Deshabhimani

കവർസ്റ്റോറി

പിജിയുടെ മകൻ

ഭാര്യ പ്രൊഫ. എം ജെ രാജമ്മ, മകൻ  എം ജി രാധാകൃഷ്‌ണൻ എന്നിവർക്കൊപ്പം പി ജി
avatar
എം ജി രാധാകൃഷ്‌ണൻ

Published on May 04, 2026, 10:33 AM | 9 min read

കൂട്ടുകാരുടെ അച്ഛൻമാരിൽനിന്നൊക്കെ എന്റെ അച്ഛൻ വ്യത്യസ്‌തനായതായിരുന്നു കുട്ടിക്കാലത്ത് എന്റെ വലിയ വിഷമം. വളർന്നതോടെ അച്ഛന്റെ വ്യത്യസ്‌തതയായി എന്റെ വലിയ അഭിമാനം, സന്തോഷം. മാത്രമല്ല, കുട്ടിക്കാലത്ത് എന്നെ വിഷമിപ്പിച്ച അച്ഛന്റെ വ്യത്യസ്‌തതകൾ ഏറെയും എനിക്ക് പ്രിയപ്പെട്ട അഭിമാനമുദ്രകൾ ആയി മാറി.

ഏറെയും ഇടത്തരക്കാരായ ഞങ്ങളുടെ കൂട്ടത്തിൽ മറ്റ് അച്ഛൻമാരെപ്പോലെ എന്റെ അച്ഛന് ഒരു സ്ഥിരം ജോലിയോ ഓഫീസോ ഒന്നും ഇല്ലെന്നതിലായിരുന്നു എന്റെ ആദ്യത്തെ സങ്കടം. ഡൽഹിയിലായിരുന്നപ്പോൾ പീപ്പിൾസ് പബ്ലിഷിങ് ഹൗസിൽ അച്ഛൻ ജോലി ചെയ്‌തെങ്കിലും അന്ന് ഒന്നാം ക്ലാസിലായിരുന്ന എനിക്ക് അത് മനസ്സിലാകുന്ന പ്രായമായിരുന്നില്ല. മടങ്ങിവന്ന് ദേശാഭിമാനി പത്രാധിപർ ആയെങ്കിലും ഉടൻതന്നെ മറ്റ് സിപിഐ എം നേതാക്കളെപ്പോലെ ചൈനാചാരൻ എന്ന്‌ മുദ്രകുത്തപ്പെട്ട് അച്ഛനും കരുതൽ തടവിലായി. എനിക്കന്ന് ആറോ ഏഴോ വയസ്സ്. അച്ഛന്റെയും അമ്മയുടെ അമ്മാവന്റെയും കമ്യൂണിസം കാരണം പട്ടം താണുപിള്ള സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്ന അമ്മയ്‌ക്ക് ജോലി തിരിച്ചുകിട്ടിയതോടെ ഞങ്ങൾ ചിറ്റൂരിലെത്തിയ സമയം. ഞങ്ങൾ ‐ -അമ്മൂമ്മ, അമ്മ, ഞാൻ, രണ്ട് വയസുകാരി അനിയത്തി -‐ മാത്രമാണ് സ്വദേശമായ പന്തളം വിട്ട് ആ ദൂരസ്ഥലത്ത് എത്തിയത്. ആകെ അപരിചിതമായ ലോകം. കൊച്ചുമനസ്സിൽ നിറഞ്ഞ അരക്ഷിതബോധം. അച്ഛൻ ജയിലിലാണെന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. അമ്മ പറഞ്ഞുതന്ന കാരണങ്ങൾ ഒന്നും മനസ്സിലാകുന്ന പ്രായമല്ലല്ലോ. അമ്പാട്ടുപാളയം സ്‌കൂളിൽനിന്ന് തന്ന ഒരു അപേക്ഷാഫോറത്തിൽ അച്ഛന്റെ ജോലി എന്നിടത്ത് എന്ത് എഴുതണം എന്ന് അധ്യാപകൻ ചോദിച്ചപ്പോൾ ഞാൻ പരുങ്ങി. വീട്ടിൽ ചെന്ന് അമ്മയോട് ചോദിച്ചപ്പോൾ കർഷകൻ എന്ന് എഴുതാൻ പറഞ്ഞോളൂ എന്നായിരുന്നു മറുപടി. വിമോചന സമരത്തിന്റെയും ഇന്ത്യ -‐ ചൈന യുദ്ധത്തിന്റെയും പശ്ചാത്തലമുള്ള കാലമാണ്.

ഭാര്യ പ്രൊഫ. എം ജെ രാജമ്മ, മകൻ  എം ജി രാധാകൃഷ്‌ണൻ എന്നിവർക്കൊപ്പം പി ജിഭാര്യ പ്രൊഫ. എം ജെ രാജമ്മ, മകൻ എം ജി രാധാകൃഷ്‌ണൻ എന്നിവർക്കൊപ്പം പി ജി

കമ്യൂണിസ്റ്റുകാരൻ, പോരെങ്കിൽ ചൈനാചാരൻ, എല്ലാറ്റിനും പുറമേ ജയിൽപുള്ളി. ഇടത്തരക്കാരിൽ ഒരു വലിയ വിഭാഗത്തിന് മാർക്‌സിസ്റ്റുകാരോട് ഭയവും വിരോധവും കയറിയ കാലമാണ്. വിരലിലെണ്ണാവുന്ന ഏതാനും സഖാക്കളും സുഹൃത്തുക്കളും മാത്രമേ ഞങ്ങൾക്ക് സഹായത്തിനുണ്ടായുള്ളൂ.

അക്കാലത്ത് ഒരിക്കൽ അമ്മ അനിയത്തിയെയും എന്നെയും കൂട്ടി ചിറ്റൂരിൽനിന്ന് ബസിൽ കയറി വിയ്യൂർ സെൻട്രൽ ജയിലിൽ അച്ഛനെ കാണാൻ പോയി. അലക്കിത്തേച്ച ഷർട്ട് ധരിച്ച് പുഞ്ചിരിച്ചുകൊണ്ട് സന്ദർശകമുറിയിലേക്ക് വന്ന അച്ഛനെ കണ്ട് ഞാൻ അമ്പരന്നു. ഭീകരമായ ജയിലിൽ അച്ഛന് ഇത്ര സന്തോഷവാനാകാൻ കഴിയുമോ? പിന്നീട് ഒരിക്കൽ അച്ഛന്റെ അമ്മമ്മ മരിച്ചതിനെ തുടർന്ന് പരോളിൽ പുല്ലുവഴിയിലെ തറവാട്ടിൽ വന്നപ്പോൾ ഒപ്പം വന്ന ആയുധധാരികളായ പൊലീസുകാർക്ക് സുഖസൗകര്യങ്ങൾ ചെയ്‌തുകൊടുക്കുന്ന അച്ഛനെ കണ്ടും ഞാൻ അന്തംവിട്ടിട്ടുണ്ട്.

