ad
Deshabhimani

വെറ്ററിനറി സർവകലാശാലയിൽ വിവിധ പ്രോഗ്രാമുകൾ

veretinary science

പ്രതീകാത്മകചിത്രം

avatar
പി കെ അൻവർ മുട്ടാഞ്ചേരി

Published on Jun 10, 2026, 11:32 AM | 2 min read

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല (KVASU) 2026-27 അധ്യയന വർഷത്തേക്കുള്ള പിജി, പിജി ഡിപ്ലോമ, ബിഎസ്‌സി, ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ ജൂൺ 20 വരെ അപേക്ഷിക്കാം.


പിജി പ്രോഗ്രാമുകൾ


ബയോസ്റ്റാറ്റിസ്റ്റിക്സ്, ക്വാളിറ്റി കൺട്രോൾ ഇൻ ഡെയറി ഇൻഡസ്ട്രി, ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി, അപ്ലൈഡ് മൈക്രോബയോളജി, അനിമൽ ബയോടെക്നോളജി, അനിമൽ സയൻസസ്, അപ്ലൈഡ് ടോക്സിക്കോളജി എന്നിവയാണ് എംഎസ്‌സി പ്രോഗ്രാമുകൾ. രണ്ടുവർഷ പ്രോഗ്രാമുകൾ. ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ബിരുദമാണ് യോഗ്യത. മണ്ണുത്തിയിലെ കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിലാണ് എംഎസ്‌സി പ്രോഗ്രാമുകളുള്ളത്.


പൂക്കോട് സെന്റർ ഫോർ വൈൽഡ്‌ലൈഫ് സ്റ്റഡീസിൽ എംഎസ് വൈൽഡ് ലൈഫ് സ്റ്റഡീസ് പ്രോഗ്രാമിനും അവസരമുണ്ട്. ബയോസയൻസസിൽ (ബോട്ടണി, സുവോളജി, വെറ്ററിനറി സയൻസ്,ഫോറസ്ട്രി തുടങ്ങിയവ) ബിരുദമാണ് യോഗ്യത.


​പിജി ഡിപ്ലോമ


വെറ്ററിനറി കാർഡിയോളജി (മണ്ണുത്തി ക്യാമ്പസ് -3 സീറ്റ്), വെറ്ററിനറി അനസ്തീഷ്യോളജി (പൂക്കോട് ക്യാമ്പസ് -2 സീറ്റ്) എന്നിവയിലാണ് പിജി ഡിപ്ലോമ പ്രോഗ്രാമുകൾ. ഒരുവർഷ പ്രോഗ്രാമുകളാണ്. ബിവിഎസ്‌സി ആൻഡ് എഎച്ച് ബിരുദം അല്ലെങ്കിൽ ബിവിഎസ്‌സി ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.


യുജി പ്രോഗ്രാം


പൗൾട്രി പ്രൊഡക്‌ഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റിൽ ബിഎസ്‌സി (ഓണേഴ്‌സ്) പ്രോഗ്രാം പഠിക്കാം.നാലുവർഷ പ്രോഗ്രാമാണ്. 50 ശതമാനം മാർക്കോടെ ബയോളജി അടങ്ങിയ പ്ലസ്ടു /വിഎച്ച്എസ്ഇ വിജയിച്ചവർക്ക് അപേക്ഷിക്കാം. തിരുവിഴാംകുന്ന് കോളേജ് ഓഫ് ഏവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റിലാണ് പഠനാവസരം.


ഡിപ്ലോമ


ഡെയറി സയൻസ്, ലബോറട്ടറി ടെക്നിക്സ്, ഫീഡ് ടെക്നോളജി എന്നിവയിൽ ഡിപ്ലോമ പ്രോഗ്രാമുകൾ പഠിക്കാം. രണ്ടുവർഷ പ്രോഗ്രാമുകളാണ്. ഫീഡ് ടെക്നോളജി ഡിപ്ലോമയ്ക്ക് ഏതെങ്കിലും വിഷയത്തിൽ പ്ലസ്ടു ജയിച്ചാൽ മതി. മറ്റ്‌ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് ബയോളജിയടങ്ങിയ പ്ലസ്ടു വിജയിച്ചിരിക്കണം. വിഎച്ച്എസ്ഇ പഠിച്ചവർക്ക് ചില പ്രത്യേക വിഷയങ്ങൾ പഠിച്ചിട്ടുണ്ടാകണം.


പ്രവേശന വഴികൾ


ബിഎസ്‌സി, ഡിപ്ലോമ പ്രോഗ്രാമുകൾക്ക് സ്ഥാപനം നടത്തുന്ന പരീക്ഷ വഴിയാണ്‌ പ്രവേശനം. പിജി, പിജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക് ബിരുദ പ്രോഗ്രാമിന്റെ മാർക്ക് പരിഗണിച്ചാണ് പ്രവേശനം. സർവകലാശാല നടത്തുന്ന ബാച്ച്‌ലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറി (ബിവിഎസ്‌സി ആൻഡ് എഎച്ച്) പ്രോഗ്രാമിന് നീറ്റ് യുജിയുടെ അടിസ്ഥാനത്തിൽ കേരള എൻട്രൻസ് കമീഷണർ നടത്തുന്ന കീം (KEAM 2026) പ്രവേശന നടപടികൾ വഴിയും വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ അലോട്ട്മെന്റ് വഴിയുമാണ് (15 ശതമാനം ഓൾ ഇന്ത്യ സീറ്റുകൾ) പ്രവേശനം. ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി എന്നിവയിലെ ബിടെക് പ്രോഗ്രാമുകൾക്ക് കീം വഴിയാണ് പ്രവേശനം. ഡെയറി ടെക്നോളജിയിലെ 15 ശതമാനം ഓൾ ഇന്ത്യ സീറ്റുകൾക്ക് ഐസിഎആർവഴിയാണ് പ്രവേശനം.


​പരീക്ഷ ജൂലൈ 7ന്


​ബിഎസ്‌സി, ഡിപ്ലോമ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പരീക്ഷ ജൂലൈ ഏഴിന് നടക്കും. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളടങ്ങിയ ഒരു മണിക്കൂർ പരീക്ഷയാണ്. ജൂലൈ ഒന്നുമുതൽ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ ലഭ്യമാകും. മണ്ണുത്തി, പൂക്കോട് ക്യാന്പസുകളിൽ പരീക്ഷയെഴുതാം. പ്രവേശനത്തിന് കുറഞ്ഞത് 40 ശതമാനം മാർക്ക് നേടണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 30 ശതമാനം മതി. വിവരങ്ങൾക്ക്‌: www.kvasu.ac.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home