Deshabhimani

കവർസ്‌റ്റോറി

പുനലൂർ രാജന്റെ തൊഴിലാളികൾ

ഫോട്ടോ: പുനലൂർ രാജൻ
avatar
മാങ്ങാട് രത്‌നാകരൻ

Published on Sep 19, 2026, 12:30 PM | 4 min read

‘‘ഞാൻ ഒരു കമ്യൂണിസ്റ്റുകാരനാണെന്ന് നിങ്ങൾക്കറിയാമല്ലോ, ശൂരനാട്ടു ജനിച്ച് പുനലൂരിൽ കല്ലടയാറിന്റെ പാട്ടും കേട്ട് വളർന്നവനാണ്. ശൂരനാട്ട് പള്ളിക്കലാറിന്റെ കരയ്‌ക്കാണ് എന്റെ തറവാട്. വീടിന്റെ കിഴക്കുവടക്ക് വലിയ കാടായിരുന്നു. അതിനും നദിക്കും അരികിൽ പച്ചപ്പുല്ല് കാർപ്പെറ്റിട്ട ഒരു തിട്ട ഉണ്ടായിരുന്നു. മിഥുനം-കർക്കടകമാസത്തിൽ ആ പച്ചപ്പരവതാനിയിൽ ഞങ്ങളുടെ ചുറ്റുമുണ്ടായിരുന്ന പുലയർ, പറയർ തുടങ്ങിയ കൂലിവേലക്കാർ മലവിസർജനം ചെയ്‌തിരുന്നു. ഞാനവിടെ പൂപറിക്കാൻ പോകുമായിരുന്നു. മനുഷ്യന്റെ മലവിസർജനം ഞാനവിടെ കണ്ടിരുന്നു. തനി പച്ചനിറത്തിൽ രൂക്ഷമായ, അസുഖകരമായ വാസന ഉണ്ടായിരുന്നു മനുഷ്യവിസർജത്തിന്. എന്താ പച്ചനിറം? മിഥുനം -കർക്കടകമാസത്തിൽ ദാരിദ്ര്യത്തിന്റെ മൂർധന്യത്തിൽ ഞങ്ങളുടെ വിളയിൽ നിന്നും പയറിന്റെയും ചേമ്പിന്റെയും ഇലപറിച്ച് വേവിച്ചുതിന്നാൻ മാത്രമേ ആ സാധുക്കൾക്ക് കഴിഞ്ഞിരുന്നുള്ളൂ. അത്രകണ്ട് ദരിദ്രവാസികളായിരുന്നു എന്റെ ചുറ്റിലുമുണ്ടായിരുന്ന മനുഷ്യക്കോലങ്ങൾ. എങ്ങനെ ഞാനൊരു മാർക്‌സിസ്റ്റുകാരനാകാതിരിക്കും?''1

പുനലൂർ രാജൻ  ഫോട്ടോ: എസ്‌ ഹരിഹരൻപുനലൂർ രാജൻ ഫോട്ടോ: എസ്‌ ഹരിഹരൻ

ശൂരനാട് എന്ന വിപ്ലവത്തിന്റെ മണ്ണിൽ നിന്നാണ്, പുനലൂർ രാജൻ, കേരളത്തിൽ കമ്യൂണിസ്‌റ്റ്‌ പാർടി രൂപംകൊണ്ട കോഴിക്കോട്ടേയ്‌ക്ക്‌ വരുന്നത്. 1937 സെപ്തംബറിൽ കോഴിക്കോട്ട് പാളയത്തുള്ള ഒരു പച്ചക്കറിപ്പീടികയുടെ മുകളിൽ രഹസ്യമായി ചേർന്ന ഒരു യോഗത്തിൽ വച്ചാണ് പി കൃഷ്ണപിള്ള, ഇ എം എസ് നമ്പൂതിരിപ്പാട്, എൻ സി ശേഖർ, കെ ദാമോദരൻ, എസ് വി ഘാട്ടേ എന്നിവർ ചേർന്ന് അഖിലേന്ത്യാ കമ്യൂണിസ്റ്റ് പാർടിയുടെ കേരളഘടകം രൂപീകരിക്കുന്നത്. സെക്രട്ടറിയായി പി കൃഷ്ണപിള്ളയെ തെരഞ്ഞെടുത്തു.


