Deshabhimani

അഭിമുഖം

കാടിന്റെ കനിവില്‍ നിറയുന്ന ജീവിതം

പടം


‘‘ആയിരത്തി മുന്നൂറ്റിയറുപത് ഏക്കര്‍ തരിശുഭൂമി വനമാക്കി മാറ്റാന്‍ ഒരാള്‍ക്ക് കഴിയുമോ?” ‘ഫോറസ്‌റ്റ്‌മാന്‍ ഓഫ് ഇന്ത്യ’ ഡോക്യുമെന്ററി കണ്ടശേഷം മനസ്സിലുയര്‍ന്ന ചോദ്യത്തിനുള്ള ഉത്തരമായി ജാദവ് മൊലയ് പായംഗ് മുന്നില്‍ നിന്നു. നാൽപ്പതുവര്‍ഷമായി പതിനഞ്ചുലക്ഷം തൈകള്‍ നട്ടുവളര്‍ത്തിയ മനുഷ്യന്‍! നവംബറിന്റെ പുലരിയില്‍, ബ്രഹ്മപുത്രാനദിയിലൂടെ ഞങ്ങള്‍ മൊലയ് വനം ലക്ഷ്യംവച്ച് നീങ്ങി. ആദ്യം തോണിയില്‍നിന്നിറങ്ങിയ ജാദവ്ജി ചെരുപ്പുകള്‍ ഊരിയെടുത്ത് കൈയില്‍ വച്ച് മണ്ണില്‍ച്ചവിട്ടി നടന്നു. പതിയെ, പുല്‍പ്പരപ്പില്‍നിന്നും പശുത്തൊഴുത്തിലേക്ക് കയറി. മേയാന്‍ വിട്ട പശുക്കളെ കൈകൊട്ടിവിളിച്ച് പാല്‍ കറന്നെടുത്ത് ഞങ്ങള്‍ക്ക് ചായ തന്നു. ഓരോ മനുഷ്യനും വീടിനു ചുറ്റും ജൈവവ്യവസ്ഥ പോഷിപ്പിച്ചെടുക്കാന്‍ ഊർജം പകരുന്ന പാഠപുസ്‌തകമാണ് പായംഗിന്റെ ജീവിതം. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍...

ജാദവ് മൊലയ് പായംഗ്ജാദവ് മൊലയ് പായംഗ്

ഷബിൽ കൃഷ്‌ണൻ: ബാല്യത്തില്‍ ഒരു കുഞ്ഞിന്റെ ഉള്ളില്‍ പതിയുന്ന ലോകമാണ് മുതിര്‍ന്നുവരുന്പോള്‍ അവന്‍ സൃഷ്ടിക്കുന്നതെന്ന് തോന്നാറുണ്ട്. സ്വപ്‌നസുന്ദരമായ ഒരു വനം സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുംവിധം നിങ്ങളുടെ ഉള്ളില്‍ പതിഞ്ഞുപോയ കുട്ടിക്കാലത്തിന്റെ കാഴ്‌ചകള്‍ എന്തെല്ലാമായിരുന്നു?

ജാദവ് മൊലയ് പായംഗ്: ലഖിറാം -‐ അഫുലി ദന്പതികളുടെ മകനായി മിരിസ് ഗോത്രത്തിലാണ് ജനനം. ഇന്നത് മിഷിങ്‌ എന്നറിയപ്പെടുന്നു. കാട്ടിലായിരുന്നു കുട്ടിക്കാലം ചെലവഴിച്ചത്. ആദ്യ കാഴ്‌ച, ഗന്ധം, സ്‌പര്‍ശം, രുചി... എല്ലാം കാടാണ്. ഞങ്ങളുടെ കാഴ്‌ചയില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. ഇരുട്ടും വെളിച്ചവും ഞങ്ങള്‍ക്ക് ഒരുപോലെയാണ്. ഒന്നിനോടും ഭയമില്ല. ഉള്ളില്‍ നിറയുന്നത് കാടാണ്, മഴയാണ്, നിലാവാണ്, കാട്ടുചോലയിലെ നീരൊഴുക്കിന്റെ ആഹ്ലാദമാണ്. മനുഷ്യരേയും മരങ്ങളേയും ജീവജാലങ്ങളേയും പായെംഗ് കുടുംബം വേറിട്ട് കണ്ടിരുന്നില്ല. ഒരു മരത്തോടും ജീവിയോടും പ്രത്യേകം മമതയില്ല. എന്നാല്‍ കരുതലുണ്ടായിരുന്നു. കാട് കനിഞ്ഞുതരുന്നതാണ് ആദ്യപാഠം, ജീവിതം. സൂര്യനില്‍ കുളിച്ച്, മണ്ണില്‍ കളിച്ച് മരങ്ങളില്‍ ഒരാളായി സ്വയമറിഞ്ഞ് വളര്‍ന്നു. അതാണ് ബാല്യം!

? കാടിനോട് നിങ്ങള്‍ ഗോത്രവര്‍ഗക്കാര്‍ സൂക്ഷിക്കുന്ന ഈ അടുപ്പവും കരുതലും കാടുവെട്ടിത്തെളിച്ച് കൃഷി ചെയ്യുന്നവര്‍ക്കും നാഗരികജീവിതം നയിക്കുന്നവര്‍ക്കും കൈമോശം വന്നുപോകുന്നത് എന്തുകൊണ്ടായിരിക്കും.

