കവർസ്റ്റോറി
കഥ പറയാനായുമ്പോള്‍

മധുപാൽ
Published on Jan 05, 2026, 04:14 PM | 6 min read
2005‐ലെ മലപ്പുറം സിപിഐ എം സംസ്ഥാന സമ്മേളനത്തിലെ പ്രസ് ബ്രീഫിങ്. പത്രക്കാരിലാരോ ഒരാള്‍ ബ്രീഫിങ് നടത്തുന്ന കോടിയേരി ബാലകൃഷ്‌ണനോട് ചോദിക്കുന്നു, സഖാവേ, എല്ലാത്തരത്തിലും ജനാധിപത്യപ്രക്രിയകളില്‍ അങ്ങേയറ്റം ഇടപെട്ടുകൊണ്ടിരിക്കുന്ന സിപിഐ എമ്മില്‍ എന്തിനാണിങ്ങനെയൊരു സംഘടനാപരമായ രഹസ്യസ്വഭാവം? അപ്പോള്‍ കോടിയേരിയുടെ മറുപടി, ഇതൊരു വിപ്ലവ പാർടിയാണ്. ആ നിലയ്‌ക്ക് എപ്പോഴാണ് ഒരു സാഹചര്യം വന്ന് പാർടി അണ്ടർഗ്രൗണ്ടില്‍ പോകേണ്ടതെന്ന് പറയാനാവില്ല. അപ്പോ രഹസ്യസ്വഭാവം കുറേയൊക്കെ വേണ്ടേ... അപ്പോഴാരോ ഉച്ചത്തില്‍ പറയുന്നു: ഇത് സന്ദേശം എന്ന സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കമ്യൂണിസ്റ്റുകാരന്‍ പറയുന്നതുപോലെയുണ്ടല്ലോ. ആ കഥാപാത്രം ഇടയ്‌ക്കിടയ്‌ക്ക് പറയുന്നുണ്ട്, എപ്പോഴാണൊളിവില്‍ പോകേണ്ടതെന്ന് പറയാന്‍ പറ്റില്ലല്ലോ. ആ നിമിഷം കോടിയേരിയുള്‍പ്പെടെ ഒരു കൂട്ടച്ചിരിയില്‍ മുങ്ങിത്താഴുന്നു. ശ്രീനിവാസന്റെ മൊഴി കോടിയേരിയുടെ മറുപടിയുമായി കലര്‍ന്നപ്പോള്‍ ഒരേസമയം അതൊരു നർമവേളയും അതിതീവ്രമായ ചില ഓർമപ്പെടുത്തലുകളുമായി അവിടെ കൂടിയ ചിലര്‍ക്കെങ്കിലും അനുഭവപ്പെട്ടു. അത് ശ്രീനിവാസന്‍ എന്ന ചലച്ചിത്രകാരന്റെ നർമത്തില്‍ ചാലിച്ച ഇടപെടലുകളുടെ ജനകീയപ്രതിരൂപമാണ്. (ശ്രീനിവാസന്‍ ഒരു പുസ്‌തകം. വിനു എബ്രഹാം എഡിറ്റ് ചെയ്‌തതിലെ ആമുഖത്തില്‍ നിന്ന്)
‘കഥ പറയുമ്പോൾ’
ഫോട്ടോ: ജയപ്രകാശ് പയ്യന്നൂർ
ഇതൊരു പൊള്ളയായ വെറും സംഭവമല്ല. ഇതുപോലെ പലതും ജീവിതത്തില്‍ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇനി സംഭവിക്കുവാന്‍ പോകുന്നതിനെയും കാണാനും അറിയാനുമുള്ള ഒരു ദര്‍ശനമാണ്. പറഞ്ഞുതീര്‍ന്നതെന്ന് അവസാനിച്ചാലും അതിനുള്ളിലും ഒരു പുതിയ രഹസ്യമുണ്ട്. അത് കണ്ടെത്തുകയാണ് ആ ദര്‍ശനത്തിലൂടെ അനുഭവിപ്പിക്കുന്നത്. സാമൂഹികവും രാഷ്‌ട്രീയവുമായ ഏതൊരു കാര്യവും പറയേണ്ട സമയത്ത് പറയുവാനും അതിനായി കാഴ്‌ചയൊരുക്കുവാനും ശ്രീനിവാസന്‍ എന്ന എഴുത്തുകാരന് സാധിച്ചിരുന്നു. രാജ്യവും രാജാവും പ്രജകളും നേരിടുന്ന ഏതൊരവസ്ഥയെയും അതിരൂക്ഷമായി വിമര്‍ശിക്കുവാന്‍ നർമത്തേക്കാള്‍ ഫലപ്രദമായ മൂര്‍ച്ചയുള്ള ഒരായുധം വേറെയില്ലെന്നറിഞ്ഞ കുഞ്ചന്‍ നമ്പ്യാര്‍ തുള്ളലിലൂടെയും, ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയും അക്കാലത്തെ ലോകത്തിന്റെ ചലനങ്ങളെ അതിരസകരമായി സാഹിത്യത്തിലൂടെ അവതരിപ്പിച്ച സഞ്ജയനും