Deshabhimani

കവർസ്റ്റോറി

അച്ഛന്റെ മകൾ

പി ജിയും ഭാര്യ രാജമ്മയും പി കെ വിയുടെ മകൾ ശാരദാമോഹൻ, മക്കളായ എം ജി രാധാകൃഷ്‌ണൻ, ആർ പാർവതീദേവി എന്നിവർക്കൊപ്പം
avatar
ആർ പാർവതി ദേവി

Published on May 04, 2026, 10:26 AM | 6 min read

"പി ജിയുടെ മകൾ' എന്ന അഭിമാനമേൽവിലാസമാണ് എന്നും ആത്മവിശ്വാസവും മുന്നോട്ടുപോകാൻ കരുത്തും നൽകുന്നത്. അച്ഛന്റെ മകൾ ആയിരിക്കുന്നത് എന്തോ സവിശേഷമായ ഒരു പരിഗണനയ്‌ക്ക് അർഹത നൽകിയിട്ടുണ്ടെന്ന് ഓർമവച്ച കാലംമുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ അതെന്തുകൊണ്ടാണെന്നോ എന്താണ് അച്ഛന്റെ സവിശേഷതയെന്നോ കുട്ടിക്കാലത്ത് മനസ്സിലാക്കിയിട്ടില്ല. ദേശാഭിമാനി പത്രത്തിന്റെ പത്രാധിപർ എന്നതാണ് അച്ഛന്റെ "ഉദ്യോഗം' എന്ന് പറയുമ്പോൾ സ്‌കൂളിൽ പല കൂട്ടുകാരും അങ്ങനെ ഒരു പത്രത്തെക്കുറിച്ച് കേട്ടിട്ടേയില്ല. തിരുവനന്തപുരത്ത് അന്നൊക്കെ ദേശാഭിമാനിക്ക് പ്രചാരം കുറവായിരുന്നു. അമ്മ കോളേജ് അധ്യാപികയാണെന്ന് പറഞ്ഞ്‌ ഞാൻ രക്ഷപ്പെടും.

പി ജിയും ഭാര്യ രാജമ്മയും പി കെ വിയുടെ മകൾ ശാരദാമോഹൻ, മക്കളായ എം ജി രാധാകൃഷ്‌ണൻ, ആർ പാർവതീദേവി എന്നിവർക്കൊപ്പംപി ജിയും ഭാര്യ രാജമ്മയും പി കെ വിയുടെ മകൾ ശാരദാമോഹൻ, മക്കളായ എം ജി രാധാകൃഷ്‌ണൻ, ആർ പാർവതീദേവി എന്നിവർക്കൊപ്പം

അച്ഛൻ ഞങ്ങൾക്കൊപ്പം ഉണ്ടാകുന്ന ദിവസങ്ങളും അന്ന് കുറവാണ്. രാത്രി വൈകി വരും. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു മടങ്ങിപ്പോവുകയും ചെയ്യും. പലപ്പോഴും മതില് ചാടിക്ക ടന്ന് വരാന്തയിൽ കിടന്നുറങ്ങുന്ന അച്ഛനെയാണ് നേരം വെളുക്കുമ്പോൾ കതകു തുറക്കുന്ന അമ്മ കാണുന്നത്. ഞങ്ങളെ ഉണർത്താതിരിക്കാൻ കയ്യിലുള്ള പത്രം വിരിച്ച് വരാന്തയിൽ കിടന്ന് അച്ഛൻ സുഖമായി ഉറങ്ങും. ആദ്യകാലത്തൊക്കെ ചുരുട്ട് വലിച്ചിരുന്നതുകൊണ്ട് അച്ഛൻ വന്നാൽ പിന്നെ വീട്ടിലാകെ ചുരുട്ട് മണം ഉണ്ടാകും. അച്ഛന്റെ മണം ഞങ്ങൾക്ക് ചുരുട്ട് മണമാണെന്ന് പറയാം. അച്ഛൻ വീട്ടിൽ വരുന്നതുകൊണ്ട് ഞങ്ങളുടെ ദൈനംദിന ജീവിതത്തിന്‌ ഒരു മാറ്റവുമില്ല. ഒരുപാട് വാത്സല്യത്തോടെ ഞങ്ങൾ എന്താണ് വായിക്കുന്നതെന്ന് അന്വേഷിക്കും. ചിലപ്പോൾ നാടകത്തിനോ സിനിമയ്‌ക്കോ പോകും. അല്ലെങ്കിൽ ഒരു ഹോട്ടൽ ഭക്ഷണം. കാർത്തിക തിരുനാൾ തിയറ്ററിൽ മാസ് എന്ന സംഘടനയുടെ നാടകമോ കഥാപ്രസംഗമോ പതിവാണ്. സാംബശിവന്റെ കഥാപ്രസംഗങ്ങളെല്ലാം അച്ഛന്റെ ഒപ്പം ആണ് കേട്ടിട്ടുള്ളത്. ഇ എം എസ്‌ ഉൾപ്പെടെ പല നേതാക്കളും കുടുംബസമേതം അന്ന് വന്നിരുന്നത് ഓർക്കുന്നു.


