ഉയരങ്ങൾ കീഴടക്കാം പർവതാരോഹകരാകാം; പഠിക്കാൻ വ്യത്യസ്ത സ്ഥാപനങ്ങൾ

പ്രൊഫ. കെ പി ജയരാജൻ
Published on May 21, 2025, 10:55 AM | 2 min read
സാഹസികതയിൽ താൽപ്പര്യമുള്ളവർക്കും ആ മേഖല വഴി തൊഴിൽ തേടുന്നവർക്കും ഏറെ പ്രിയപ്പെട്ടതാണ് പർവതാരോഹണ പഠന കോഴ്സുകൾ. പ്രകൃതിയെ തൊട്ടറിയുന്നതിനൊപ്പം മലകയറ്റം ഒരു ഹോബിയായി കാണുന്നവർക്ക് ഈ രംഗത്ത് പ്രൊഫഷണലുകളായി ഉയരാനുള്ള സാധ്യതകളുണ്ട്. മൗണ്ടൻ ഗൈഡ്, ക്ലൈബിങ് ഇൻസ്ട്രക്ടർ, ലെയ്സൺ ഓഫീസർ, ട്രെക് ലീഡർ, ഔട്ട്ഡോർ ഫെസിലിറ്റേറ്റർ, മൗണ്ടൻ ഫിലിം മേക്കിങ്, ഫോട്ടോഗ്രഫി തുടങ്ങിയ തൊഴിലുകളോടൊപ്പം അഡ്വഞ്ചർ ടൂറിസം സംരംഭകരുമാകാം. കോഴ്സുകളെപ്പറ്റി:
ബേസിക് മൗണ്ടനീയറിങ് കോഴ്സ്
പർവതാരോഹണത്തിന്റെയും അനുബന്ധ വിഷയങ്ങളുടെയും സൈദ്ധാന്തികവും പ്രായോഗികവുമായ വശങ്ങൾ, ഭൂപട വായന, കാലാവസ്ഥ, മരുന്നുകൾ, പർവത ശുചിത്വം തുടങ്ങിയവ മനസ്സിലാക്കുക. പാറ, മഞ്ഞ്, ഐസ് എന്നിവയിൽ സഞ്ചരിക്കുന്നതിനുള്ള അടിസ്ഥാനകാര്യങ്ങൾ, തണുപ്പ്, ക്ഷീണം എന്നിവയ്‌ക്കുള്ള പ്രതിരോധം വർധിപ്പിച്ച് ശരീരത്തെ ശക്തിപ്പെടുത്തൽ ഇവയെല്ലാം പഠന പരിശീലന ഭാഗങ്ങൾ. കോഴ്സ് ദൈർഘ്യം 28 ദിവസം.
അഡ്വാൻസ്ഡ് മൗണ്ടനീയറിങ് കോഴ്സ്
ബേസിക് മൗണ്ടനീയറിങ് കോഴ്സ് എ ഗ്രേഡോടെ പൂർത്തിയാക്കിയവർക്ക് ഈ കോഴ്സിന് ചേരാം. പര്യവേഷണ ആസൂത്രണത്തിനും നിർവഹണത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന കോഴ്സാണിത്. പർവതാരോഹണത്തിന്റെ നൂതന സാങ്കേതികവിദ്യകൾ, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പാഠങ്ങൾ, പീക്ക്ക്ലൈബിങ്, ടീംവർക്ക് എന്നിവയിൽ പരിശീലനം. കോഴ്സ് ദൈർഘ്യം 28 ദിവസം.
സെർച്ച് ആൻഡ് റെസ്ക്യൂ കോഴ്സ്
കാണാതായവരെ തിരയിരുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനുമുള്ള പരിശീലനം. പർവതാരോഹണം ഒരു കരിയറായി ആഗ്രഹിക്കുന്നവർക്ക് ഉചിതമായ കോഴ്സ്. പർവതാരോഹണ പാഠങ്ങൾ ആത്മവിശ്വാസത്തോടെ പഠിച്ച് ഗൈഡായി പ്രവർത്തിക്കാൻ പ്രാപ്തനാക്കുന്നു. ദൈർഘ്യം 23 ദിവസം.