ഹാസ്യരചനകള്‍കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അധികാരത്തിന്റെ ഇടനാഴികളിലെ രാഷ്‌ട്രീയ നാടകങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ നിരീക്ഷിച്ച വി കെ എന്നിനും ഉണ്ടായിരുന്ന ആര്‍ക്കും ഒഴിച്ചെടുപ്പിക്കുവാൻ പറ്റാത്ത സ്ഥാനമായിരുന്നു ചലച്ചിത്രമേഖലയില്‍ ശ്രീനിവാസന്‍ എന്ന സമ്പൂർണ കലാകാരനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ സിനിമകളും കഥാപാത്രങ്ങളും കാലങ്ങള്‍ കഴിഞ്ഞാലും ജനമനസ്സുകളില്‍ ചിരഞ്ജീവികളായിരിക്കും. അതിനാല്‍ കലാപ്രവര്‍ത്തനങ്ങളിലൂടെ, കലയിലൂടെ അമരത്വം നേടിയ മഹാമനുഷ്യനാണ് ശ്രീനിവാസന്‍.
രാഷ്‌ട്രീയത്തെയും രാഷ്‌ട്രീയക്കാരെയും സിനിമയിലും അഭിമുഖങ്ങളിലും കൃത്യമായി വിമര്‍ശിച്ചുകൊണ്ടിരുന്ന ശ്രീനിവാസന്‍ കക്ഷിരാഷ്‌ട്രീയഭേദമന്യേ അവരെ മുഴുവനും ചേര്‍ത്തുനിര്‍ത്തിയിരുന്നു. ആരോടും വ്യക്തിവൈരാഗ്യമില്ലാതെ തുറന്ന മനസ്സുമായി അവരോട് വര്‍ത്തമാനം പറഞ്ഞിരുന്നു. ഒരിക്കല്‍ ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു, രാഷ്‌ട്രീയക്കാരെ പരിഹസിക്കാം, വിമര്‍ശിക്കാം. പക്ഷെ സമൂഹത്തില്‍, നാട്ടില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പരിഹരിക്കുവാനും ആശ്വസിപ്പിക്കുവാനും അവര്‍ തന്നെ വേണം, അവര്‍ മാത്രമേ കാണൂ.
കാലത്തെ അതിജീവിക്കുന്ന രാഷ്‌ട്രീയ വിമര്‍ശനങ്ങളായിരുന്നു ശ്രീനിവാസന്റെ കഥകളിലും തിരക്കഥകളിലും സംഭാഷണങ്ങളിലും നിറഞ്ഞുനിന്നിരുന്നത്. അതത് കാലത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളും നടപ്പുസംഭവങ്ങളും അതിന്റെയാഴത്തിലേക്കിറങ്ങിച്ചെന്ന് അതിന്റെ പ്രത്യയശാസ്‌ത്രത്തെ മുഴുവനായി മനസ്സിലാക്കിക്കൊണ്ടായിരുന്നു ആ എഴുത്തുരീതി. അതുകൊണ്ടുതന്നെ അതൊരിക്കലും പാഴ്‌ചിന്തകളായിരുന്നില്ല. മൂര്‍ച്ചയേറിയ അസ്‌ത്രങ്ങള്‍ക്ക് തുല്യമായിരുന്നു. അത് കൊള്ളേണ്ടിടത്ത് കൊള്ളുകയും അതേറ്റവര്‍ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചെയ്‌തിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ആധുനികകാലത്തെ സാമൂഹിക സാഹചര്യങ്ങളിൽ പോലും ആ വാചകങ്ങള്‍ എടുത്തുപയോഗിക്കുന്ന തലമുറയുണ്ടാവുന്നത്. പറയാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെങ്കില്‍ അത് അനാദിയായി നിലനിൽക്കും. തിരക്കഥയെഴുത്തിന്റെ സമയങ്ങളില്‍ ആ കൃത്യത ശ്രീനിവാസനുണ്ടായിരുന്നു. പുതിയ തലമുറക്കുട്ടികള്‍ അതില്‍നിന്നും പ്രചോദനം കൊണ്ടാണ് ഇന്നും നടക്കുന്ന ഓരോ കാര്യങ്ങൾക്കും ട്രോളുകളും മീമുകളും നിർമിക്കുന്നത്. ഏതൊരു തലമുറയുമായി അതിനു കണക്ട് ചെയ്യാനാവും എന്നുതന്നെയാണ് ആ എഴുത്തിന്റെ മർമം.