ഭക്ഷണപ്രിയനാണ് അച്ഛൻ. പുതിയ വിഭവങ്ങൾ പരീക്ഷിക്കുവാൻ വലിയ ഉത്സാഹമാണ്. പാളയം കണ്ണിമേറ മാർക്കറ്റിനടുത്ത് ആദ്യമായി ഒരു ചൈനീസ് ഹോട്ടൽ തുടങ്ങിയപ്പോൾ അച്ഛൻ ആവേശത്തോടെ ഞങ്ങളെ അവിടെ കൊണ്ടുപോയി. ആഹാരത്തിന്റെ പരീക്ഷണങ്ങൾക്ക് ഞാനും അച്ഛനുമാണ് കൂട്ട്. അമ്മയും ചേട്ടനും ഭക്ഷണകാര്യത്തിൽ പരീക്ഷണം ഇഷ്ടപ്പെടുന്നവരല്ല. കിട്ടുന്നതെന്തും കഴിക്കുന്നത് ഞാനും അച്ഛനുമാണ്. ട്രിവാൻഡ്രം ഹോട്ടലിലെ വെണ്ണ മുകളിൽ വച്ച നെയ്‌ദോശയാണ് ചേട്ടനു പ്രിയം. താഴ്‌ന്ന കസേരയും മേശയുമൊക്കെയായി ട്രിവാൻഡ്രം ഹോട്ടൽ വളരെ പരിഷ്‌കൃതമായ ഒന്നായിരുന്നു. ദോശയും വടയും അച്ഛന്റെ എന്നത്തെയും പ്രിയപ്പെട്ട ആഹാരമാണെന്നത് പ്രശസ്‌തമാണ്. എന്തും കഴിക്കുമെന്ന് പറയുമ്പോഴും പല പുരുഷന്മാരെയും പോലെ അച്ഛന്റെ അമ്മയും അനിയത്തിയും (സ. പി കെ വിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ) ഉണ്ടാക്കുന്ന മോരൊഴിച്ചു കറിയും മെഴുക്കുപുരട്ടിയും കഴിഞ്ഞേ അച്ഛന് ഏതു മികച്ച ഹോട്ടലും ഉണ്ടായിരുന്നുള്ളൂ. ഒരിക്കലും അച്ഛന് മടുക്കാത്തത് പരിപ്പും നെയ്യും പപ്പടവുമാണ്. തീരെ അവശതയുള്ള അവസാനകാലത്ത് പരിപ്പും നെയ്യും ഉണ്ടെന്ന് പറയുമ്പോൾ അച്ഛന്റെ മുഖം തെളിയും. കൗമാരപ്രായത്തിൽ പാചക പരീക്ഷണങ്ങൾ ഞാൻ ആരംഭിച്ച കാലത്ത് അതീവ സന്തോഷത്തോടെയുള്ള അച്ഛന്റെ പ്രോത്സാഹനം നൽകിയിട്ടുള്ള ആത്മവിശ്വാസം ചെറുതല്ല. അത് പാചകം മാത്രമല്ല എഴുത്തിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു. കോളേജ് മാഗസിനിൽ എഴുതിയ ലേഖനംപോലും അച്ഛൻ ശ്രദ്ധാപൂർവം വായിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തിരുന്നു.


