ad
Deshabhimani

ജെഇഇ മെയിൻ 2026: ഇവ ശ്രദ്ധിക്കാം

students preparing exam
avatar
പി കെ അൻവർ മുട്ടാഞ്ചേരി

Published on Nov 05, 2025, 10:59 AM | 2 min read

ജെഇഇ മെയിൻ 2026 ആദ്യ സെഷന്‌ അപേക്ഷിക്കേണ്ട സമയാമാണിത്‌. പ്ലസ്‌ടുവാണ്‌ അപേക്ഷാ യോഗ്യത. നിലവിൽ പ്ലസ്‌ടുവിന്‌ പഠിക്കുന്നവർക്കും അപേക്ഷിക്കാം. നവംബർ 27 ന്‌ രാത്രി ഒമ്പത് ആണ്‌ അവസാന തീയതി. ഓൺലൈനിലാണ്‌ അപേക്ഷിക്കേണ്ടത്‌. അപേക്ഷ നൽകുന്പോൾ ഏറെ ശ്രദ്ധവേണം. ആദ്യ സെഷൻ ജനുവരി 21നും 30നും ഇടയിൽ നടക്കും.


​എൻഐടികൾ, ഐഐഐടികൾ, കേന്ദ്ര സഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിട്ടുള്ള/ സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനങ്ങൾ /സർവകലാശാലകൾ എന്നിവയിൽ വിവിധ ബിരുദതല എൻജിനിയറിങ്, സയൻസ്, ആർക്കിടെക്ചർ, പ്ലാനിങ് പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പരീക്ഷയാണ് ജോയിന്റ്‌ എൻട്രൻസ് എക്സാമിനേഷൻ. ജെഇഇയെക്കുറിച്ചുള്ള വിദ്യാർഥികളുടെ പ്രധാന സംശയങ്ങൾക്ക് മറുപടി നൽകുകയാണിവിടെ.


​പ്രോഗ്രാമുകൾ ഏതെല്ലാം


എൻഐടി, ഐഐഐടി, ജിഎഫ്ടിഐ തുടങ്ങിയ സ്ഥാപനങ്ങളിൽ ബിടെക്, ബിഇ, ബിആർക്, ബിപ്ലാനിങ്‌, 5 വർഷ എംടെക്/എംഎസ്‌സി, 4 വർഷ ബിഎസ് തുടങ്ങിയവയാണ് പ്രോഗ്രാമുകൾ.


​കേരളത്തിലെ സ്ഥാപനങ്ങൾ


​ജെഇഇ മെയിൻ വഴി എൻഐടി കോഴിക്കോട്, ഐഐഐടി കോട്ടയം എന്നീ സ്ഥാപനങ്ങളിലും ജെഇഇ അഡ്വാൻസ്ഡ് വഴി ഐഐടി പാലക്കാടും പ്രവേശനം ലഭിക്കും. കൂടാതെ തിരുവനന്തപുരത്തുള്ള ഐഐഎസ്‌ടിയിലും ജെഇഇ അഡ്വാൻസ്ഡ് വഴിയാണ് പ്രവേശനം.


​രണ്ട് സെഷനുകളും 
എഴുതേണ്ടതുണ്ടോ


​നിർബന്ധമില്ല. രണ്ട് സെഷനും എഴുതുന്നവരുടെ മെച്ചപ്പെട്ട പെർസന്റയിൽ സ്കോറാണ് അന്തിമ റാങ്കിങ്ങിന് പരിഗണിക്കുക.


​ഒരുമിച്ച് അപേക്ഷിക്കാമോ


​ഇല്ല. ഇപ്പോൾ ജനുവരി സെഷന് മാത്രമേ അപേക്ഷിക്കാനാകൂ. രണ്ടാമത്തെ സെഷന് ജനുവരി അവസാനവാരത്തിൽ അപേക്ഷിക്കാം. തീയതി പിന്നീട് അറിയിക്കും.


ഐഐടി പ്രവേശനം


​ഐഐടി പ്രവേശനത്തിന് ജെഇഇ മെയിൻ സ്കോർ പരിഗണിക്കില്ല. ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിലെ സ്കോർ പരിഗണിച്ചാണ് ഐഐടികളിൽ പ്രവേശനം നൽകുന്നത്. എന്നാൽ ജെഇഇ മെയിൻ ഒന്നാം പേപ്പറിൽ വിവിധ കാറ്റഗറിയിൽനിന്നും മുന്നിലെത്തുന്ന 2.5 ലക്ഷം പേർക്ക് മാത്രമേ ജെഇഇ അഡ്വാൻസ്ഡ് എഴുതാനാകൂ.


