ad
Deshabhimani

രേഖാമൂലം

മലബാറിലെ അധ്യാപകമുന്നേറ്റവും ഒറ്റുകാരും

rekhamoolam
avatar
ശ്രീകുമാർ ശേഖർ

Published on Jul 04, 2026, 10:31 AM | 3 min read

കോൺഗ്രസ് ചിറക്കൽ വില്ലേജ് കമ്മിറ്റി സെക്രട്ടറി എം മുകുന്ദൻ വടക്കേ മലബാർ വിദ്യാഭ്യാസ ഓഫീസർക്ക് 1948 ഏപ്രിൽ 15ന് അയച്ച കത്തിലെ ആവശ്യം ലളിതമായിരുന്നു. ‘ഫെബ്രുവരി രണ്ടിന് നടന്ന ചിറക്കൽ താലൂക്ക് എയ്ഡഡ് എലിമെന്ററി സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ സമ്മേളനത്തിൽ ദേശവിരുദ്ധവും സർക്കാർ വിരുദ്ധവുമായ പ്രസംഗങ്ങളും പാട്ടുകളും ഉണ്ടായി. കോൺഗ്രസ് കമ്മിറ്റി ഇതിനെതിരെ പ്രമേയം പാസാക്കി നൽകി. എന്നാൽ നടപടി ഉണ്ടാകുന്നില്ല. ഇത്തരം കമ്യൂണിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അധ്യാപകർക്കെതിരെ കർശന നടപടി വേണം.’ മദ്രാസിലേക്ക് വിദ്യാഭ്യാസമന്ത്രിക്ക് പകർപ്പ് വച്ചായിരുന്നു കത്ത്‌.

പരാതിയിൽ ഒതുങ്ങാതെ പൊലീസിനൊപ്പം സഞ്ചരിച്ച് കമ്യൂണിസ്റ്റ് അധ്യാപകരെ പിടിച്ചുകൊടുക്കാനും കോൺഗ്രസ് നേതാക്കൾ മുന്നിലുണ്ടായി.


അധ്യാപക പ്രസ്ഥാനത്തിനുനേരെ സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം നടന്ന ഇത്തരം കടുത്ത അടിച്ചമർത്തലിന്റെ ചിത്രം നാഷണൽ ആർക്കൈവ്‌സ്‌ ഫയലുകളിൽ ഉണ്ട്. കോൺഗ്രസ് നേതാവിന്റെ പരാതി ഉൾപ്പെട്ട MF‐222400153141 ഫയൽ അക്കാലത്തെ അധ്യാപക പ്രസ്ഥാനത്തിന്റെ സ്വാധീനവും അത് തകർക്കാൻ നടന്ന ശ്രമങ്ങളും കാട്ടിത്തരുന്നു. 1948ൽ കമ്യൂണിസ്‌റ്റ് പാർടിയെ നിരോധിച്ചതിന്റെ ഭാഗമായിട്ടായിരുന്നു പുതിയ ആക്രമണം.

കണ്ണൂരിൽ തൃച്ചംബരം ഈസ്‌റ്റ് എച്ച്ഇ സ്‌കൂൾ ഹെഡ്‌മാസ്‌റ്ററായിരുന്ന ടി എച്ച് കുഞ്ഞിരാമവാര്യർക്കെതിരായ നടപടിയുടെ ഭാഗമാണ് ഫയലെങ്കിലും അതിൽ മറ്റു വിശദാംശങ്ങളുണ്ട്‌. ടി എച്ച് കുഞ്ഞിരാമവാര്യരും അദ്ദേഹത്തിന്റെ അനുജൻ ടി എച്ച് കൃഷ്ണവാര്യരും കമ്യൂണിസ്റ്റ് പാർടി പ്രവർത്തകർ എന്ന നിലയിൽ പൊലീസ് പിടിയിലായിരുന്നു.


