൽക്കരണ’മെന്ന മാർക്‌സിസത്തിന്റെ അടിസ്ഥാന നിലപാട് പി ജിയുടെ ഓരോ ഇടപെടലിലുമുണ്ട്. ‘മാർക്‌സിസ്റ്റ് സൗന്ദര്യശാസ്‌ത്രം ഉത്ഭവവും വളർച്ചയും’ എന്ന ആദ്യകാല പ്രബന്ധമായാലും ‘സംസ്‌കാരപഠനം: പുതുമ പഴമ പ്രസക്തി’ എന്ന അവസാനകാല പ്രബന്ധമായാലും പി ജി പൊതുവെ മുഴുകുന്നത് അവയിലെ ചരിത്രബന്ധങ്ങളെ പുറത്തുകൊണ്ടുവരാനാണ്. ചരിത്രവിജ്ഞാനീയം (historiography) എന്ന മേഖലയോട്‌ ചേർന്നുനിൽക്കുന്നവയാണ് പി ജിയുടെ ചരിത്രാന്വേഷണങ്ങൾ. 1975ൽ തന്നെ ഡി ഡി കൊസാംബിയെക്കുറിച്ച് ‘കൊസാംബി ചരിത്രശാസ്‌ത്രത്തിലെ വഴിത്തിരിവ്’ എന്ന പഠനം പി ജി പുറത്തിറക്കിയിരുന്നു. ഇന്ത്യയിലെ ആദ്യകാല മാർക്‌സിസ്റ്റ് ഗവേഷണങ്ങളും പഠനങ്ങളും മാർക്‌സിസ്റ്റ് പദാവലികൾ സുലഭമായി ഉപയോഗിച്ചിരുന്നു എന്നല്ലാതെ മാർക്‌സിസ്റ്റ് രീതിശാസ്‌ത്രം പാലിച്ചിരുന്നില്ല എന്നും ഇത്തരമൊരന്വേഷണം ആദ്യമായി നടത്തുന്നത് ഡി ഡി കൊസാംബിയാണ് എന്നും കെ എൻ പണിക്കർ ചൂണ്ടിക്കാട്ടുന്നുണ്ട്. ആദ്യകാല ഇന്ത്യൻ മാർക്‌സിസ്റ്റ് ചരിത്രാന്വേഷണങ്ങളുടെ പരിമിതിയും അത് മറികടക്കാനുള്ള കൊസാംബിയുടെ ശ്രമങ്ങളും പല രീതിയിൽ വിശദീകരിക്കപ്പെട്ടു കഴിഞ്ഞതാണ്. നിയതാർഥത്തിൽ മാർക്‌സിസ്റ്റ് ചരിത്രാന്വേഷണങ്ങൾ ഇന്ത്യയിൽ തുടങ്ങുന്നത് കൊസാംബിയോടുകൂടിയാണ്. കൊസാംബിയുടെ അന്വേഷണരീതിയെയാണ് പി ജി ചേർത്തുനിർത്താൻ ശ്രമിക്കുന്നത്. ഇ എം എസോ മറ്റു ചരിത്രകാരൻമാരോ രൂപപ്പെടുത്താൻ ശ്രമിച്ച ചരിത്രസിദ്ധാന്തത്തിൽനിന്ന് ഒരുപാട് ഭിന്നതകളുണ്ട് കൊസാംബിക്ക്. ചരിത്രരചനയ്‌ക്ക്‌, വിശിഷ്യാ ഇന്ത്യാചരിത്രരചനയ്‌ക്ക്‌ ലഭ്യമായ ഉപാദാനങ്ങളായി മിത്തുകളെയും നരവംശശാസ്‌ത്രത്തെയും ഐതിഹ്യങ്ങളെയും