= കാട്ടില്‍നിന്ന് താമസം മാറിയാലും കാടിന്റെ അറിവുകളില്‍നിന്ന് വേറിട്ട് പോവരുത്. നഗരത്തില്‍ ജീവിച്ചാലും ഗ്രാമത്തില്‍ കഴി‍ഞ്ഞാലും കാടിനോടുള്ള സ്‌നേഹം ഉള്ളില്‍ വേണം. അത് പ്രകൃതിയാണ്. പ്രകൃതിയിൽനിന്ന്‌ അകലുന്നവരുടെ കാഴ്‌ച വികലമാകും. ജീവിതത്തെ സമഗ്രമായി കാണാന്‍ അവര്‍ക്ക് കഴിയില്ല. ഞാനും വന്‍നഗരങ്ങളില്‍ താമസിച്ചിട്ടുണ്ട്. അപ്പോ മൊലയ്‌ വനം എന്നെ തിരിച്ചുവിളിക്കും. ഇങ്ങോട്ട് മടങ്ങിവരാന്‍ തോന്നിപ്പിക്കുന്ന എന്തോ ഒന്നുണ്ട്. സ്വാസ്ഥ്യം, മണ്ണിന്റെ മണം, തണുപ്പ്... നിങ്ങള്‍ക്ക് അസ്വാസ്ഥ്യം വരുന്പോള്‍ കാടോ കടലോ പുഴയോ കാണണമെന്ന് തോന്നിയിട്ടില്ലേ? എല്ലാ മനുഷ്യരിലും അതുണ്ട്. എന്നാല്‍ ജീവിതസാഹചര്യങ്ങള്‍ സ്ഥിരമായി അവരെ അവിടെത്തന്നെ നില്‍ക്കാന്‍ അനുവദിക്കുന്നില്ല. എനിക്കതിന് സാധിക്കും. എന്റെ ചുറ്റിലും കാട് ഇല്ലാതാവുകയാണെന്ന് തോന്നുമ്പോള്‍ ഞാന്‍ കൂടുതല്‍ മരങ്ങള്‍ നടും. ആളുകള്‍ എന്നെ ആദരിക്കും. പത്മശ്രീ പോലുള്ള ബഹുമതികള്‍ തരും. എനിക്ക് പറയാനുള്ളത് മരങ്ങള്‍ നടാനും പ്രകൃതിയോട് സ്‌നേഹം സൂക്ഷിക്കാനുമാണ്. എന്തുകൊണ്ട് നിങ്ങളുടെ വീട്ടിലും പരിസരത്തും വൈവിധ്യമാര്‍ന്ന സസ്യങ്ങള്‍ വച്ചുപിടിപ്പിച്ചുകൂടാ? ജീവജാലങ്ങളുടെ എണ്ണം കൂടുന്പോഴല്ലേ മണ്ണില്‍ സമൃദ്ധിയെത്തുന്നത്? വൈല്‍ഡ് ക്രോപ്സ് വച്ചുപിടിപ്പിച്ചാല്‍ കാലാവസ്ഥാവ്യതിയാനം തടയാന്‍ എന്തെളുപ്പമാണ്.

മൊലയ്‌ വനത്തിൽ  ജാദവ് മൊലയ് പായംഗ്മൊലയ്‌ വനത്തിൽ ജാദവ് മൊലയ് പായംഗ്

? നാലുപതിറ്റാണ്ടിനുള്ളില്‍ വരണ്ട മണല്‍പ്പരപ്പിനെ ജാദവ്ജി മാനുകളും കടുവകളും ആനകളും കാണ്ടാമൃഗങ്ങളും അതിഥികളായെത്തുന്ന മൊലയ് വനമായി മാറ്റിയത് എങ്ങനെയായിരുന്നു.

= പ്രാദേശികമായ പുല്ലുവര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളാണ് ആദ്യം നട്ടത്. പൊള്ളുന്ന ചൂടില്‍ മണ്ണിലെ നനവ് സൂക്ഷിക്കണം. പിന്നീട് വിവിധ മുളയിനങ്ങള്‍ കൊണ്ടുവന്നു. മുളകള്‍ പ്രതികൂല കാലാവസ്ഥയെ അതിജീവിക്കും. മണ്ണൊലിപ്പിനേയും കൊടുങ്കാറ്റിനേയും തടയും. മുകളിലേക്ക് എത്ര ഉയരത്തില്‍ പോകുമോ അത്രയും ആഴത്തില്‍ വേരുകളാഴ്‌ത്തുന്ന മുളകളുണ്ട്. വേരു പിടിച്ചു തുടങ്ങുന്പോള്‍ അതോടൊപ്പം പ്രാണികളും പക്ഷികളും മറ്റ് ജീവികളും വരും. അവ പഴങ്ങള്‍ കഴിച്ച് കാഷ്ഠിക്കുന്ന വിത്തുകള്‍ കുറ്റിച്ചെടികളാകും. പ്രകൃതിയില്‍ സ്വാഭാവികമായി നടക്കുന്ന ഈ മാറ്റം വളങ്ങളും മറ്റ് രാസവസ്‌തുക്കളും മണ്ണില്‍ വീണാല്‍ സാവധാനത്തിലാവുകയോ നിലയ്‌ക്കുകയോ ചെയ്യും. ചെറുസസ്യങ്ങളും സൂക്ഷ്‌മജീവികളും കീടങ്ങളെന്ന് നാം വിളിക്കുന്ന ജീവികളും തമ്മിലുള്ള ഒരു സൗഹൃദം മണ്ണില്‍ നിലവിലുണ്ട്. അത് മനസ്സിലാക്കാതെ കൃഷി ചെയ്യുന്നതാണ് പ്രശ്നം. മണ്ണിനടിയിലെ ആഹാരശൃംഖലയുടെ കണ്ണികള്‍ മുറിയും. ജൈവവൈവിധ്യം തകരും. ചില ജീവികള്‍ പെരുകി മനുഷ്യര്‍ക്ക് ഉപദ്രവകാരിയായി മാറുന്നതിന്റെ അടിസ്ഥാനകാരണം ഇതാണ്.


? പശുക്കളെ വന്യമൃഗങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് വനം നട്ടുപിടിപ്പിച്ചതെന്ന് എവിടെയോ വായിച്ചിരുന്നു. ഗോമാതാ സങ്കല്‍പ്പത്തെ എങ്ങനെയാണ് കാണുന്നത്.