തന്റെ ഇഷ്‌ടാനിഷ്ടങ്ങൾ ഒരിക്കലും കുടുംബത്തിനുള്ളിൽ അച്ഛൻ അടിച്ചേൽപ്പിച്ചിരുന്നില്ല. അത് ആഹാരമായാലും ആശയമായാലും. കുടുംബത്തിൽ ആധിപത്യം സ്ഥാപിക്കുന്ന ഒരു പുരുഷനായിരുന്നില്ല അച്ഛൻ. മിക്കവാറും മധ്യവർഗ കുടുംബങ്ങളിലെന്നപോലെ "കുടുംബനാഥൻ' എന്ന പദവിയുടെ സവിശേഷമായ അധികാരപ്രയോഗം അമ്മയോ മക്കളായ ഞങ്ങളോ ഒരിക്കലും അനുഭവിച്ചിട്ടില്ല. ഇതാണ് സ്വാഭാവികം എന്നാണ് ചെറുപ്പത്തിൽ ഞാനും കരുതിയിരുന്നത്. എന്നാൽ ചുറ്റിനുമുള്ള കുടുംബങ്ങളിലെ അന്തരീക്ഷം ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ് അച്ഛൻ വ്യത്യസ്‌തനാണെന്ന് തിരിച്ചറിഞ്ഞത്. പുരുഷാധിപത്യം എന്ന മൂല്യവ്യവസ്ഥയെ അച്ഛൻ ആന്തരികവൽക്കരിച്ചിട്ടില്ല എന്നത് അത്ഭുതകരവും ആശ്വാസകരവുമായ ഒരു തിരിച്ചറിവായിരുന്നു.

അമ്മയോടോ മക്കളോടോ അച്ഛൻ ആജ്ഞാസ്വരത്തിൽ സംസാരിച്ചിട്ടേയില്ല. അച്ഛന്റെ രാഷ്‌ട്രീയവും ഞങ്ങളെ അടിച്ചേൽപ്പിച്ചിട്ടില്ല. ഞങ്ങളുടെ താൽപ്പര്യങ്ങളെല്ലാം അച്ഛൻ പ്രോത്സാഹിപ്പിച്ചു. ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളെല്ലാം അഭിമാനത്തോടെ പിന്തുണച്ചു. എന്റെ മകൻ ഗോവിന്ദിനോടും ചേട്ടന്റെ മക്കൾ തേജസ്വിനിയോടും മുകുളികയോടും അച്ഛന്റെ സമീപനം ഇതുതന്നെയായിരുന്നു. അവരുടെ എല്ലാ വികൃതികളും അച്ഛൻ ആസ്വദിച്ചു. മക്കളെയോ കൊച്ചുമക്കളെയോ അച്ഛൻ ശാസിക്കുകയോ ഉപദേശിക്കുകയോ പതിവില്ല. വീടിന്റെ ചുവരുകൾ മുഴുവൻ കുട്ടികൾ കുത്തിവരച്ചുവയ്‌ക്കുമ്പോൾ പുറത്തുനിന്നും വരുന്നവർ ചോദിക്കും, അപ്പൂപ്പൻ വഴക്ക് പറയാറില്ലേയെന്ന്. വഴക്കുപറയാറില്ലെന്ന് മാത്രമല്ല, ഈ പടങ്ങളുടെ ആന്ത്രോപോളജിക്കൽ അർഥങ്ങൾ കണ്ടെത്താനാണ് അച്ഛൻ ശ്രമിച്ചിട്ടുള്ളത്.

പി ജിയും ഭാര്യയും പേരക്കുട്ടികൾക്കൊപ്പംപി ജിയും ഭാര്യയും പേരക്കുട്ടികൾക്കൊപ്പം

അച്ഛന്റെ മറ്റൊരു സവിശേഷത എന്തിനെയും പോസിറ്റീവായി കാണുന്ന രീതിയാണ്. നിരാശ, വിഷാദം ഇതൊന്നും അച്ഛനിൽ കാണാറേയില്ല. ചില പൊതുപ്രശ്നങ്ങളിൽ അച്ഛൻ അക്ഷമനാകുകയും രോഷം കൊള്ളുകയും പൊട്ടിത്തെറിക്കുകയും ഒക്കെ ചെയ്യാറുണ്ട്. വീട്ടിലെ ശാന്തനായ അച്ഛന്റെ മറ്റൊരു മുഖമാണ് അപ്പോൾ കാണാറുള്ളത്. ലാൻഡ് ഫോണിലൂടെ ചില സുഹൃത്തുക്കളുമായി ഘോരമായ വാദപ്രതിവാദങ്ങൾ നടത്തുന്നത് കുട്ടിക്കാലത്ത് ഞങ്ങൾക്ക് കൗതുക കാഴ്‌ചയായിരുന്നു. യുവാക്കളായ പലരും വീട്ടിൽവച്ചും അച്ഛനുമായി സംവാദങ്ങൾ നടത്തിയിരുന്നു.