കൊസാംബി പരിഗണിച്ചിരുന്നു. സാമ്പത്തിക ഉൽപ്പാദനബന്ധങ്ങളെ മാത്രം മുൻനിർത്തുന്ന ഒരു ചരിത്രവീക്ഷണമല്ല കൊസാംബിയുടേതെന്നും വാമൊഴിയേയും ലിംഗ്വിസ്റ്റിക്‌സിനെയും വരെ കൊസാംബി ചരിത്രരചനയ്‌ക്ക് സ്വീകരിക്കുന്നുവെന്നും പി ജി ചൂണ്ടിക്കാട്ടുന്നു. ആത്മനിഷ്ഠതെളിവുകൾ/ വസ്‌തുനിഷ്ഠതെളിവുകൾ എന്നിങ്ങനെ വിഭജിച്ച് ഇവ രണ്ടിനെയും ചരിത്രരചനയിൽ കൊസാംബി ഉപയോഗിക്കുന്നു എന്നാണ് പി ജി പറയുന്നത്. എന്തായാലും ഔദ്യോഗിക മാർക്‌സിസത്തിന് അത്രയൊന്നും പഥ്യമല്ലാത്ത ഒരു ചരിത്രചിന്തയ്‌ക്ക്‌ പി ജി ആദ്യഘട്ടം തൊട്ടേ പ്രമുഖസ്ഥാനം നൽകുന്നു എന്നത് ശ്രദ്ധേയമാണ്.

ബുക്ക്‌

പി ജി ഒരു ചരിത്രകാരനല്ല; ചരിത്രരചനയിൽ ഇ എം എസിനെപ്പോലെ മൗലികമായ ഒരാഖ്യാനശ്രമം പി ജിയുടേതായില്ല. തന്റെ ചരിത്രവിചാരങ്ങളെ നവോത്ഥാനമെന്ന താക്കോൽസങ്കൽപ്പത്തിലേക്ക് വികസിപ്പിച്ചെടുക്കുകയായിരുന്നു പി ജി. ‘നവോത്ഥാനത്തിന്റെ ചരിത്രകാരൻ’ എന്നദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്. കേരളനവോത്ഥാനത്തെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് പി ജിയുടെ ഈ മേഖലയിലെ മൗലികസംഭാവന. നവോത്ഥാനത്തെക്കുറിച്ചുള്ള മുഖ്യധാരാ ചർച്ചകളെ പിൻപറ്റാതെ കേരളനവോത്ഥാനത്തെ സമഗ്രമായി വിലയിരുത്താനും വിവിധ വിതാനങ്ങളിൽ പരിശോധിക്കാനുമുള്ള ശ്രമമാണിത്. നാല്‌ വാല്യങ്ങളായിറങ്ങിയ ഈ പഠനം മാത്രമല്ല പി ജിയുടെ നവോത്ഥാനചിന്ത. അത് ആദ്യഘട്ടം മുതലേ ആരംഭിക്കുന്നതും വിവിധ മേഖലകളിൽ പടർന്നുകിടക്കുന്നതും സാഹിത്യ-ചരിത്രചിന്തകളിൽ ചിതറിക്കിടക്കുന്നവയുമാണ്. ഇവയെ ചേർത്തുനിർത്തിക്കൊണ്ടേ പി ജിയുടെ നവോത്ഥാനചർച്ചകളെ വിശകലനം ചെയ്യാൻ സാധ്യമാവൂ.


