Deshabhimani

ഇന്ത്യ ഒരു നല്ല കുട്ടിയാണ്

Mahatma Gandhi

മഹാത്മാ ഗാന്ധി

avatar
പി ടി രാഹേഷ്

Published on Oct 01, 2026, 07:59 AM | 2 min read

ഗാന്ധിയാണോ, ഇന്ത്യയാണോ ആദ്യം ജനിച്ചത് ?ഈ ഗാന്ധിജയന്തി ദിനത്തിൽ ഉത്തരം കണ്ടെത്തേണ്ട ഒരു ചോദ്യമാണിത്. എന്താണ് നിങ്ങളുടെ ഉത്തരം ? ഇന്ത്യതന്നെ എന്ന ഉത്തരം കേട്ടാൽ അത്ഭുതപ്പെടാനില്ല. പറയുന്നത് കുട്ടികൾ മാത്രമല്ല, മുതിർന്നവരുമാണ്. അതിപുരാതനമായ പൗരാണികമായ ഇന്ത്യ. സമ്പന്നമായ ചരിത്രമുള്ള ഇന്ത്യ. ഉറപ്പായും ആദ്യം ജനിച്ചത് ഇന്ത്യതന്നെ ! ചിലർ അടിവരയിടും.

‘രാഷ്ട്രപുത്രനോ, രാഷ്ട്രപിതാവോ'?

ഇന്ത്യ ആണ് ആദ്യം ജനിച്ചതെങ്കിൽ ഗാന്ധിയെ രാഷ്ട്രപുത്രൻ എന്നു വിളിച്ചാൽ പോരെ! എങ്ങനെയാണ് രാഷ്ട്രപിതാവാകുന്നത്.


ഗാന്ധി എന്നാണ് ജനിച്ചത് ? 1869 ഒക്ടോബർ 2

അപ്പോൾ ഇന്ത്യയോ ?

ഇന്ത്യ യഥാർത്ഥത്തിൽ ജനിച്ചത് ചിലരുടെ മനസിലാണ്. അതൊരു വികാരമോ സ്വപ്നം ആയിരുന്നു.


ഇന്ത്യ എന്നൊരു രാജ്യം സ്വപ്നം കണ്ടവരെക്കുറിച്ചറിയാമോ ?


അവരുടെ പേരാണ് സ്വാതന്ത്ര്യസമര സേനാനികൾ. അവരുടെ നായകരിലൊരാളാണ് ഗാന്ധി. നിങ്ങൾക്കെത്ര സ്വാതന്ത്ര്യസമര സേനാനികളുടെ പേരറിയാം. പറയൂ!

നെഹ്റു, ഭഗത് സിങ്, അംബേദ്കർ, സുബാഷ് ചന്ദ്ര ബോസ്, ഉദ്ദം സിങ്, സരോജിനി നായിഡു, കെ.കേളപ്പൻ, എ.കെ.ജി - എത്ര പേരുകൾ അറിയാം. അറിയുന്നവരും അറിയപ്പെടാത്തവരുമായി അനേകായിരം മനുഷ്യർ. ഒരേ ‘സ്വപ്നം' കണ്ടവർ. ആ സ്വപ്നത്തിന്റെ പേരാണ് ഇന്ത്യ. ഇവരിൽ ഇവരിലൂടെ അനേകം മനുഷ്യരിൽ ഈ സ്വപ്നം ജനിച്ചു. അക്കൂട്ടത്തിൽ എല്ലാ ജാതിയിലും, മതത്തിലും ഉള്ളവരുണ്ട്. സ്ത്രീകളും പുരുഷൻമാരുമുണ്ട്. കുട്ടികളുണ്ട്. പല ഭാഷ സംസാരിക്കുന്നവരും, പല വസ്ത്രം ധരിക്കുന്നവരുമുണ്ട്. സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഒരേ സ്വപ്നം കാണുകയും പൊരുതുകയും ചെയ്തവർ.


അവരെക്കുറിച്ചൊരു പാട്ടു പാടാം


‘റാമും മുഹമ്മദും എബ്രഹാമും

ഭാരതം പെറ്റ പൊൻ മക്കളല്ലോ

ജാതിയേതായാലും മതമേതായാലും

ഒന്നിച്ചു നിൽക്കേണ്ട മക്കളല്ലോ

ഒന്നിച്ചു പൊരുണ്ടേ ശക്തിയല്ലോ' !


ഒന്നിച്ചു നിൽക്കുകയും ഒന്നിച്ചു പൊരുതുകയും ചെയ്തപ്പോൾ ആ സ്വപ്നം യാഥാർത്ഥ്യമായി. ആ സ്വപ്നം യാഥാർത്ഥ്യമായതെന്നാണ് ?


