ad
Deshabhimani

പോളിടെക്‌നിക്കുകളിൽ ചേരാം; ​​അപേക്ഷ 22 വരെ

 Polytechnic Admission.JPG
avatar
പി കെ അൻവർ മുട്ടാഞ്ചേരി

Published on Jun 03, 2026, 10:46 AM | 2 min read

സാങ്കേതികമേഖലയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പോളിടെക്‌നിക്കുകൾ നടത്തുന്ന ത്രിവത്സര ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. ഗവൺമെന്റ്‌, എയ്ഡഡ്, ഗവൺമെന്റ്‌ കൺട്രോൾഡ് സെൽഫ് ഫിനാൻസിങ്‌, പ്രൈവറ്റ് സെൽഫ് ഫിനാൻസിങ്‌ എന്നീ വിഭാഗം സ്ഥാപനങ്ങളിലേക്കാണ് പ്രവേശനം.


​പ്രോഗ്രാമുകൾ രണ്ട് സ്ട്രീമുകളിൽ


രണ്ട് സ്ട്രീമുകളിലായി നിരവധി ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. സ്ട്രീം 1: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ്‌ മെഷീൻ ലേണിങ്, ഓട്ടോമൊബൈൽ, ബയോ മെഡിക്കൽ, ക്ലൗഡ് കംപ്യൂട്ടിങ്‌ ആൻഡ്‌ ബിഗ് ഡാറ്റ, സിവിൽ എൻജിനിയറിങ്, ആർക്കിടെക്ചർ, സൈബർ ഫോറൻസിക് ആൻഡ്‌ ഇൻഫർമേഷൻ സെക്യൂരിറ്റി, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്, കെമിക്കൽ, സിവിൽ എൻജിനിയറിങ് ആൻഡ്‌ പ്ലാനിങ്, കംപ്യൂട്ടർ ഹാർഡ്‌വെയർ, കമ്യൂണിക്കേഷൻ ആൻഡ്‌ നെറ്റ്‌വർക്കിങ്, സിവിൽ ആൻഡ്‌ റൂറൽ എൻജിനിയറിങ്, സിവിൽ ആൻഡ്‌ എൻവയോൺമെന്റൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ്‌ കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, എൻവയോൺമെന്റൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ് ആൻഡ്‌ ഇലക്ട്രിക് വെഹിക്കിൾസ് ടെക്‌നോളജി, ഫുഡ് പ്രോസസിങ്‌ ടെക്‌നോളജി, ഇന്റഗ്രേറ്റഡ് സർക്യൂട്ട് ഡിസൈൻ ആൻഡ്‌ ഫാബ്രിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മെക്കട്രോണിക്സ്, മെക്കാനിക്കൽ, മൈക്രോ ഇലക്ട്രോണിക്സ്, മാനുഫാക്ചറിങ് ടെക്നോളജി, പോളിമർ ടെക്നോളജി, പ്രിന്റിങ്‌ ടെക്നോളജി, ഓട്ടോമേഷൻ ആൻഡ്‌ റോബോട്ടിക്സ്, റിന്യൂവബിൾ എനർജി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, വുഡ് ആൻഡ്‌ പേപ്പർ ടെക്നോളജി, ടൂൾ ആൻഡ്‌ ഡൈ എൻജിനിയറിങ്, ടെക്സ്റ്റൈൽ ടെക്നോളജി തുടങ്ങി വിവിധ ശാഖകൾ.


സ്ട്രീം 2: കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്മെന്റ്‌, കൊമേഴ്സ്യൽ പ്രാക്ടീസ്, ഹോട്ടൽ മാനേജ്മെന്റ്‌ ആൻഡ്‌ കാറ്ററിങ്‌ ടെക്നോളജി.


യോഗ്യത


​എസ്എസ്എൽസി /ടിഎച്ച്എസ്എൽസി / തത്തുല്യ പരീക്ഷകൾ ഉപരിപഠന അർഹതയോടെ വിജയിച്ചിരിക്കണം. മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, സയൻസ് വിഷയങ്ങൾ പഠിച്ചവർക്ക് സ്ട്രീം ഒന്നിനും സ്ട്രീം രണ്ടിനും അപേക്ഷിക്കാം. എന്നാൽ, മാത്തമാറ്റിക്സും ഇംഗ്ലീഷും പഠിച്ചെങ്കിലും മറ്റ് സയൻസ് വിഷയങ്ങൾ പഠിക്കാത്തവർക്ക് സ്ട്രീം രണ്ടിനുമാത്രമേ അപേക്ഷിക്കാനാകൂ. രണ്ടിൽ കൂടുതൽ ചാൻസെടുത്ത് യോഗ്യതാപരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. സേ / ബെറ്റർമെന്റ് അധിക ചാൻസായി പരിഗണിക്കുകയില്ല.