പി ജിയുടെ ഏറ്റവും പ്രധാന രചനയായ ‘വൈജ്ഞാനിക വിപ്ലവം: ഒരു സാംസ്‌കാരികചരിത്ര’ത്തിന്റെ മൂന്ന്, നാല് ഭാഗങ്ങളിലാണ് നവോത്ഥാനത്തെ വിമർശനപരമായി സമീപിക്കുന്നത്. ഇതിനുമുമ്പ്‌ ഈ മേഖലയിൽ നടന്ന ചർച്ചകളെ ക്രോഡീകൃതരൂപത്തിൽ അവതരിപ്പിക്കുകയാണ് ഈ ഭാഗത്ത് ചെയ്യുന്നത്. അപകോളനീകരണ സിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ നവോത്ഥാന ആശയങ്ങളെ പഴയരീതിയിൽനിന്ന് മാറി സമീപിക്കുകയാണ് പി ജി. പുതിയ ചർച്ചാമണ്ഡലങ്ങളെ കൂടി പരിഗണിച്ചുകൊണ്ടാണ് നവോത്ഥാനത്തെ വിശദമാക്കുന്നത്. ആധുനിക ചരിത്രാന്വേഷണങ്ങളിൽ നവോത്ഥാനത്തെക്കുറിച്ചുള്ള അടിസ്ഥാനമായത് ജേക്കബ് ബ്രക്ക്ഹാർട്ടിന്റെ വീക്ഷണങ്ങളാണ്. പാശ്ചാത്യ നവോത്ഥാനത്തെ മനുഷ്യവംശത്തിന്റെ സാംസ്‌കാരിക വളർച്ചയിലെ നിർണായകബിന്ദുവായി ആദ്യം സ്ഥാനപ്പെടുത്തിയത് ജേക്കബ് ബ്രക്ക്ഹാർട്ടാണ്. പ്രാചീന റോമാസാമ്രാജ്യവും ഗ്രീക്ക് സംസ്‌കാരവുംവഴി രൂപപ്പെട്ട, മധ്യകാലഘട്ടത്തിൽ ഇരുളിലാണ്ടുപോയ, പതിമൂന്നാം നൂറ്റാണ്ടോടെ യൂറോപ്പ് കണ്ടെടുത്ത ഒരു വൈജ്ഞാനികസംഭാവനയായാണ് ബ്രക്ക്ഹാർട്ട് നവോത്ഥാനത്തെ അവതരിപ്പിച്ചത്.


നവോത്ഥാനത്തെപ്രതി അവതരിപ്പിക്കപ്പട്ട ഇത്തരമൊരു യൂറോകേന്ദ്രിത വീക്ഷണത്തെക്കുറിച്ച് ധാരാളം വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പൗരസ്‌ത്യാന്വേഷണങ്ങളെയും അറബികളടക്കമുള്ളവരുടെ വൈജ്ഞാനികസംഭാവനകളെയും മറച്ചുവെക്കാനാണ് ഇതുതകിയതെന്നും യൂറോകേന്ദ്രിതമായ ലോകബോധത്തിന്റെ ആധാരശില തന്നെ നവോത്ഥാനത്തെക്കുറിച്ചുള്ള ഇത്തരം സങ്കൽപ്പന നിർമിതികളാണെന്നും കോളനിയനന്തരവാദ പഠിതാക്കളടക്കം ധാരാളം സാമൂഹ്യചിന്തകർ ചൂണ്ടിക്കാണിച്ചു കഴിഞ്ഞതാണ്.


ഇത്തരം വിമർശനങ്ങളെ സാമാന്യമായി പരിചയപ്പെടുത്തിക്കൊണ്ടും പരിശോധിച്ചുകൊണ്ടുമാണ് പി ജി തന്റെ നവോത്ഥാന ചർച്ചയിലേക്ക് കടക്കുന്നത്. അതിനാൽ തന്നെ യൂറോകേന്ദ്രവാദ വിമർശനത്തിന്റെ പൊതുചട്ടക്കൂടിൽ നിന്നാണ് അദ്ദേഹം നവോത്ഥാനചർച്ചകൾ സംവിധാനം ചെയ്‌തിട്ടുള്ളതെന്നു പറയാം. യൂറോപ്പിന്റെ നവോത്ഥാനത്തെ; നവോത്ഥാനം, മതനവീകരണം, വൈജ്ഞാനികവിപ്ലവം, രാഷ്‌ട്രീയവിപ്ലവം എന്നിങ്ങനെ നാലു തലത്തിലാണ് പി ജി പരിശോധിക്കുന്നത്. ഇവയിൽ ഏതെങ്കിലും ഒന്നിന് പ്രാമുഖ്യം നൽകുന്നതിനേക്കാൾ നാലു മേഖലകളെയും പരസ്‌പരം ചേർത്തുനിർത്തിക്കൊണ്ട് ഇവ തമ്മിലുള്ള ബന്ധങ്ങളെ വിശദമാക്കുകയാണ് ചെയ്യുന്നത്.