രാഷ്‌ട്രീയത്തിലും ബൗദ്ധിക പ്രവർത്തനത്തിലും അച്ഛൻ പൂർണമായും മുഴുകിയതിനാൽ വീട് നടത്തിക്കൊണ്ടുപോകുന്ന ഭാരം എന്നും പൂർണമായും അമ്മയ്‌ക്ക്‌ തന്നെയായിരുന്നു. അതേസമയം സൈദ്ധാന്തികമായി സ്‌ത്രീപുരുഷ സമത്വത്തിൽ ഉറച്ചുവിശ്വസിച്ച അച്ഛൻ സമയം കിട്ടുമ്പോഴൊക്കെ അടുക്കളപ്പണിയിലും മുറ്റം അടിച്ചുവാരാനും ഒക്കെ അമ്മയെ സഹായിക്കാൻ മുൻകൈയെടുത്തത്‌ ഞങ്ങൾക്ക് അത്ഭുതമായി. സ്‌ത്രീസ്വാതന്ത്ര്യം അത്ര പ്രചരിക്കാത്ത അക്കാലത്ത് മിക്കവാറും ഒരു ഇടത്തരം വീട്ടിലും (ഇന്നും അത്ര വ്യത്യസ്‌തമല്ല കാര്യങ്ങൾ) പുരുഷന്മാർ ഇതൊന്നും ചെയ്യാറില്ലായിരുന്നു. അറിയപ്പെടുന്ന പത്രാധിപരും എംഎൽഎയും ഒക്കെ ആയ അച്ഛൻ പരസ്യമായി വീട്ടുമുറ്റം അടിക്കുന്നത് അയൽക്കാരോ സന്ദർശകരോ കണ്ടാലോ എന്ന് സ്‌കൂൾ കുട്ടിയായ ഞാൻ വേവലാതിപ്പെട്ടിട്ടുണ്ട്.


കുറേക്കൂടി വളർന്നതോടെ എന്റെ മനസ്സ് മാറാൻ ആരംഭിച്ചു. വ്യത്യസ്‌തനായ അച്ഛൻ എനിക്ക് സന്തോഷം പകർന്നുതുടങ്ങി. മറ്റ് അച്ഛൻമാരെപ്പോലെ പേടിക്കേണ്ടാത്ത അച്ഛൻ. മക്കളെ വഴക്ക് പറയാത്ത, പഠിക്കാൻ നിർബന്ധിക്കാത്ത, മാർക്ക് കുറഞ്ഞാലും ദേഷ്യപ്പെടാത്ത, അച്ചടക്കം അടിച്ചേൽപ്പിക്കാത്ത, ഒരിക്കലും മക്കളെ തല്ലാത്ത അച്ഛൻമാർ അന്ന് അധികം ഉണ്ടായിരുന്നില്ല. അമ്മൂമ്മയോട് ഞാൻ ഒരിക്കൽ തർക്കുത്തരം പറഞ്ഞപ്പോൾ മാത്രമേ അച്ഛൻ ഒരുതവണ എന്നെ ശകാരിച്ചിട്ടുള്ളൂ.


കോളേജിലൊക്കെ ആയതോടെ അച്ഛൻ അനുവദിച്ച ഈ സ്വാതന്ത്ര്യം എനിക്ക് സ്വർഗതുല്യമായി. പഠിത്തകാര്യത്തിലും മറ്റ് ശീലങ്ങളുടെ കാര്യത്തിലും നിർബന്ധക്കാരിയായ അമ്മയെ മാത്രമേ ഞങ്ങൾ അൽപ്പം പേടിച്ചുള്ളൂ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ആശ്രയം അമ്മ ആയിരുന്നു. ഇടയ്‌ക്ക്‌ ഒരു സിനിമയും ഒരു ഹോട്ടൽ സന്ദർശനവും ആയിരുന്നു ഞങ്ങൾക്ക് എല്ലാവർക്കുംകൂടി അച്ഛൻ സംഘടിപ്പിച്ചിരുന്ന വിനോദപരിപാടി. അച്ഛൻ കൊച്ചി ദേശാഭിമാനിയിലായിരിക്കുമ്പോൾ തിരുവനന്തപുരത്തുനിന്ന് ഞങ്ങളെ അവിടെ കൊണ്ടുപോയി ഷേണായിസിലോ കവിതയിലോ പോയി ഒരു സിനിമയും വുഡ്ലാന്റ്‌സിൽ നിന്നൊരു ഊണും പാർത്ഥാസിൽനിന്ന് ഒരു ജോടി വസ്‌ത്രവും വാങ്ങിത്തരുന്നത് ഏറ്റവും മധുരമുള്ള ബാല്യകാല ഓർമയാണ്.

മറ്റ് കുട്ടികൾക്ക് ഇല്ലാത്ത മറ്റൊരു വലിയ ഭാഗ്യവും അച്ഛൻ ഞങ്ങൾക്ക് ഒരുക്കിത്തന്നു. സൂര്യന് താഴെയുള്ള മിക്ക വിഷയങ്ങളിലുമുള്ള ധാരാളം പുസ്‌തകങ്ങളും എണ്ണമറ്റ പത്രമാസികകളും ഞങ്ങളുടെ ചുറ്റും നിറഞ്ഞു. എവിടെ പോയി വന്നാലും പെട്ടി നിറയെ പുതിയ പുസ്‌തകങ്ങൾ. ആദ്യമാദ്യം കളിപ്പാട്ടങ്ങൾ പ്രതീക്ഷിച്ച് നിന്ന ഞങ്ങളെ കുട്ടിക്കാലത്ത് ഇത് അൽപ്പം നിരാശപ്പെടുത്തിയെങ്കിലും പിന്നീട് അത് നിധിപോലെ സ്വീകരിച്ചു. എന്നും യാത്രകളിലായിരുന്ന അച്ഛൻ വീട്ടിൽ എത്തുമ്പോൾ കാണുന്ന പുസ്‌തകക്കൂമ്പാരവും ചുരുട്ടുപുകയുടെ തീക്ഷ്‌ണഗന്ധവും ആയിരുന്നു കുട്ടിക്കാലത്ത് എനിക്ക് സുരക്ഷിതത്വം പകർന്നത്.