‘ഉദയനാണ് താര’ത്തിൽ മീനയും ശ്രീനിവാസനും
നിലപാടുകള്‍ തുറന്നുപറയുവാനും പ്രതികരിക്കുവാനുമുള്ള ഒരു മനോധൈര്യം ശ്രീനിവാസനുണ്ടായിരുന്നു. ഏറ്റവും വലിയ തത്വചിന്ത ഹാസ്യമാണെന്നും ഏറ്റവും ഉത്കൃഷ്ടമായ മതം നര്‍മമറിഞ്ഞ ചിരിയുമാണെന്ന് ശ്രീനിവാസനെ അടുത്തറിയുമ്പോള്‍ അനുഭവിച്ചിരുന്നു. ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥതയാണ് ശ്രീനിവാസനെ എന്നും വിജയത്തോടൊപ്പം ചേര്‍ത്ത് നിര്‍ത്തുന്നത്. ആത്മാവിനെ വഞ്ചിച്ചുകൊണ്ട് ഒരു വരിപോലും ശ്രീനിവാസന്‍ എഴുതിയിട്ടില്ല. എഴുതാന്‍ കഴിയില്ല, കാരണം അത്രമേല്‍ മനുഷ്യജീവിതത്തെ മനസ്സിലാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷകരോട് സംസാരിച്ചിട്ടുള്ളത്. സത്യമല്ലാത്തതൊന്നും നിലനിൽക്കുകയില്ല എന്നൊരു പൂര്‍ണബോധ്യം ആ എഴുത്തിലുണ്ടായിരുന്നു. പറയുന്ന വാക്കും എഴുതുന്ന വാചകവും അറിയുന്ന അനുഭവവും അത്രമേല്‍ ഉറപ്പുണ്ടെങ്കില്‍ മാത്രമേ ആ തൂലിക ചലിക്കുകയുള്ളൂ.
‘തലപ്പാവ്’ സിനിമ ചെയ്‌തുകഴിഞ്ഞ് അതിനു സംസ്ഥാന പുരസ്‌കാരം കിട്ടിയ ഒരു ദിവസമാണ് ‘പാസഞ്ചര്‍’ എന്ന സിനിമയുടെ നിര്‍മാതാവ് എസ് സി പിള്ള സാറും ശ്രീനിയേട്ടന്റെ സന്തതസഹചാരിയായ ശങ്കരന്‍കുട്ടി ചേട്ടനുംകൂടി എന്റെ വീടുതേടിവന്നത്. ‘പാസഞ്ചര്‍’ നല്ലരീതിയില്‍ പോയതുകൊണ്ട് അവര്‍ക്ക് ശ്രീനിവാസന്‍ ഒരു പുതിയ സിനിമ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. അതിനൊരു കഥയും മറ്റും വേണമെന്നും ശ്രീനിവാസനാണ് എന്നെ കാണാന്‍ പറഞ്ഞതെന്നും അവര്‍ സൂചിപ്പിച്ചു.
‘‘എത്രയും പെട്ടെന്ന് മധുപാല്‍ ശ്രീനിവാസനെ കാണണം.’’ ശങ്കരന്‍കുട്ടി ചേട്ടന്‍ നിർബന്ധിച്ചിട്ട് നമ്പര്‍ തന്നു.