ഇന്ത്യൻ നവോത്ഥാനത്തെക്കുറിച്ചുള്ള ചർച്ചയിലും പി ജി മുഖ്യധാരാ ചരിത്ര സങ്കൽപ്പങ്ങളിൽ നിന്നു പുറത്തുവരുന്നു. കെ എൻ പണിക്കരടക്കമുള്ളവർ അവതരിപ്പിച്ച നവോത്ഥാനസങ്കൽപ്പനങ്ങളോടാണ് അദ്ദേഹം ചേർന്നുനിൽക്കുന്നത്. ‘ബഹുവിധനവോത്ഥാനം’ എന്ന ആശയമാണ് പി ജിയും ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഇന്ത്യൻ നവോത്ഥാനത്തിന്റെ ഉത്ഭവവും സ്വഭാവവും അതിന്റെ സവിശേഷതയിലും ആധികാരികതയിലും ഇന്ത്യയുടെ തനതുഭാവങ്ങൾ ഉൾച്ചേർന്നതായിരുന്നു എന്ന് സ്ഥാപിച്ചെടുക്കുക തന്നെയാണ് പി ജിയുടെ നവോത്ഥാനചിന്തകളുടെ ലക്ഷ്യം. പരിവർത്തനാത്മക പ്രസ്ഥാനങ്ങൾ, സംസ്‌കൃതവൽക്കരണ പ്രസ്ഥാനങ്ങൾ എന്നിങ്ങനെ രണ്ടു ധാരകളെ പി ജി ഇന്ത്യൻ നവോത്ഥാനത്തിൽ നിന്നു കണ്ടെടുക്കുന്നുണ്ട്. മുഖ്യധാരാ നവോത്ഥാന ചർച്ചകളിൽ ഇതിൽ സംസ്‌കൃതവൽക്കരണ പ്രസ്ഥാനങ്ങൾക്കാണ് സ്ഥാനം കിട്ടിപ്പോന്നിരുന്നത്. ആര്യസമാജം, ബ്രഹ്മസമാജം, സ്വാമിനാരായൺ പ്രസ്ഥാനം എന്നിങ്ങനെയുള്ള പൊതുവിൽ ‘ബംഗാളിനവോത്ഥാനമണ്ഡല’ത്തിലുൾപ്പെടുത്തുന്ന പ്രസ്ഥാനങ്ങളെയാണ് സംസ്‌കൃതവൽക്കരണ പ്രസ്ഥാനമെന്ന് പി ജി വിളിക്കുന്നത്. കൊളോണിയൽ ആധുനികതയുടെ ആശയലോകങ്ങൾ തന്നെയായിരുന്നു ഈ പ്രസ്ഥാനങ്ങൾ പുലർത്തിപ്പോന്നത്. പരമ്പരാഗത വീക്ഷണത്തിനെതിരായി ചിന്തിച്ച ജവാഹർലാൽ നെഹ്റുവും ശക്തനായ യാഥാസ്ഥിതിക ദേശീയവാദിയായിരുന്ന ആർ സി മജുംദാറും കൊളോണിയൽ താൽപ്പര്യങ്ങൾക്കടിപ്പെടുകയായിരുന്നുവെന്നും പി ജി ചൂണ്ടിക്കാട്ടുന്നു. സംസ്‌കൃതവൽക്കരണ പ്രസ്ഥാനങ്ങളിൽ ഈ രണ്ടുതരം ആശയങ്ങൾ ഉൾക്കൊള്ളുന്നവയെയും അദ്ദേഹം ഉൾപ്പെടുത്തുന്നു.