ഇൻസ്ട്രക്‌ഷൻ മെത്തേഡ് കോഴ്സ്
മലകയറ്റത്തിന്റെ പരിശീലന പരിപാടികളും ഷെഡ്യൂളുകളും രൂപകൽപ്പന ചെയ്യുന്ന ഈ കോഴ്സ് പർവതാരോഹണ രംഗത്ത് ഇൻസ്ട്രക്ടർമാരാകാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രായോഗിക പരിശീലന പ്രോഗ്രാമാണ്. ദൈർഘ്യം 23 ദിവസം.
സ്ഥാപനങ്ങൾ, കോഴ്സുകൾ
ഹിമാലയൻ മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഡാർജിലിങ്
ആദ്യകാല പർവതാരോഹണ പരിശീലന സ്ഥാപനമായ ഇവിടെ ബേസിക് മൗണ്ടനീയറിങ് കോഴ്സ്/ അഡ്വാൻസ്ഡ് മൗണ്ടനീയറിങ്/സെർച്ച് ആൻഡ് റെസ്ക്യൂ/ ഇൻസ്ട്രക്‌ഷൻ മെത്തേഡ് എന്നീ പഠന പ്രോഗ്രാമുകൾ ഉണ്ട്. സ്കൂൾ വിദ്യാർഥികൾക്ക് 15 ദിവസത്തെ സാഹസിക കോഴ്സിനും ചേരാം. പെൺകുട്ടികൾക്കും പങ്കെടുക്കാം. വിവരങ്ങൾക്ക്: www.hmidarjeeling.com .
ജവഹർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് പഹൽഗാം
ജവഹർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് ആൻഡ് വിന്റർ സ്പോർട്സിൽ ബേസിക് മൗണ്ടനിയറിങ്/ അഡ്വാൻസ്ഡ് മൗണ്ടനീയറിങ്/സെർച്ച് ആൻഡ് റെസ്ക്യൂ/ ഇൻസ്ട്രക്‌ഷൻ മെത്തേഡ് എന്നീ കോഴ്സുകളുണ്ട്. വിവരങ്ങൾക്ക്: www.jawaharinstitutepahalgam.com. നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്, ഉത്തരകാശിയിലും മുകളിൽ പറഞ്ഞ നാല് കോഴ്സുകളും ഉണ്ട്. www.nimindia.net
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് മണാലി
അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് ആൻഡ് അലൈഡ് സ്പോർട്‌സിൽ മുകളിൽ പറഞ്ഞ കോഴ്സുകൾക്ക് പുറമെ പ്രത്യേക ബേസിക് മൗണ്ടനീയറിങ്/അഡ്വാൻസ്ഡ് പ്രോഗ്രാമുകളും ഉണ്ട്. വിവരങ്ങൾക്ക്: www.abimas.org .
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്, ഡിരാങ്
അരുണാചൽപ്രദേശിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് ആൻഡ് അഡ്വഞ്ചർ സ്പോർട്‌സ് ഐഎംഎഫ് അംഗീകാരമുള്ള സ്ഥാപനമാണ്. മറ്റിടങ്ങളിലുള്ള നാലു കോഴ്സുകൾക്ക് പുറമെ മൗണ്ട് ടെറൈൻ ബൈക്കിങ്/ സ്കൂബ ഡൈവിങ്/ പാരാ മോട്ടോർ/പാരാഗ്ലൈഡിങ് കോഴ്സുകളും ഉണ്ട്. വിവരങ്ങൾക്ക്: www.nimasdirang.com. തിരുവനന്തപുരം കിറ്റ്സിലും ( www.kittsedu.org ഫോൺ:0471/2329468,2329539) സാഹസിക ടൂറിസത്തിനുള്ള ബേസിക് കോഴ്സുണ്ട്.









0 comments