ad
Deshabhimani

താൽപ്പര്യമുള്ളവർക്ക്‌ ആർക്കിടെക്‌ചർ

Architecture
avatar
പി കെ അൻവർ മുട്ടാഞ്ചേരി

Published on Jan 28, 2026, 10:40 AM | 3 min read

സാങ്കേതികതയും സർഗാത്മകതയും കരകൗശലവും ഒത്തുചേരുന്ന വിദഗ്ധ മേഖലയാണ് ആർക്കിടെക്ചർ. വിശാലമായ സാധ്യതകളുണ്ട്. വീടുകൾക്കു പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, പാർക്കുകൾ, ബീച്ചുകൾ, എയർപോർട്ടുകൾ, ഷോപ്പിങ്‌ കോംപ്ലക്സുകൾ, സ്റ്റേഡിയങ്ങൾ തുടങ്ങിയവയുടെ രൂപകൽപ്പനയിലും പ്ലാനിങ്ങിലും ആർക്കിടെക്‌ടുകൾക്ക് വലിയ പങ്കുണ്ട്.


കെട്ടിടങ്ങളുടെ ഡിസൈനിങ്ങിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ആർക്കിടെക്‌ടുകളുടെ ജോലി. ഗ്രാമീണ - നഗര പ്ലാനിങ്, ലാൻഡ്‌സ്കേപ്പ് ഡിസൈൻ, ഇന്റീരിയർ ഡിസൈൻ, പരിസ്ഥിതിക്ക്‌ ഇണങ്ങിയ നിർമാണം തുടങ്ങിയ മേഖലകളിലെല്ലാം ആർക്കിടെക്‌ടുകളുടെ സേവനം അനിവാര്യമാണ്. സർഗാത്മകതയും ചിത്രരചനാ പാടവും രൂപകൽപ്പനയോടുള്ള താൽപ്പര്യവും ഗണിതശാസ്ത്രാഭിരുചിയും ഉള്ളവർക്ക് ശോഭിക്കാനാകും. അവസരങ്ങൾ നിരവധി സ്വന്തമായി ആർക്കിടെക്‌ടായി പ്രാക്ടീസ് ചെയ്യാം.


സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, പ്രൈവറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവയിൽ അവസരങ്ങളുണ്ട്. നിർമാണ മേഖല, ടൗൺപ്ലാനിങ്, ഇന്റീരിയർ ഡിസൈനിങ്, കൺസൾട്ടൻസി, സർവേ ഡോക്യുമെന്റേഷൻ, ലാൻഡ്‌സ്‌കേപ്പ് ഡിസൈൻ, ബിൽഡിങ് കൺസർവേഷൻ, പ്രതിരോധം, അർബൻ ഡെവലപ്മെന്റ്‌, ആർക്കിടെക്‌ചർ ഡിപ്പാർട്ട്മെന്റുകൾ തുടങ്ങിയ മേഖലകളിൽ സാധ്യതകളുണ്ട്. അധ്യാപന മേഖലയിലും അവസരങ്ങളുണ്ട്. സ്വയം സംരംഭത്തിന് യോജിച്ച മേഖലയുമാണ്. ആർക്കിടെക്ചർ, ഡിസൈൻ മേഖലകളിൽ ഉപരിപഠനവും സാധ്യമാണ്. ഏത് ബിരുദധാരികൾക്കും യോജിച്ച സിവിൽ സർവീസസ്, മാനേജ്മെന്റ്‌ പോലെയുള്ള മേഖലകളും പരിഗണിക്കാവുന്നതാണ്.


പ്രോഗ്രാമുകൾ


ഡിപ്ലോമ ഇൻ ആർക്കിടെക്ചർ (ഡി ആർക്ക് ), ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ (ബി ആർക്ക്), മാസ്റ്റർ ഓഫ് ആർക്കിടെക്ചർ (എം ആർക്ക്) എന്നിവയാണ് ഈ മേഖലയിലെ പ്രധാന പ്രോഗ്രാമുകൾ. മൂന്നു വർഷം ദൈർഘ്യമുളള ഡി ആർക്കാണ് ഏറ്റവും പ്രാഥമിക തലത്തിലുള്ള പ്രോഗ്രാം.

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പോളിടെക്നിക്കുകൾ വഴി ഡി ആർക്ക് പഠിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് . വിഷയങ്ങൾ പഠിച്ച് പ്ലസ് ടു വിജയിച്ചവർക്കും മാത്തമാറ്റിക്സ് ഒരു വിഷയമായി ത്രിവത്സര ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അഞ്ചുവർഷ പ്രോഗ്രാമായ ബി ആർക്കിന് പ്രവേശനം നേടാം. ബിരുദാനന്തരബിരുദതലത്തിൽ എംആർക്ക്‌, എം പ്ലാൻ ( മാസ്റ്റർ ഓഫ് പ്ലാനിങ്‌) പ്രോഗ്രാമുകളും വിവിധ സ്ഥാപനങ്ങളിൽ ലഭ്യമാണ്. ഗവേഷണം വഴി പി എച്ച്ഡി നേടാനുള്ള അവസരവും നിലവിലുണ്ട്. പഠിക്കുന്ന സ്ഥാപനങ്ങൾക്ക് കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ അംഗീകാരം ഉറപ്പ് വരുത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.