അച്ഛൻ ഒന്നിനെയും ഭയപ്പെട്ടിരുന്നില്ല. അസാമാന്യമായ ധീരതയാണ് അച്ഛൻ പുലർത്തിയിരുന്നത്. അച്ഛനെതിരെ പലപ്പോഴും പാർടിക്ക് അച്ചടക്കത്തിന്റെ ചൂരൽവടി എടുക്കേണ്ടി വന്നിട്ടുള്ളതും ഈ പേടിയില്ലായ്‌മ കൊണ്ടാകാം. പാർടി എടുക്കുന്ന അച്ചടക്കനടപടികളെല്ലാം അച്ഛൻ പരാതിയില്ലാതെ അംഗീകരിച്ചിരുന്നു. പക്ഷേ ഒരിക്കൽ മാത്രം അച്ഛൻ സങ്കടപ്പെടുന്നതായി തോന്നി. അത് ഭാഷാപോഷിണിയിലെ ജോണി ലൂക്കോസിന്റെ അഭിമുഖത്തെ തുടർന്ന് നടപടി ഉണ്ടായപ്പോഴാണ്. ഇ എം എസിനെ ആക്ഷേപിച്ചു എന്ന ആരോപണം അച്ഛനെ വേദനിപ്പിച്ചു. ഇ എം എസിനോടുള്ള അച്ഛന്റെ ആദരവും സ്‌നേഹവും ഞങ്ങൾക്ക് ബോധ്യമുള്ളതാണ്. ആ അഭിമുഖം ഒരു കെണിയായിരുന്നു എന്നാണ് ഞാൻ വ്യക്തിപരമായി അന്നും ഇന്നും കരുതുന്നത്. അച്ഛനോടത് ചോദിക്കുമ്പോൾ അച്ഛൻ അർഥപൂർണമായ മൗനം പാലിക്കുകയാണ് പതിവ്. അച്ഛൻ പക്ഷേ ഒരിക്കലും തന്റെ വാക്കുകൾ നിഷേധിച്ചിട്ടില്ല. മാരകമായ രോഗത്തെപ്പോലും സമചിത്തതയോടെയും ധീരതയോടെയുമാണ് അച്ഛൻ നേരിട്ടത്. 2008 മുതൽ പലതരം രോഗങ്ങൾ അച്ഛനെ തളർത്തിത്തുടങ്ങി. തിമിര ശസ്‌ത്രക്രിയക്ക് ശേഷം കുറേക്കാലം കേൾവിശക്തി അച്ഛന് നഷ്ടപ്പെട്ടിരുന്നു. പ്രമേഹം കണ്ണിനെ ബാധിച്ചതിനാൽ ശസ്‌ത്രക്രിയക്ക് ശേഷം കാഴ്‌ച പൂർണമായി ലഭിച്ചതുമില്ല. ഡോക്ടർമാർ നേരത്തെ തന്നെ കാഴ്‌ചയുടെ കാര്യത്തിൽ ഉറപ്പ് പറഞ്ഞിരുന്നില്ലെങ്കിലും ഒരു പരീക്ഷണം ആകാമെന്ന അച്ഛന്റെ ആഗ്രഹത്തോടൊപ്പം ഞങ്ങളും നിന്നതാണ്. എങ്കിലും ഒട്ടും പ്രതീക്ഷിക്കാതെയാണ് കേൾവി ഇല്ലാതായത്. തിമിര ശസ്‌ത്രക്രിയയുമായി ഇതിന് ഒരു ബന്ധവുമില്ലെന്നാണ് എല്ലാ ഡോക്ടർമാരും പറയുന്നത്. പക്ഷേ അനുഭവം തിരിച്ചാണ്. എന്തായാലും കാഴ്‌ചയും കേൾവിയും അച്ഛനില്ലാതായി എന്നത് യാഥാർഥ്യം.


