ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിദൂര വിദ്യാഭ്യാസം വഴി ഡിഗ്രി നേടാം

ഡോ. രാജേഷ് ബാബു കെ ആർ
Published on Feb 25, 2026, 12:45 PM | 2 min read
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ വിവിധ യുജി, പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കേണ്ട സമയമാണിപ്പോൾ. 30 യുജിസി -ഡിഇബി അംഗീകൃത അക്കാദമിക് പ്രോഗ്രാമുകളുണ്ട്. 16 യുജി പ്രോഗ്രാമുകളിൽ, ആറ് പ്രോഗ്രാമുകൾ നാലുവർഷത്തെ യുജി ഓണേഴ്സ് പ്രോഗ്രാമുകളാണ്. മൂന്നാംവർഷത്തിന്റെ അവസാനത്തിൽ യുജി ബിരുദത്തോടെ എക്സിറ്റ് ഓപ്ഷനുണ്ട്. 10 യുജി പ്രോഗ്രാമുകൾ മൂന്നുവർഷത്തെ കാലാവധിയാണ്. 14 പിജി പ്രോഗ്രാമുകൾ രണ്ടുവർഷമാണ് കാലാവധി.
യുജിസി വിജ്ഞാപനപ്രകാരം ബിരുദങ്ങൾ മറ്റ് അംഗീകൃത സർവകലാശാലകൾ നൽകുന്ന റഗുലർ ബിരുദങ്ങൾക്കു തുല്യമാണ്. സംസ്ഥാനത്തെ ഏതെങ്കിലും സർവകലാശാലകളിലോ അഫിലിയേറ്റഡ് കോളേജുകളിലോ ഒരു റഗുലർ പ്രോഗ്രാമിൽ ചേരുന്ന ഒരു പഠിതാവിന് ഒരേസമയം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഒരു പ്രോഗ്രാംകൂടി ചെയ്യാനും കഴിയും. ഇന്റർ ഡിസിപ്ലിനറി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി, സർവകലാശാല സ്കൂൾസംവിധാനത്തിനു കീഴിലാണ് അക്കാദമിക് പ്രോഗ്രാമുകൾ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ അക്കാദമിക് പ്രോഗ്രാമുകളുടെയും നടത്തിപ്പിന് സെമസ്റ്റർ രീതി പിന്തുടരുന്നു. നാലുവർഷത്തെ ബിരുദ പ്രോഗ്രാമുകളുടെ ദൈർഘ്യം എട്ട് സെമസ്റ്ററുകളിലായി നാല് അക്കാദമിക വർഷങ്ങളായിരിക്കും. മറ്റ് യുജി പ്രോഗ്രാമുകളുടെ ദൈർഘ്യം ആറ് സെമസ്റ്ററുകളിലായി മൂന്ന് അക്കാദമിക വർഷങ്ങളും പിജി പ്രോഗ്രാമുകളുടെ ദൈർഘ്യം നാല് സെമസ്റ്ററുകളിലായി രണ്ട് അക്കാദമിക വർഷങ്ങളുമായിരിക്കും.
സ്കൂൾ ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, സ്കൂൾ ഓഫ് ലാംഗ്വേജസ്, സ്കൂൾ ഓഫ് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സയൻസ്, സ്കൂൾ ഓഫ് ലോ ആൻഡ് ബിസിനസ് സ്റ്റഡീസ്, സ്കൂൾ ഓഫ് ഇന്റർ ഡിസിപ്ലിനറി ആൻഡ് ട്രാൻസ്-ഡിസിപ്ലിനറി സ്റ്റഡീസ്, സ്കൂൾ ഓഫ് സയൻസ്, സ്കൂൾ ഓഫ് വൊക്കേഷണൽ എഡ്യുക്കേഷൻ ആൻഡ് ട്രെയിനിങ് എന്നിങ്ങനെ ഏഴു പഠന സ്കൂളുകളാണുള്ളത്.
കോഴ്സുകള്‍
4 വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ (ഓണേഴ്‌സ്): ബിബിഎ (ഓണേഴ്സ്) എച്ച്ആർ/മാർക്കറ്റിങ്/ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് ബികോം (ഓണേഴ്സ്) ഫിനാൻസ്/സഹകരണം/ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് ബിഎ (ഓണേഴ്സ്) ഇംഗ്ലീഷ്, മലയാളം, ചരിത്രം, സോഷ്യോളജി. മൂന്നുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍: ബിഎ- അഫ്സൽ- ഉൽ -ഉലമ, അറബിക്, ഹിന്ദി, സംസ്കൃതം, സാമ്പത്തികശാസ്ത്രം, നാനോ സംരംഭകത്വം, തത്ത്വശാസ്ത്രം, പൊളിറ്റിക്കൽ സയൻസ് ബിസിഎ (ബാച്ചിലർ ഓഫ് കംപ്യൂട്ടർ അപ്ലിക്കേഷൻസ്) ബിഎസ്‌സി- ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്.
ബിരുദാനന്തര ബിരുദം: എംഎ അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, സാമ്പത്തികശാസ്ത്രം, ചരിത്രം, തത്ത്വശാസ്ത്രം, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി. എംകോം (മാസ്റ്റർ ഓഫ് കൊമേഴ്‌സ്) എംബിഎ (മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍) എംസിഎ (മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍)
യോഗ്യത
ബിരുദം: ഒരു ബോർഡ്/സർവകലാശാല പ്ലസ്ടു ലെവലിൽ നടത്തുന്നതും (ഔപചാരിക സ്കൂൾ വിദ്യാഭ്യാസംവഴിയോ ഓപ്പൺ സിസ്റ്റംവഴിയോ തത്തുല്യമായതോ) കേരള സംസ്ഥാനം അംഗീകരിച്ചതുമായ ഹയർ സെക്കൻഡറി പരീക്ഷയിൽ വിജയിച്ചിരിക്കണം.
ബിരുദാനന്തര ബിരുദം: അംഗീകൃത സർവകലാശാലയിൽനിന്നോ സ്ഥാപനത്തിൽനിന്നോ ഏതെങ്കിലും ബിരുദം വിജയിച്ചിരിക്കണം. പഠിതാക്കൾ അവരുടെ സ്വയംപഠന സാമഗ്രികൾ അതത് ലേര്‍ണര്‍ സപ്പോര്‍ട്ട് സെന്ററില്‍നിന്ന് നേരിട്ട് ശേഖരിക്കണം.
ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി മാര്‍ച്ച് 10. എംബിഎ, എംസിഎ കോഴ്സുകള്‍ക്ക് പ്രത്യേകം അപേക്ഷ പിന്നീട് വിളിക്കും. വിവരങ്ങൾക്ക്: www.sgou.ac.in, https://erp.sgou.ac.in









0 comments