കുടുംബത്തിനുള്ളിൽ സ്വാതന്ത്ര്യം മാത്രമല്ല ജനാധിപത്യവും അച്ഛന്റെ ശീലമായിരുന്നു. ഓരോ വിഷയത്തിന്റേയും പുസ്‌തകത്തിന്റേയും ഒക്കെ സവിശേഷതകൾ പറഞ്ഞുതന്നെങ്കിലും എന്ത് പഠിക്കണമെന്നോ ഏത് പുസ്‌തകം വായിക്കണമെന്നോ ഉള്ള തീരുമാനമൊക്കെ അദ്ദേഹം ഞങ്ങൾക്ക് വിട്ടു. മലയാളം മീഡിയത്തിൽ ഞങ്ങൾ പഠിക്കണം എന്നതിൽ മാത്രമേ സ്‌കൂൾകാലത്ത് അച്ഛന് നിർബന്ധമുണ്ടായിരുന്നുള്ളൂ. അനിയത്തി അച്ഛന്റെ പാതയിലൂടെ വിദ്യാർഥി രാഷ്‌ട്രീയത്തിൽ സജീവമായപ്പോഴും സഖാവിനെ വിവാഹം ചെയ്‌തപ്പോഴും പിന്നീട് അവരുടെ മകൻ കോളേജ് സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചപ്പോഴും അച്ഛൻ (വീണ്ടും മറ്റ് അച്ഛൻമാരിൽനിന്ന് വ്യത്യസ്‌തമായി) പ്രകടമായിത്തന്നെ സന്തോഷിച്ചു. പക്ഷേ ഞാൻ പുസ്‌തകവും സിനിമയും ക്രിക്കറ്റും കോഫീ ഹൗസും ആയി നടന്നപ്പോഴും അദ്ദേഹം ആ സ്വാതന്ത്ര്യം എനിക്ക് അനുവദിച്ചുതന്നു. പിന്നീട് ‘ബൂർഷ്വാ പത്രപ്രവർത്തകനായ’ കാലത്തും അത് ഞാൻ തെരഞ്ഞെടുത്ത സ്വന്തം വഴി ആയി അച്ഛൻ കണ്ടു. വിശ്വാസിയായ അമ്മയുടെ ഭക്തിയിലും അച്ഛൻ ഒരിക്കലും ഇടപെട്ടില്ല. മാത്രമല്ല, അമ്മ ആഗ്രഹിച്ച ചില തീർഥാടനങ്ങൾക്ക് കൊണ്ടുപോകാനും സസന്തോഷം തയ്യാറായി. പക്ഷേ ഇക്കാലത്തൊക്കെ നേരിട്ടല്ലെങ്കിലും അറിവിന്റേയും മൂല്യങ്ങളുടെയും ശരികളുടെയും പാതയിലേക്കുള്ള വഴിവിളക്കായി അച്ഛൻ പ്രകാശം ചൊരിഞ്ഞു നിന്നുവെന്ന് ഞാൻ ഓർക്കുന്നു. ഈ പ്രായത്തിലും അച്ഛന്റെ മകൻ എന്നതുകൊണ്ട് തന്നെ ലഭിക്കുന്ന അംഗീകാരവും ആദരവും എന്റെ ഏറ്റവും വലിയ അഭിമാനമാണ്.

പ്രൊഫ. എം എൻ വിജയന്റെ കൂടെപ്രൊഫ. എം എൻ വിജയന്റെ കൂടെ

വായനയിൽ എന്നപോലെ എഴുത്തിലും കുട്ടിക്കാലംമുതൽ ഞങ്ങളെ അച്ഛൻ കാര്യമായി പ്രോത്സാഹിപ്പിച്ചു. ജയിലിലായിരുന്നപ്പോൾ ചിന്ത വാരികയിൽ അച്ഛൻ തർജമ ചെയ്‌ത "കാട്ടുകടന്നൽ' ആറു വയസ്സുകാരനായ എന്റെ പേരിൽ പ്രസിദ്ധീകരിച്ചതാണ് എനിക്ക് ലഭിച്ച ആദ്യ ബൈലൈൻ. എഴുത്തിന്റെ ലോകത്തേക്കുള്ള ആദ്യത്തെ പടി. പിന്നീട് ഞാൻ കോളേജിൽ എത്തിയ കാലത്ത് പുസ്‌തകരൂപത്തിൽ വന്ന ആ കൃതി എന്റെ തലമുറയ്‌ക്ക്‌ സമർപ്പിക്കുന്നുവെന്ന് അച്ഛൻ അവതാരികയിൽ കുറിച്ചത് നൽകിയ അഭിമാനം ചെറുതല്ല.

സ്‌കൂൾ കാലത്ത് ബാലഭവൻ പ്രസിദ്ധീകരണമായ തളിരിലും കോളേജിൽ ആയിരുന്നപ്പോൾ ദേശാഭിമാനിയിലും എന്റെ ചില ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ പ്രേരണ മറ്റാരുടേതുമായിരുന്നില്ല. അവയ്‌ക്ക്‌ അർഹിക്കുന്നതിലേറെ പ്രശംസ ചൊരിയാനും അദ്ദേഹം മടിച്ചില്ല. മാർകേസിന്റെ പത്രപ്രവർത്തനകാലത്തെ ലേഖനങ്ങൾ ക്യൂബൻ പത്രമായ ഗ്രാൻമയുടെ പ്രതികൾ കൊണ്ടുതന്ന് എന്നെക്കൊണ്ട് പരിഭാഷ എഴുതിച്ച് പുസ്‌തകമാക്കിയതും അച്ഛൻ തന്നെയാണ്.


