ad
Deshabhimani

അസ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സ് ഉപരിപഠനം: അപേക്ഷ ഇപ്പോൾ

Astronomy and Astrophysics
വെബ് ഡെസ്ക്

Published on Oct 22, 2025, 08:21 AM | 2 min read

അസ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ പിഎച്ച്‌ഡി, മാസ്റ്റേഴ്സ് പഠനങ്ങൾക്ക് പുണെയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി (IUCAA)യിൽ അവസരം. യുജിസി നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമാണിത്. ഐയുസിഎഎ നാഷണൽ അഡ്മിഷൻ ടെസ്റ്റ് (INAT-2026 ) വഴിയാണ് പ്രവേശനം. പരീക്ഷയിൽ മികവ് തെളിയിക്കുന്നവർക്ക് രണ്ട് ഇന്റർവ്യൂ ഉണ്ടാകും. വിവിധ മേഖലകളിലെ ഗവേഷണത്തിനുപുറമെ ‘ഇനാറ്റ്' വഴി എസ്‌പിപിയുഐയുസിഎഎ (SPPU-IUCAA) ജോയിന്റ്‌ എംഎസ്‌സി (ഫിസിക്സ് വിത്ത് അസ്ട്രോഫിസിക്സ്) പ്രോഗ്രാമിനും പ്രവേശനം നേടാം.


​​ഗവേഷണ വിഷയങ്ങൾ


കോസ്മിക് മാഗ്നറ്റിക് ഫീൽഡ്സ്, കോസ്മോളജി ആൻഡ് ലാർജ് സ്കെയിൽ സ്‌ട്രക്ചർ, കംപ്യൂട്ടേഷണൽ അസ്ട്രോഫിസിക്സ്, എക്സ്ട്രാ ഗാലക്ടിക് അസ്ട്രോണമി, ഗ്രാവിറ്റേഷണൽ ലെൻസിങ്‌, ഗ്രാവിറ്റേഷണൽ വേവ്സ്, ഹൈ എനർജി അസ്ട്രോഫിസിക്സ്, ഇൻസ്ട്രുമെന്റേഷൻ ഫോർ അസ്ട്രോണമി, മെഗാ സയൻസ്, ക്വാണ്ടം മെട്രോളജി ആൻഡ് പ്രെസിഷൻ മെഷർമെന്റ്‌സ്‌, സോളാർ ആൻഡ് സ്റ്റെല്ലാർ ഫിസിക്സ് തുടങ്ങി അസ്ട്രോണമിയുടെയും അസ്ട്രോഫിസിക്സിന്റെയും വിവിധ മേഖലകളിൽ ഗവേഷണം നടത്താം.


​​പ്രവേശനയോഗ്യത


55 ശതമാനം മാർക്കോടെ ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, അപ്ലൈഡ് മാത്‌സ്‌/എംഇമാറ്റിക്‌സ്, ഇലക്ട്രോണിക്സ്, അസ്‌ട്രോണമി ഇവയൊന്നിലെ എംഎസ്‌സി / ഇന്റഗ്രേറ്റഡ് എംഎസ്‍സി അല്ലെങ്കിൽ ഏതെങ്കിലും ബ്രാഞ്ചിൽ ബിഇ / ബിടെക് / എംടെക് ബിരുദമാണ് ഗവേഷണ യോഗ്യത. പട്ടിക, ഒബിസി, ഇഡബ്ല്യുഎസ്, ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. 2026 ജൂലൈക്കകം ബിരുദം പൂർത്തിയാക്കിയാലും മതി. കൂടാതെ ബിഎസ്‌സി അവസാനവർഷക്കാർ, എംഎസ്‌സി ഒന്നാംവർഷക്കാർ, ഇന്റഗ്രേറ്റഡ് എംഎസ്‌സി മൂന്നാം / നാലാം വർഷക്കാർ, ബിഇ / ബിടെക് രണ്ടാം / മൂന്നാം വർഷക്കാർ എന്നിവർക്കും അപേക്ഷിക്കാം.