ഓപ്ഷൻ നൽകേണ്ടതുണ്ടോ


​ജെഇഇ അപേക്ഷാ വേളയിൽ താൽപ്പര്യമുള്ള പ്രോഗ്രാമുകളുടെ ഒപ്ഷൻ നൽകേണ്ടതില്ല. ജെഇഇ മെയിനിന്റെയും ജെഇഇ അഡ്വാൻസ്ഡിന്റെയും റാങ്ക് ലിസ്റ്റ് വന്നശേഷം ജോയിന്റ്‌ സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) യാണ് അലോട്ട്മെന്റ്‌ നടത്തുക. ജോസ വെബ്സൈറ്റിൽ മുൻഗണനാടിസ്ഥാനത്തിൽ ഓപ്ഷനുകൾ സമർപ്പിച്ചാൽ മതി.


2024ൽ പ്ലസ്ടു കഴിഞ്ഞവർക്കും


​2024ൽ പ്ലസ്‌ടുകഴിഞ്ഞവർക്കും അപേക്ഷിക്കാം. 2024,2025 വർഷങ്ങളിൽ പ്ലസ് ടു പരീക്ഷ വിജയിച്ചവർക്കും 2026 ൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട് .എന്നാൽ തുടർച്ചയായ വർഷങ്ങളിലായി രണ്ടു തവണ മാത്രമേ ജെഇഇ അഡ്വാൻസ്ഡ് എഴുതാനാകൂ.


ആർക്കിടെക്ചർ പഠനം


​ഐഐടി, എൻഐടി തുടങ്ങിയ സ്ഥാപനങ്ങളിൽ ആർക്കിടെക്ചർ പഠനത്തിന് അവസരമുണ്ട്. ജെഇഇ മെയിൻ പേപ്പർ 2A വഴി എൻഐടി, എസ്‌പിഎ തുടങ്ങിയ സ്ഥാപനങ്ങളിൽ ബിആർക്ക് പ്രവേശനം നേടാം. ഐഐടികളിലെ പ്രവേശനത്തിന് ജെഇഇ അഡ്വാൻസ്ഡിനോടൊപ്പം ആർക്കിടെക്ച്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലും (AAT) യോഗ്യത നേടേണ്ടതുണ്ട്.


കാൽക്കുലേറ്റർ 
ഉപയോഗിക്കാമോ


പരീക്ഷയ്ക്ക്‌ കാൽക്കുലേറ്റർ ഉപയോഗിക്കാൻ അനുമതിയില്ല. ആദ്യം ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തവണ അപേക്ഷ സമർപ്പണത്തിൽ കാര്യമായ മാറ്റങ്ങളില്ല. എന്നാൽ, അപേക്ഷകന്റെ ഫോട്ടോ ലൈവായി കാപ്ചർ ചെയ്യേണ്ടതുണ്ട്.


ഹോം സ്റ്റേറ്റ് ക്വോട്ട


വിദേശത്ത് പ്ലസ്ടു പഠിക്കുന്ന മലയാളി വിദ്യാർഥിക്ക്‌ ഹോം സ്റ്റേറ്റ് ക്വോട്ട വഴി എൻഐടി കോഴിക്കോട് പ്രവേശനം ലഭിക്കാൻ സാധ്യതയുണ്ട്‌. വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ പെർമനന്റ്‌ അഡ്രസ്സ് പരിഗണിച്ചാണ് ഹോം സ്റ്റേറ്റ് ക്വോട്ട അനുവദിക്കുന്നത്. എന്നാൽ ഇന്ത്യയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്, പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന സംസ്ഥാനമാണ് ഹോം സ്റ്റേറ്റായി പരിഗണിക്കുന്നത്. ജെഇഇ ഒന്നാം സെഷൻ വിദേശ സെന്ററിലും രണ്ടാം സെഷൻ കേരളത്തിലും എഴുതാനും കഴിയും. അപേക്ഷയിൽ പെർമനന്റ്‌ അഡ്രസ്സായി നാട്ടിലെ അഡ്രസ്സും പ്രസന്റ്‌ അഡ്രസ്സായി വിദേശത്തെ അഡ്രസ്സും നൽകിയാൽ മതി. വിവരങ്ങൾക്ക്‌: jeemain.nta.nic.in, www.nta.ac.in ഫോൺ: 011-40759000. ഇ മെയിൽ: jeemain @nta.ac.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home