‘കമ്യൂണിസ്റ്റ് അണുബാധ’ നീക്കിയാലേ അധ്യാപകർക്ക്‌ ശമ്പളം നൽകാവൂ എന്ന ഡിപിഐയുടെ ഉത്തരവ്‌‘കമ്യൂണിസ്റ്റ് അണുബാധ’ നീക്കിയാലേ അധ്യാപകർക്ക്‌ ശമ്പളം നൽകാവൂ എന്ന ഡിപിഐയുടെ ഉത്തരവ്‌

















‘കോടതിയിൽ കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലും’, അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. 1948 മെയ് എട്ടിന് അയച്ച കത്തിൽ ഡയറക്ടർ ഇത് പറയുന്നു. ‘അധ്യാപകനെ പിരിച്ചുവിടാൻ മാനേജ്മെന്റ് തയ്യാറാകാതിരുന്നാൽ, സ്‌കൂളിന്റെ അംഗീകാരം പിൻവലിക്കണം’എന്നും കത്തിലുണ്ട്‌.


1930‐കളുടെ തുടക്കംമുതൽ മലബാറിൽ അധ്യാപക സംഘടന രൂപപ്പെട്ടുതുടങ്ങിയിരുന്നു. പിന്നീട് ജില്ലാ യൂണിയനായി. സ്വാതന്ത്ര്യ പോരാട്ടത്തിന്റെ സന്ദേശവാഹകർ കൂടിയായിരുന്നു അധ്യാപകർ. 1939ൽ ഇവരിൽ പലരും കമ്യൂണിസ്‌റ്റ് പാർടിയിലെത്തി. അതോടെ ആക്രമണം കടുത്തു. പല കേസിലും അധ്യാപകർ പ്രതിയാക്കപ്പെട്ടു. പലരും ജയിലിലായി. വെടിവെപ്പിലും ലോക്കപ്പിലും മരിച്ചുവീണവരിലും അവർ ഉൾപ്പെട്ടു. ആ പ്രസ്ഥാനത്തെയാണ് 1948‐51 കാലത്ത് കോൺഗ്രസ് മന്ത്രിസഭ വീണ്ടും വേട്ടയാടിയത്‌. ഒറ്റുകാരായി പ്രാദേശിക കോൺഗ്രസ് നേതൃത്വവും അണിനിരന്നു.


ഇക്കാലത്ത് ടി സി നാരായണൻ നമ്പ്യാരെപ്പോലെ ഉജ്വല സംഘാടകർ അധ്യാപകരിൽനിന്നുയർന്നു. കോൺഗ്രസിലെ ഇടതുപക്ഷത്തോട് അധ്യാപക പ്രസ്ഥാനത്തെ ചേർത്തുനിർത്തിയത് ടി സിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളായിരുന്നു. കണ്ണാടിപ്പറമ്പ് ഹയർ എലമെന്ററി സ്‌കൂളിൽ ഹെഡ്‌മാസ്‌റ്ററായിരുന്ന ടി സിയെ 1936 ഡിസംബർ എട്ടിനു പിരിച്ചുവിട്ടു. ടി സി സ്‌കൂൾ വിടാൻ വിസമ്മതിച്ചു. പൊലീസെത്തി. തന്റെ ശവത്തിൽ ചവിട്ടിയല്ലാതെ പൊലീസിന് അകത്തുകടക്കാനാവില്ലെന്ന് ടി സി പ്രഖ്യാപിച്ചു. അപ്പോഴേക്കും സ്‌കൂളിലേക്ക് പ്രകടനമായി വൻജനാവലി എത്തി. നിവൃത്തിയില്ലാതെ ചർച്ചയിലൂടെ പിരിച്ചുവിടൽ പിൻവലിച്ചു.


 ടി സി നാരായണൻ നമ്പ്യാർ ടി സി നാരായണൻ നമ്പ്യാർ


1937‐ലെ പ്രവിശ്യാ തെരഞ്ഞെടുപ്പിൽ മദ്രാസിൽ അധികാരത്തിലെത്തിയ കോൺഗ്രസ് മന്ത്രിസഭയും അധ്യാപകർക്ക് രാഷ്‌ട്രീയം വിലക്കി. 1939 സെപ്‌തംബർ 25ന് ചിറക്കൽ താലൂക്കിലെ അധ്യാപകർ ഉത്തരവിനെതിരെ പണിമുടക്കി. ടി സിയടക്കം 180 അധ്യാപകരെ പിരിച്ചുവിട്ടു. 123 പേരെ ജയിലിലടച്ചു. 79 പേരുടെ സർട്ടിഫിക്കറ്റ് സസ്‌പെൻഡ്‌ ചെയ്‌തു.