പുനലൂർ രാജൻ വിദ്യാർഥിജീവിതകാലം തൊട്ട് ഒരു സാഹിത്യപ്രേമിയായിരുന്നു, കവിതകളും കഥകളുമെഴുതി, മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെ ബാലപംക്തിയിലും മറ്റും ആ രചനകൾ വെളിച്ചം കണ്ടു. സ്‌കൂളിലെ സാഹിത്യമത്സരങ്ങളിൽ സമ്മാനം നേടി. ഒരിക്കൽ സമ്മാനമായി ലഭിച്ചത് വൈക്കം മുഹമ്മദ് ബഷീറിന്റെയും തകഴിയുടെയും പുസ്‌തകങ്ങൾ. അവരുടെ കഥാലോകത്തിൽ ആകൃഷ്ടനായി. ബഷീർ, തകഴി എന്നിവരെക്കൂടാതെ, എസ് കെ പൊറ്റെക്കാട്ട്, പി കേശവദേവ്, പൊൻകുന്നം വർക്കി തുടങ്ങിയവരെ വായിച്ചു, അവരെപ്പോലെ വലിയൊരു എഴുത്തുകാരനാകാൻ ആശിച്ചു. ഇതേ ഘട്ടത്തിലാണ് സർഗാവേശം വഴിമാറി ഒഴുകുന്നത്. അച്ഛൻ ശ്രീധരൻ ചാന്നാരുടെ പക്കലുണ്ടായിരുന്ന ക്യാമറയിൽ ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങൾ അഭ്യസിച്ചു. ഇളയച്ഛനായ കാമ്പിശ്ശേരി കരുണാകരൻ അന്ന് ജനയുഗത്തിന്റെ പത്രാധിപരായിരുന്നു. രാജന്റെ ഫോട്ടോകൾ കാമ്പിശ്ശേരി ജനയുഗത്തിൽ പ്രസിദ്ധീകരിച്ച് പ്രോത്സാഹനം നൽകി. പിന്നീട് രാജനു തിരിഞ്ഞുനോക്കേണ്ടിവന്നില്ല. കാമ്പിശ്ശേരിയിലൂടെ തോപ്പിൽ ഭാസിയുമായി സൗഹൃദമായി, കെപിഎസി സ്വന്തം തട്ടകമായി, ആ കലാസംഘടനയുടെ നാടകങ്ങളുടെ ഫോട്ടോഗ്രാഫറായി. കെപിഎസി ചലച്ചിത്രത്തിലേക്കുകൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, രാജനെ സ്വന്തം ഛായാഗ്രാഹകനാക്കാനായി പാർടിയും കലാസംഘടനയും ചേർന്ന് മോസ്‌കോയിലെ വിഖ്യാതമായ ചലച്ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ചു. പഠനം കഴിഞ്ഞ് രാജൻ തിരിച്ചെത്തുമ്പോഴേക്കും കെപിഎസി ഫിലിംസ് തകർച്ചയുടെ വക്കിലായിരുന്നു; അതു മറ്റൊരു കഥ.


കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി പുനലൂർ രാജൻ നിയമിതനാവുന്നത് 1963-‐ലാണ്. അന്നുതൊട്ട് കോഴിക്കോട് രാജനെ, ഒരു കാന്തമെന്നതുപോലെ വലിച്ചടുപ്പിച്ചു. അതിനുമുമ്പേ തന്നെ ‘കോഴിക്കോടൻ കാന്തവലയ'ത്തിൽപ്പെട്ട ബഷീർ, എം ടി വാസുദേവൻ നായർ തുടങ്ങിയവരുമായി ചങ്ങാത്തമായി. കോഴിക്കോട്ടുകാരനായ എസ് കെ പൊറ്റെക്കാട്ടിനെ പരിചയപ്പെട്ടു-. ബഷീറിന്റെയും കോഴിക്കോടിന്റെയും ഫോട്ടോഗ്രാഫറായി. സാഹിത്യം, കല, സിനിമ, പ്രകൃതി, പക്ഷികൾ, കായികം, നിത്യജീവിതം...- പുനലൂർ രാജൻ കോഴിക്കോടിന്റെ ഒരു ‘ഫോട്ടോ ക്രോണിക്ലർ' ആയി മാറി.

ലോകത്തിലെ തന്നെ പ്രഥമ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടായ ഓൾ യൂണിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിനിമാട്ടോഗ്രഫിയിൽ പഠിക്കുമ്പോഴാണ് (1973-‐1975) പുനലൂർ രാജൻ ഫോട്ടോഗ്രഫിയുടെയും സിനിമാട്ടോഗ്രഫിയുടെയും അനന്തമായ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുന്നത്. സെർഗി ഐസൻസ്റ്റീൻ പഠിപ്പിക്കുകയും ആന്ദ്രേ താർകോവ്സ്‌കി പഠിക്കുകയും ചെയ്‌ത ഇൻസ്റ്റിറ്റ്യൂട്ട് എന്നു പറഞ്ഞാൽ അതിന്റെ ഗരിമ മനസ്സിലാവും. ഒക്ടോബർ വിപ്ലവത്തിന്റെയും ലെനിൻ, ട്രോട്‌സ്‌കി, സ്റ്റാലിൻ തുടങ്ങിയ നേതാക്കളുടേയും ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെയും നാത്സി ഉപരോധത്തിന്റെയും നിശ്ചല-ചലനദൃശ്യങ്ങളാൽ സമ്പന്നമായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലൈബ്രറി, ആ ദൃശ്യങ്ങൾ പഠനവിഷയവുമായിരുന്നു. അതാണ് രാജന്റെ ചരിത്രബോധത്തിന്റെയും സൗന്ദര്യദർശനത്തിന്റെയും അടിത്തറ.

കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകളും ചലനചിത്രങ്ങളും ‘സമഗ്ര'മാണെന്നു പറയുകവയ്യ. അതിനു കാരണങ്ങൾ പലതാണ്. സുനിൽ ജാന തലതൊട്ടപ്പനായ കമ്യൂണിസ്റ്റ് ഫോട്ടോഗ്രാഫർമാരിലെ രണ്ടാം തലമുറക്കാരനാണ്‌ രാജൻ. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി പിളരുമ്പോൾ (1964) രാജന് ഇരുപത്തിയഞ്ചു വയസ്സ്. രാജനു കൺകണ്ട നേതാക്കളായ എം എൻ ഗോവിന്ദൻ നായരും സി അച്യുതമേനോനും, കലാകാരന്മാരും എഴുത്തുകാരുമായ തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ തുടങ്ങിയവരും സിപിഐയോടൊപ്പം നിലകൊണ്ടതിനാൽ രാജനും അനുഭാവം അതിനോടായിരുന്നു. അതുകൊണ്ടുതന്നെ സിപിഐ നേതാക്കളെയായിരുന്നു രാജൻ പ്രധാനമായും ചിത്രീകരിച്ചത്. എന്നാൽ രാജന് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും ഉണ്ടായിരുന്നു. ഇടതു-വലതു പോരിനെ അദ്ദേഹം കാര്യമായെടുത്തില്ല. മോസ്‌കോ അനുഭവങ്ങൾ രാജന്റെ കമ്യൂണിസ്റ്റ് ചിന്താഗതിയിൽ മാറ്റമുണ്ടാക്കിയിരുന്നു. സമഗ്രാധിപത്യത്തിന്റെ വിപര്യയങ്ങളെക്കുറിച്ചുള്ള ആലോചനകൾ രാജനെ മഥിച്ചിരുന്നു.