= എനിക്ക് ധാരാളം പശുക്കളുണ്ടായിരുന്നു. അവയെ കാട്ടില്‍ മേയാന്‍ വിടും. പിന്നീടെപ്പഴോ കടുവ പിടിച്ചു തിന്നാന്‍ തുടങ്ങി. "കടുവയ്‌ക്ക്‌ ഭക്ഷണം വേണ്ടേ? അവ എന്തു ചെയ്യും? മനുഷ്യരെപ്പോലെ റേഷനൊന്നും കിട്ടുന്നില്ലല്ലോ?’ കടുവയെ വെടിവച്ച് കൊല്ലണമെന്ന് പറയുന്ന ഗ്രാമീണരോട് ഞാന്‍ ചോദിച്ചു. അധികമാരും അത് കേട്ടില്ല. വനംവകുപ്പുകാര്‍ അവയെ കൂടുവച്ച് പിടിച്ച് മറ്റു കാടുകളിലേക്ക് വിട്ടു. അതോടെ അവിടെയുള്ള സംതുലനം തകരും. എന്താണ് യഥാർഥ പരിഹാരം? വനംവകുപ്പിനോട് പരാതി പറയാതെ വൈവിധ്യമാര്‍ന്ന പുല്ലുകള്‍ ഞാന്‍ വളര്‍ത്താന്‍ തുടങ്ങി. മെല്ലെ മെല്ലെ മാനുകളും മുയലുകളും വന്നു. കടുവകള്‍ മാനുകളെ ഭക്ഷിച്ചു. ഇര തേടി നാട്ടിലേക്കിറങ്ങാതായി. അങ്ങനെ പശുക്കള്‍ അതിജീവിച്ചു. വണ്ടുകളും പല്ലികളും എട്ടുകാലികളും തുന്പികളും അരണകളും ഓന്തുകളും പാന്പുകളും പക്ഷികളും മാനുകളും മയിലുകളുമെല്ലാം തിന്നും തിന്നപ്പെട്ടും പാരസ്പര്യത്തോടെ കഴിയുന്പോഴാണ് കാടെന്ന വലിയ ആവാസവ്യവസ്ഥ വളരുന്നത്. ഇവരുടെ കൂട്ടായ പ്രയത്നത്തിലാണ് മണ്ണ് മഴവെള്ളസംഭരണിയായി മാറുന്നത്. അങ്ങനെ സംഭരിച്ച ജലം നീരുറവകളായി ചാലിട്ട് നദികളായി താഴോട്ടൊഴുകുന്നു. ഒരു പുഴയുടെ പിറവിയില്‍ ഓരോ ജീവികളും പങ്കാളികളാകുന്നു. നമ്മള്‍ മനുഷ്യര്‍, കാടുകള്‍ നശിപ്പിച്ച് ഈ ജീവികളെ, ജൈവബന്ധങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കുന്നു.

കാട്ടിലേക്ക് പോകുന്ന പശുക്കളെ ഗോമാതായെന്ന് വിളിക്കാന്‍ കാരണം അവ വൈവിധ്യമാര്‍ന്ന പുല്ലുകള്‍ തിന്ന് ചാണകത്തില്‍ സൂക്ഷ്മജീവികളുടെ എണ്ണം വർധിപ്പിക്കുന്നതുകൊണ്ടാവണം. മുപ്പത്തി മുക്കോടി ദൈവങ്ങള്‍ ആ സൂക്ഷ്മജീവികളാവാനേ തരമുള്ളൂ. കാലങ്ങളായി പശുക്കളെ നാം ആരാധിക്കുന്നത് കൃഷിയിലെ സമൃദ്ധി ലക്ഷ്യംവച്ചാണ്. ഇപ്പോള്‍ പശുക്കള്‍ പോലും വോട്ടുമൃഗമായി മാറിയിട്ടുണ്ട്.

കേരളത്തിലൊക്കെ മഞ്ഞക്കൊന്നയും പൈനും പോലുള്ള അധിനിവേശസസ്യങ്ങളും ഏകവിളത്തോട്ടങ്ങളുമൊക്കെ കാടിന്റെ ഉള്ളില്‍ വരും. സാമൂഹ്യവനവല്‍ക്കരണംവഴി എത്തിയ ഇത്തരം ജനുസ്സുകള്‍ ഉള്‍ക്കാട്ടിലെ ഭക്ഷ്യശൃംഖലയെ തകര്‍ത്തുകളയുന്നു. മൃഗങ്ങള്‍ക്ക് ആവാസവ്യവസ്ഥ വിട്ട് നാട്ടിലേക്കിറങ്ങേണ്ടി വരുന്നു. പ്രാദേശികമായ സസ്യജാതികള്‍ക്ക് നാം പ്രാധാന്യം നൽകണം. വനവല്‍ക്കരണപദ്ധതികളില്‍ അക്കേഷ്യയും തേക്കുമൊന്നുമുണ്ടാവരുത്. തേക്കിലകള്‍ വീഴുന്നിടത്ത് പുല്ലുപോലും കിളിര്‍ക്കില്ല. മനുഷ്യര്‍ തടിയ്‌ക്കും വിറകിനും വ്യവസായത്തിനും വേണ്ടി നട്ടുവളര്‍ത്തിയ മരങ്ങള്‍ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കില്ല. പ്രകൃത്യാ കാറ്റും ജലവും വഴി വിതരണം ചെയ്യപ്പെടുന്ന വിത്തുകള്‍പോലും പല ആവാസവ്യവസ്ഥകളേയും ഇല്ലാതാക്കിയതിന്‌ തെളിവുകളുണ്ട്.