ബുദ്ധിക്കും ഓർമയ്‌ക്കും എള്ളോളം കുറവ് സംഭവിച്ചിട്ടില്ലെങ്കിലും കാണാനും കേൾക്കാനും കഴിയാതെ വന്നതോടെ വായിക്കാനാകാത്തത് അച്ഛനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. കാണാൻ കഴിയാതിരുന്നപ്പോൾ അച്ഛന് പത്രവും പുസ്‌തകങ്ങളും വായിച്ചുകൊടുത്തിരുന്നു. ഞങ്ങളും സഖാക്കളും വായിച്ചു കേൾപ്പിക്കാൻ സദാ സന്നദ്ധരായിരുന്നു. ഏഷ്യാനെറ്റിൽ വാർത്താവിഭാഗം ചുമതലക്കാരനായിരുന്ന ടി എൻ ഗോപകുമാർ മുൻകൈയെടുത്ത് ഏഷ്യാനെറ്റിലെ ട്രെയിനികളായ മാധ്യമപ്രവർത്തകരെ ഞങ്ങളുടെ വീട്ടിലയച്ച് വായിച്ചുകൊടുക്കുന്ന ഒരു സംവിധാനവും ഉണ്ടാക്കിയിരുന്നു. ഇന്നും പലരും വഴിയിൽ വച്ച് കാണുമ്പോൾ പി ജിക്ക് വായിച്ചുകൊടുക്കാൻ വന്നിരുന്ന ബാച്ചിൽ ഉണ്ടായിരുന്നുവെന്ന് ഞങ്ങളെ ഓർമിപ്പിക്കാറുണ്ട്.

പക്ഷേ കേൾവി പോയതോടെ എല്ലാം അവസാനിച്ചു. ഒരുതരം നിശ്ചലത അച്ഛന് അനുഭവപ്പെട്ടിരിക്കാം. ഞങ്ങൾ പല മാർഗങ്ങളും പരീക്ഷിച്ചു. കുറച്ചു നാളായി അച്ഛൻ ലെൻസ് ഉപയോഗിച്ചാണ് വായിച്ചിരുന്നത്. കൂടുതൽ മികച്ച ലെൻസുകളും ഉപകരണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കൊണ്ടുവന്നു നോക്കിയെങ്കിലും ഫലം ഉണ്ടായില്ല. 84 വയസ്സായ ഒരാൾക്ക് കാഴ്‌ചയില്ലെന്നും കേൾവിയില്ലെന്നും പറയുമ്പോൾ ഡോക്ടർമാർ അതൊക്കെ വർധക്യസഹജമെന്നല്ലേ കണക്കാക്കൂ.


ശൂന്യമായ ഭാവത്തിൽ വീടിന്റെ വരാന്തയിൽ പുറത്തേക്ക് നോക്കിയിരിക്കുന്ന അച്ഛന്റെ അവസ്ഥ ഞങ്ങളെ എല്ലാവരെയും വല്ലാതെ സങ്കടപ്പെടുത്തി. വലിയ അക്ഷരത്തിൽ എഴുതിക്കാണിക്കുകയും ആംഗ്യഭാഷയിലൂടെ സംസാരിക്കുകയും വേണ്ടി വന്നു. വായന അസാധ്യമായിരുന്നു. വായിക്കാൻ കഴിയില്ലെങ്കിൽ മരിക്കുകയാണ് ഭേദം എന്ന് വളരെ നിസ്സംഗമായി അച്ഛൻ ഒരിക്കൽ പറഞ്ഞു. അക്ഷരങ്ങളില്ലാത്ത ലോകം അച്ഛന് മരണതുല്യം തന്നെയാണ്.