ഫോട്ടോ: പുനലൂർ രാജൻഫോട്ടോ: പുനലൂർ രാജൻ

കോഴിക്കോട്ടെ തൊഴിലാളികൾ രാജന്റെ വിഷയമാകുന്നത് മനുഷ്യാധ്വാനത്തിന്റെ പ്രകീർത്തനം എന്ന നിലയിലാണ്. നിർമാണത്തൊഴിലാളികൾ, റോഡുപണിക്കാർ, മത്സ്യത്തൊഴിലാളികൾ, കല്ലായിയിലെ മരത്തൊഴിലാളികൾ, ബേപ്പൂരിലെ ഉരു തൊഴിലാളികൾ, ഖലാസിമാർ തുടങ്ങിയവർ രാജന്റെ ഫോട്ടോഗ്രാഫുകൾക്ക് വിഷയമായി. അതുതന്നെയും വളരെ ‘സൗന്ദര്യാത്മകമായ' കാഴ്‌ചയാക്കിമാറ്റാൻ രാജൻ ശ്രമിച്ചു. മാവേലിക്കര രവിവർമ സ്‌കൂളിൽനിന്നും ചിത്രകല പഠിച്ച രാജന് രൂപവിന്യാസം (composition) പ്രധാനമായിരുന്നു. രാജന്റെ ഫോട്ടോഗ്രഫി കലയിലെ മുഖ്യമായ വിശേഷമത്രേ അത്.

കോഴിക്കോടിന്റെ തൊഴിലാളി ചരിത്രത്തെക്കുറിച്ച് രാജന് നല്ല അറിവുണ്ടായിരുന്നു. കമ്യൂണിസ്റ്റ് നേതാക്കളിൽനിന്നും പണ്ഡിതന്മാരിൽനിന്നും സുഹൃത്തുക്കളിൽ നിന്നും ആർജിച്ച അറിവിനെ പ്രയോഗിക്കാനുള്ള ഒരു മാധ്യമമായിക്കൂടി രാജൻ ഫോട്ടോഗ്രഫിയെ കണ്ടു. ഇ എം എസ് നമ്പൂതിരിപ്പാടിനെ സിപിഐ എമ്മിന്റെ ഉന്നതനേതാവായി മാത്രമല്ല രാജൻ കണ്ടത്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തന്നെ കുലപതിയായാണ്. അതിനാൽ ഇ എം എസിന്റെ നിരവധി ഛായാചിത്രങ്ങളും പ്രസംഗങ്ങളും മറ്റു പരിപാടികളും രാജൻ ചിത്രീകരിച്ചു. കോഴിക്കോട്ടെ പ്രമുഖ നേതാവ് കേളുവേട്ടനുമായി (എം കെ കേളു) സ്നേഹബന്ധമുണ്ടായിരുന്നതിനാൽ ഇ എം എസിന്റെ മലബാർ യാത്രയെക്കുറിച്ചു മുൻകൂട്ടി അറിയാൻ കഴിഞ്ഞു; വിപുലമായിത്തന്നെ അദ്ദേഹത്തെ ചിത്രീകരിച്ചു.