ഈ ജൈവ അധിനിവേശം തിരിച്ചറിയാന്‍ അത്ര എളുപ്പമല്ല. എന്നാല്‍ പരിസ്ഥിതിയുമായി പൊക്കിള്‍ക്കൊടി ബന്ധം സൂക്ഷിക്കുന്നവര്‍ക്ക് ഇത് സാധിക്കും. യൂക്കാലികള്‍, ഒരു മരം കുടിക്കുന്നതിന്റെ പത്തിരട്ടി വെള്ളം കുടിക്കും. യൂക്കാലി ഇന്ത്യക്കാരനല്ല, ആസ്ട്രേലിയനാണ്. ഇവിടെയുള്ള സസ്യങ്ങളെ അത് തളര്‍ത്തും. മണ്ണിനങ്ങളെക്കുറിച്ച് നല്ല ധാരണ വേണം. അതത് ദേശത്തെ സസ്യങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നത് തിരിച്ചുപിടിക്കണം. വേഗം വളരുന്നതും മുറിച്ചു വില്‍ക്കുന്പോഴുള്ള നല്ല ലാഭം കിട്ടുന്നതുമായ മരങ്ങളാണ് നാം നടുന്നത്. അതിന്റെ സ്വഭാവങ്ങള്‍ താരതമ്യം ചെയ്‌ത്‌ പഠിക്കാനും മണ്ണിനും കാലാവസ്ഥയ്‌ക്കും പറ്റിയത് തെര‍ഞ്ഞെടുക്കാനുമാണ് ശാസ്‌ത്രജ്ഞര്‍ ശ്രമിക്കേണ്ടത്.

ജാദവ് മൊലയ് പായംഗ് ബ്രഹ്മപുത്ര നദിയിൽ തോണിയിൽ യാത്ര ചെയ്യുന്നുജാദവ് മൊലയ് പായംഗ് ബ്രഹ്മപുത്ര നദിയിൽ തോണിയിൽ യാത്ര ചെയ്യുന്നു

കാട് നിരന്തരം കണ്ട് ശീലിച്ചവര്‍ക്ക് അന്യജനുസ്സുകളായ സസ്യജന്തുജാലങ്ങളെ വേഗം പിടികിട്ടും. നോക്കൂ, ജലസസ്യങ്ങള്‍ എത്രത്തോളം അപകടകരമായി മാറിക്കഴിഞ്ഞുവെന്ന്. ആദ്യം കാടിന്റെ പ്രാധാന്യം പഠിക്കണം. ജീവിതത്തിന്റെ തുടര്‍ച്ച ഉറപ്പുവരുത്താന്‍ നമുക്ക് മറ്റ് എളുപ്പവഴികളൊന്നുമില്ല. മണ്ണ്, വായു, ജലം, തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ മൂല്യം കൂടി ജിഡിപിയില്‍ വരണം. നമ്മള്‍ പണത്തിന് മാത്രം പ്രാധാന്യം നൽകിയാല്‍ അത് മാത്രമേ നമ്മുടെ ശ്രദ്ധയില്‍ വരൂ. ബെയ്ജിങ്ങിലും മറ്റും ശുദ്ധവായു ശ്വസിക്കാനുള്ള സോണുകള്‍ നിലവില്‍ വരുന്നുണ്ട്.

നോക്കൂ, കളകള്‍ മാരകായുധങ്ങളാണ്. ഒരു പ്രദേശത്തെ മുഴുവന്‍ നശിപ്പിക്കാനും ഭക്ഷ്യക്ഷാമം സൃഷ്ടിക്കാനും കളകളെ പലരും ഉപയോഗിക്കുന്നുണ്ട്. ഒരു രാജ്യത്തിന്റെ ജൈവവൈവിധ്യം തകര്‍ത്താല്‍ അവരുടെ ഭക്ഷ്യസുരക്ഷ ഇല്ലാതാകും. ആ ജനത അടിമകളാകും. നമുക്ക് എത്ര കൃഷിഭൂമിയുണ്ട്? അത് ഫലഭൂയിഷ്ഠമായാല്‍ തന്നെ എല്ലാവര്‍ക്കും സമൃദ്ധി കൈവരും.

? മരം നടല്‍ ഒരു ജീവിതദൗത്യമായി ഏറ്റെടുക്കുന്നത് എപ്പോഴായിരുന്നു. സര്‍ക്കാരോ സന്നദ്ധസംഘടനകളോ സഹായവുമായി വന്നിരുന്നോ.

= 1979‐ലെ വെള്ളപ്പൊക്കം എനിക്ക് മറക്കാനാവില്ല. അന്ന് വയസ്സ് പതിനാറ്. ബ്രഹ്മപുത്ര തീരങ്ങള്‍ കവിഞ്ഞൊഴുകി ദുരിതം വിതച്ചു. പിന്നെ നദി പിൻവാങ്ങി. കനത്ത വെയില്‍ വന്നു. മുളകള്‍കൊണ്ട് ഉയര്‍ത്തിയ പ്ലാറ്റ്ഫോമിലുള്ള വീടുകള്‍ പലതും ഒലിച്ചുപോയിരുന്നു. രണ്ടുമൂന്ന്‌ ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളം തിരിച്ചൊഴുകിയപ്പോള്‍ പൊള്ളുന്ന ചൂട്. മത്സ്യങ്ങളും പാന്പുകളും മറ്റും തീരങ്ങളില്‍ ചത്തുകിടക്കുന്ന കാഴ്‌ച ഹൃദയഭേദകമായിരുന്നു. ആ ദുരന്തമാണ് പുഴയോരത്ത് മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള ആഗ്രഹമായി മനസ്സില്‍ വേരുറപ്പിച്ചത്.