പുസ്‌തകങ്ങളും ആശയങ്ങളും ആയിരുന്നു എക്കാലവും അച്ഛന്റെ ലോകം. പലപ്പോഴും പ്രായോഗികതയെ അത് മറികടന്നു. ഏത് വിഷയത്തിലും സംശയനിവൃത്തി വരുത്താനും ചർച്ചകൾ നടത്താനും സദാ ഉത്സാഹഭരിതൻ. പക്ഷേ പരീക്ഷയ്‌ക്ക് മുമ്പ് അച്ഛനോട് സംശയം ചോദിക്കാൻ ചെല്ലുന്നത് സൂക്ഷിച്ചുവേണമെന്ന് അമ്മ മുന്നറിയിപ്പ് നൽകുമായിരുന്നു. ഒരൊറ്റ സംശയത്തിനുള്ള മറുപടി അത് സംബന്ധിച്ചുള്ള സകല വിവരങ്ങളും ചിത്രങ്ങളും സഹിതം മണിക്കൂറുകൾ നീളുമെന്നതായിരുന്നു കാരണം. ഒന്നിച്ചു നടക്കുമ്പോൾ ചോദിക്കുന്ന സംശയത്തിന് റോഡിൽ കുത്തിയിരുന്ന് കല്ലുകൊണ്ട് തറയിൽ ഭൂപടം വരച്ച് വിവരിക്കുന്ന അച്ഛനെക്കുറിച്ച് പലരും എഴുതിയിട്ടുണ്ടല്ലോ. ചരിത്രം, പുരാണം, ശാസ്‌ത്രം, ഭൂമിശാസ്‌ത്രം, നരവംശശാസ്‌ത്രം, കലാസാഹിത്യ ചരിത്രം, പുരാവസ്‌തു ശാസ്‌ത്രം, മതം തുടങ്ങിയവക്കൊപ്പംതന്നെ ജാക്ക് ലണ്ടൻ, ഇയാൻ ഫ്ലെമിങ്, ആർതർ ഹെയ്ലി തുടങ്ങിയവരുടെ ത്രില്ലറുകളും അദ്ദേഹത്തിന് പ്രിയങ്കരമായിരുന്നു. മാർക്‌സിസം സംബന്ധിച്ചവയ്‌ക്ക്‌ തുല്യമായ എണ്ണം ബൈബിളും ഗീതയും ഖുറാനും അദ്ദേഹത്തിന്റെ ശേഖരത്തിൽ നിറഞ്ഞു. മനുഷ്യർ ആത്മഹത്യ വരിക്കുന്നതിന്റെയും ദൈവഭക്തിയിൽ മുഴുകുന്നതിന്റേയും യുക്തി അദ്ദേഹത്തിന് എന്നും ചിന്താവിഷയമായി. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലും പള്ളികളിലും സത്യസായിബാബയുടെ പുട്ടപർത്തിയിലും ഒക്കെ പോയി ഇത് മനസ്സിലാക്കാൻ മടിച്ചില്ല. ആ സന്ദർശനങ്ങളൊക്കെ വിവാദമായത് അവഗണിച്ചു. അമൃതാനന്ദമയിയുടെ ആശ്രമത്തിലും നേരിട്ടുപോയി അവരുടെ ആകർഷണത്തിന്റെ രഹസ്യമറിയാൻ ആഗ്രഹിച്ചു. പ്രായമായ കാലത്ത് പുതിയ വിവാദമായാലോ എന്ന് ഭയന്ന് ഞങ്ങൾ അത് വിലക്കി. മലയാലപ്പുഴ അമ്പലത്തിലെ യാഗശാല നേരിട്ട് സന്ദർശിച്ച് അതിനെതിരെ നിശിതമായ വിമർശന ലേഖനങ്ങൾ എഴുതി. ഒരുപക്ഷേ സ്‌പോർട്‌സ്‌ മാത്രമാണ് അച്ഛന് അന്യമായിരുന്ന വിഷയം.

പി കെ വി, ഭാര്യ ലക്ഷ്‌മിക്കുട്ടിയമ്മ എന്നിവർക്കൊപ്പം പി ജിയും ഭാര്യ രാജമ്മയുംപി കെ വി, ഭാര്യ ലക്ഷ്‌മിക്കുട്ടിയമ്മ എന്നിവർക്കൊപ്പം പി ജിയും ഭാര്യ രാജമ്മയും

ചിലപ്പോഴൊക്കെ അച്ഛന്റെ വായനാഭ്രമം മറ്റുള്ളവരെ അപകടത്തിൽപെടുത്തി. വായനയിൽ മുഴുകി പലപ്പോഴും സ്വയം മാത്രമല്ല, ഒപ്പമുള്ള കുടുംബാംഗങ്ങളെയും മറന്നുപോയിട്ടുണ്ട്. ഡൽഹി റെയിൽവേ സ്റ്റേഷനിൽ അഞ്ച് വയസ്സുകാരനായ എന്നെ മറന്നുപോയതും ഉത്പൽ ദത്തിന്റെ നാടകം കഴിഞ്ഞ് രാത്രി കുട്ടിയായ എന്നെയും അമ്മയെയും കൂട്ടാൻ വിട്ടുപോയതും ഒക്കെ ഞാൻ മുമ്പ് പലതവണ കുറിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് ഞങ്ങളെക്കാൾ അച്ഛന് ഇഷ്ടം പുസ്‌തകങ്ങളോടാണെന്ന് കരുതി ഞാൻ അസൂയപ്പെട്ടിട്ടുപോലും ഉണ്ട്. കുറേ മുതിർന്നപ്പോൾ വീട്ടിനുള്ളിൽ ഞങ്ങളുടെ സ്വകാര്യ ഇടങ്ങളിലേക്കും അച്ഛന്റെ പുസ്‌തകങ്ങൾ പെരുകി കടന്നുകയറിയപ്പോൾ തെല്ല് ഈർഷ്യയും തോന്നിയിട്ടുണ്ട്.