ഫോട്ടോ: പുനലൂർ രാജൻഫോട്ടോ: പുനലൂർ രാജൻ

കമ്യൂണിസ്റ്റ് പാർടിയുടെ കേരളഘടകവും അതിനുമുമ്പ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയും രൂപീകരിക്കുന്നതിനു മുമ്പുതന്നെ വടക്കേ മലബാറിൽ കർഷകസംഘടനകൾ ഉടലെടുക്കുകയുണ്ടായി. ജന്മിമാരുടെ കൊടിയ ചൂഷണത്തിനും മർദനത്തിനും എതിരായുള്ള ചെറുത്തുനിൽപ്പുസംഘമായാണ് അവ തുടക്കത്തിൽ രൂപം കൊണ്ടത്. തൊഴിലാളികളുടേയും കർഷകരുടേയും സംഘടനയ്‌ക്ക്‌ ഊർജം നൽകിയത് 1928-‐ൽ നടന്ന ദക്ഷിണേന്ത്യൻ റെയിൽവേ പണിമുടക്കിന്റെ വിജയമാണ്. കോഴിക്കോട് കേന്ദ്രീകരിച്ച് അസംഘടിത തൊഴിലാളികളെ ഏകോപിപ്പിക്കുകയും അവരെ ട്രേഡ് യൂണിയന്റെ കീഴിൽ കൊണ്ടുവന്ന് അവകാശ സമരങ്ങളിലും സാമ്രാജ്യവിരുദ്ധ സമരങ്ങളിലും സജീവമാക്കിയത് പി കൃഷ്ണപിള്ളയുടെ നേതൃത്വത്തിലായിരുന്നു. 1934-‐ൽ കോഴിക്കോട്ട് ഒന്നാം ഗേറ്റിനു സമീപമുള്ള ഒരു മാളികയിൽ ഒരു തൊഴിലാളി നിശാപാഠശാലയും തുടങ്ങി. തിരുവണ്ണൂരിലെ കോട്ടൺമിൽ, ഫറോക്കിലെ ഓട്ടുകമ്പനി എന്നീ വ്യവസായശാലകളിലെ സമരം തൊഴിലാളിപ്രസ്ഥാനത്തിന് ശക്തമായ അടിത്തറയിട്ടു.

ഫോട്ടോ: പുനലൂർ രാജൻഫോട്ടോ: പുനലൂർ രാജൻ

പുനലൂർ രാജൻ ചിത്രീകരിച്ച ഈ തൊഴിലാളികളുടെ മുൻതലമുറയിലെ ഒരു വിഭാഗം ‘ആസ്സാം പണിക്കാർ' ആയിരുന്നു. അത് മറ്റൊരു യാഥാർഥ്യമായിരുന്നു.

‘‘വലിയ തീവണ്ടി കയറിപ്പോകിലും

വയറിന്മേൽ മുന്നോട്ടിഴയുന്നോർ ഞങ്ങൾ

കുടികളെങ്ങനെ വിലക്കും ഞങ്ങളെ?

ചുടുമിഴിനീരിലൊരൊറ്റ വറ്റുണ്ടോ?

തടുക്കില്ലമ്പലം, തടുക്കില്ലാ പള്ളി

പടച്ചവനിപ്പോൾ പരദേശത്തിലാം.

വിളിപ്പതെന്തിനു പുരിക, ളിങ്ങുപ-‐

ല്ലിളിച്ച മൃത്യുതാൻ പണിക്കിറങ്ങുന്നു.''

‘വിരുന്നുകാരായി വരുന്ന വിദേശികൾക്ക് സ്വർഗദേശമായിത്തോന്നിയിരിക്കാവുന്ന' കേരളത്തെക്കുറിച്ച് വൈലോപ്പിള്ളി പാടി. 1940-‐42-ലെ യുദ്ധകാലത്ത് പട്ടാളപാളയങ്ങളുടെ നിർമിതിക്കുവേണ്ടി ആസ്സാമിലേക്കു പോയും വന്നുമിരുന്ന ആസ്സാം പണിക്കാരെക്കുറിച്ചാണ് ഈ കവിതയെഴുതിയത്. പുതിയ നൂറ്റാണ്ടിന്റെ കാൽനൂറ്റാണ്ടു പിന്നിട്ടു തിരിഞ്ഞുനോക്കുമ്പോൾ ആസ്സാം പണിക്കാർ കേരളത്തിലെ മറ്റൊരു യാഥാർഥ്യമായിത്തീർന്നു.