ഇതിൽനിന്ന് ഭിന്നമാണ് പരിവർത്തനാത്മക പ്രസ്ഥാനങ്ങൾ. സാമൂഹികശ്രേണിയിലെ അടിത്തട്ടിൽ പ്രവർത്തിച്ചവയാണിവ. കൊളോണിയൽ ഭരണത്തിനു മുമ്പേ നിലവിൽ വന്നവ പോലും അവയിലുണ്ടെന്നും അത്തരം പ്രസ്ഥാനങ്ങൾ സാധ്യമാക്കിയ കുതിച്ചുചാട്ടങ്ങൾ മുഖ്യധാരാ ചരിത്രരചന കാണാതെ പോവുകയാണുണ്ടായതെന്നും പി ജി വിശദമാക്കുന്നു. മറ്റൊരാധുനികത സാധ്യമായിരുന്നെന്ന ഇർഫാൻ ഹബീബ്, റോമിലാ ഥാപ്പർ തുടങ്ങിയ ചരിത്രകാരരുടെ വാദത്തോടാണ് പി ജി യോജിക്കുന്നത്. പരിവർത്തനാത്മക പ്രസ്ഥാനത്തിൽ ഇന്ത്യയുടെ നാനാഭാഗത്ത് പ്രവർത്തിച്ചിരുന്ന നാംധാരിസ്, നിരങ്കാരികൾ, സത്നാമികൾ, സത്യമഹിമ, സത്യശോധക്, അയ്യാ വെകുണ്ഠ പ്രസ്ഥാനം എന്നിവയെയൊക്കെയാണ് പി ജി ഉൾക്കൊള്ളിക്കുന്നത്. ഇവയുടെ പൊതുപ്രത്യേകത ബ്രാഹ്മണവെദികമതത്തോടുള്ള കടുത്ത വിമർശനമെന്നതായിരുന്നു. ഈ വിമർശനങ്ങളുടെ രാഷ്‌ട്രീയശേഷിയെ മുൻനിർത്തി ഇന്ത്യൻ നവോത്ഥാനത്തെ പ്രശ്നവൽക്കരിക്കുകയാണ് പി ജി ചെയ്യുന്നത്.


ഏകമുഖമായി നവോത്ഥാനത്തെ മനസ്സിലാക്കിക്കൂടാ എന്ന വാദങ്ങളുടെ വിജയകരമായ പരിസമാപ്തിയാണ് കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള പി ജിയുടെ പഠനങ്ങൾ. നേരത്തെ പറഞ്ഞതുപോലെ ഇത് കേവലം ‘കേരളനവോത്ഥാന’മെന്ന ഗ്രന്ഥപരമ്പരയുടെ നാല് സഞ്ചികകൾ മാത്രമല്ല. ആദ്യഘട്ടം തൊട്ടേ പി ജി എഴുതിപ്പോന്ന കേരളസംസ്‌കാരം, മലയാളസാഹിത്യം എന്നിവയെക്കുറിച്ചുള്ള ആലോചനകളെക്കൂടി മുൻനിർത്തി വേണം ഇവ മനസ്സിലാക്കാൻ.

