print edition മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ

പി കെ അന്വര് മുട്ടാഞ്ചേരി
Published on Sep 10, 2026, 01:30 AM | 1 min read
മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (MHA) പ്രോഗ്രാമിലേക്ക് എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു. ജോലി സാധ്യതയുള്ള രണ്ടുവർഷ പ്രോഗ്രാമാണിത്. പരമാവധി നാലുവർഷംകൊണ്ട് പൂർത്തിയാക്കണം. യോഗ്യതാ പരീക്ഷയിലെ മാർക്ക് പരിഗണിച്ചാണ് പ്രവേശനം.
സീറ്റുകൾ
എൽബിഎസ് സെന്റർ വഴി ഗവ. സീറ്റുകളിലേക്കാണ് അലോട്ട്മെന്റ് നടത്തുന്നത്. എല്ലാ സ്ഥാപനങ്ങളിലും 50 ശതമാനം ഗവ. സീറ്റുകളാണ്. ബാക്കിയുള്ള 50 ശതമാനം (മാനേജ്മെന്റ് സീറ്റുകൾ) സ്ഥാപനങ്ങൾ നേരിട്ടാണ് നികത്തുന്നത്. 10 കോളേജുകളിലായി 205 സീറ്റിലേക്കാണ് കഴിഞ്ഞവർഷം അലോട്ട്മെന്റ് നടത്തിയത്. ഈ വർഷത്തെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
യോഗ്യത
എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎസ്‌സി നഴ്സിങ്, ബിഫാം, ബിഎസ്‌സി ഇൻ അലൈഡ് ഹെൽത്ത് സയൻസസ് എന്നീ ബിരുദങ്ങളിലൊന്ന്, അല്ലെങ്കിൽ സയൻസ്, എൻജിനിയറിങ്, ലോ, മാനേജ്മെന്റ്, ആർട്സ്, കൊമേഴ്‌സ്, ബിവോക് എന്നിവയിലൊന്നിൽ ബിരുദം. 50 ശതമാനം ഗവ. സീറ്റുകൾ പ്രൊഫഷണൽ ബിരുദ യോഗ്യതയുള്ളവർക്കാണ്. 25 ശതമാനം സീറ്റ് സയൻസ് (ബിസിഎ ഉൾപ്പെടെ) ബിരുദമുള്ളവർക്കും 25 ശതമാനം സീറ്റ് ആർട്സ്, കൊമേഴ്സ്, മാനേജ്മെന്റ് യോഗ്യതയുള്ളവർക്കുമാണ്.
യോഗ്യതാ പ്രോഗ്രാമിന് 50 ശതമാനം മാർക്ക് വേണം. പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി, എസ്ഇബിസി വിഭാഗങ്ങൾക്ക് 5 ശതമാനം മാർക്കിളവ് ലഭിക്കും. പ്രായപരിധിയില്ല.
അപേക്ഷ 18 വരെ
ഓൺലൈനിൽ സെപ്തംബർ 18നകം അപേക്ഷിക്കണം. 1200 രൂപയാണ് അപേക്ഷാഫീസ്. പട്ടിക വിഭാഗക്കാർക്ക് 600 രൂപ മതി. അപേക്ഷാഫീസ് സെപ്തംബർ 15നുള്ളിൽ അടയ്ക്കണം.അപേക്ഷകർ നൽകുന്ന ഓപ്ഷനുകൾ, അർഹമായ സംവരണം, സീറ്റുകളുടെ ലഭ്യത എന്നിവയുടെ അടിസ്ഥാനത്തിൽ കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയ വഴിയാണ് എൽബിഎസ് അലോട്ട്മെന്റ് നടത്തുന്നത്. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, ഫോൺ: 0471-2560361.










0 comments