പല ഡോക്ടർമാരെയും കാണുന്നതിനിടയിൽ ഇഎൻടി സ്‌പെഷ്യലിസ്റ്റ് ഡോ. ജോൺ പണിക്കരെയും കണ്ടു. മുമ്പും അച്ഛനെ ചികിത്സിച്ചിട്ടുള്ള ഡോക്ടറാണ്. അദ്ദേഹം പരിശോധനകൾക്ക് ശേഷം ഒരു മരുന്ന് നൽകി. അതൊരു പഴയ തലമുറ മരുന്നാണെന്ന് ഞങ്ങൾ മനസ്സിലാക്കി. നമുക്കൊരു പരീക്ഷണം നടത്താമെന്ന് ഡോക്ടർ പറഞ്ഞു. ഇപ്പോഴും മരുന്നിന്റെ പേര് മറക്കാനാവില്ല‐ സൈക്ലോസ്‌പാസ്മോൾ. മാസങ്ങൾക്ക് ശേഷം ഒരുദിവസം കട്ടിലിൽ കിടക്കുന്ന അച്ഛൻ മേലേക്ക് നോക്കി പറഞ്ഞു, "എനിക്കെന്തോ ഒരു മൂളൽ കേൾക്കാൻ കഴിയുന്നു' എന്ന്. ഫാനിന്റെ ശബ്ദമായിരുന്നു അത്. ഞങ്ങൾ സന്തോഷംകൊണ്ട് അക്ഷരാർഥത്തിൽ തുള്ളിച്ചാടി. അച്ഛൻ കുറേശ്ശെ ശബ്ദം കേട്ടുതുടങ്ങി. ഡോക്ടർ കൊടുത്ത പുതിയതരം ഹിയറിങ് എയ്ഡ് കേൾവിക്ക് കൂടുതൽ സഹായിച്ചു.

അത്യാവശ്യം വായിച്ചു കേൾക്കാമെന്നായപ്പോൾ ഇഷ്ടമുള്ളതൊക്കെ അച്ഛന് വീണ്ടും വായിച്ചു കേൾപ്പിച്ചു തുടങ്ങി. വീടിന്റെ മുകളിലത്തെ നിലയിലെ അച്ഛന്റെ സ്വകാര്യ ഗ്രന്ഥശേഖരത്തിൽനിന്നും ചില പുസ്‌തകങ്ങൾ ആവശ്യപ്പെടും. ഇന്ന ഷെൽഫിലെ ഇന്ന തട്ടിലുള്ള ഇന്ന ബുക്ക്‌ എന്ന് അച്ഛൻ കൃത്യമായി പറയും. അച്ഛന്റെ ലാളനകൾ ഏറ്റുവാങ്ങിയ ഇരുപതിനായിരത്തിൽ അധികം പുസ്‌തകങ്ങളുള്ള ആ ലൈബ്രറി ഞങ്ങൾ നിധിപോലെ കാത്തുസൂക്ഷിക്കുന്നു.

പി ജിയും ഭാര്യ രാജമ്മയുംപി ജിയും ഭാര്യ രാജമ്മയും

2011‐ലാണ് അച്ഛന് മറ്റു ചില രോഗലക്ഷണങ്ങൾ ആരംഭിച്ചത്. കയ്യിലും മറ്റും രക്തം കട്ടപിടിച്ചപോലെ കണ്ടുതുടങ്ങി. മുപ്പതു വർഷത്തോളമായ പ്രമേഹം ഉയർന്ന തോത് കാണിച്ചുകൊണ്ടിരുന്നു. ഇൻസുലിൻ പോലും പഞ്ചസാരയുടെ അളവ് കുറയ്‌ക്കാത്ത പോലെയായി. രക്താർബുദം ആണോയെന്ന് പോലും സംശയിച്ചു. ഒടുവിൽ 2012 മാർച്ചിൽ ലിവർ സിറോസിസ് ആണെന്ന് സ്ഥിരീകരിച്ചു. മദ്യം പോയിട്ട് വീഞ്ഞോ കൊക്കകോളയോ പോലും കുടിച്ചിട്ടില്ലാത്തയാളാണല്ലോ അച്ഛനെന്ന് ഞങ്ങൾ വ്യാകുലപ്പെട്ടു. അച്ഛനോട് കാര്യം പറഞ്ഞപ്പോൾ ചെറുപുഞ്ചിരിയോടെ അച്ഛന്റെ പ്രതികരണം "കള്ളു കുടിയന്മാരുടെ അസുഖമാണല്ലോ'യെന്നായിരുന്നു. മദ്യപാനം അച്ഛന് ഒട്ടും അംഗീകരിക്കാൻ കഴിയാത്ത ഒരു സ്വഭാവദൂഷ്യം ആയിരുന്നു. കള്ളു കുടിച്ചിട്ട് അസംബന്ധം പറയുന്നവർക്ക് നേരെ ശബ്ദം ഉയർത്തി കയർക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. അച്ഛന്റെ രണ്ട് അനിയന്മാരും അനിയത്തിയും കരൾരോഗ ബാധിതരായിരുന്നു. പാരമ്പര്യരോഗമാകാം എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.


