മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്: അപേക്ഷ ഇപ്പോൾ

പി കെ അൻവർ മുട്ടാഞ്ചേരി
Published on Mar 07, 2026, 11:33 AM | 2 min read
ഗണിതശാസ്ത്ര പഠന, ഗവേഷണ മേഖലയിലെ ശ്രദ്ധേയ സ്ഥാപനമായ ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ (സിഎംഐ) 2026-27 അധ്യയനവർഷത്തിലെ വിവിധ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. മെയ് രണ്ടിന് നടക്കുന്ന വിവിധ പരീക്ഷകൾ വഴിയാണ് പ്രവേശനം.
പ്രോഗ്രാമുകൾ ബിഎസ് ഓണേഴ്സ്
മാത്തമാറ്റിക്സ്, മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ് എന്നീ നാലുവർഷ ഓണേഴ്സ് പ്രോഗ്രാമുകളാണുള്ളത്. മൂന്നുവർഷത്തിനുശേഷം ബിഎസ്‌സി ബിരുദം നേടി എക്സിറ്റ് ചെയ്യാനും അവസരമുണ്ട്. പ്ലസ്ടുവാണ് യോഗ്യത. ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പൊതുവായ പ്രവേശനപരീക്ഷയാണ്. അപേക്ഷിക്കുമ്പോൾ പ്രോഗ്രാം തെരഞ്ഞെടുക്കേണ്ടതില്ല. മാത്തമാറ്റിക്സ്, ഫിസിക്സ്, ഇൻഫർമാറ്റിക്സ് എന്നിവയിലെ ദേശീയ ശാസ്ത്ര ഒളിമ്പ്യാഡുകളിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നവർക്ക് പ്രവേശനപരീക്ഷയിൽ ഇളവ് ലഭിക്കാറുണ്ട്. വാർഷിക ഫീസ് രണ്ടരലക്ഷം രൂപ വരുമെങ്കിലും മിടുക്കരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും വഴി കുറഞ്ഞ ചെലവിൽ പഠിക്കാം. വിദ്യാർഥികളുടെ വാർഷിക കുടുംബവരുമാനം പരിഗണിച്ചുകൊണ്ടും ഫീസിളവ് അനുവദിക്കാറുണ്ട്.
എംഎസ്‌സി
മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഡാറ്റ സയൻസ് എന്നിവയിലാണ് പ്രോഗ്രാമുകൾ. ബിഎ, ബിഎസ്‌സി, ബി മാത്തമാറ്റിക്സ്, ബി സ്റ്റാറ്റിസ്റ്റിക്സ്, ബിടെക് യോഗ്യതകളിലൊന്നുള്ളവർക്ക് അപേക്ഷിക്കാം. എന്നാൽ, മാത്തമാറ്റിക്സ് എംഎസ്‌സി പ്രോഗ്രാമിന് മാത്തമാറ്റിക്സിലും കംപ്യൂട്ടർ സയൻസ് എംഎസ്‌സി പ്രോഗ്രാമിന് കംപ്യൂട്ടർ സയൻസിലും ഡാറ്റ സയൻസ് എംഎസ്‌സി പ്രോഗ്രാമിന് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയിലൊന്നിലും പ്രാവീണ്യം ആവശ്യമാണ്. ഇത്തവണ യോഗ്യതാപരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഫീസ് നിരക്ക് അൽപ്പം കൂടുതലാണെങ്കിലും വാർഷിക കുടുംബവരുമാനം പരിഗണിച്ച് അർഹരായ വിദ്യാർഥികൾക്ക് ഫീസിളവ് നൽകാറുണ്ട്.
പിഎച്ച്ഡി
മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഫിസിക്സ് വിഷയങ്ങളിൽ പിഎച്ച്ഡിക്ക് അവസരമുണ്ട്. മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് പ്രോഗ്രാമുകൾക്ക് പ്രത്യേക പ്രവേശനപരീക്ഷയുണ്ട്. എന്നാൽ, എൻബിഎച്ച് എം പിഎച്ച്ഡി ഫെലോഷിപ് നേടിയവർക്ക് മാത്തമാറ്റിക്സ് പ്രോഗ്രാമിനും ജെസ്റ്റ്, ഗേറ്റ് പരീക്ഷയിൽ മികച്ച സ്കോറുള്ളവർക്ക് കംപ്യൂട്ടർ സയൻസ് പ്രോഗ്രാമിനും നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫിസിക്സ് പിഎച്ച്ഡി പ്രോഗ്രാമിന് ഫിസിക്സിലെ ജോയിന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (JEST)/യുജിസി സിഎസ്ഐആർ നെറ്റ് –ഗേറ്റ് സ്കോറാണ് പരിഗണിക്കുക. അഭിമുഖവുമുണ്ടാകും. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പാർട്ട് ടൈം പിഎച്ച്ഡിക്കും അവസരമുണ്ട്.
അപേക്ഷ
ഏപ്രിൽ നാലിനകം ഓൺലൈനിൽ അപേക്ഷിക്കണം. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം അടക്കം 37 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാം. ഏപ്രിൽ 25ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പരീക്ഷ കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ ഫലം പ്രതീക്ഷിക്കാം. ആഗസ്ത് മൂന്നിന് ക്ലാസുകൾ ആരംഭിക്കും. വിവരങ്ങൾക്ക്: www.cmi.ac.in/admissions.ഫോൺ: 044-71961000, 044-27470226










0 comments