മറ്റൊരു ഭൗതികവസ്‌തുവും സ്വന്തമാക്കാൻ പ്രത്യേക മോഹം ഇല്ലാത്ത അച്ഛൻ സ്വാർഥനാകുന്നത് പുസ്‌തകക്കാര്യത്തിൽ ആണെന്ന് ഞങ്ങൾ തമാശ പറഞ്ഞിരുന്നു. പുസ്‌തകം ആണെങ്കിൽ അത് ആരുടെയാണെങ്കിലും അതിനോട് അഭിനിവേശം മാത്രമല്ല, അതിന്റെ യഥാർഥ അർഹൻ താനാണെന്ന് അച്ഛന്റെ ഉപബോധമനസ്സിൽ തോന്നാറുണ്ടെന്ന് ഞങ്ങൾ പറയാറുണ്ട്. പി കെ വി പാർലമെന്റ്‌ അംഗമായിരുന്നപ്പോൾ അദ്ദേഹത്തിന് വന്നിരുന്ന ടൈം, ന്യൂസ് വീക്ക് തുടങ്ങിയ അന്താരാഷ്‌ട്ര പ്രസിദ്ധീകരണങ്ങൾ കവർ പൊട്ടിക്കുന്നതിന് മുമ്പ് തന്നെ അച്ഛന്റെ കൈവശമെത്തി. ഞങ്ങളുടെ മക്കളുടെ കാണാതാകുന്ന സ്‌കൂൾ പാഠപുസ്‌തകങ്ങൾ കണ്ടെടുക്കാറുള്ളത് അച്ഛന്റെ ഗ്രന്ഥശേഖരത്തിൽനിന്നായിരുന്നു. മറ്റ് കാര്യങ്ങളൊക്കെ മറക്കാറുള്ള അച്ഛൻ അദ്ദേഹത്തിന്റെ ശേഖരത്തിൽനിന്ന് ഞങ്ങൾ എടുത്തുകൊണ്ടുപോകുന്ന പുസ്‌തകങ്ങളും മാസികകളും കുറച്ച് ദിവസം കഴിഞ്ഞാൽ അലോസരം ഉണ്ടാക്കാത്തവിധം മടക്കി ചോദിക്കുകയോ ഞങ്ങളുടെ മുറിയിൽനിന്ന് ആരുമറിയാതെ തിരിച്ചെടുക്കുകയോ ചെയ്യുന്നത് പറഞ്ഞ് ഇന്നും ചിരിക്കാറുണ്ട്. അച്ഛനെ ‘പുസ്‌തകലമ്പടൻ’ എന്ന് സി പി ജോൺ വിശേഷിപ്പിച്ചതോർക്കുന്നു.

അവസാനകാലത്ത് പ്രമേഹം കാഴ്‌ചയെ ആക്രമിച്ചപ്പോൾ പല തരം ലെൻസുകൾ ഉപയോഗിച്ച് വായന തുടരാൻ അച്ഛൻ പാടുപെട്ടു. ഒരുദിവസം പൊടുന്നനെ കേൾവി ഏറെക്കുറെ പൂർണമായും നഷ്ടമായപ്പോഴും മുറിയിൽ വൈറ്റ് ബോർഡ് സ്ഥാപിച്ച് അതിൽ എഴുതി ആശയവിനിമയം തുടർന്നു. കുറച്ച് മാസങ്ങൾക്കകം കാരണമില്ലാതെ നഷ്ടപ്പെട്ട കേൾവി കാരണമില്ലാതെ തന്നെ തിരിച്ചുകിട്ടി. വാർധക്യത്തിൽ ആരോഗ്യം മോശമാകുന്ന മുറയ്‌ക്ക് ഒരു വാശിപോലെ കൂടുതൽ പുസ്‌തകങ്ങൾ എഴുതിക്കൂട്ടി അദ്ദേഹം പ്രതിരോധം തീർത്തു. പാർടി അച്ചടക്ക നടപടികൾക്ക് വിധേയമാക്കിയത് പി ജിയിൽനിന്ന് കൂടുതൽ പുസ്‌തകങ്ങളുണ്ടാകാൻ കാരണമായെന്ന് ബി ആർ പി ഭാസ്‌കർ തമാശ പറഞ്ഞു. തീരെ അവശനായ കാലത്തും ഇരുപതിനായിരത്തിലേറെ വരുന്ന ശേഖരത്തിൽനിന്ന് ഏത് പുസ്‌തകവും തെരഞ്ഞെടുക്കാൻ നിമിഷങ്ങൾ മാത്രം മതിയായിരുന്നു.


വലിയ പ്രതിസന്ധികളിൽ പോലും പതറാത്ത ശുഭാപ്തി വിശ്വാസിയും ഒരിക്കലും നിരാശ പാടില്ലെന്ന വാശിക്കാരനുമായിരുന്ന അദ്ദേഹത്തിന്റെ കാഴ്‌ച ലെൻസ് ഉപയോഗിച്ചാലും അക്ഷരം വായിക്കാനാവാത്തവിധം മങ്ങിയപ്പോൾ ഇനി ജീവിച്ചിട്ട് എന്തുകാര്യം എന്ന് ആദ്യമായി ചോദിച്ചത് കേട്ട് ഞങ്ങൾ തകർന്നുപോയിട്ടുണ്ട്. എന്നും സൂര്യോദയവേളകളിൽ പുറത്ത് നടക്കാൻ പോയിരുന്ന അച്ഛൻ അതിനാവാതെ സങ്കടപ്പെട്ടതും ഭക്ഷണപ്രിയനായ അദ്ദേഹം ഭക്ഷണത്തോട് വിരക്തനായതും വൈകുന്നേരങ്ങളിൽ ഒന്നും ചെയ്യാതെയിരുന്ന് വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്ന അണ്ണാനെയും പക്ഷികളെയും നോക്കിയിരുന്ന് സമയം പോക്കിയതും ഏറ്റവും പ്രിയങ്കരമായിരുന്ന പത്രങ്ങൾ വായിച്ചുകേൾക്കുന്നതിന് പകരം ആശാന്റെ കവിതകൾ കേട്ടാൽ മതിയെന്ന് പറഞ്ഞതുമൊക്കെ അച്ഛന്റെ അവസാനകാലത്തെ എന്റെ ഏറ്റവും വേദനിക്കുന്ന ഓർമകളാണ്.