അച്ഛന് പക്ഷേ യാതൊരു കൂസലും ഉണ്ടായിരുന്നില്ല. കരൾ രോഗത്തിന്റെ എല്ലാ അസ്വസ്ഥതകളും വേദനകളും പരവേശവും ഒരു വർഷത്തോളം അച്ഛനെ അലട്ടി. മാസങ്ങളോളം ആശുപത്രിയും വീടുമായി കഴിയേണ്ടിവന്നു. എ കെ ജി സെന്ററിൽ പോകണമെന്ന അച്ഛന്റെ ആഗ്രഹം നടക്കാതെ പോയി.

ബന്ധുക്കളും സഖാക്കളും സുഹൃത്തുക്കളും നിരന്തരം സന്ദർശിച്ചിരുന്നത് അച്ഛന് ഇഷ്ടമായിരുന്നു; ഞങ്ങൾക്കും. ആരും വരാത്ത ദിവസങ്ങളിൽ അച്ഛനെ എല്ലാവരും മറന്നുതുടങ്ങിയോയെന്നു ഞങ്ങൾ ആശങ്കപ്പെട്ടു. പക്ഷേ ഞങ്ങളുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് തെളിയിച്ചുകൊണ്ട്, ഞങ്ങളെ ആശ്വസിപ്പിച്ചുകൊണ്ട്, അച്ഛനെ സ്‌നേഹിക്കുന്നവർ വന്നുകൊണ്ടിരുന്നു. എല്ലാ രാഷ്‌ട്രീയ കക്ഷികളിലുംപെട്ടവരും മതമേലധ്യക്ഷന്മാരും സംസ്‌കാരികപ്രവർത്തകരും സന്ദർശകരിൽ ഉൾപ്പെട്ടു. അഭിമുഖങ്ങൾക്ക് വേണ്ടിയും അവതാരികകൾക്ക് വേണ്ടിയും അവസാനം വരെയും അച്ഛനെ സമീപിക്കുന്നവർ ഏറെയുണ്ടായിരുന്നു.


കഴിയാവുന്നിടത്തോളം അച്ഛൻ എല്ലാവരുമായും സഹകരിച്ചു. വളരെ അനുസരണയുള്ള രോഗിയായിരുന്നു അച്ഛൻ. തന്റെ അറിവും പാണ്ഡിത്യവുമൊന്നും അച്ഛൻ പ്രകടിപ്പിച്ചില്ല. ഊണും ഉറക്കവും ഉൾപ്പെടെ ഏതാണ്ട് പൂർണമായും അച്ഛന്റെ ഒപ്പം ഞാൻ ജീവിച്ച നാളുകളായിരുന്നു അത്. ഞാൻ പറയുന്നതെല്ലാം ചെറിയ കുട്ടിയെപ്പോലെ അച്ഛൻ അനുസരിച്ചു. കൊടുക്കുന്ന മരുന്നെല്ലാം കഴിച്ചു. ഭക്ഷണം കഴിക്കാനായിരുന്നു ബുദ്ധിമുട്ട്. എങ്കിലും അച്ഛൻ പരമാവധി സഹകരിച്ചു. ഇടയ്‌ക്കിടെയുള്ള ആശുപത്രിവാസത്തിൽ നഴ്സുമാർക്ക് അച്ഛൻ ഒരു അത്ഭുതമായിരുന്നു. രാവിലെ നിർബന്ധമായും പത്രം വായിച്ചുകേൾക്കുമ്പോൾ അവർ അത്ഭുതപ്പെടും, ""അച്ചാച്ചൻ പത്രം ഒക്കെ വായിക്കുവാണല്ലോ!'' അച്ഛൻ ആരാണെന്നോ അച്ഛന്റെ അക്ഷരപ്രേമമെന്താണെന്നോ ചെറുപ്പക്കാരായ നഴ്സുമാർക്ക് അറിയില്ലല്ലോ.

