അയൽവാസിയായ യുവതിയെ കുത്തിക്കൊന്നു; രക്ഷപെടുന്നതിനിടയിൽ കിണറ്റിൽ വീണ് പ്രതി

ഒല്ലൂർ: ക്രിസ്റ്റഫർ നഗർ പ്രദേശത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ അയൽവാസി കുത്തിക്കൊന്നു. പൊറത്തൂർ വീട്ടിൽ ഫ്രാൻസിസിന്റെ മകൾ സൗമ്യ (46) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ക്രിസ്റ്റഫർ നഗർ സ്വദേശി അപ്പാടൻ തോമസ് (65)നെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം നടന്നത്.
മണപ്പുറം ഫിനാൻസിലെ ജീവനക്കാരിയായിരുന്ന സൗമ്യ വീട്ടിലേക്ക് വരുന്നതിനിടെ വഴിയിൽ തടഞ്ഞുനിർത്തിയാണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ സൗമ്യയെ നാട്ടുകാർ ഉടൻ കൂർക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അക്രമത്തിനു ശേഷം രക്ഷപ്പെടുന്നതിനിടെ പ്രതി കിണറ്റിൽ വീണു. പിന്നീട് അഗ്‌നിരക്ഷാസേന എത്തിയാണ് ഇയാളെ പുറത്തെടുത്തത്.
മുൻവൈരമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയായ തോമസ് ചീരാച്ചി സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവറാണ്. മുമ്പ് ഇയാളുടെ പേരിൽ സൗമ്യ പോലീസിൽ പരാതി നൽകിയിരുന്നതായും അതുമായി ബന്ധപ്പെട്ട് കേസുകളും നിലവിലുണ്ടെന്നും അറിയുന്നു. അയൽവാസികളായ ഇവർ തമ്മിൽ ഇടയ്ക്കിടെ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
മരണപ്പെട്ട സൗമ്യയുടെ മക്കൾ ആഗ്‌നയും ആരോണുമാണ്. മൃതദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.











0 comments