അരുണ സപോരി പദ്ധതിയുടെ ഭാഗമായി 200 ഹെക്ടറില്‍ കാടുവളര്‍ത്താന്‍ സംസ്ഥാന വനം വകുപ്പ് തീരുമാനിച്ചിരുന്നു. സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി തൈകള്‍ നട്ടു. മൂന്നുവര്‍ഷംകൊണ്ട് പദ്ധതി ഉപേക്ഷിച്ചു. ഞാന്‍ ഒറ്റയ്‌ക്ക്‌ ജോലി തുടര്‍ന്നു. മുപ്പതുവര്‍ഷംകൊണ്ട്‌ കാട് ഉയര്‍ന്നുവന്നു. സര്‍ക്കാരിന്റെ സബ്സിഡിയില്ല, സഹായമില്ല, പ്രോത്സാഹനമില്ല, സംതൃപ്തി മാത്രം. എന്നാല്‍ അന്തർദേശീയതലത്തില്‍ അംഗീകാരങ്ങള്‍ കിട്ടിയതോടെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങി. കാലാവസ്ഥാമാറ്റത്തിനെതിരെയുള്ള ലോകമാതൃകയായി ‘മുളൈവനം’ വലിയ പ്രസിദ്ധി നേടി. തുടർന്ന്‌ സ്‌കോട്ട്ലന്റിലേക്കും ഫോര്‍മോസയിലേക്കും ജപ്പാനിലേക്കും ഫ്രാന്‍സിലേക്കും മെക്‌സിക്കോയിലേക്കും ക്ഷണിച്ചു. തായ്‌വാന്‍ സര്‍ക്കാര്‍ മൂന്നുകോടി സഹായം വാഗ്ദാനം നൽകിയപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ നൽകുന്നത്. ഒരവാര്‍ഡും ഞാന്‍ അപേക്ഷിച്ചിട്ട് കിട്ടിയതല്ല.

2015‐ല്‍ ഫ്രാന്‍സിലെ ഹാവ്റെ ഇക്കണോമിക് ഫോറത്തില്‍ പല രാജ്യങ്ങളില്‍നിന്നെത്തിയ പത്രപ്രവര്‍ത്തകരും ശാസ്‌ത്രജ്ഞരും രാഷ്‌ട്രീയനേതാക്കളും സന്നദ്ധസംഘടനക്കാരും പങ്കെടുത്തിരുന്നു. ഞാന്‍ വിശിഷ്ടാതിഥിയായി. ‘‘സ്‌കൂളില്‍ ചേരുന്ന കുട്ടികള്‍ ഒാരോ തൈ നടണം. ആ തൈ വളരുന്നതുവരെ കുട്ടികള്‍ പരിചരിക്കണം. രക്ഷിതാക്കളും അധ്യാപകരും അന്തരീക്ഷതാപനിലയില്‍ മരങ്ങള്‍ വരുത്തുന്ന മാറ്റം ശാസ്‌ത്രീയമായി പഠിക്കണം. ചെടിയെ ആശ്രയിച്ചു വളരുന്ന പ്രാണികളുടെയും പക്ഷികളുടേയും കണക്കെടുക്കണം. ഈ പ്രവര്‍ത്തനം സിലബസിന്റെ ഭാഗമാക്കണം.” എന്റെ പ്രഭാഷണം കേട്ട് എല്ലാവരും കൈയടിച്ചു. പ്രോത്സാഹിപ്പിച്ചു. പക്ഷേ എത്രപേര്‍ അത് ചെയ്‌തു?

‘‘പ്രാണവായുവില്ലാതെ യുദ്ധം ചെയ്യാനാവുമോ? ആദ്യം നമുക്ക് മരം നടാം. എന്നിട്ട് അതിര്‍ത്തിവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം. ജീവന്‍ പണയംവച്ച് അതിര്‍ത്തി കാക്കാനും യുദ്ധം ചെയ്യാനും കഴിയുന്നവര്‍ക്ക് മരം നടാനാണോ പ്രയാസം?” അതിര്‍ത്തിയിലെ ഇന്ത്യ ‐ ചൈന സൈനിക മേധാവികളോട് ഞാന്‍ ചോദിച്ചു. മാധ്യമങ്ങള്‍ക്ക് ഇതൊക്കെയൊരു കൗതുകവാര്‍ത്തമാത്രം!

? മണ്ണിന്റെ വൈവിധ്യം ഇല്ലാതായാല്‍ സസ്യങ്ങളുടെ എണ്ണം കുറയുന്നതും ജീവജാലങ്ങളുടെ നാശത്തിന്റെ തോത് കൂടുന്നതും സ്വാഭാവികമാണല്ലോ? എന്തുകൊണ്ടാണ് നമുക്ക് ലളിതമായ ഈ സത്യം ആളുകളെ ബോധ്യപ്പെടുത്താന്‍ കഴിയാത്തത്.

ജാദവ് മൊലയ് പായംഗ്ജാദവ് മൊലയ് പായംഗ്

= ജീവന്റെ നിലനിൽപ്പിനാവശ്യമായ അടിസ്ഥാന പാഠങ്ങള്‍ നമ്മള്‍ എവിടെയും പഠിക്കുന്നില്ല. എന്താണ് നാം മണ്ണിലേക്കിടുന്നത്? മാലിന്യം. അമ്മയുടെ മടിയില്‍ മാലിന്യമിട്ടുമൂടുന്ന മക്കളായി നമ്മള്‍ മാറി. ഭൂമി അമ്മയാണെന്നറിയാത്തവര്‍ സ്വന്തം അമ്മയേയും മറക്കും. സ്വാതന്ത്ര്യം കിട്ടി ഇത്ര കാലമായിട്ടും നമ്മുടെ പഠനം മണ്ണിനെ സ്നേഹിക്കുംവിധം വികസിച്ചു വന്നിട്ടില്ല. നമ്മുടെ കൃഷിവകുപ്പും ശാസ്ത്രജ്ഞരും, എന്തിന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പോലും കാല്‍ച്ചുവട്ടിലെ മണ്ണിനെ ശ്രദ്ധിക്കുന്നേയില്ല. നിങ്ങള്‍ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യാറില്ലേ? ഒറീസയിലും ബംഗാളിലും യുപിയിലും എത്രയെത്ര കര്‍ഷകര്‍ മണ്ണ് പരിപാലിച്ചു കൃഷി ചെയ്യുന്നുണ്ട്. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടോ? മണ്ണിന്റെ നാശം രാജ്യത്തിന്റെ തകര്‍ച്ചയാണെന്നറിയാത്തവര്‍ പ്രകൃതിയുമായി നേരിട്ട് ബന്ധമില്ലാത്ത ഉദ്യോഗസ്ഥരെയും പരസ്യങ്ങളെയും വിശ്വസിച്ച് വളവും കീടനാശിനിയുമിടുന്നു. വൈദേശിക അലങ്കാരച്ചെടികള്‍ നട്ടുവളര്‍ത്തുന്നു. ഹരിതവിപ്ലവം മുതലുള്ള കോടികളുടെ സബ്സിഡികള്‍ അതിനുവേണ്ടിയാണ്. ഭാരതീയ പ്രകൃതികൃഷി പോലുള്ള പദ്ധതികള്‍ പേരിന് മാത്രമേയുള്ളൂ.

എഴുതാനോ വായിക്കാനോ പഠിക്കാത്ത കര്‍ഷകര്‍ക്ക് ആരാണ് വിഷങ്ങള്‍ കൊടുക്കുന്നത്? യൂറോപ്യന്‍ രാജ്യങ്ങളില്‍ നിരോധിച്ചവയൊക്കെ ഇന്ത്യന്‍ മാര്‍ക്കറ്റിലുണ്ട്. ദവാ എന്നാണ് പറയുക. ഒന്നും രണ്ടും കിലോയൊക്കെ സൗജന്യമാണ്. ഇത് മണ്ണിലിട്ടാല്‍ രോഗങ്ങള്‍ കൂടും; സസ്യങ്ങളിലും മനുഷ്യരിലും. നദികളില്‍ മീനുകളില്ലാതായിട്ടുണ്ട്. ചെടികളെ വളരാന്‍ സഹായിക്കുന്ന ജീവികളും അധികമില്ല. ഒന്നോ രണ്ടോ മൂന്നോ വട്ടം കൃഷി നടന്നേക്കും. പിന്നെയോ? സോയില്‍ ഇക്കോസിസ്‌റ്റം തകരുന്നതോടെ കാടുകളുടേയും കൃഷിഭൂമികളുടേയും വിസ്‌തൃതി കുറ‍ഞ്ഞില്ലാതാകും. ജലത്തില്‍നിന്നാണ് ജീവനുണ്ടാകുന്നത്. നമ്മള്‍ ഉണ്ടാകുന്നതിനും മുന്പ് സസ്യങ്ങളും പ്രാണികളും പക്ഷികളുമൊക്കെയുണ്ട്. അവരെക്കൂടി പരിഗണിക്കാനും സംരക്ഷിക്കാനും തയ്യാറാവാതെ നമ്മള്‍ എങ്ങനെ നിലനിൽക്കും? പ്രകൃതിനിയമങ്ങള്‍ പാലിച്ച് ജീവിക്കുന്ന മനുഷ്യരല്ലേ മറ്റു ജീവജാലങ്ങളേയും സംരക്ഷിച്ചു നിര്‍ത്തേണ്ടത്?

? സർവേക്കിടയില്‍ അപ്രത്യക്ഷമായ സംരക്ഷണകേന്ദ്രങ്ങളിലെ ആനകള്‍ നദി നീന്തിക്കടന്ന് നിങ്ങളുടെ മൊലയ് വനത്തിലേക്ക് വന്നത് വാര്‍ത്തയായിരുന്നല്ലോ. ഒറ്റക്കൊന്പൻ കാണ്ടാമൃഗങ്ങളും ഇവിടെയുണ്ടോ.

= എല്ലാ മൃഗങ്ങളേയും കാട്ടിലേക്ക്‌ വിളിക്കുന്നത് അതിന്റെ ജൈവവൈവിധ്യമാണ്. ‘റൈനു’വും ഞാനും നല്ല കൂട്ടാണ്. നമ്മള്‍ ഉപദ്രവിക്കില്ലെന്ന് തിരിച്ചറിഞ്ഞാല്‍ അവര്‍ നമ്മെത്തേടി വരും. ആനകള്‍ ഒരു ദിവസം തൊണ്ണൂറ്‌ ലിറ്റര്‍ വെള്ളം കുടിക്കും. മുന്നൂറ്‌ കിലോ പുല്ലുതിന്നും. അവരെങ്ങോട്ടു പോകും? നമുക്ക് ഭക്ഷണവും താമസവുമുണ്ട്. അവരുടെ വീട് കാടാണ്. അപ്പോ കാട് കയ്യേറിയുണ്ടാക്കിയ നമ്മളുടെ വീട് അവര്‍ തകര്‍ക്കും. ആനയ്‌ക്ക്‌ മനുഷ്യനേക്കാള്‍ ബുദ്ധിയുണ്ട്. അതിനോട് സ്നേഹത്തില്‍ നില്‍ക്കുന്നവരെ നിശ്ശബ്ദമായി നോക്കിനില്‍ക്കും. ഒരു കടുവയും മനുഷ്യരെ അങ്ങോട്ടുചെന്ന് ആക്രമിച്ചതായി എനിക്കറിവില്ല. എന്റെ കാട്ടില്‍ അങ്ങനെ സംഭവിക്കാറില്ല. ദേവപ്രീതിക്കായി ആടിനെ ബലി നൽകുന്നവരുണ്ട്. അതിന്റെ ഇറച്ചി നമ്മള്‍ തന്നെ കഴിക്കും. അതുപോലും കടുവയ്‌ക്ക്‌ കൊടുക്കില്ല. അവയ്‌ക്ക്‌ ഇര തേടാതെ ജീവിക്കാനാവുമോ? ഓരോ ജീവിയും അവരവരുടെ ജൈവവൃത്തത്തിന്റെ പരിധിയിലാണ് ജീവിക്കുന്നത്. നാം മാത്രം പരിധി തെറ്റിക്കുന്നു.