1989ൽ തന്നെ മുഖ്യധാരാ നവോത്ഥാനചിന്തയെ കടന്നുപോവാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ‘ഭക്തനും കലാപകാരിയുമായിരുന്ന മഹാകവി കെ വി സെമൺ’ എന്ന ആദ്യകാല പഠനം ഇതിനുദാഹരണമാണ്. സാഹിത്യചരിത്രങ്ങളിൽ സ്ഥാനം ലഭിച്ചിട്ടില്ലാത്ത കെ വി സെമണിന്റെ രചനാജീവിതത്തെയും മാർത്തോമ സഭയ്‌ക്കുള്ളിൽ അദ്ദേഹമുയർത്തിയ പൗരോഹിത്യ വിരുദ്ധ കലാപങ്ങളെയും വിവരിക്കുന്ന പഠനമാണിത്. മുഖ്യധാരാ ചരിത്രചിന്ത കയ്യൊഴിഞ്ഞ ഇത്തരം മേഖലകളെ തന്റെ വിപുലമായ നവോത്ഥാനചിന്തയിലേക്ക് കൊണ്ടുവരാൻ പി ജി ആദ്യകാലംതൊട്ടേ ശ്രമിക്കുന്നുണ്ട്. ‘ബാരിസ്റ്റർ ജി പി കേരളത്തിലെ പ്രഥമ ബഹുജനപ്രക്ഷോഭകൻ’ എന്ന പഠനവും കെ ദാമോദരനെക്കുറിച്ചുള്ള ആദ്യകാലപഠനവും ഈ സമീപനത്തിനുള്ള മറ്റുദാഹരണങ്ങളാണ്. കേരളത്തിലെ ഭക്തിപ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് പൂന്താനത്തെ സ്ഥാപിച്ചുകൊണ്ട് ഭക്തിപ്രസ്ഥാനത്തിന്റെ ജനകീയതയെ അന്വേഷിക്കാനുള്ള ശ്രമങ്ങളും ആദ്യഘട്ടം തൊട്ടേ കാണാം.

ബുക്ക്‌

2003‐ലാണ് പി ജിയുടെ നവോത്ഥാനപഠനങ്ങളുടെ ആദ്യവാല്യങ്ങൾ പുറത്തുവരുന്നത്. ആദ്യപതിപ്പിന്റെ ആമുഖത്തിൽ തന്നെ കേരള നവോത്ഥാനത്തിന്റെ നാനാവശങ്ങളെ അനാവരണം ചെയ്യാനാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വിചാരവിപ്ലവകാരി കുറ്റിപ്പുഴ കൃഷ്ണപിള്ളയ്‌ക്കാണ് തന്റെ നവോത്ഥാനപഠനങ്ങൾ പി ജി സമർപ്പിക്കുന്നത്. കുറ്റിപ്പുഴയ്‌ക്ക് സമാനമായി നവോത്ഥാനചിന്തയിൽ പി ജിയും വിചാരപരമായി ഒരു വിപ്ലവം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സിദ്ധാന്തപർവം, പ്രസ്ഥാനപർവം, മതനവീകരണപർവം എന്നീ മൂന്ന്‌ മേഖലകളിലൂടെ തന്റെ പഠനത്തിന് ഗവേഷണപരമായി സൈദ്ധാന്തിക ചട്ടക്കൂടൊരുക്കിയതിന് ശേഷമാണ് കേരളനവോത്ഥാനം ചർച്ച ചെയ്യുന്നത്. സിദ്ധാന്തപർവത്തിൽ നവോത്ഥാനമെന്ന പരികൽപ്പനയെയും അതിന്റെ പുതിയ ചർച്ചാമേഖലകളെയും സംഗ്രഹിച്ചുകൊണ്ട് നവോത്ഥാനത്തെ വിശദീകരിക്കുകയാണ് ചെയ്യുന്നത്. മാനവികത, ജനാധിപത്യം, യുക്തിവാദം, മതനിരപേക്ഷത, സോഷ്യലിസം എന്നീ അഞ്ചു തത്വങ്ങളെ പി ജി നവോത്ഥാനത്തിന്റെ അടിസ്ഥാനതാൽപ്പര്യങ്ങളായി പരിഗണിക്കുകയും ‘സിദ്ധാന്തപഞ്ചകങ്ങൾ’ എന്നിവയെ പേരിട്ടു വിളിക്കുകയും ചെയ്യുന്നു. ഈ പ്രവണതകളെ മുൻനിർത്തിയാണ് നവോത്ഥാനത്തെ വിശാലാർഥത്തിൽ സമീപിക്കുന്നത്. പ്രസ്ഥാനപർവത്തിൽ കേരള