എന്നെ അമ്പരപ്പിച്ചിട്ടുള്ള മറ്റൊന്ന് ശരിയെന്ന് വിശ്വസിക്കുന്നത് പറയാനും ചെയ്യാനുമുള്ള അച്ഛന്റെ അസാമാന്യ ധൈര്യമാണ്‌. ശരിയല്ലെന്ന് തോന്നുന്ന എന്തുകണ്ടാലും എവിടെ ആയാലും മറുവശത്ത് ആരായാലും അതിനെതിരെ പൊട്ടിത്തെറിക്കാനും ചിലപ്പോൾ ശാരീരികമായി തന്നെ ഇടപെടാനും മടിക്കാത്തത് പലപ്പോഴും ഞങ്ങളെ കുഴക്കിയിട്ടുണ്ട്. പലപ്പോഴും അതിൽ അഭിമാനവും തോന്നിയിട്ടുണ്ട്. എംഎൽഎ ആയിരിക്കുമ്പോൾ എന്തോ ആവശ്യം പറഞ്ഞ് വന്ന ഒരാൾ കൈക്കൂലി നൽകാമെന്ന് സൂചിപ്പിച്ചപ്പോൾ അത്യുച്ചത്തിൽ ശകാരിച്ചുകൊണ്ട് തല്ലാൻ പുറപ്പെട്ടതും അയാൾ ഗേറ്റ് കടന്ന് ഓടിയതും ഓർക്കുന്നു.

പി ജിയുടെ ആദ്യകാലം

മറക്കാനാവാത്ത മറ്റൊരു സംഭവം 1982ൽ ഞാനും തിരുവനന്തപുരം നഗരവും ആദ്യമായി കണ്ട വർഗീയ ലഹളയുടെ ഭീകരരാത്രിയിലാണ്. ആലപ്പുഴയിലെ ഈദ് ഘോഷയാത്രക്കിടയിൽ ഉണ്ടായ പൊലീസ് വെടിവെപ്പ്‌ വൈകുന്നേരത്തോടെ തിരുവനന്തപുരം നഗരത്തിൽ സംഘർഷങ്ങൾക്ക് തീകൊളുത്തി. ചാലക്കമ്പോളത്തിൽ കരിംസ് തുടങ്ങിയ മുസ്ലിം വിഭാഗക്കാരുടെ കടകൾ തീവെക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്‌തു. ഞങ്ങളുടെ താമസസ്ഥലമായ സുഭാഷ് നഗറിനടുത്തുള്ള ഈഞ്ചക്കൽ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വള്ളക്കടവിനും ഹിന്ദു മേഖലയായ പെരുന്താന്നിയുടെയും അതിരിലുള്ള കവലയാണ്. അവിടെ ഹിന്ദുക്കളുടെ പെട്ടിക്കടകൾ കത്തിക്കപ്പെട്ടു. ഞങ്ങളുടെ തൊട്ടയൽക്കാരനായ ചാർലി എന്ന നസിമുദ്ദീന്റെയും തൊട്ടപ്പുറത്ത് സ്റ്റാൻഡേഡ് ഇൻഡസ്‌ട്രീസ് ഉടമ ഇ എ റഷീദിന്റെയും വീടുകൾ ആക്രമിക്കപ്പെട്ടു. അക്രമികൾ വർഷങ്ങളായി ചാർലിയോടും റഷീദിനോടും നല്ല അടുപ്പം ഉണ്ടായിരുന്നവരാണെന്നത് വർഗീയ വിദ്വേഷം എങ്ങനെ മനുഷ്യരെ ഭ്രാന്തരാക്കുമെന്ന് കാണിച്ചുതന്നു.

വീടിന് പുറത്തുപോയിരുന്ന ചാർലി മടങ്ങിയെത്താൻ ഭയന്ന് നഗരത്തിലെ രാജധാനി ഹോട്ടലിൽ തന്നെ തങ്ങുന്ന കാര്യം അദ്ദേഹത്തിന്റെ ഭാര്യ കരഞ്ഞുകൊണ്ട് വന്ന് അച്ഛനോട് പറഞ്ഞു. പെട്ടെന്നുതന്നെ അച്ഛൻ ഞങ്ങളുടെ മറ്റൊരു അയൽക്കാരനായ കുട്ടപ്പനെ വിളിച്ചുവരുത്തി. സിപിഐ അംഗവും അഭിഭാഷകനുമായ കുട്ടപ്പന്റെ പഴയ ആസ്റ്റിൻ കാറിൽ രണ്ടുപേരും സംഘർഷഭരിതമായ തെരുവുകളിലൂടെ രാജധാനിയിലേക്ക് പാഞ്ഞു. കുറേക്കഴിഞ്ഞ് അവർക്ക് ഒപ്പം എത്തിയ ചാർലി ഞങ്ങളുടെ വീട്ടിൽ തന്നെ സുരക്ഷയെ കരുതി കഴിഞ്ഞു. ഞാൻ അന്ന് മാതൃഭൂമിയിൽ ചേർന്ന വർഷമാണ്. ഡെസ്‌ക്‌ ഡ്യൂട്ടി കഴിഞ്ഞ് പിറ്റേന്ന് പുലർച്ചെ എത്തിയപ്പോഴാണ് രാത്രിയിലെ പുകിലൊക്കെ അറിഞ്ഞത്. പാതിരാവോടെ ഒരു വലിയ സംഘം ചെറുപ്പക്കാർ (പലരും നന്നായി പരിചയമുള്ളവർ) വടികളും കത്തികളുമൊക്കെയായി ഞങ്ങളുടെ വീടിന് മുന്നിൽ വന്ന് വലിയ ബഹളം വെച്ചു. ചാർലിയെ ഉടൻ വിട്ടുകിട്ടണം എന്നായിരുന്നു അവരുടെ ആവശ്യം. വലിയ ബഹളം കേട്ടിട്ടും അടുത്ത വീടുകളെല്ലാം ലൈറ്റണച്ച് നിശ്ശബ്ദം. പക്ഷേ ഒരു കൊടുങ്കാറ്റുപോലെ ഒറ്റയ്‌ക്ക് വീട്ടിൽനിന്ന് പുറത്തുവന്ന് അച്ഛൻ സായുധസംഘത്തിന് നേരെ ഇടിവെട്ടുന്ന ശബ്ദത്തിൽ ശകാരവർഷം നടത്തി. കയ്യിലുള്ള ഏക ആയുധം ചുരുട്ടിപ്പിടിച്ച ഒരു ദേശാഭിമാനി പത്രം! അറുപതിനടുത്ത് പ്രായമുള്ള ഒരാളുടെ ഈ അപ്രതീക്ഷിത പ്രതികരണത്തിൽ അമ്പരന്നുപോയതാകാം അക്രമിസംഘം നിമിഷങ്ങൾക്കകം സ്ഥലംവിട്ടു.


