Deshabhimani

രേഖാമൂലം

വേഷം മാറി പീപ്പിൾസ് ഏജ്‌, വിലങ്ങിട്ട്‌ കോൺഗ്രസ്‌ സർക്കാർ

പടം
avatar
ശ്രീകുമാർ ശേഖർ

Published on Oct 16, 2026, 12:10 PM | 3 min read


1949 ഏപ്രിൽ ഒന്നിന്‌‌ ബോംബെ ആഭ്യന്തരമന്ത്രി മൊറാർജി ദേശായിക്ക്‌ സ്വതന്ത്ര ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സർദാർ വല്ലഭായ്‌ പട്ടേൽ ഇങ്ങനെ എഴുതി: ‘‘പ്രിയപ്പെട്ട മൊറാർജി, ‘പീപ്പിൾസ് ഏജി'-ന് (People's Age) പകരമായി വന്നതെന്ന് തോന്നിക്കുന്ന ‘കറന്റ് അഫയേഴ്സി'-ന്റെ (Current Affairs) ഒരു കോപ്പി ഗവർണർ ജനറൽ (സി രാജഗോപാലാചാരി) എനിക്ക് അയച്ചുതന്നിട്ടുണ്ട്. ഈ പത്രത്തിന് അതിന്റെ പുതിയ രൂപത്തിൽ എങ്ങനെ പുറത്തുവരാൻ കഴിഞ്ഞുവെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങൾ ഇതിനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കണം‐ അതും എത്രയും വേഗം.’’

രണ്ടാം പാർടി കോൺഗ്രസ്‌ അംഗീകരിച്ച നയരേഖ (കൽക്കത്ത തിസീസ്‌)യെ തുടർന്ന്‌ കമ്യൂണിസ്‌റ്റ്‌ പാർടിയും പ്രസിദ്ധീകരണങ്ങളും നിരോധിക്കപ്പെട്ട കാലം. നേതാക്കൾ ഏറെയും ജയിലിൽ. പലരും ഒളിവിൽ. കമ്യൂണിസ്‌റ്റ്‌ പാർടി പ്രസിദ്ധീകരണമായ ‘പീപ്പിൾസ്‌ ഏജ്‌‌’ 1948 മാർച്ച്‌ 26‐ന്‌ ബോംബെ സർക്കാർ നിരോധിച്ചു. 1949 വരെ രഹസ്യമായും പരസ്യമായും പത്രം തുടർന്നു. സൈക്ലോസ്‌റ്റൈൽ ചെയ്‌ത ലഘുലേഖകളിലൂടെ പാർടി പ്രചാരണം തുടർന്നു. കറന്റ്‌ അഫയേഴ്‌സ്‌, പീപ്പിൾസ്‌ ഹെറാൾഡ്‌ തുടങ്ങി പല പേരുകളിൽ ഒളിഞ്ഞും തെളിഞ്ഞും പ്രസിദ്ധീകരണങ്ങൾ തുടങ്ങി. എല്ലാം കണ്ടെത്തി സർക്കാർ നിരോധിച്ചു. ബ്രിട്ടീഷ്‌ സർക്കാർ സ്വീകരിച്ച അതേ അടിച്ചമർത്തൽ നയം കോൺഗ്രസ്‌ സർക്കാരും പാർടി പ്രസിദ്ധീകരണങ്ങൾക്കെതിരെ തുടർന്നു.

എ കെ ജിയെ ഏകാന്തതടവിൽ പാർപ്പിച്ചതിനെപ്പറ്റി 1949 മാർച്ച് 27-‐ന്റെ കറന്റ്‌ അഫയേഴ്‌സിൽ വന്ന വാർത്തഎ കെ ജിയെ ഏകാന്തതടവിൽ പാർപ്പിച്ചതിനെപ്പറ്റി 1949 മാർച്ച് 27-‐ന്റെ കറന്റ്‌ അഫയേഴ്‌സിൽ വന്ന വാർത്ത