നവോത്ഥാനത്തെ സാധ്യമാക്കിയ പ്രായോഗിക ഇടപെടലുകളെ വിശദീകരിക്കുന്നതിനാണ് പി ജി ശ്രമിക്കുന്നത്. മലയാളി മെമ്മോറിയൽ, എസ്എൻഡിപി, യോഗക്ഷേമസഭ, സാധുജനപരിപാലനസംഘം, എൻഎസ്എസ്, അരയസമാജം, വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം, കൽപ്പാത്തിശുചീന്ദ്രം സമരം, നിവർത്തനപ്രക്ഷോഭം എന്നിവയെ മുകളിൽ പറഞ്ഞ സിദ്ധാന്ത പഞ്ചകങ്ങളുമായി ചേർത്തുപരിശോധിക്കാനും കേരള നവോത്ഥാനത്തിൽ ഇവയുടെ പങ്കിനെ സൂചിപ്പിക്കാനും പി ജിക്ക് കഴിയുന്നുണ്ട്. മതനവീകരണപർവത്തിൽ അയ്യാ വൈകുണ്ഠർ, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, ബ്രഹ്മാനന്ദശിവയോഗി, പൊയ്കയിൽ കുമാരഗുരുദേവൻ എന്നിവർക്ക് പുറമേ മുസ്ലീം, ക്രിസ്‌ത്യൻ നവോത്ഥാനത്തെയും ചേർത്തുവെച്ചു പരിശോധിക്കുകയും ചെയ്യുന്നു.


‘കേരളനവോത്ഥാനം ഒരു മാർക്‌സിസ്റ്റ് വീക്ഷണ’മെന്ന ഒന്നാം വാല്യത്തിലെ ഈ പ്രാഥമികപരിശോധനയുടെ കൂടുതൽ വിപുലമായ രൂപമാണ് മറ്റു മൂന്ന് വാല്യങ്ങൾ. മതാചാര്യർ-‐മതനിഷേധികൾ, യുഗസന്തതികൾ-‐യുഗശിൽപ്പികൾ, മാധ്യമപർവം എന്നിവയാണവ. മതത്തെ ഒരു ഭൗതികശക്തിയായി പരിഗണിച്ചുകൊണ്ട് മതത്തിനകമേ നടന്ന പരിവർത്തനങ്ങളെയും, പുറത്തുനിന്നുള്ള വിമർശനങ്ങളെയും ഒരുപോലെ ചേർത്തുനിർത്തി ഇവ തമ്മിലുള്ള പ്രതിപ്രവർത്തനങ്ങളിലൂടെ മതം അധികാരബന്ധം എന്നതിൽനിന്ന് കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെട്ടതെങ്ങനെ എന്ന അന്വേഷണമാണ് രണ്ടാം വാല്യത്തിൽ നടത്തുന്നത്. ‘ഭക്തിയും മാനവികതയും’ എന്ന മുൻകാല അന്വേഷണത്തിന്റെ സാർഥകമായ വികസിതരൂപമാണിത്. മതത്തെ മാറ്റിനിർത്തുന്ന ഒരു സാമൂഹികപരിവർത്തനം സാധ്യമല്ലെന്നും മതത്തിനകമേയും പുറത്തുനിന്നും ഉയരുന്ന വിമർശനങ്ങളാണ് സാമൂഹികനവോത്ഥാനത്തിന് കളമൊരുക്കിയതെന്നും പി ജി വിശദമാക്കുന്നു. ‘യുഗസന്തതികൾ, യുഗശിൽപ്പികളി’ൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യംമുതൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യംവരെയുള്ള കേരളീയ രാഷ്‌ട്രീയ- സാമൂഹ്യജീവിതത്തിൽ വിപ്ലവകരമായ ഇടപെടൽ നടത്തിയവരെ പരിശോധിക്കുമ്പോൾ, മാധ്യമപർവത്തിൽ അച്ചടിയും ദിനപത്രങ്ങളുടെ വളർച്ചയും എങ്ങനെയാണ് ജനാധിപത്യപരമായ ഒരു ലോകബോധത്തിലേക്ക് അടുപ്പിച്ചത് എന്നും വിശദമാക്കുന്നു. ഇങ്ങനെ നാനാവിതാനത്തിൽ കേരളീയ നവോത്ഥാനത്തെ പരിശോധിക്കുകയാണ് ഈ പഠനങ്ങൾ ചെയ്യുന്നത്.