‘‘ശ്രീനിയേട്ടന് പറ്റുന്ന ഒരു കഥയൊന്നും എന്റെ കയ്യില്‍ ഇല്ല പിള്ള സാറേ...’’
‘‘അതൊക്കെ ശ്രീനിവാസന്‍ തീരുമാനിക്കും. നിങ്ങളൊന്ന് കാണൂ.’’
ഞാന്‍ ശ്രീനിയേട്ടന്റെ മുഴുവന്‍ സിനിമകളും ഇരുന്നു കണ്ടു. ഓരോ സിനിമയും നമ്മളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുന്നു. ജീവിക്കുന്ന ഏത് മേഖലയിലും അതില്‍ കാണുന്ന തെറ്റായ പ്രവണതകളെ വിമര്‍ശിക്കുന്ന ചലച്ചിത്രങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്‌ത ഈ മഹാമനുഷ്യനോട് ഏത് കഥയാണ് പറയുകയെന്നോര്‍ത്ത് ഞാന്‍ ശ്രീനിയേട്ടനെ വിളിക്കാതെ മാറിനടന്നു. കാണുമ്പോഴൊക്കെ പിള്ള സാര്‍ ശ്രീനിയേട്ടനെ വിളിച്ചോ എന്ന് ചോദിച്ചു. കിട്ടിയില്ല എന്ന് മറുപടി പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഒരുനാള്‍ ശ്രീനിയേട്ടന്‍ എന്നെ വിളിച്ചു. നമ്പര്‍ കണ്ടതും വിളിച്ചപ്പോഴൊന്നും കിട്ടിയില്ല, ശ്രീനിയേട്ടന്‍ എടുത്തില്ല എന്നൊരു കള്ളം പറയാമെന്ന് കരുതി ഞാന്‍ ഫോണെടുത്തു. ഹലോ ശ്രീനിയേട്ടാ എന്ന് പറഞ്ഞതും ഉച്ചത്തിലൊരു ചിരിയായിരുന്നു കേട്ടത്. എന്നിട്ട് പറഞ്ഞു. ‘‘മധുപാലിപ്പൊ ഒരു കള്ളം പറയും എന്നെനിക്കറിയാം. വിളിച്ചു, കിട്ടിയില്ല എന്നു പറയാനല്ലേ തീരുമാനിച്ചത്. നിങ്ങൾ വിളിച്ചിട്ടുണ്ടെങ്കില്‍ എന്റെ ഫോണില്‍ നിങ്ങളുടെ നമ്പര്‍ കാണുമായിരുന്നു. അപ്പോള്‍ എപ്പോഴാണ് നമ്മള്‍ കാണുന്നത്..?’’ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. നാളെ വരാം എന്നൊരു മറുപടിയില്‍ ഫോണ്‍ വച്ചു.
എറണാകുളത്തെ കടവന്ത്രയിലുള്ള ഫ്ളാറ്റില്‍ ചെന്നു കയറുമ്പോഴും അതേ ഉച്ചത്തിലുള്ള ചിരി. നുണപറഞ്ഞ് ആളെ പറ്റിക്കാമെന്ന ഒരു ചിന്ത മനസ്സില്‍പോലും ഉണ്ടാവരുതെന്ന് അന്ന് തീരുമാനിച്ചു. ഏത് കാര്യമായാലും പറയാനുള്ളത് പറഞ്ഞുതീര്‍ന്നാല്‍ പിന്നെയൊന്നിനെയും ഭയപ്പെടേണ്ടതില്ലായെന്ന ഒരു പാഠം പഠിച്ചു. ആ ഇരുപ്പില്‍ ശ്രീനിയേട്ടന്റെ ‘വടക്കുനോക്കിയെന്ത്ര’ത്തെക്കുറിച്ചായിരുന്നു ഞാന്‍ പറഞ്ഞത് മുഴുവനും. വിന്ധ്യനായിരുന്നു ആ സിനിമയൊരുക്കിയത്. തൃശൂരില്‍ ഉണ്ടായിരുന്ന നാളുകളില്‍ വിന്ധ്യനും അജയഘോഷും എം ഡി ആറുമൊക്കെയൊരുമിച്ച് നിൽക്കുന്ന സമയത്തായിരുന്നു ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയുണ്ടാവുന്നുണ്ടെന്ന് വിന്ധ്യന്‍ പറഞ്ഞത്. പാലക്കാടാണ് ഷൂട്ടിങ്. തുടങ്ങുന്നതിനുമുന്നേ ലൊക്കേഷനിലെത്തുകയും ശ്രീനിയേട്ടനെ കാണുകയും ചെയ്‌തു. കഥമാത്രം ഉള്ളില്‍ വച്ച് തിരക്കഥ പൂര്‍ണമാകാതെ ഒരു സിനിമയുണ്ടാവുന്നത് അറിഞ്ഞു. അസാമാന്യമായ ചങ്കൂറ്റത്തിന്റെ ആ കഥ ശ്രീനിയേട്ടനോട് പറഞ്ഞപ്പോഴും ആ ചിരിയുയർന്നു. ആ മനസ്സുള്ളതുകൊണ്ടായിരുന്നു ഒരു വര്‍ഷം ഒമ്പത് സിനിമകള്‍ക്ക് തിരക്കഥയൊരുക്കുകയും പതിനഞ്ചോളം സിനിമകളില്‍ അഭിനയിക്കുകയും ചെയ്‌തത്. ആഴക്കടലില്‍ കൊതുമ്പുവള്ളവുമായി പോകുന്ന അത്ഭുതമാണത്. എന്നിട്ട് കിട്ടുന്നതോ കൊമ്പന്‍ സ്രാവും. അതായിരുന്നു ശ്രീനിയേട്ടന്‍.
ശ്രീനിവാസന്റെ നാടകകാലത്ത് തൃക്കരിപ്പൂർ പ്രൊഫഷണൽ നാടകവേദി അംഗങ്ങൾക്കൊപ്പം.
നിൽക്കുന്നവർ: പാട്യം ശ്രീനിവാസൻ, രമേശൻ തൃക്കരിപ്പൂർ, ബാലകൃഷ്‌ണൻ. ഇരിക്കുന്നവർ: (ഇടത്തുനിന്ന്) ഗോവിന്ദപ്പൊതുവാൾ, രവീന്ദ്രനാഥ് മാണിയാറത്ത്, രാമകൃഷ്‌ണൻ
ഇമേജ് റെസ്റ്റോറേഷൻ: യശ്വന്ത്
രാജീവ് അഞ്ചലിന്റെ ‘മെയ്ഡ് ഇന്‍ യുഎസ്എ’യുടെ തിരക്കഥയെഴുത്തിന്റെ കാര്യവും ആ വര്‍ത്തമാനത്തില്‍ വന്നു. അമേരിക്കയിലെ അൽബുക്കര്‍ക്കിയിൽ നാൽപ്പത്തിയഞ്ച് ദിവസത്തോളം ശ്രീനിയേട്ടനോടൊപ്പമിരുന്ന് തിരക്കഥയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതിന്റെ കാര്യങ്ങളറിഞ്ഞു. അന്ന് ശ്രീനിയേട്ടന്‍ പറഞ്ഞു: സിനിമയ്‌ക്ക് കഥയെഴുതുമ്പോള്‍ ഞാന്‍ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തികളെ മാത്രമേ മാതൃകയായി സ്വീകരിച്ചിട്ടുള്ളൂ. നമുക്ക് അപരിചിതമായ ഒരാളെ കഥാപാത്രമാക്കുമ്പോള്‍ നമ്മളൊരുപാട് കഷ്ടപ്പെടേണ്ടിവരും. അറിയാത്ത ഒരു കാര്യവും ചെയ്‌താല്‍ ശരിയാവില്ല. എന്റെ മുന്നില്‍ ജീവിതം അങ്ങനെ നീണ്ടുനിവര്‍ന്ന് കിടക്കുവല്ലേ... വേറെയെങ്ങോട്ടും എനിക്ക് നോക്കേണ്ടിവന്നിട്ടില്ല. എന്റെ അച്ഛന്‍ തന്നെ ഒരു നല്ല മാതൃകയാണ്. അധ്യാപകനും കമ്യൂണിസ്റ്റുമായ അച്ഛനു നാട്ടിലെ ജന്മിമാരോട് കേസ് നടത്തുന്നതായിരുന്നു പ്രധാന ഹോബി. ഒരുവിധം ജീവിക്കാനുള്ള അവസ്ഥയുണ്ടായിട്ടും കേസും കൂട്ടവും കാരണം വീട്ടില്‍ ദാരിദ്ര്യമായി. ഞങ്ങള്‍ മക്കള്‍ സ്വാദോടെ ആഹാരം കഴിച്ചത് അയൽപക്കങ്ങളില്‍ നിന്നായിരുന്നു. ‘സന്മനസുള്ളവര്‍ക്ക് സമാധാനം’ എന്ന ചിത്രത്തില്‍ വക്കീലിനെ നിയമം പഠിപ്പിക്കുന്ന ഗോപാലകൃഷ്‌ണപ്പണിക്കരെ ഞാനെഴുതിയത് അച്ഛനെക്കണ്ടായിരുന്നു. ‘ഉദയനാണ് താര’ത്തില്‍ മോഹൻലാല്‍ സലീം കുമാറിനോട് പറയുന്ന ഒരു വാചകമുണ്ട്, നീ ഇപ്പോ ഇരുന്നില്ലെങ്കില്‍ ഈ ഷൂട്ടിങ് കഴിയുന്നതുവരെ നിൽക്കേണ്ടിവരും. ജീവിതത്തില്‍ പലപ്പോഴായി കണ്ട ഒരവസ്ഥയാണത്. ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ അനുഭവിച്ചുതീര്‍ക്കേണ്ട കാര്യങ്ങള്‍ സമയാസമയങ്ങളില്‍ അതിനനുസരിച്ച് ചെയ്യാനായില്ലെങ്കില്‍ ജീവിതത്തിനു ഒരു തുടര്‍ച്ചപോലുമുണ്ടാവില്ല. ഒാരോ നിമിഷവും സത്യമായി സംഭവിക്കുന്നത് ചെയ്യുന്ന കർമങ്ങളിലാണ്. ഒരിക്കല്‍ വീണുപോയാല്‍ പെട്ടെന്നെഴുന്നേൽക്കാന്‍ ശ്രമിക്കാതെയിരുന്നാല്‍ പിന്നീടൊരിക്കലും ആ കിടപ്പില്‍നിന്നും ഉയരാനാവില്ല.
മണ്ണില്‍ ചവിട്ടിനിന്ന് ചുറ്റും നോക്കിയാല്‍ നിരവധി സംഭവങ്ങള്‍ കാണാന്‍ കഴിയും. അത് കാണാനുള്ള കണ്ണുണ്ടാവണം. എത്ര ഉയരത്തില്‍ ആകാശംമുട്ടെ പൊങ്ങിയാലും ജീവിക്കുവാന്‍ താഴേക്കിറങ്ങി വരണം, ഏതൊരു കയറ്റത്തിനും ഒരിറക്കമുണ്ടാവും. താഴെ വന്നുനിന്ന് ഇടപെടുമ്പോള്‍ മാത്രമാണ് ആള്‍ക്കൂട്ടത്തിന്റെ സത്യമറിയുന്നത്. ശ്രീനിയേട്ടനോടൊപ്പമിരിക്കുന്ന ഓരോ നിമിഷവും പുതിയ ലോകം കാണുകയാവും. പുതിയ ജീവിതം അനുഭവിക്കുകയായിരിക്കും. ഒരിക്കലും മടുക്കാത്ത, ആവര്‍ത്തിച്ചു കാണാവുന്ന ഒരു ചലച്ചിത്രമാണ് ശ്രീനിയേട്ടന്‍ എന്ന് ഞാനറിഞ്ഞു. ശ്രീനിയേട്ടന്‍ ജനമനസ്സുകളിലെ തെറ്റും ശരിയും നന്മയും തിന്മയും സത്യവും അസത്യവും സങ്കടവും സന്തോഷവും കാഴ്‌ചയും അന്ധതയും തിരിച്ചറിഞ്ഞിട്ടുള്ളവനാണ്. ഈ പെരുമഴയിലും എന്റെ കണ്ണുനീര്‍ ആരും അറിയുകയില്ല എന്നു പറഞ്ഞ മഹാത്മാവിനെപ്പോലെ ഇരുട്ടിലും സങ്കടത്തിന്റെയും വിഷമത്തിന്റെയും നിസ്സഹായതയുടെയും വാക്കുകള്‍ കേള്‍പ്പിക്കുന്ന അത്ഭുതം വിജയന്റെ ശ്യാമള പറഞ്ഞിട്ടുണ്ട്. ശ്രീനിയേട്ടന്റെ നർമത്തിനു പിറകില്‍ ചിരിയും ചിന്തയും മാത്രമല്ല, കണ്ണീരിന്റെ നനവും ഉപ്പുമുണ്ടെന്ന് നമുക്കറിയാം. ശ്രീനിവാസന്റെ എഴുത്തിലുമുണ്ട് പ്രത്യേകമായൊരാന്തരികതലം. പഴയതിലും പുതിയതിലും പൊതിഞ്ഞ ഒരുപാടംശങ്ങള്‍ കലര്‍ത്തിക്കൊണ്ടാണ് ശ്രീനിവാസന്‍ ഒരു കഥ പറയുന്നത്.
