ad
Deshabhimani

പ്ലസ്‌ടുക്കാർക്കായി പ്രവേശനപരീക്ഷകൾ; കൃത്യമായ
തയ്യാറെടുപ്പ് വേണം

Higher Education Students
വെബ് ഡെസ്ക്

Published on Aug 19, 2026, 10:57 AM | 3 min read

​ദേശീയ പ്രാധാന്യമുള്ള മിക്ക ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനത്തിന്‌ പ്രത്യേക പരീക്ഷകളുണ്ട്‌. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അനുയോജ്യമായ പ്രവേശനപരീക്ഷകളെക്കുറിച്ച് മനസ്സിലാക്കുകയും കൃത്യമായ തയ്യാറെടുപ്പുകൾ നടത്തുകയും വേണം. പല പരീക്ഷകളുടെയും വിജ്ഞാപനങ്ങൾ വന്നുകഴിഞ്ഞു. കൂടുതൽ വിജ്ഞാപനങ്ങൾ വരുംദിവസങ്ങളിൽ പ്രതീക്ഷിക്കാം. ഏത് സ്ട്രീമെടുത്ത് പ്ലസ്ടു പൂർത്തിയാക്കിയവർക്കും നിലവിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാവുന്ന പ്രധാന ചില പ്രവേശനപരീക്ഷകളെ പരിചയപ്പെടാം.


കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്


​കൊച്ചിയിലെ നുവാല്‍സ് (NUALS) ഉള്‍പ്പെടെ രാജ്യത്തെ 27 നിയമ സര്‍വകലാശാലകളില്‍ പഞ്ചവത്സര നിയമ ബിരുദ കോഴ്‌സുകള്‍ക്കുള്ള പ്രവേശനപരീക്ഷ. 45 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടു വിജയമാണ് യോഗ്യത. ഡിസംബർ ആറിന് പരീക്ഷ നടക്കും. ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്‌: consortium ofnlus.ac.in


ഓള്‍ ഇന്ത്യ ലോ എന്‍ട്രൻസ് ടെസ്റ്റ്


​ഡല്‍ഹിയിലെ ദേശീയ നിയമ സര്‍വകലാശാലയില്‍ പഞ്ചവത്സര നിയമ ബിരുദ പഠനത്തിനുള്ള പ്രവേശനപരീക്ഷയാണ്‌ ഓള്‍ ഇന്ത്യ ലോ എന്‍ട്രൻസ് ടെസ്റ്റ് (AILET). 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയമാണ് യോഗ്യത. ഡിസംബർ 13നാണ് പരീക്ഷ. നവംബർ 10 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്‌: www.nati onallawuniversityludelhi.in


നിയമ പ്രവേശനപരീക്ഷ


​കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലും മറ്റ്‌ സ്വകാര്യ ലോ കോളേജുകളിലും പഞ്ചവത്സര, ത്രിവത്സര നിയമ ബിരുദ പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്‌: www.cee.kerala.gov.in

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല, അലിഗഡ്‌ മുസ്ലിം സര്‍വകലാശാല, ജിന്‍ഡാല്‍ ലോ സ്‌കൂള്‍, സിംബയോസിസ് ലോ സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലും വിവിധ പ്രവേശനപരീക്ഷകള്‍വഴി പഞ്ചവത്സര നിയമപഠനത്തിന് അവസരമുണ്ട്.


ഡിസൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്


​ഡിസൈൻ മേഖലയില്‍ ശ്രദ്ധേയ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ വിവിധ ക്യാമ്പസുകളില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശനപരീക്ഷ (NID DAT). പ്ലസ്ടു വിജയമാണ് യോഗ്യത. പ്രധാന ക്യാമ്പസായ അഹമ്മദാബാദിനുപുറമെ ഹരിയാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, അസം ക്യാമ്പസുകളിലും വിവിധ ഡിസൈൻ പ്രോഗ്രാമുകള്‍ പഠിക്കാം. വിവരങ്ങൾക്ക്‌: admissions.nid.edu


അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രൻസ് എക്‌സാമിനേഷന്‍ ഫോര്‍ ഡിസൈന്‍


​മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, ഗുവാഹത്തി, റൂർക്കി ഐഐടികള്‍, ഐഐടിഡിഎം ജബല്‍പുര്‍ എന്നീ സ്ഥാപനങ്ങളിലെ നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) പ്രോഗ്രാം പ്രവേശനത്തിനുള്ള പൊതുപരീക്ഷ (UCEED). പ്ലസ്ടു വിജയമാണ് യോഗ്യത. ഗുവാഹത്തി, റൂർക്കി ഐഐടികളിലും ഐഐടി ഡിഎം ജബല്‍പുരിലും സയന്‍സ് സ്ട്രീമുകാര്‍ക്കുമാത്രമേ പ്രവേശനമുള്ളൂ. പല മികച്ച സ്ഥാപനങ്ങളും അവരുടെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പ്രോഗ്രാം പ്രവേശനത്തിന് UCEED സ്കോര്‍ പരിഗണിക്കാറുണ്ട്. 2027 ജനുവരി 17നാണ് പരീക്ഷ. ഒക്‌ടോബറിൽ വിജ്ഞാപനം വരും. വിവരങ്ങൾക്ക്‌: www.uceed. iitb.ac.in


നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി പ്രവേശനപരീക്ഷ


​കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രാലയത്തിനുകീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി നടത്തുന്ന വിവിധ ബിരുദ പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശനപരീക്ഷ (NIFT). കണ്ണൂരിലടക്കം 20 ക്യാമ്പസുകളില്‍ വ്യത്യസ്തമായ സ്‌പെഷ്യലൈസേഷനോടുകൂടിയ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) പ്രോഗ്രാമുകള്‍ ലഭ്യമാണ്. പ്ലസ്ടുവാണ് യോഗ്യത. വിവരങ്ങൾക്ക്‌: www.nift.ac.in


ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (IPMAT)


​മാനേജ്‌മെന്റ് മേഖലയിൽ പഞ്ചവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനത്തിന് രാജ്യത്തെ മുന്‍നിര മാനേജ്‌മെന്റ് സ്ഥാപനങ്ങളായ ഐഐഎം ഇൻഡോറും ഐഐഎം റോത്തക്കും IPMAT എന്ന പേരില്‍ വ്യത്യസ്ത പ്രവേശനപരീക്ഷകള്‍ നടത്തുന്നുണ്ട്. പരീക്ഷാ പാറ്റേണില്‍ വ്യത്യാസമുണ്ട്. പ്ലസ്ടു തലത്തില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. വിവരങ്ങൾക്ക്‌: www. iimidr.ac.in, www.iimroht ak.ac.in


ഐഐഎംകെ ബിഎംഎസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്


​​ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്‌ കോഴിക്കോട് നൽകുന്ന നാലുവർഷ ബാച്ചിലർ ഓഫ് മാനേജ്മെന്റ്‌ സ്റ്റഡീസ് പ്രോഗ്രാമിനുള്ള പ്രവേശനപരീക്ഷ. വിവരങ്ങൾക്ക്‌: www.iimk.ac.in


കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് -അണ്ടർ ഗ്രാജ്വേറ്റ്


​ഇന്ത്യയിലെ വിവിധ കേന്ദ്ര, ഡീംഡ്, പ്രൈവറ്റ് സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതു പ്രവേശനപരീക്ഷ (CUET UG). അടുത്തവർഷത്തേക്കുള്ള വിജ്ഞാപനം ഇ‍ൗവർഷം അവസാനം പ്രതീക്ഷിക്കാം. വിവരങ്ങൾക്ക്‌: cuet.nta.nic.in


നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ജോയിന്റ് എന്‍ട്രൻസ്


നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആൻഡ്‌ കാറ്ററിങ് ടെക്‌നോളജിയുടെ അംഗീകാരമുള്ള വിവിധ സ്ഥാപനങ്ങളില്‍ ത്രിവത്സര ബിഎസ്‌സി ഹോസ്പിറ്റാലിറ്റി ആൻഡ്‌ ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രോഗ്രാമിനുള്ള പ്രവേശനപരീക്ഷ (NCHM JEE). പ്ലസ്ടു വിജയമാണ് യോഗ്യത. വിവരങ്ങൾക്ക്‌: exams.nta ac.in/NCHM



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home