"നമ്മള്‍ എത്ര പള്ളികള്‍ പണിതു? അന്പലങ്ങള്‍? ഏതെങ്കിലും ദൈവങ്ങള്‍ പ്രകൃതിക്ഷോഭം തടഞ്ഞോ?’ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായി പോയപ്പോള്‍ ഞാന്‍ ചോദിച്ചു. ആരും ഉത്തരം തന്നില്ല. പ്രകൃതിയെ സംരക്ഷിക്കാത്ത മനുഷ്യരുടെ പ്രാർഥന ദൈവം കേള്‍ക്കുമോ? എന്നാല്‍ പറ്റാവുന്നത്ര ഇടങ്ങളില്‍ കാട് വളര്‍ത്തിനോക്കൂ. ദൈവം അനുഗ്രഹിക്കും. മഴവെള്ളം തുള്ളിപോലും പാഴാവില്ല. കറുത്ത മണ്ണിലേക്ക് അരിച്ചിറങ്ങി ശുദ്ധജലമായി സംഭരിക്കപ്പെടും. വരുംതലമുറ പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാന്‍ അത്രയും മതി.

സമൃദ്ധമായ സൂര്യപ്രകാശവും എന്തും വിളയുന്ന മണ്ണും അനുയോജ്യമായ കാലാവസ്ഥയുമാണ് നമ്മെ ലോകരാജ്യങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത്. അത് നശിച്ചാല്‍ നമ്മള്‍ പൂര്‍ണമായി അടിമകളായി മാറും. എന്റെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുന്ന പരിസ്ഥിതി ശാസ്‌ത്രജ്ഞരെങ്കിലും ഈ രീതിയില്‍ കാടുവളര്‍ത്താനുള്ള പദ്ധതികളും കൊണ്ടുവരണം. ‘ഫോറസ്റ്റ് മാന്‍ ഓഫ് ഇന്ത്യ’ അവാര്‍ഡ് സമ്മാനിക്കുന്നതിനിടയില്‍ മുംബൈയിലെ ഒരു ചടങ്ങിൽവച്ച്‌ പ്രസിഡന്റ് കലാം പറഞ്ഞതാണ് എനിക്ക് ഇന്നേവരെ കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ്.

‘‘സ്വര്‍ണത്തെക്കുറിച്ചും വജ്രത്തെക്കുറിച്ചുമൊക്കെ നിങ്ങള്‍ ധാരാളം കേട്ടിരിക്കും. അതിലേറെ മൂല്യമുള്ള മണ്ണിനെക്കുറിച്ച് ഇത്രയും വിശ്വാസത്തോടെ സംസാരിക്കുന്നവരെ കണ്ടിട്ടില്ല. സ്വര്‍ണവില കൂടിയാലും നമ്മള്‍ കുട്ടികളെ പഠിപ്പിക്കേണ്ടത് മണ്ണിന്റെ മൂല്യമാണ്.” അദ്ദേഹം പറഞ്ഞു.

മാജുലിയിലേക്കുള്ള പാലം വന്നാല്‍ ടൂറിസ്‌റ്റുകള്‍ ധാരാളം വരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എങ്ങനെ വരും? അവര്‍ തണുപ്പുതേടി ലക്കിംപൂരിലേക്കു പോകും. വരണ്ടുകിടക്കുന്ന, തലങ്ങും വിലങ്ങും പാലങ്ങള്‍ നിറഞ്ഞ ബ്രഹ്മപുത്രയെ കാണാനാണോ ആളുകള്‍ വരുന്നത്? അവര്‍ക്ക് യൂറോപ്പില്‍ അംബരചുംബികള്‍ ധാരാളമുണ്ട്. ഇന്ത്യയിലേക്ക് വരുന്നത് പ്രകൃതിയെ തൊട്ടറിയാനാണ്. മരങ്ങളും ജലാശയങ്ങളും മഹാനദികളുമൊക്കെ കാണാനും തോണിയില്‍ യാത്ര ചെയ്യാനുമാണ്. ടൂറിസം വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ഈ സത്യമെങ്കിലുമോര്‍ക്കണം.

ബ്രഹ്മപുത്ര നദീതടത്തിലെ മണൽ ഖനനംബ്രഹ്മപുത്ര നദീതടത്തിലെ മണൽ ഖനനം

? കാലാവസ്ഥാമാറ്റം ആഗോളപ്രശ്നമായി മാറുകയല്ലേ? ഭരണകൂടങ്ങള്‍ വളര്‍ച്ചാനിരക്ക് കുറയുമെന്ന് കരുതി യാഥാർഥ്യങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കുന്നു. എന്തു ചെയ്യും.

= ചൈനയില്‍ മഴ പെയ്‌താല്‍ അസമില്‍ വെള്ളപ്പൊക്കമുണ്ടാകും. അരുണാചല്‍പ്രദേശിലും നാഗാലാന്റിലും കാറ്റടിച്ചാല്‍ ഗൗഹാട്ടിയില്‍ പെരുമഴ പെയ്യും. അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകിയാലും കാലിഫോര്‍ണിയയില്‍ കാട്ടുതീ വന്നാലും ദുരന്തങ്ങള്‍ അതിര്‍ത്തികടന്നു നീങ്ങും.