പിന്നെയും പലവട്ടം ശ്രീനിയേട്ടനൊപ്പമിരുന്നു. കഥകള്‍ പലതും പലവഴികളിലൂടെ സഞ്ചരിച്ചു. ഒരു കഥയും തൃപ്തിയെന്ന വാക്കില്‍ നിറഞ്ഞില്ല. സിനിമാനടനായ മകനും അയാളുടെ അച്ഛനും തമ്മിലുള്ള ഒരു ജീവിതാവസ്ഥ ഇടയ്‌ക്ക് വന്നു. ‘കഥ പറയുമ്പോള്‍’ എന്ന സിനിമയിലെ അശോക് രാജിന്റെ പൂർവകാലം ഒരു സാധ്യതയാണെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ എഴുതി വന്നപ്പോള്‍ എന്തിനാണിങ്ങനെയൊരു സിനിമ എന്ന് ചോദിച്ചു. അച്ഛനും മകനും തമ്മിലുള്ള ഒരന്തരീക്ഷത്തിലാവാം ഞങ്ങളുടെ സിനിമയ്‌ക്കുള്ള വിഷയം എന്നു തോന്നാന്‍ കാരണം ശരിക്കും ശ്രീനിയേട്ടന്‍ ഏറ്റവും കൂടുതല്‍ പറഞ്ഞിട്ടുള്ളത് അച്ഛനെക്കുറിച്ചായതുകൊണ്ടാണ്. അച്ഛനുമായി തെറ്റിയത്, മിണ്ടാതെ മാറി നടന്നത്, മദ്രാസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവിതാവസ്ഥകള്‍, എത്രതന്നെ അകന്നുനിന്നാലും അതിനിടയില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും ഇടങ്ങള്‍ അനുഭവിച്ചത് പറഞ്ഞിരുന്നു. അങ്ങനെയാണൊരു ദിവസം ജയമോഹന്റെ ‘എന്നിരിക്കിലും’ എന്ന കഥയെക്കുറിച്ച് ശ്രീനിയേട്ടന്‍ പറഞ്ഞത്. തിരുവനന്തപുരത്തെ ഒരച്ഛന്റെയും മകന്റെയും കഥ, അവര്‍ക്കിടയിലെ ജീവിതം എന്ന് പറഞ്ഞായിരുന്നു ആ കഥ വിവരിച്ചത്. ഞാന്‍ ജയമോഹനെ വിളിച്ചുവരുത്തി. നല്ല മഴയുള്ള ഒരു രാത്രിയില്‍ ടെന്നീസ് ക്ലബ്ബിലെ മുറിയിലിരുന്ന് ജയമോഹനും ശ്രീനിയേട്ടനും ഒരുപാട് സംസാരിച്ചു. തെക്കന്‍ തിരുവിതാംകൂറിലെ സാമൂഹിക ജീവിതവും കാലവും ചരിത്രവും അവര്‍ പറഞ്ഞു. ആ കഥയ്‌ക്ക് ഒരു തിരക്കഥയെഴുതുമെന്ന് തീരുമാനിച്ച് ഞങ്ങള്‍ പിരിഞ്ഞു. കുറച്ചുനാളുകള്‍ക്ക് ശേഷം ജയമോഹന്‍ ‘ഒഴിമുറി’ എന്ന് പേരിട്ട തിരക്കഥ എന്നെ ഏൽപ്പിച്ചു. ശങ്കരന്‍ കുട്ടിയേട്ടന്‍ അത് ശ്രീനിയേട്ടനു കൊടുത്തു. പിന്നെ കാത്തിരിപ്പായിരുന്നു. പക്ഷെ ഒരിക്കലും ശ്രീനിയേട്ടന്‍ ഒരു മറുപടി തന്നില്ല. പിള്ള സാര്‍ പലവട്ടം ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. വിളിച്ചപ്പോഴൊക്കെ ആ തിരക്കഥയുടെ കാര്യമൊഴിച്ച് മറ്റൊരുപാട് കാര്യങ്ങള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ചു. ഒടുവില്‍ ഞാനത് വേറെ രീതിയില്‍ ഉപയോഗിച്ചോട്ടെ എന്ന് പിള്ള സാറിനോട് പറയുകയും ‘ഒഴിമുറി’ എന്ന ചിത്രം സംഭവിക്കുകയും ചെയ്‌തു. ആ സിനിമയില്‍ ആദ്യത്തെ പേര് ശ്രീനിയേട്ടനുള്ള നന്ദിയായിരുന്നു. ശ്രീനിയേട്ടനായിരുന്നു ആ സിനിമയ്‌ക്ക് കാരണമായത്. പിന്നീട് സിനിമ കണ്ടപ്പോള്‍ ഞങ്ങളുടെ ഒരു പൊതുസുഹൃത്തിനോട് പറഞ്ഞതും ആ തിരക്കഥയില്‍ അവനൊരു സിനിമ ചെയ്‌തു എന്നായിരുന്നു.
നമുക്കപരിചിതമായ ഒന്നും തന്നെ ആലോചിക്കരുത് എന്ന വാക്കാവാം ശ്രീനിയേട്ടനെ അതില്‍നിന്നും പിന്തിരിപ്പിച്ചത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. അതേ വാക്കുതന്നെയാണ് എനിക്ക് പ്രചോദനമായതും. സിനിമ എഴുതണമെങ്കില്‍ പൂര്‍ണബോധ്യമുണ്ടാവണം. സിനിമയില്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടേണ്ടത് നമ്മളെത്തന്നെയാണ്. ആര്‍ക്കെങ്കിലും വേണ്ടിയുണ്ടാവുന്ന സാഹചര്യങ്ങളുടെ സമ്മർദത്താല്‍ എഴുതിത്തീര്‍ക്കുന്ന പലതും നമ്മളെത്തന്നെ ചതിക്കുമെന്ന് ശ്രീനിയേട്ടന്‍ പറഞ്ഞിട്ടുണ്ട്. നല്ലതല്ലാത്ത ഒരു കഥ നന്നാക്കിയെടുക്കുവാന്‍ പറ്റുമെന്ന് നമ്മളാദ്യം വിശ്വസിപ്പിക്കും. പിന്നെ എഴുതി തുടങ്ങുമ്പോഴാണറിയുക, അതൊരിക്കലും സുഗമമായ ഒരു വഴി സഞ്ചാരമല്ല, ഏതുനിമിഷവും അപകടപ്പെട്ടേക്കുമെന്ന്. ഒരു നൂൽപ്പാലയാത്രയാണിത്, അങ്ങനെയൊരു യാത്ര ഒരിക്കലും ശ്രീനിവാസന്‍ ആവര്‍ത്തിച്ചിട്ടില്ല. ശ്രീനിയേട്ടനൊപ്പം സഹകരിച്ച ഒാരോ മനുഷ്യര്‍ക്കും ശ്രീനിവാസന്‍ എന്ന കലാകാരന്‍ വിഭിന്നനായിരുന്നു. പലവഴികളിലൂടെ നടന്നപ്പോഴും പുതിയ അറിവുകള്‍ മറ്റുള്ളവര്‍ക്കായി പകരുവാന്‍ വഴി പറഞ്ഞുകൊടുത്തയാള്‍. ചെയ്‌ത സിനിമകളും ജീവിച്ച ജീവിതവും ഒരു സൂചകഫലകം പോലെ മലയാള സിനിമാചരിത്രത്തിന്റെ സഞ്ചാരപഥം ആയിട്ടായിരുന്നു ശ്രീനിവാസന്‍ അടയാളപ്പെടുത്തിയത്.









0 comments