ഇവർക്ക് ബിഇ/ ബിടെക്/ എംഎസ്‌സി പ്രോഗ്രാം പൂർത്തിയാക്കിയശേഷം ഗവേഷണത്തിന് പ്രവേശനം നേടാം. അപേക്ഷകർ അസ്ട്രോണമി പഠിച്ചിരിക്കണമെന്ന് നിർബന്ധമില്ല. എന്നാൽ, ഫിസിക്സിൽ അടിസ്ഥാനവിവരങ്ങൾ ഉണ്ടായിരിക്കണം. എസ്‌പിപിയു ഐയുസിഎഎ ജോയിന്റ് എംഎസ്‌സി (ഫിസിക്സ് വിത്ത് അസ്ട്രോഫിസിക്സ്) പ്രോഗ്രാമിന് ബിഎസ്‌സി ഫിസിക്സ് (രണ്ടാംവർഷംവരെ മാത്തമാറ്റിക്സ് പഠിച്ച്) പൂർത്തിയാക്കിയവർക്കും ഏതെങ്കിലും എൻജിനിയറിങ്‌ ബ്രാഞ്ചിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിടെക് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.


​​പരീക്ഷ ജനുവരി 18ന്‌


​ജനുവരി 18ന് പ്രവേശനപരീക്ഷ നടക്കും. രണ്ടുമണിക്കൂറാണ്‌ പരീക്ഷ. ബേസിക് ഫിസിക്സ്, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ്/ എൻജിനിയറിങ് വിഷയങ്ങളിലെ ചോദ്യങ്ങൾ. പരീക്ഷയ്‌ക്ക് മൂന്നു ഭാഗങ്ങളുണ്ട്. പാർട്ട് എയിൽ ബേസിക് ഫിസിക്സ്, മാത്തമാറ്റിക്സ്, എൻജിനിയറിങ് ചോദ്യങ്ങളും പാർട്ട് ബിയിൽ ഫിസിക്സ്, മാത്തമാറ്റിക്സ്, എൻജിനിയറിങ് വിഷയങ്ങളിൽ ബേസിക്, അഡ്വാൻസ്ഡ് ചോദ്യങ്ങളും പാർട്ട് സിയിൽ അഡ്വാൻസ്ഡ് ഫിസിക്സ്, മാത്തമാറ്റിക്സ്, എൻജിനിയറിങ് ചോദ്യങ്ങളുമുണ്ടാകും. ആവശ്യമായ രേഖകളോടെ പരീക്ഷാഹാളിൽ ഹാജരാകണം. പരീക്ഷയിലെയും ശേഷമുള്ള രണ്ട് ഇന്റർവ്യൂകളിലെയും സ്കോറുകൾ പരിഗണിച്ചാണ് അന്തിമ സെലക്‌ഷൻ. എന്നാൽ, എസ്‌പിപിയു - ഐയുസിഎഎ ജോയിന്റ് എംഎസ്‌സി (ഫിസിക്സ് വിത്ത് അസ്ട്രോഫിസിക്സ്) പ്രോഗ്രാമിന് ‘ഇനാറ്റ്' സ്കോർ മാത്രമാണ് പരിഗണിക്കുക.


ഓൺലൈൻ അപേക്ഷ


​നവംബർ 24ന് രാത്രി 11.59നകം ഓൺലെനിൽ അപേക്ഷിക്കണം. രണ്ട് അക്കാദമിക്‌ വിദഗ്‌ധരുടെ അസസ്‌മെന്റ്‌ റിപ്പോർട്ട് നൽകുന്നത് പ്രവേശനസാധ്യത വർധിക്കും. അസസ്‌മെന്റ്‌ റിപ്പോർട്ടുകൾ നവംബർ 26നകം ഓൺലൈനായി നൽകണം. വിവരങ്ങൾക്ക്‌: inat.iucaa.in ഫോൺ: 020-2560 4699. ഇ–മെയിൽ: [email protected]



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home