കേരളത്തിൽ ‘നാറ്റ' വഴി


കേരളത്തിലെ ബി ആർക് പ്രവേശനം അഖിലേന്ത്യാതലത്തിൽ നടക്കുന്ന അഭിരുചി പരീക്ഷയായ ‘നാറ്റ' (NATA- നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) സ്കോറും പ്ലസ് ടു പരീക്ഷാ സ്കോറും തുല്യ അനുപാതത്തിൽ പരിഗണിച്ചാണ്. ഐഐടികൾ, എൻഐടികൾ ഒഴികെ രാജ്യത്തെ മിക്ക സ്ഥാപനങ്ങളിലും ആർക്കിടെക്‌ചർ പ്രവേശനത്തിന് പരിഗണിക്കുന്ന അഭിരുചി പരീക്ഷയാണ് കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന ‘നാറ്റ'. നിരവധി തവണ നാറ്റ നടത്താറുണ്ട്. താൽപ്പര്യമനുസരിച്ച് മൂന്നുപ്രാവശ്യംവരെ പരീക്ഷ എഴുതാം. ഏറ്റവും മികച്ച സ്കോറാണ് പ്രവേശനത്തിനായി പരിഗണിക്കുക. നാറ്റ സ്കോറിന് രണ്ടുവർഷം വാലിഡിറ്റിയുണ്ട്. പ്ലസ് വൺ പഠിക്കുന്നവർക്കും പരീക്ഷയെഴുതാം.


ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെയുള്ള പ്ലസ് വൺ /പ്ലസ് ടു, മാത്തമാറ്റിക്സ് അടങ്ങിയ മൂന്ന് വർഷ ഡിപ്ലോമ എന്നിവയാണ് യോഗ്യത. പരീക്ഷയ്‌ക്ക് രണ്ട് ഘട്ടങ്ങളുണ്ട്. പാർട്ട് Aയും പാർട്ട് Bയും. ആകെ 200 മാർക്ക്. പാർട്ട് Aയിൽ ഡ്രോയിങ്‌ & കോമ്പോസിഷൻ പരീക്ഷയാണ്. മൂന്നു ചോദ്യങ്ങളുണ്ട്. 80 മാർക്കിന്റെ 90 മിനിറ്റ് ഓൺലൈൻ പരീക്ഷ. പാർട്ട് B കംപ്യൂട്ടർ ബേസ്ഡ് മൾട്ടിപ്പിൾ ചോയ്സ് പരീക്ഷയാണ്. 45 ചോദ്യങ്ങൾക്ക് 90 മിനിറ്റ് സമയം.120 മാർക്ക് . പാർട്ട് Aയിൽ 20മാർക്കും പാർട്ട് Bയിൽ 30 മാർക്കും ആകെ 200 മാർക്കിൽ 70 മാർക്കും ലഭിച്ചാൽ മാത്രമേ നാറ്റ യോഗ്യത ലഭിക്കുകയുള്ളൂ.


നാറ്റ പരീക്ഷ എഴുതുന്നതോടൊപ്പം കേരള എൻട്രൻസ് കമീഷണർക്ക് പ്രത്യേകം അപേക്ഷ നൽകേണ്ടതുമുണ്ട് ( കീം അപേക്ഷ ജനുവരി 31 വരെ നൽകാം). പ്ലസ് ടു, നാറ്റ മാർക്കുകൾ യഥാസമയം എൻട്രൻസ് കമീഷണറെ അറിയിക്കുകയും വേണം. ഈ വർഷത്തെ നാറ്റ വിജ്ഞാപനം ഉടൻ പ്രതീക്ഷിക്കാം. കേരളത്തിൽ ഗവൺമെന്റ്‌ / എയ്‌ഡഡ്/സ്വാശ്രയ മേഖലകളിൽ മുപ്പതോളം ആർക്കിടെക്ചർ കോളേജുകളുണ്ട് . കോളേജ് ഓഫ് എൻജിനിയറിങ്‌ തിരുവനന്തപുരം, ഗവൺമെന്റ്‌ എൻജിനിയറിങ്‌ കോളേജ് തൃശൂർ, ടികെഎം എൻജിനിയറിങ് കോളേജ് കൊല്ലം, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോട്ടയം എന്നിവയാണ് ഗവൺമെന്റ്‌/ എയ്ഡഡ് മേഖലയിലുള്ളത്.


ഐഐടി, എൻഐടികളിൽ


ജെഇഇ മെയിൻ പരീക്ഷയുടെ പേപ്പർ 2Aയുടെ മാർക്ക് പരിഗണിച്ചാണ് എൻഐടികൾ, സ്കൂൾ ഓഫ് പ്ലാനിങ്‌ & ആർക്കിടെക്ചറുകൾ (എസ്‌പിഎ) എന്നിവയിലെ ബി ആർക്ക് പ്രവേശനം. പരീക്ഷയുടെ ഒന്നാം സെഷൻ ജനുവരി 21നും 30നുമിടയിൽ നടക്കും. രണ്ടാം സെഷൻ ഏപ്രിൽ രണ്ടിനും ഒമ്പതിനുമിടയിലും. വിവിധ ഐഐടികളിലെ പ്രവേശനത്തിന് ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലും (എഎടി) യോഗ്യത നേടണം. ജെഇഇ അഡ്വാൻസ്ഡ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച വിദ്യാർഥികൾക്ക് മാത്രമേ എഎടി എഴുതാനാകൂ. പ്രവേശനത്തിന് ജെഇഇ അഡ്വാൻസ്ഡ് റാങ്ക് തന്നെയാണ് പരിഗണിക്കുന്നത്. ഇത്തവണ ജെഇഇ അഡ്വാൻസ്ഡ് മെയ് 17നാണ്. രജിസ്ട്രേഷൻ ഏപ്രിൽ 23നും മെയ് രണ്ടിനുമിടയിൽ. എഎടി ജൂൺ നാലിനും നടക്കും. ജൂൺ ഒന്നിനും രണ്ടിനുമിടയിൽ രജിസ്റ്റർ ചെയ്യണം. ജൂൺ ഏഴിന് ഫലമറിയാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home