ബോംബെയിലും ഡല്‍ഹിയിലും കേരളത്തിലും ഭൂഗര്‍ഭജലം താഴോട്ട് പോകുന്നില്ലേ? മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ പദ്ധതികളുണ്ടാവണം, തക്കലമക്കാന്‍ മരുഭൂമിയെ പച്ചപ്പാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് ചൈന. നമ്മളോ? നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആരവല്ലിയെ തകര്‍ത്ത് മരുഭൂമിയാക്കുന്നു. വടക്കുകിഴക്കന്‍ ദേശത്ത് വനനശീകരണം തുടര്‍ന്നാല്‍ കൊൽക്കത്തയടക്കം വെള്ളത്തിനടിയിലാകുന്ന കാലം വിദൂരമല്ല.

? പശ്ചിമഘട്ടത്തിന്റെ നാശം കേരളത്തിന്റെ സുസ്ഥിരവികസനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. മരംനടല്‍ ഫലപ്രദമായ ഒരു പദ്ധതിയാക്കി മാറ്റാന്‍ എങ്ങനെ കഴിയും.

= ഗ്രാമസഭയില്‍ പ്രകൃതിവിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം ചര്‍ച്ചാവിഷയമാവണം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നഷ്ടപ്പെട്ടുപോയ സസ്യങ്ങള്‍, ജന്തുജാലങ്ങള്‍, ജലാശയങ്ങള്‍ എന്നിവയുടെ കണക്കുകളെടുക്കാനും ആ വിസ്‌തൃതി വർധിപ്പിക്കാനുമാണ് ശ്രമിക്കേണ്ടത്. ജൈവവൈവിധ്യ രജിസ്‌റ്ററുകള്‍ എല്ലായിടത്തും പൊടിപിടിച്ചു കിടക്കുകയാണ്. അതിന് ജീവന്‍ വയ്‌ക്കണം.

യൂറോപ്യന്‍ രാജ്യങ്ങളില്‍ സമൃദ്ധമായ സൂര്യപ്രകാശമില്ല, ജലസ്രോതസ്സുകളില്ല. അതുകൊണ്ട് അവരതിന്റെ വില അറിയുന്നുണ്ട്. അതിനാല്‍, ഉള്ളത് മലിനമാക്കാതെ സംരക്ഷിക്കുന്നു. നമുക്കോ? വിഭവങ്ങളുണ്ട്. എന്നാല്‍ വിഭവസാക്ഷരത തീരെയില്ല. സ്‌കൂളില്‍ പ്രൈമറി തലത്തില്‍ത്തന്നെ ഇക്കാര്യം ഉറപ്പുവരുത്തിയാല്‍ നാം മാലിന്യനിര്‍മാർജനത്തിനും വനവല്‍ക്കരണത്തിനും പ്രത്യേകം ഫണ്ട് മാറ്റിവയ്‌ക്കേണ്ടി വരില്ല.

ഓരോ വീട്ടിലും ജൈവോദ്യാനങ്ങള്‍ വേണം. ഒഴിഞ്ഞ സ്ഥലങ്ങളില്‍ സ്വയം വളര്‍ന്നുവരുന്ന ഒരു കാടുണ്ടാകണം. ആ കാട് ഒരു പാഠശാലയാവും. കുട്ടികള്‍ ഭക്ഷ്യശൃംഖലയുടെ പ്രാധാന്യം തിരിച്ചറിയും. സൂക്ഷ്മജീവികള്‍ മുതല്‍ ആന വരെയുള്ള ജീവജാലങ്ങള്‍ എങ്ങനെയാണ് പാരസ്പര്യത്തിലൂടെ നിലനില്‍ക്കുന്നതെന്ന് കാടാണ് പഠിപ്പിക്കുന്നത്. ഈ സത്യം മനസ്സിലായാല്‍, ആഹാരശ‍ൃംഖലയുടെ കണ്ണികളെ നശിപ്പിക്കുന്ന യാതൊരു പ്രവര്‍ത്തനങ്ങളും നടത്തില്ല. അതിനുള്ള സമഗ്രമായ വിദ്യാഭ്യാസ പദ്ധതിയാണ് നാം പ്ലാന്‍ ചെയ്യേണ്ടത്.


പരിസ്ഥിതി വിദ്യാഭ്യാസം വീട്ടില്‍നിന്ന് തുടങ്ങണം. നിങ്ങളുടെ പ്രവൃത്തി കണ്ട് കുട്ടികള്‍ അനുകരിക്കും. അതിന്റെ തുടര്‍ച്ചയാണ് സ്‌കൂളില്‍ നടക്കേണ്ടത്. മണ്ണിനെ അറപ്പും വെറുപ്പുമുള്ളതായി കാണുന്ന സംസ്‌കാരം മാരണം. എന്റെ ഭാര്യ ബിനിതാ പായെംഗും മകള്‍ മുന്‍മുനി പായെംഗും ഈ വഴിയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. മുന്‍മുനിയ്‌ക്ക്‌ പത്ത് ലക്ഷം തദ്ദേശീയ വൃക്ഷങ്ങള്‍ നടുന്ന പദ്ധതിയുണ്ട്.

മടക്കയാത്രയില്‍, കടലുപോലെ പരന്നുകിടക്കുന്ന മണല്‍ഭൂമിയില്‍നിന്ന് നൂറുകണക്കിന്‌ ലോറികള്‍ മണ്ണും നിറച്ച് നഗരങ്ങളിലേക്ക് പായുന്നത് കണ്ട് ഞാന്‍ ചോദിച്ചു.

‘‘പുഴയില്‍നിന്ന് മണ്ണെടുക്കാന്‍ അനുമതിയുണ്ടോ?”

‘‘ഇല്ല. പുഴയെ സംരക്ഷിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ആരോ ഹര്‍ജി കൊടുത്ത് സ്റ്റേ ചെയ്‌തു. കിട്ടിയ അവസരം മുതലാക്കുകയാണവര്‍. അധികകാലം ഇത് തുടരാനാവില്ല.”

അദ്ദേഹം പറഞ്ഞു .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home