യോഗ്യതാപരീക്ഷയിൽ ലഭിച്ച ഗ്രേഡ് പോയിന്റ്‌ പരിഗണിച്ചാണ് അലോട്ട്മെന്റ്‌.


ടിഎച്ച്എസ്എൽസിക്കാർക്ക് സ്ട്രീം ഒന്നിൽ 10 ശതമാനം സീറ്റുസംവരണമുണ്ട്. വിഎച്ച്എസ്‌ഇക്കാർക്ക് അർഹതയുള്ള ട്രേഡുകളിൽ രണ്ടുശതമാനം സംവരണമുണ്ട്. ഭിന്നശേഷിക്കാർക്ക് അഞ്ചുശതമാനവും മറ്റ്‌ സംവരണവിഭാഗങ്ങൾക്ക് സർക്കാർ നിർദേശപ്രകാരമുള്ള സംവരണവും ലഭിക്കും.


വനിതകൾക്കുമാത്രമായി തിരുവനന്തപുരം, കായംകുളം, എറണാകുളം, തൃശൂർ, കോട്ടക്കൽ, പയ്യന്നൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഏഴ്‌ കോളേജുകളുണ്ട്. കേൾവിത്തകരാറുള്ള കുട്ടികൾക്ക് തിരുവനന്തപുരം വനിതാ പോളിടെക്നിക്, കോഴിക്കോട്, കളമശേരി ഗവ. പോളിടെക്നിക്കുകൾ എന്നിവിടങ്ങളിൽ പ്രത്യേക ബാച്ചുകളുണ്ട്.


​​അപേക്ഷ 22 വരെ


ജൂൺ 22നകം ഓൺലൈനിൽ അപേക്ഷിക്കണം. ആദ്യം ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസടച്ച് പൂർത്തിയാക്കേണ്ടതുണ്ട്. ഒരു വിദ്യാർഥിക്ക് 30 ഓപ്ഷനുകൾവരെ നൽകാം. സ്പോർട്സ് ക്വോട്ട അപേക്ഷകർ ഓൺലൈൻ അപേക്ഷയുടെ പകർപ്പ് കളമശേരിയിലെ SITTR ജോയിന്റ്‌ ഡയറക്ടർക്കും എൻസിസി ക്വോട്ടക്കാർ തിരുവനന്തപുരം എൻസിസി ഡയറക്ടറേറ്റിലേക്കും അയക്കണം. എയ്ഡഡ് പോളിടെക്നിക്കുകളിലെ എയ്ഡഡ് /സ്വാശ്രയ മാനേജ്മെന്റ്‌ സീറ്റുകൾ, സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ്‌ സീറ്റുകൾ എന്നിവയുടെ പ്രവേശനത്തിന് ഓരോ സ്ഥാപനത്തിലേക്കും പ്രത്യേകം അപേക്ഷിക്കണം.


​ആദ്യ അലോട്ട്മെന്റ്‌ 29ന്


​ജൂൺ 24ന് താൽക്കാലിക റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. ജൂൺ 26 വരെ അപേക്ഷയിലെ പിഴവുകൾ തിരുത്താം. ജൂൺ 29ന് അന്തിമ റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. ജൂലൈ മൂന്നിനകം പ്രവേശനം നേടണം. ജൂലൈ ആറിനാണ് രണ്ടാം അലോട്ട്മെന്റ്‌. ജൂലൈ പത്തിനകം പ്രവേശനം നേടണം. ജൂലൈ 20ന് ക്ലാസുകൾ ആരംഭിക്കും. സീറ്റുകൾ ഒഴിവുണ്ടെങ്കിൽ നോഡൽ പോളിടെക്നിക്കുകളിൽ ഒരു ജില്ലാതല കൗൺസലിങ്‌, അതത് സ്ഥാപനത്തിൽ രണ്ട് സ്പോട്ട് അഡ്മിഷനുകൾ എന്നിവ നടത്തും.


​​ലാറ്ററൽ എൻട്രി


​50 ശതമാനം മാർക്കോടെ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിച്ച് പ്ലസ്ടു /വിഎച്ച്എസ്ഇ പൂർത്തിയാക്കിയ വിദ്യാർഥികൾക്കും എൻസിവിടി/എസ്‌സിവിടി/ കെജിസിഇ രണ്ടുവർഷ പ്രോഗ്രാമുകൾ മൊത്തം 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്കും ഡിപ്ലോമയ്‌ക്ക് രണ്ടാംവർഷത്തിൽ ചേർന്ന് പഠിക്കാൻ (ലാറ്ററൽ എൻട്രി) അവസരമുണ്ട്.

വിവരങ്ങൾക്ക്‌: diploma.poly admission.org



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home