പുതുമയോടും പരീക്ഷണങ്ങളോടും എന്നും അച്ഛന് വലിയ കമ്പം ആയിരുന്നു. പുതിയ നാടുകളോടും ഭാഷകളോടും ആശയങ്ങളോടും പുസ്‌തകങ്ങളോടും മാത്രമല്ല, പുതിയ ഭക്ഷണങ്ങളോടും ഒക്കെ താൽപ്പര്യം. ആധുനിക ചിന്തകൾ, കല, ശാസ്‌ത്രം, നവസിനിമ എന്നിവയോടൊക്കെയുള്ള താൽപ്പര്യത്തിൽ ഞങ്ങൾ ചെറുപ്പക്കാരെക്കാൾ മുന്നിൽ അച്ഛനുണ്ടായിരുന്നു. 1970‐കളിൽ പുതിയകാല വാൾട്ടർ ബെൻയാമിനും ലൂക്കാച്ചും ദെരിദയും ബാർത്തും അൽത്തൂസറും കാമുവും കാഫ്കയും ഒക്കെ ചെറുപ്പക്കാരെ ആകർഷിക്കുന്നതിനൊപ്പം തന്നെ അച്ഛന്റെ തന്നെ നിത്യസംഭാഷണങ്ങളിൽ വിഷയമായി. ചിലപ്പോൾ അവ കടുത്ത വിമർശനവിധേയമായി. അദ്ദേഹത്തിന്റെ തലമുറയിൽനിന്ന് ഇന്ത്യയുടെ നവസിനിമയുടെ പക്ഷത്തേക്ക് തുടക്കക്കാലമായ 1970‐കളിൽ തന്നെ അധികംപേർ വന്നിട്ടില്ല. പക്ഷേ അക്കാലത്ത് കൈരളി, ജനശക്തി തുടങ്ങിയ ഫിലിം സൊസൈറ്റികൾ തുടങ്ങാനും ചിത്രങ്ങൾ പ്രദർശിപ്പിക്കാനും നിർമിക്കാനും ഒക്കെ അദ്ദേഹം മുന്നിൽ നിന്നു. പി എ ബക്കറിനെക്കൊണ്ട് ‘മണ്ണിന്റെ മാറിൽ’ എന്ന ചിത്രം സൃഷ്ടിച്ചു. റായിയുടെയും മൃണാൾ സെന്നിന്റെയും അരവിന്ദന്റെയും അടൂരിന്റെയും ചിത്രങ്ങൾക്ക് അവയൊക്കെ ആസ്വദിക്കാറാകുന്നതിന് മുമ്പുതന്നെ ഞങ്ങളെ കൊണ്ടുപോയി. കയ്യൂർ സമരത്തെക്കുറിച്ച് മൃണാൾ സെന്നിനെക്കൊണ്ട് സിനിമ സംവിധാനം ചെയ്യിക്കാൻ ശ്രമിച്ചു. കെഎസ്‌എഫ്‌ഡിസി അധ്യക്ഷനായ കാലത്ത് പുതുതായി രംഗപ്രവേശം ചെയ്‌ത ഇമേജിങ് ടെക്‌നോളജിയുടെ കേന്ദ്രമായി സിഡിറ്റ് സ്ഥാപിക്കാൻ ഓടിനടന്ന അച്ഛനെ ഓർക്കുന്നു. ഇതൊന്നും ദൈനംദിന രാഷ്‌ട്രീയ പ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കാൻ അദ്ദേഹത്തിന് കാരണമായില്ല. പാർടിയുടെ സാംസ്‌കാരിക പ്രവർത്തനത്തിന്റെ നേതൃത്വം വഹിക്കുമ്പോൾ നയങ്ങൾ കൂടുതൽ വിശാലമാക്കാനും പ്രസ്ഥാനത്തിലേക്ക് പരമാവധി പേരെ ഉൾക്കൊള്ളിക്കാനും ബോധപൂർവമായി ശ്രമിച്ചു. പുരോഗമന കലാസാഹിത്യ സംഘടനയുടെ പെരുമ്പാവൂർ രേഖയും തായാട്ട് ശങ്കരൻ, വൈലോപ്പിള്ളി, കടമ്മനിട്ട, എം കെ സാനു തുടങ്ങിയവരെ പാർടിയുമായി അടുപ്പിക്കാനുള്ള ശ്രമങ്ങളും ഓർക്കാം. 1970‐കളിൽ ക്രിസ്‌തീയ വിമോചന ദൈവശാസ്‌ത്ര പ്രസ്ഥാനത്തിനൊപ്പം കൈകോർക്കാൻ പാർടിയിൽനിന്ന് ആദ്യം മുന്നിട്ടിറങ്ങി. ഈ രംഗത്തെ പ്രാമാണികരായ പൗലോസ് മാർ ഗ്രിഗോറിയസ്, സെബാസ്റ്റ്യൻ കാപ്പൻ, പൗലോസ് മാർ പൗലോസ്, എം എം തോമസ്, അലോഷ്യസ് ഫെർണാണ്ടസ് തുടങ്ങിയ പുരോഹിതരുമായി അടുത്ത സൗഹൃദം പുലർത്തി. ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുന്നതും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കാര്യമായിരുന്നു. തന്റെ ഒരു പുസ്‌തകം ഇളമുറക്കാരനായ ഡോ. തോമസ് ഐസക്കിനാണ് അച്ഛൻ സമർപ്പിച്ചത്.

നടൻ മധു, പി ജി, അടൂർ ഗോപാലകൃഷ്‌ണൻ തുടങ്ങിയവർനടൻ മധു, പി ജി, അടൂർ ഗോപാലകൃഷ്‌ണൻ തുടങ്ങിയവർ