പരിമിതികളോ ദൗർബല്യങ്ങളോ ഇല്ലാത്ത, സമഗ്രവും സമ്പൂർണവുമായ ആലോചനകളാണിവ എന്ന്‌ കരുതിക്കൂടാ. നവോത്ഥാനവിമർശനത്തിന്റെ പൊതുഭൂമിക പിൻപറ്റുന്നുണ്ടെങ്കിലും കേരളീയ സന്ദർഭത്തിൽ അവയെ പ്രയുക്തമാക്കുന്നതിലേക്ക് എത്രത്തോളം അദ്ദേഹം നീങ്ങുന്നുണ്ട് എന്ന ചോദ്യം ഉന്നയിക്കാവുന്നതാണ്. സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ വർഗപരമായ ഘടന വേർതിരിച്ചെടുക്കാനോ സവർണ ആശയസംഹിതയോടുള്ള ഇടലുകളെ തൃപ്തികരമായി അഭിസംബോധന ചെയ്യാനോ കൊളോണിയൽ, നാടുവാഴി നിലപാടുകൾക്കെതിരായ ദേശീയ-മുതലാളിത്ത മുദ്രാവാക്യങ്ങളെ പുറത്തുകൊണ്ടുവരാനോ ഈ പഠനങ്ങൾക്ക് കഴിഞ്ഞില്ല എന്ന്‌ വിമർശിക്കാവുന്നതുമാണ്. ഈ പരിമിതികൾ നിലനിൽക്കെത്തന്നെ കേരളീയനവോത്ഥാനത്തെ ബഹുലവും പലപ്പോഴും വിരുദ്ധവുമായ ഭൗതിക- ആശയ ബലങ്ങൾ സംഗമിക്കുന്ന ‘പ്രശ്‌നഭൂമിക’യായി സ്ഥാനപ്പെടുത്തി എന്നതാണ് ഈ ആലോചനകളുടെ ചരിത്രപ്രസക്തി. സംസ്‌കാരത്തിന്റെ സംഘർഷാത്മകസ്വഭാവം മനസ്സിലാക്കാൻ പര്യാപ്തമായ ഒരു രീതിശാസ്‌ത്രം മലയാളത്തിൽ നിർമിച്ചെടുക്കാനും അതിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു. പി ഗോവിന്ദപ്പിള്ളയുടെ ധൈഷണികാന്വേഷണങ്ങളുടെ പ്രസക്തിയും മലയാളിക്ക് പരിചിതമല്ലാത്ത ഇത്തരമൊരു സമീപനരീതിയെ നമുക്കിടയിൽ ഉറപ്പിച്ചെടുത്തു എന്നതാണ്. അന്തർവിഷയപരവും പ്രക്രിയാസ്വഭാവത്തോടെ സന്ദർഭങ്ങളെ നോക്കിക്കാണുന്നതുമായ ഒരു വിശകലനരീതിയാണത്. അതിനാൽതന്നെ ഭാവിതലമുറ ‘എങ്ങനെ പറഞ്ഞു’ എന്നതാണ് പി ജിയിൽനിന്ന് കണ്ടെത്തേണ്ടത് എന്നു തോന്നുന്നു; ‘എന്തു പറഞ്ഞു’ എന്നതിനേക്കാൾ .




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home