ടി സിക്കെതിരെ കോൺഗ്രസ് സർക്കാരിന്റെ കാലത്തെ കുറിപ്പ് ഫയലിൽ കാണാം. ‘‘കോഴിക്കോട് സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ സെക്കൻഡറി ഗ്രേഡ് അധ്യാപകനായ ശ്രീ ടി സി നാരായണൻ നമ്പ്യാരെ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന്‌’’1948 ഏപ്രിൽ 19ന് കോഴിക്കോട് താലൂക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കുറിപ്പിൽ പറയുന്നു. ഇത്തരം ‘അപകടകാരി’കളെ സ്‌കൂളുകളിൽ അനുവദിക്കരുതെന്നാണ് കുറിപ്പ് അവസാനിക്കുന്നത്‌. അക്കാലത്ത് ടി സി ഈ സ്‌കൂളിൽ താൽക്കാലിക അധ്യാപകനായിരുന്നു. പക്ഷേ വടക്കേ മലബാറിലായിരുന്നു ഏറെ ദിവസവും. പിന്നീട് മദ്രാസ്‐കേരള നിയമസഭകളിൽ അംഗമായ ടി സി പാർടിയിലും വിവിധ ചുമതലകൾ വഹിച്ചു.


കമ്യൂണിസ്‌റ്റ് അധ്യാപകരെ പിടികൂടണമന്നാവശ്യപ്പെട്ട് കോൺഗ്രസ് ചിറക്കൽ വില്ലേജ് കമ്മിറ്റി അയച്ച കത്ത്‌കമ്യൂണിസ്‌റ്റ് അധ്യാപകരെ പിടികൂടണമന്നാവശ്യപ്പെട്ട് കോൺഗ്രസ് ചിറക്കൽ വില്ലേജ് കമ്മിറ്റി അയച്ച കത്ത്‌

























ഈ ഫയലിൽ കമ്യൂണിസ്‌റ്റ് ബന്ധം ആരോപിക്കുന്ന 106 അധ്യാപകരുടെ ഒരു പട്ടികയുമുണ്ട്‌. ‘കമ്യൂണിസ്‌റ്റ് അണുബാധ’ പൂർണമായും ഇല്ലാതായി എന്നുറപ്പു കിട്ടിയാൽ മാത്രമേ സ്‌കൂളുകൾക്ക്‌ ഗ്രാന്റ്‌ നൽകാവൂ എന്ന്‌ നിർദേശിക്കുന്ന ഡിപിഐയുടെ 1948 ജൂൺ എട്ടിന്റെ ഉത്തരവും ഇതിനൊപ്പമുണ്ട്‌. ബ്രിട്ടീഷ് സർക്കാർ ചെയ്‌തതുപോലെ അധ്യാപകരെ അടിച്ചമർത്താനായിരുന്നു സ്വാതന്ത്ര്യപ്രാപ്‌തിക്കുശേഷം കോൺഗ്രസ് സർക്കാരിന്റെയും നീക്കം. ഇതിന് ഒത്താശ ചെയ്‌ത് കോൺഗ്രസ് രൂപീകരിച്ച ദേശരക്ഷാസമിതികളുടെ പ്രമേയങ്ങളും ഫയലിലുണ്ട്‌. കെ കേളപ്പന്റെ കത്തും കാണാം. ഈ അടിച്ചമർത്തലും അതിജീവിച്ച് അധ്യാപക പ്രസ്ഥാനം 1951‐നുശേഷം പലമടങ്ങ് കരുത്തോടെ മലബാറിൽ പടരുകയായിരുന്നു .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home