രാഷ്‌ട്രീയ കാഴ്‌ചപ്പാടിലും എന്നും അൽപ്പം തീവ്രപക്ഷമായിരുന്നു അദ്ദേഹത്തിന് പഥ്യം എന്നെനിക്ക് തോന്നുന്നു. ബാല്യത്തിൽ അദ്വൈത ചിന്തയിൽ ആകൃഷ്ടനായി ആഗമാനന്ദ ശിഷ്യനായെങ്കിലും പെട്ടെന്നുതന്നെ ഗാന്ധിയൻ ദേശീയപ്രസ്ഥാനത്തിലേക്കും തുടർന്ന് യു സി കോളേജിൽ വെച്ച് പി കൃഷ്‌ണപിള്ളയുടെ സ്വാധീനത്തിൽ കമ്യൂണിസത്തിലേക്കും തിരിഞ്ഞു. ബോംബെയിലെ വരേണ്യ വിദ്യാഭ്യാസ സ്ഥാപനമായ സെന്റ്‌ സേവിയേഴ്സിൽ വിദ്യാർഥിയായ കാലത്ത്‌ കൽക്കത്താ തീസിസ് മുന്നോട്ടുവെച്ച സായുധ സമരമാർഗങ്ങളിലേക്ക് എടുത്തുചാടി യെർവാദ ജയിലിലായി വിദ്യാഭ്യാസം മുടങ്ങി. പാർടി പിളർന്നപ്പോൾ അടുത്ത സഖാക്കളും ബന്ധുക്കളും ഏറെയും സിപിഐയിൽ തുടർന്നപ്പോഴും സിപിഐ എം പക്ഷത്തേക്ക് പോയി. സിപിഐ എം വിട്ട തീവ്രവാദികളുടെ നക്‌സൽബാരി പ്രസ്ഥാനം ഉയർന്നപ്പോൾ അച്ഛന് ആദ്യം അൽപ്പം അനുഭാവമുണ്ടായെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കെ വേണുവും മറ്റും അച്ഛന്റെ ഏറ്റവും അടുത്ത ശിഷ്യർ ആയിരുന്നല്ലോ. പക്ഷേ അധികം വൈകാതെ തന്നെ അതിന്റെ കടുത്ത വിമർശകനായെങ്കിലും അടിയന്തരാവസ്ഥയുടെ ഭീകരനാളുകളിൽ ഒളിവിലായ വേണുവിന് ഞങ്ങളുടെ വീട്ടിൽ അഭയം നൽകാൻ അദ്ദേഹം മടിച്ചില്ല.


ഒരുവശത്ത് ആശയങ്ങളോടുള്ള അടങ്ങാത്ത ബന്ധത്തിലൂടെയുള്ള നിരന്തരമായ ബൗദ്ധികവികാസം വ്യക്തിയിൽ സൃഷ്ടിക്കുന്ന സ്വതന്ത്രചിന്ത; മറുവശത്ത് വ്യക്തി സമഷ്ടിക്കും സംഘടനയ്‌ക്കും കീഴ്പ്പെടണമെന്ന അച്ചടക്കമുള്ള കമ്യൂണിസ്റ്റ് ബോധം. ഈ രണ്ട് ധാരകൾക്കും ഇടയിൽ പെട്ടതായിരുന്നു അച്ഛന്റെ വ്യക്തിത്വം എന്നാണ് എന്റെ വിശ്വാസം. കെ വേണുവിന് അഭയം, സൈലന്റ്‌ വാലി പ്രശ്നം, ടിയാനൻമെൻ സ്‌ക്വയർ സംഭവം, വിവാദ അഭിമുഖം തുടങ്ങിയ കാര്യങ്ങളിൽ അച്ഛൻ പാർടി നടപടി നേരിട്ടു. പക്ഷേ പാർടിയുടെ ആഭ്യന്തര കാര്യങ്ങൾ ചർച്ച ചെയ്യാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. ഭാഷാപോഷിണി അഭിമുഖം കഴിഞ്ഞുള്ള ശിക്ഷ ഏറെ വർഷങ്ങൾ കഴിഞ്ഞിട്ടും പിൻവലിക്കാതെ പോയതിൽ മാത്രമേ അദ്ദേഹത്തിന് അൽപ്പം വിഷമമുള്ളതായി തോന്നിയിട്ടുള്ളൂ. പക്ഷേ ഒരക്ഷരം പുറത്തുപറഞ്ഞില്ല. താൻ എഴുതിത്തീർക്കണമന്ന് ആഗ്രഹിച്ച ഒട്ടേറെ പുസ്‌തകങ്ങൾ പൂർത്തിയാക്കാൻ അക്കാലത്ത് കഴിഞ്ഞു എന്നത് അതിന്റെ ഒരു നല്ല വശം. ഏറ്റവും പ്രിയപ്പെട്ട നേതാവായ ഇ എം എസിനെ താൻ ആക്ഷേപിച്ചുവെന്ന ആരോപണവും എം എൻ വിജയനുമായുണ്ടായ ഭിന്നതകളുമാണ് അദ്ദേഹത്തെ വേദനിപ്പിച്ചതെന്നാണ് എനിക്ക് മനസ്സിലായത്.


പാർടി ആണ് ആത്യന്തികമായ ശരി എന്ന് വിശ്വസിച്ചപ്പോഴും പരിസ്ഥിതി തുടങ്ങിയ കാര്യങ്ങളിൽ പിന്നീട് പാർടി സ്വയം തിരുത്തിയതിൽ അദ്ദേഹം സന്തുഷ്ടനായി. തനിക്ക് നടപടി സഹിക്കേണ്ടിവന്നാലും പാർടിക്കുള്ളിൽ ചില പുതിയ ചിന്താപ്രക്രിയകൾക്ക് അത് തുടക്കമിടാൻ കഴിഞ്ഞെന്ന് അദ്ദേഹം രഹസ്യമായി ആശ്വസിച്ചെന്നും എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ എന്തൊക്കെ നടപടി നേരിട്ടാലും ഒരിക്കലും പാർടി വിടുന്ന പ്രശ്നമില്ലെന്ന് അദ്ദേഹം ഉറച്ചു പ്രഖ്യാപിച്ചു. തീരെ വയ്യാതാകുന്നതുവരെ എന്നും രാവിലെ എ കെ ജി സെന്ററിലെത്തി തന്റെ മുറിയിൽ വൈകുന്നേരംവരെ കഴിയുക നിർബന്ധം ആയിരുന്നു. സംഘടനയുടെ ചട്ടങ്ങൾക്ക് വഴങ്ങാൻ വിസമ്മതിച്ചിരുന്നെങ്കിൽ അദ്ദേഹത്തിൽനിന്ന് കൂടുതൽ മൗലികമായ സംഭാവനകൾ ഉണ്ടാകുമായിരുന്നുവെന്ന് പലരും പറഞ്ഞപ്പോഴും അദ്ദേഹം അത് അംഗീകരിച്ചില്ല. ഒരിക്കലും ഒരു മുൻകമ്യൂണിസ്റ്റുകാരൻ ആകാതിരിക്കുക എന്നതാണ് അവസാനംവരെ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന ആഗ്രഹം .




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home