2012 നവംബർ 13ന് ഒരു പുസ്‌തകപ്രകാശനം വീട്ടിൽ നടന്നു. ഡോ. എ എം വാസുദേവൻ പിള്ളയുടെ "മടക്കം' എന്ന നോവലാണ് അച്ഛൻ പ്രകാശനം ചെയ്‌ത എണ്ണമറ്റ പുസ്‌തകങ്ങളിൽ ഒടുവിലത്തേത്. ചടങ്ങിന്റെ ഭാഗമായി വിതരണം ചെയ്‌ത ലഡ്ഡു ഒരു കഷ്‌ണം അച്ഛൻ കഴിച്ചു. മധുരപ്രിയനായ അച്ഛൻ ഏറ്റവും ഒടുവിൽ കഴിക്കുന്നത് ആ ലഡ്ഡു ആകുമെന്ന് ഞങ്ങൾ കരുതിയില്ല. അന്ന് ഉച്ചയോടെ അച്ഛന്റെ അസ്വസ്ഥതകൾ വർധിക്കുകയും ആശുപത്രിയിൽ പോവുകയും ചെയ്‌തു. എല്ലാ തവണയുമെന്നപോലെ മടങ്ങിവരുമെന്നായിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചത്. പക്ഷേ ഞങ്ങളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരുന്നു. തീവ്രപരിചരണ യൂണിറ്റിൽ വച്ചുതന്നെ "ഹെപ്പാറ്റിക് കോമ' എന്ന അവസ്ഥയിലേക്ക് അച്ഛൻ മാറി. മുറിയിലേക്ക് അച്ഛനെ മാറ്റണമെന്ന ഞങ്ങളുടെ ആവശ്യം ഡോക്ടർമാർ സമ്മതിച്ചു. സുഖകരമായ നിദ്രയിലെന്നപോലെ അച്ഛൻ ഒമ്പത് ദിവസം കിടന്നു. സ്‌നേഹിക്കുന്നവരെല്ലാവരും അച്ഛനെ കാണാൻ വന്നു.

പി ജിയും ഭാര്യ രാജമ്മയും. ആദ്യകാല ചിത്രം

നവംബർ 12ന്‌ സന്ധ്യമുതൽ ശ്വാസഗതി വേഗത്തിലായിത്തുടങ്ങി. ചുണ്ടിൽ തൊട്ടുവച്ച വെള്ളം അച്ഛൻ കുടിച്ചു. അച്ഛനെ കാണാൻ വന്ന ഡോ. ജ്യോതി ദേവിന്റെ ഭാര്യ സുനിതയാണ് എന്നോട് വെള്ളം കൊടുക്കാൻ പറഞ്ഞത്. അതൊരു ആചാരമാണെന്നേ ഞാൻ കരുതിയുള്ളൂ. അടുത്തിരുന്ന മിനറൽ വെള്ളം പഞ്ഞിയിലെടുത്തു ചുണ്ടിൽ ഉറ്റിച്ചപ്പോൾ അച്ഛൻ വേഗത്തിലത് കുടിച്ചിറക്കുന്നത് അമ്പരപ്പോടെ ഞാൻ കണ്ടു. അച്ഛന് നന്നായി ദാഹിക്കുന്നുണ്ടായിരുന്നു. ഏതാനും നിമിഷങ്ങൾക്കകം അച്ഛൻ നിശ്ചലനായി. ഇനി അച്ഛൻ ഒപ്പമുണ്ടാവില്ലെന്ന സത്യം ഞങ്ങൾ തിരിച്ചറിഞ്ഞു. രോഗശയ്യയിൽ കിടക്കുമ്പോഴും അച്ഛൻ എന്നും പോകണമെന്ന് ആഗ്രഹിച്ചുകൊണ്ടിരുന്ന എ കെ ജി സെന്ററിൽ ആയിരങ്ങൾ അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തി. അച്ഛൻ ആരെയും കണ്ടില്ല. ശാന്തനായി ഉറങ്ങുകയായിരുന്നു. ഒരിക്കലും ഉണരാത്ത ഉറക്കം .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home