‘കറന്റ്‌ അഫയേഴ്‌സ്‌’, ‘പീപ്പിൾസ്‌‌ ഏജി’ന്റെ അതേ കെട്ടിലും മട്ടിലുമായിരുന്നു. സർക്കാരിനെ കൂടുതൽ ചൊടിപ്പിച്ചത്‌ അതാണ്‌. എഡിറ്ററും പ്രസാധകനുമായി ഗണേശ്‌ സദാശിവ ബൈന്ദർ എന്ന പേരാണ്‌ ഉണ്ടായിരുന്നത്‌. പാർടി മുഖപത്രം എന്നു പറഞ്ഞിരുന്നില്ല. നാഷണൽ ആർക്കൈവ്‌‌സിൽ ലഭ്യമായ നിരോധന ഉത്തരവിനൊപ്പം കറന്റ്‌ അഫയേഴ്‌സിന്റെ രണ്ടാം ലക്കവും കാണാം. 1949 മാർച്ച് 27-‐ന് ഇറങ്ങിയ ഈ ലക്കത്തിൽ കയ്യൂർ രക്തസാക്ഷിത്വത്തിന്റെ ആറാം വാർഷികത്തിൽ കയ്യൂർ സഖാക്കൾക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള പ്രസ്‌താവന ഒന്നാം പേജിൽത്തന്നെയുണ്ട്. ‘കയ്യൂർ സഖാക്കളുടെ പാർടിയായ നമ്മുടെ പാർടിയിൽനിന്ന്‌ എല്ലാ ദൗർബല്യങ്ങളെയും ചാഞ്ചാട്ടങ്ങളെയും പിഴുതെറിയാൻ, അവർ പൂർത്തിയാക്കാതെപോയ പോരാട്ടവും അവരുടെ സ്മരണയും നമുക്ക് കരുത്തേകണം.’‐മുഖപ്രസംഗം ആഹ്വാനം ചെയ്‌തു.

ലേഖനങ്ങളെല്ലാം തന്നെ അന്നത്തെ കോൺഗ്രസ്‌ ഗവൺമെന്റിനെ രൂക്ഷമായി വിമർശിക്കുന്നവയായിരുന്നു. രാജ്യത്ത് അക്കാലത്ത് ഇരമ്പിക്കൊണ്ടിരുന്ന സമരങ്ങളുടെ വിവരങ്ങൾ പല പേജുകളിലായി കാണാം. വിദേശ എഴുത്തുകാരുടെ പേരുകൾ മാത്രമാണ് നൽകിയിരുന്നത്. എട്ടാം പേജിൽ അതീവ പ്രാധാന്യത്തോടെ നൽകിയ വാർത്ത എ കെ ജിയെ പറ്റിയാണ്.

‘എ കെ ഗോപാലന് ആറ് വർഷം തടവ്; പാർപ്പിച്ചിരിക്കുന്നത്‌ ഏകാന്ത തടവിൽ’ എന്ന തലക്കെട്ടിലുള്ള വാർത്തയിൽ ഇങ്ങനെ പറയുന്നു:

കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളിലൊരാളായ സഖാവ് എ കെ ഗോപാലനെ തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിലെ മരണശിക്ഷ വിധിക്കപ്പെട്ടവരുടെ സെല്ലിൽ (condemned cell) ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണ്. രാജമുൺട്രി, കോയമ്പത്തൂർ സെൻട്രൽ ജയിലുകളിൽ എ കെ ജി നടത്തിയ നിരാഹാര സമരങ്ങളെത്തുടർന്ന് അദ്ദേഹത്തെ ഏകാന്ത തടവിൽ പാർപ്പിക്കില്ലെന്ന് അധികാരികൾ നൽകിയ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഈ നടപടി.