ഇന്ത്യ സ്വതന്ത്രമായത് 1947 ആഗസ്ത് 15ന് ആണല്ലോ. ഇന്ത്യ എന്ന പുതിയൊരു രാജ്യം ജനിച്ചത് 1947ൽ. അന്നുവരെയുണ്ടായിരുന്ന അനീതികളെല്ലാം ഇല്ലാതാക്കാൻ മതനിരപേക്ഷത, ജനാധിപത്യം, സമത്വം, നീതി, സാഹോദര്യം എന്നിങ്ങനെ ആധുനിക മൂല്യങ്ങൾ മുഖമുദ്രയായ ഒരു രാജ്യം.

ഗാന്ധി ജനിച്ചത് 1869 ൽ, ഇന്ത്യ 1947ൽ. അതിനായുള്ള സ്വപ്നം കണ്ടവരിൽ പ്രമുഖനാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് - മഹാത്മാഗാന്ധി.


ഇന്ത്യയോ ഭാരതമോ ?


ഇന്ത്യ അഥവാ ഭാരതം എന്നാണ് ഭരണഘടനയിൽ. ഇന്ത്യ 1947ൽ ജനിച്ചെന്നത് വ്യക്തമാണ്. അതിനു മുമ്പേ ഭാരതമുണ്ടായിരുന്നെന്നും അതിന്റെ പാരമ്പര്യമാണിതെല്ലാമെന്നും വാദിക്കുന്നവർ ഇന്ത്യയാണ് ആദ്യം ജനിച്ചതെന്ന് വരുത്തി തീർക്കാൻ കൂടിയാണ് പേരു മാറ്റാൻ ഒരുമ്പെടുന്നതും ഇന്ത്യയെ ഭാരതമാക്കുന്നതും.


‘ഇന്ത്യ ഒരു നല്ല കുട്ടിയാണ്' !

അങ്ങനെയെങ്കിൽ ആ നല്ല കുട്ടിയുടെ

നല്ല സ്വഭാവങ്ങൾ പറയാമോ ?


മതനിരപേക്ഷത, ജനാധിപത്യം, സമത്വം, നീതി, സാഹോദര്യം - ഭരണഘടനയുടെ ആമുഖത്തിൽ നിന്നും കണ്ടെത്താം.

നല്ല കുട്ടിയെന്നും ചീത്ത കുട്ടിയെന്നുമൊക്കെ പറയാറില്ലേ നമ്മൾ. ഇന്ത്യയെ നല്ല കുട്ടിയാക്കുന്നത് ഈ സ്വഭാവങ്ങളാണ്. ഈ സ്വഭാവങ്ങൾ ഇല്ലാതായാൽ ഇന്ത്യ ഒരു ചീത്ത കുട്ടിയാവും. ഇന്ത്യയെ ചീത്ത കുട്ടിയാക്കാൻ നോക്കുമ്പോൾ നാമെന്ത് ചെയ്യണം ?

നമുക്ക് നല്ല കുട്ടികളാവാം. മതനിരപേക്ഷ, ജനാധിപത്യ സ്വഭാവമുള്ള നല്ല കുട്ടികൾ. നാമെല്ലാവരും നല്ല കുട്ടികളായാൽ ഇന്ത്യ നല്ല കുട്ടിയായിരിക്കും. നമുക്ക് ചരിത്ര ബോധമുള്ള നല്ല കുട്ടികളാവാം.


എന്തിനാണ് ചരിത്ര ബോധം ?


പരീക്ഷക്ക് മാർക്കു കിട്ടാനുള്ള ഉത്തരങ്ങൾക്കപ്പുറം വിമർശന ബുദ്ധിയോടെ കാരണങ്ങളന്വേഷിക്കുമ്പോഴാണ് ചരിത്രബോധവും ശാസ്ത്രബോധവുമുണ്ടാകുന്നത്. ഇന്ത്യയാണോ ഗാന്ധിജിയാണോ ആദ്യം ജനിച്ചത് ? ഗാന്ധിയെ ഇന്ത്യക്കാരനായ നാഥുറാം വിനായക് ഗോഡ്സെ എന്തിനാവും കൊന്നത് ? അതുകൊണ്ട് ആർക്കാണ് ലാഭം ? ഇതെല്ലാം അന്വേഷിക്കാനാണ് ഈ ഗാന്ധിജയന്തി ദിനാഘോഷത്തിൽ നാം ശ്രമിക്കേണ്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home