പുനലൂർ രാജന്റെ, ഒരുപക്ഷേ ഇതാദ്യമായി വെളിച്ചം കാണുന്ന തൊഴിലാളി ഫോട്ടോഗ്രാഫുകൾ, വിഖ്യാത ബ്രസീലിയൻ ഫോട്ടോഗ്രാഫർ സെബാസ്‌ത്യാവോ സൽഗാദോ (1944‐2025) ലോകമെങ്ങും സഞ്ചരിച്ചു പകർത്തിയ മനുഷ്യാധ്വാനത്തിന്റെ ഇതിഹാസത്തെ ഒർമിപ്പിച്ചു. 120 രാജ്യങ്ങളിൽ സഞ്ചരിച്ചാണ്‌, കാണെക്കാണെ യന്ത്രത്തിന്‌ വഴിമാറിയ അധ്വാനത്തിന്റെ മനുഷ്യമുഹൂർത്തങ്ങൾ സൽഗാദോ സാക്ഷാൽക്കരിച്ചത്‌. ആ ഫോട്ടോഗ്രാഫുകളുടെ സഞ്ചയത്തെ2 അലങ്കരിക്കുന്നത്‌ ബിഹാറിലെ ധൻബാദിൽനിന്ന്‌ സൽഗാദോ പകർത്തിയ കൽക്കരി തൊഴിലാളികളായിരുന്നു. രാജസ്ഥാനിലെ കനാൽ തൊഴിലാളികളായ സ്‌ത്രീകളെയും ബോംബെയിലെ കൂലിപ്പണിക്കാരെയും അദ്ദേഹം തൊഴിലിന്റെ സന്ദർഭങ്ങളിൽ ചിത്രീകരിച്ചു. തൊഴിലിന്റെ സമ്പദ്‌ശാസ്‌ത്രത്തിൽ ഊന്നിയ ‘ദൃശ്യപുരാരേഖ’ കൂടിയായിരുന്നു ആ ചിത്രസഞ്ചയം.

വൈക്കം മുഹമ്മദ്‌ ബഷീർ ബേപ്പൂരിലെ മത്സ്യത്തൊഴിലാളികൾക്കൊപ്പം          ഫോട്ടോ: പുനലൂർ രാജൻവൈക്കം മുഹമ്മദ്‌ ബഷീർ ബേപ്പൂരിലെ മത്സ്യത്തൊഴിലാളികൾക്കൊപ്പം ഫോട്ടോ: പുനലൂർ രാജൻ

ഏറെക്കുറെ ചരിത്രവിമുഖമായ നമ്മുടെ നാട്ടിൽ സൽഗാദോയുടേതുപോലുള്ള ഇതിഹാസസമാനമായ രേഖപ്പെടുത്തലുകൾ ഉണ്ടാകാറില്ല. ‘ആനന്ദമൂല്യ’വും വിപണിമൂല്യവുമാണ്‌ ഫോട്ടോഗ്രഫിയെ നയിക്കുന്നത്‌ എന്നുവരാം. പുനലൂർ രാജൻ, പലതലങ്ങളിലും കലയെയും ചരിത്രത്തെയും സമന്വയിപ്പിക്കാൻ ശ്രമിച്ചു. അതിന്റെ രേഖകളാണ്‌ തൊഴിലാളിച്ചിത്രങ്ങളിൽ നാം കണ്ടത്‌.


കുറിപ്പുകൾ:

1.ബഷീർ ഓർമ്മയ്‌ക്കപ്പുറം, പുനലൂർ രാജൻ, മാതൃഭൂമി ബുക്‌സ്‌, 2008

2. വർക്കേഴ്‌സ്‌, സെബാസ്‌ത്യവോ സൽഗാദോ, താഷ്‌ചെൻ, 2024



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home