1949 മാർച്ച് 27-‐ന്റെ കറന്റ്‌ അഫയേഴ്‌സ്‌1949 മാർച്ച് 27-‐ന്റെ കറന്റ്‌ അഫയേഴ്‌സ്‌

പ്രസംഗങ്ങളിലൂടെ ചില പൊലീസുകാരെ ഭീഷണിപ്പെടുത്തി എന്നാരോപിച്ചുള്ള മൂന്ന് വ്യത്യസ്‌ത കേസുകളിലായി സഖാവ് എ കെ ഗോപാലന് ആറ് വർഷത്തെ കഠിനതടവാണ് വിധിച്ചിരിക്കുന്നത്. കോടതിയിൽ നൽകിയ നീണ്ട പ്രസ്‌താവനയിൽ, തനിക്കെതിരെയുള്ള കുറ്റങ്ങൾ കെട്ടിച്ചമച്ചതാണെന്നും ജനങ്ങൾക്കെതിരായ കോൺഗ്രസ് സർക്കാരിന്റെ സമ്പൂർണ യുദ്ധത്തിന്റെ ഭാഗമാണ് ഈ വിചാരണയെന്നും സഖാവ് ഗോപാലൻ വ്യക്തമാക്കി.’’ ‐വാർത്ത പറയുന്നു.

പീപ്പിൾസ് ഏജ് നിരോധനത്തിനെതിരെ പ്രശസ്‌ത കവിയും നടി ഷബാന ആസ്മിയുടെ പിതാവും പുരോഗമന സാഹിത്യ സംഘടനാ സെക്രട്ടറിയുമായിരുന്ന കൈഫി ആസ്മിയുടെ പ്രസ്‌താവനയും പത്രത്തിലുണ്ട്.

നാലാം ലക്കത്തോടെ ‘കറന്റ്‌ അഫയേഴ്‌സി’നും വിലക്കുവീണു. ‘നിരോധനത്തിന്‌ പ്രസ് അഡ്വൈസറി കമ്മിറ്റി ഇന്ന് അനുമതി നൽകിയിട്ടുണ്ടെന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു.’ എന്ന്‌ സർദാർ പട്ടേലിന്റെ കത്തിന്‌ 1949 ഏപ്രിൽ 6‐ന്‌ അയച്ച മറുപടിയിൽ മൊറാർജി ദേശായി പറയുന്നുണ്ട്‌.

കറന്റ്‌ അഫയേഴ്‌സ്‌ നിരോധിച്ചതായി അറിയിച്ച്‌ മൊറാർജി ദേശായി സർദാർ വല്ലഭായ്‌ പട്ടേലിനയച്ച കത്ത്‌കറന്റ്‌ അഫയേഴ്‌സ്‌ നിരോധിച്ചതായി അറിയിച്ച്‌ മൊറാർജി ദേശായി സർദാർ വല്ലഭായ്‌ പട്ടേലിനയച്ച കത്ത്‌

പുതിയ പത്രങ്ങളും രഹസ്യ സർക്കുലറുകളുമായി കമ്യൂണിസ്‌റ്റ്‌ പാർടി പോരാട്ടം തുടർന്നു. രമേശ്‌ ഥാപ്പർ മുംബൈയിൽനിന്ന്‌ 1949 ഏപ്രിൽ 29‐ന്‌ ‘ക്രോസ്‌ റോഡ്‌സ്‌’ തുടങ്ങിയതോടെ പാർടിക്ക്‌ വീണ്ടും നാവായി. സേലം വെടിവയ്‌പ്പിന്റെ വാർത്തയെ തുടർന്ന്‌ പത്രം നിരോധിച്ചതും നിയമപോരാട്ടത്തിൽ ഥാപ്പർ വിജയം നേടിയതും ‘രേഖാമൂല’ത്തിൽ മുമ്പെഴുതിയിരുന്നു. 1953 സപ്‌തംബർ വരെ "ക്രോസ്‌ റോഡ്‌സ്‌’ ഇറങ്ങി. 1938‐ൽ നിലച്ച ‘ന്യൂ ഏജ്‌’ 1953 ഒക്‌ടോബർ നാലിന്‌ ദില്ലിയിൽ നിന്നു തുടങ്ങി. ഇന്നും സിപിഐയുടെ മുഖപത്രമായി തുടരുന്നു. സിപിഐ എം 1965 ജൂൺ 27 മുതൽ ഇംഗ്ലീഷ്‌ മുഖപത്രമായി ‘പീപ്പിൾസ്‌ ഡെമോക്രസി’യും പ്രസിദ്ധീകരിക്കുന്നു .





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home