വിദ്യാർത്ഥികൾക്കായി നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റിയുടെ ഇന്റേൺഷിപ്പ്; അപേക്ഷകൾ ക്ഷണിച്ചു

ന്യൂഡൽഹി: പരിസ്ഥിതി സംരക്ഷണ മേഖലയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റി (NBA) മൂന്ന് മാസത്തെ ഹ്രസ്വകാല ഇന്റേൺഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു.
ജൈവവൈവിധ്യ സംരക്ഷണം, പ്രകൃതിവിഭവ മാനേജ്‌മെന്റ് എന്നീ മേഖലകളിൽ പ്രായോഗിക പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള അതോറിറ്റി ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ബിരുദ, ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. പ്രോജക്ട് അടിസ്ഥാനത്തിലുള്ള പഠനത്തിലൂടെ എൻബിഎയുടെ വിവിധ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളാകാൻ വിദ്യാർത്ഥികൾക്ക് ഇതിലൂടെ സാധിക്കും.
യുവാക്കൾക്കിടയിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനൊപ്പം ഈ മേഖലയിലെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കാനും ജൈവവൈവിധ്യ അംബാസഡർമാരായി അവരെ വളർത്തിയെടുക്കാനും ഇന്റേൺഷിപ്പ് സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഹ്രസ്വകാല ഇന്റേൺഷിപ്പിന് പുറമെ, അതോറിറ്റിയുടെ പ്രധാന പദ്ധതിയായ 'ബയോഡൈവേഴ്സിറ്റി സംരക്ഷൺ ഇന്റേൺഷിപ്പ് പ്രോഗ്രാം' (BSIP) വഴിയുള്ള ഒരു വർഷത്തെ പരിശീലനവും തുടരുന്നുണ്ട്. മികവ് പുലർത്തുന്നവർക്ക് ഇത് രണ്ട് വർഷം കൂടി നീട്ടി നൽകും.
ഐക്യരാഷ്ട്ര വികസന പരിപാടിയുടെ സഹകരണത്തോടെയാണ് ഈ പ്രൊഫഷണൽ പരിശീലന പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സംസ്ഥാന ജൈവവൈവിധ്യ ബോർഡുകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലെ കൗൺസിലുകളിലും പ്രവർത്തിക്കാൻ അവസരം ലഭിക്കും.










0 comments